UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രഹിന്ദുവിന്റെ വര്‍ഗീയ മുഖം: ആരാണ് യോഗി ആദിത്യനാഥ്?

Avatar

ടീം അഴിമുഖം

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ്, 2004ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ വച്ച് ഒരു കാവി വസ്ത്രധാരിയായ യുവാവിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വലിയ കരഘോഷത്തോടെയാണ് ജനങ്ങള്‍ അത് സ്വീകരിച്ചത്. ഇപ്പോള്‍ നാല് തവണ എംപിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ് രംഗത്തിന്റെ മുന്‍നിരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര  മോദി ഉയര്‍ത്തിക്കാട്ടിയപ്പോൾ അദ്ദേഹത്തിന്റെ പ്രാധാന്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് അത് ഉറപ്പാക്കുക കൂടി ചെയ്യുന്നു.

12-ാം ലോക്‌സഭയിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമായിരുന്നു 26 കാരനായ ആദിത്യനാഥ്. ഗോരഘ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. 2005ല്‍  ക്രിസ്ത്യാനികളെ ഹിന്ദുക്കളായി പരിവര്‍ത്തനം ചെയ്യുന്ന ‘ശുദ്ധീകരണ പ്രക്രിയയ്ക്ക്’ നേതൃത്വം കൊടുത്തു എന്ന ആരോപണം നേരിട്ട ആളാണ് ആദിത്യനാഥ്. ഇത്തരം ഒരു നീക്കത്തില്‍, അന്ന് ഉത്തര്‍പ്രദേശിലെ ഇറ്റാ പട്ടണത്തില്‍ 1,800 ക്രിസ്ത്യാനികളെ ഹിന്ദുക്കളായി പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2007 ജനുവരിയില്‍ മുഹറം ഘോഷയാത്രയ്ക്കിടയില്‍ ഗോരഘ്പൂരില്‍ വച്ച് മുസ്ലീങ്ങളും ഒരു സംഘം ഹിന്ദുക്കളും തമ്മില്‍ സംഘര്‍ഷം നടക്കുകയും രാജ് കുമാര്‍ അഗ്രഹാരി എന്ന ഹിന്ദു യുവാവ് ആശുപത്രിയിലാവുകയും ചെയ്തു. ആദിത്യനാഥിന്റെ സാന്നിധ്യം സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ പ്രദേശം സന്ദര്‍ശിക്കരുതെന്ന് ജില്ല മജിസ്‌ട്രേറ്റ് ആദിത്യനാഥിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യം മജിസ്‌ട്രേറ്റിന്റ നിര്‍ദ്ദേശം അനുസരിക്കാന്‍ ആദിത്യനാഥ് തയ്യാറായെങ്കിലും, അഗ്രഹാരി മരണമടഞ്ഞതോടെ ഒരു സംഘം അനുയായികളോടൊപ്പം അദ്ദേഹം പ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു. അവിടെ അദ്ദേഹം ഒരു ധര്‍ണയും സംഘടിപ്പിച്ചു. മാത്രമല്ല പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്റെ അനുയായികള്‍ ഒരു മുസ്ലീം ശവകുടീരം അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസ് കര്‍ഫ്യൂ പ്രഖാപിച്ചെങ്കിലും ആദിത്യനാഥ് അത് ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റ് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ എന്ന്‍ ആരോപിക്കുന്നവര്‍ മുംബൈയിലേക്ക് പോവുകയായിരുന്ന മുംബൈ-ഗോരഘ്പൂര്‍ ഗോദാന്‍ എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തു.

ഒരു നൂറ്റാണ്ടിലേറെ കാലമായി മഹന്തുക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയിട്ട്. ഗോരഘ്‌നാഥ് ക്ഷേത്രത്തിലെ മഹന്തുക്കള്‍ രജപുത്രരാണ്. 1894ല്‍ ജനിച്ച ഉദയ്പൂരില്‍ നിന്നുള്ള അനാഥനായ ദ്വിഗ്വിജ് നാഥ് മഠത്തിലാണ് വളര്‍ന്നത്. അദ്ദേഹം 1921ല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചൗരി ചൗര സംഭവത്തില്‍ സജീവമായി പങ്കെടുത്തതിന് അറസ്റ്റിലാവുകയും ചെയ്തു. 1937ല്‍ സര്‍വാര്‍ക്കര്‍ നേതൃത്വത്തിലേക്ക് വന്നപ്പോള്‍ അദ്ദേഹം ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു. മഹന്തായി തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. പല മഹാസഭ അംഗങ്ങളെയും പോലെ ഇദ്ദേഹം ഗാന്ധിജിയുടെ കടുത്ത വിരോധിയായിരുന്നു. ഗാന്ധിജി കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്, ‘മഹാത്മാവിനെ കൊല്ലാന്‍ അദ്ദേഹം ഹിന്ദു തീവ്രവാദികളോട് ആക്രോശിച്ചതായി’, കൃഷ്ണ ഝായും ധീരേന്ദ്ര ഝായും പറയുന്നു (അയോധ്യ: കറുത്ത രാത്രി, പുറം 28). ഇതേ തുടര്‍ന്ന് ഇദ്ദേഹം ജയിലിലായി. ഒമ്പത് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാാണ് അദ്ദേഹം പുറത്ത് വന്നത്.

 

വിഭജനാനന്തര സാഹചര്യത്തില്‍ ബാബറി മസ്ജിദ് പ്രശ്‌നം തന്റെ പാര്‍ട്ടിക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് 1949ല്‍ ദ്വിഗ്വിജയ് നാഥ് തിരിച്ചറിഞ്ഞു. ‘അയോധ്യ തന്ത്രം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഏകീകരണ ശക്തിയായി’ അദ്ദേഹം മാറി. ബാബറി മസ്ജിദിന്റെ മുന്നില്‍ ഒമ്പത് ദിവസം നീണ്ടുനിന്ന രാമചരിതമാനസ പാരായണം സംഘടിപ്പിച്ച അഖില ഭാരതീയ രാമായണ മഹാസഭയില്‍ അദ്ദേഹം അംഗമായി. ഈ പാരായണത്തിന്റെ അവസാനം ഹിന്ദു ദേശീയവാദികള്‍ പള്ളിയിലേക്ക് ഇരച്ച് കയറുകയും അവിടെ രാമന്റെയും സീതയുടെയും ബിംബങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ദ്വിഗ്വിജയ് നാഥ് ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ പാര്‍ട്ടി, ‘അധികാരത്തില്‍ വരുന്ന പക്ഷം, മുസ്ലീങ്ങളുടെ താല്‍പര്യങ്ങളും വികാരങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുന്നതിനുള്ള കാലയളവായ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ അവര്‍ക്ക് വോട്ടവകാശം നിഷേധിക്കു’മെന്ന് പ്രഖ്യാപിച്ചു.

1998 മുതല്‍ ആദിത്യനാഥ് ഗോരഘ്പൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് ജയിച്ചു വരികയാണ്; 12-ാം ലോക്‌സഭയിലെ ഏറ്റവും ചെറുപ്പക്കാരനായ എംപിയായിരുന്നു 26കാരനായ ആദിത്യനാഥ്. മുന്‍ മേധാവി മഹന്ത് അവൈദ്യനാഥിന്റെ മരണത്തെ തുടര്‍ന്ന് 42കാരനായ ആദിത്യനാഥ് ഗോരഘ്‌നാഥ് മഠത്തിന്റെ അധിപനായി ചുമതലയേല്‍ക്കുകയായിരുന്നു. ഉത്തരാഘണ്ടിലെ ഗഡ് വാള്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം മതപ്രവര്‍ത്തനവും സാമുഹ്യ പ്രവര്‍ത്തനവുമാണ് തന്റെ കര്‍മമേഖല എന്ന് പറയുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവെന്ന നിലയില്‍ നിന്നും സാമുദായിക കലാപങ്ങളെ കുറിച്ചുള്ള പാര്‍ലമെന്റ്് ചര്‍ച്ചയില്‍ ഭരണപക്ഷത്തെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയിലുള്ള യോഗിയുടെ രാഷ്ട്രീയ വളര്‍ച്ച സ്ഥിരതയുള്ളതായിരുന്നു. 2007ലെ തന്റെ പതിനൊന്ന് ദിവസം നീണ്ടുനിന്ന ജയില്‍ വാസത്തെ കുറിച്ചുള്ള പ്രസംഗത്തിനിടയില്‍ അദ്ദേഹം ലോക്‌സഭയില്‍ വികാരവിക്ഷുബ്ദനായി.

 

ഉത്തരാഖണ്ഡില്‍ നിന്നുള്ള രജപുത്രനായ ആദിത്യനാഥ്, അവൈദനാഥിനെ തന്റെ പിതൃതുല്യനായാണ് കാണുന്നത്. 1994ല്‍ തന്നെ അദ്ദേഹത്തെ അവൈദനാഥിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്നു. 26-ാം വയസില്‍ ആദ്യമായി ലോക്‌സഭിയില്‍ എത്തിയ ആദിത്യനാഥ് പിന്നീട് നാല് തവണ കൂടി തിരഞ്ഞെടുക്കപ്പെട്ടു. അതായത്, ഒരേ ‘രാഷ്ട്രീയ കുടുംബത്തില്‍’ നിന്നാണ് കഴിഞ്ഞ 25 വര്‍ഷമായി ഗോരഘ്പൂര്‍ അതിന്റെ എംപിയെ തിരഞ്ഞെടുക്കുന്നതെന്ന് സാരം. തന്റെ കുത്തകാധികാരത്തിനകത്ത് നിന്നുകൊണ്ട് ചില ആനുകൂല്യങ്ങള്‍ ആദിത്യനാഥ് നേടിയെടുത്തിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ തന്റെ തന്നെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും അദ്ദേഹം മടിച്ചിട്ടില്ല. ഔദ്യോഗിക ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ  2002ലും 2007ലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ഒരു ഉദാഹരണമാണ്. 1998ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം, ആര്‍എസ്എസില്‍ നിന്നും ബജ്രംഗ്ദളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു യുവ വാഹിനി എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കി. 2007 ല്‍ ഗോരഘ്പൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയകലാപത്തിന് നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു. നിരവധി ദിവസങ്ങള്‍ നഗരം കര്‍ഫ്യൂവിന്റെ കീഴിലായിരുന്നു. ആദിത്യനാഥിനെ അറസ്റ്റ് ചെയ്‌തെങ്കിലും വളരെ പെട്ടെന്ന് തന്നെ മോചിപ്പിക്കപ്പെട്ടു.

ഇപ്പോള്‍ യുപിയില്‍ നിന്നുള്ള 80 സീറ്റികളില്‍ 71ലും ബിജെപി ജയിച്ചിരിക്കുന്നു. മാത്രല്ല മുസഫര്‍നഗറിലും പടിഞ്ഞാറന്‍ യുപിയിലെ മറ്റിടങ്ങളിലും കഴിഞ്ഞ വര്‍ഷം അരങ്ങേറിയ വര്‍ഗ്ഗീയകലാപത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനത്തിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താരമായി യോഗി ആദിത്യനാഥ് മാറിയിരിക്കുന്നു. 

ഹിന്ദു യുവതികളെ മതംമാറ്റുന്നതിനുള്ള ഇസ്ലാമിക തന്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലൗ ജിഹാദിന്റെ’ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് അദ്ദേഹം. ഇതിനെതിരെ വിവാദപരമായ പല പ്രസംഗങ്ങളും അദ്ദേഹം ഉത്തര്‍പ്രദേശില്‍ നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ആദിത്യനാഥ് തന്നെ ചുക്കാന്‍ പിടിക്കുന്ന മതപരിവര്‍ത്തന പരിപാടികളും. 

മത, ജാതി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള തീവ്രവാദ രാഷ്ട്രീയത്തെയാണ് യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്നതെന്ന് ബിജെപിയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍