UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പ് സമരം: ഒഴിഞ്ഞുമാറാനാവാത്തവിധം നമ്മളോരോരുത്തരെയും അവര്‍ കൂടെ നിര്‍ത്തി

Avatar

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി 

നില്‍പ്പുസമരം വിജയമായിരിക്കുന്നു. ഈ വിജയം ആദിവാസി സമൂഹത്തിന്റെ ആത്മീയതയുടെ, അവരുടെ ദര്‍ശനത്തിന്റെ വിജയമാണ്. അതോടൊപ്പം സമൂഹത്തിലെ യുവത്വത്തിന്റെ വിജയം കൂടിയാണ്.

ഏറ്റവും ജനാധിപത്യരീതിയിലും അഹിംസാപരമായും നടന്ന ഒന്നാണ് നില്‍പ്പുസമരം. ഒരാള്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കാതെ ഒരു സമരം, ദീര്‍ഘമായൊരു സമരം കേരളത്തില്‍ വിജയിപ്പിച്ചതിനെ അനുപമം എന്നാണ് വിളിക്കേണ്ടത്. ഒരു മുദ്രാവാക്യം വിളികൊണ്ടു പോലും ആരെയും അലോസരപ്പെടുത്താന്‍ അവര്‍ തയ്യാറയില്ല. സരളമായൊഴുകുന്നൊരു സമരപ്പുഴയായിരുന്നു. കാടുപോലെ, കാടിന്റെ മക്കളും നമ്മളെ അവരിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അവരുടെ പക്കലുണ്ടായിരുന്ന അസുരവാദ്യത്തില്‍ നിന്നുയര്‍ന്ന സമരസംഗീതത്തിന് ഒപ്പം ചുവടുകളുറപ്പിക്കാന്‍ എത്തിയവര്‍ നിരവധിയാണ്. ഒരിടത്തല്ല, പലിടത്തായി ആ സംഗീതത്തിന്റെ ആസ്വാദകരായി നമ്മള്‍ നിന്നു.

നന്ദി പറയേണ്ടത് ഈ കാലഘട്ടത്തിന്റെ യുവത്വത്തോടാണ്. അരാഷ്ട്രീയരും സ്വാര്‍ത്ഥരുമെന്ന് ആക്ഷേപിക്കപ്പെട്ട ഒരു തലമുറയായിരുന്നു അവര്‍. അവരില്‍ വിദ്യാര്‍ത്ഥികളുണ്ട്, സിനിമാപ്രവര്‍ത്തകരുണ്ട്, നാടകക്കാരുണ്ട്, ഐ ടി പ്രൊഫഷനലുകളുണ്ട്. അത്ഭുതപ്പെടുത്തിയിരിക്കുന്നു ആ കൂട്ടുകാര്‍. തങ്ങളുടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യബോധത്തെ എത്ര മികവോടെ, കരളുറപ്പോടെയാണ് അവര്‍ പ്രകടിപ്പിച്ചത്. ഈ തലമുറയെ ഓര്‍ത്ത് അഭിമാനിക്കാം. പുതിയകാലത്തിന്റെ ഒരു രാഷ്ട്രീയമാണ് ഈ ചെറുപ്പക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഹിംസാത്മകമായ പ്രതികരണങ്ങളാവശ്യമില്ല വിപ്ലവങ്ങള്‍ വിജയിപ്പിക്കാനെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. എതിര്‍ക്കപ്പെടേണ്ടതിനെതിരെ സമൂഹത്തെ ഒന്നടങ്കം അണിനിരത്താന്‍ അവര്‍ വാക്കുകളും അക്ഷരങ്ങളും ഉപയോഗിക്കുകയാണ്. സ്വയം മുന്നോട്ടിറങ്ങി കൂടെവരാന്‍ പ്രേരിപ്പിക്കുകയാണ്. ആദിവാസി സമരത്തില്‍ ഈ യുവതലമുറയുടെ പിന്തുണ വളരെയേറെ ഉപകരിക്കപ്പെട്ടിട്ടുണ്ട്.

പ്രിയപ്പെട്ട, മുഖ്യധാര മാധ്യമങ്ങളെ… നിങ്ങളോടും കൂടിയാണ് ഈ സമരം വിജയിച്ചിരിക്കുന്നത്. സ്വയം വിമര്‍ശനം നടത്തുകയാണെങ്കില്‍ മനസ്സിലാകും, ഒപ്പം നില്‍ക്കാതെ ഒഴിഞ്ഞൊഴിഞ്ഞു നിന്നതിന്റെ വേദന. പക്ഷെ, ഇവിടെയൊരു നവമാധ്യമ സംസ്‌കാരം നിങ്ങളുടെ വിടവ് നികത്തിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ ജീവിതങ്ങള്‍ക്ക് വാല്യൂ കുറവാണെന്ന തത്വം ഈ പുതിയ മാധ്യസംസ്‌കാരം കൈയേറ്റുവാങ്ങിയിട്ടില്ല. അവഗണിക്കപ്പെട്ടവന്റെ ശബ്ദമാകാനാണ് അവര്‍ക്കിഷ്ടം. 162 ദിവസങ്ങളിലും ആദിവാസികള്‍ക്ക് വേണ്ടി അവര്‍ എഴുതിയും പറഞ്ഞും കൊണ്ടിരുന്നു.സമൂഹത്തില്‍ മാറ്റമാണ് ആവശ്യമെങ്കില്‍, അതടിത്തട്ടില്‍ നിന്നു തന്നെ ഉണ്ടാകണം. ഇനിയെങ്കിലും തനിക്കു മുകളിലുള്ളവനിലേക്കുമാത്രം നോക്കുന്ന ശീലമൊഴിവാക്കി, കാല്‍ച്ചുവടുകളിലേക്കും നോക്കുക. ഇല്ലെങ്കില്‍ നിങ്ങളാണ് ഒറ്റപ്പെടുക, നിങ്ങള്‍ മറ്റുള്ളവരെ ഒറ്റപ്പെടുത്തുന്ന കാലമൊക്കെ പോയിരിക്കുന്നു.

നില്‍പ്പുസമരം നൂതനവും അനുകരണീയവുമായ ഒരു സമരരീതിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു സമരത്തിലേക്ക് ജനങ്ങളെ എങ്ങനെ ആകര്‍ഷിക്കാം എന്നത് നമ്മളെ ആദിവാസികള്‍ പഠിപ്പിച്ചു തന്നിരിക്കുന്നു. കല്ലെറിയലും വഴിതടയലുമല്ല, സമരമെന്നും പരസ്പരം മനസ്സിലാക്കലാണ് കൂട്ടായ്മയ്ക്ക് വേണ്ടതെന്നും അവര്‍ തെളിയിച്ചു. ജൂലൈ 2 ന് സമരം തുടങ്ങുമ്പോള്‍ തൊട്ട് അവര്‍ ഉന്നയിക്കുന്നത് ഓരേ ആവശ്യങ്ങളാണ്. അവരോട് പറഞ്ഞിരുന്ന വാഗ്ദാനങ്ങളായിരുന്നു അത്. വാക്കു പാലിക്കാതിരിക്കുന്നത് മര്യാദയാണോയെന്ന ചോദ്യമാണ് ആദിവാസികള്‍ മുന്നോട്ടുവച്ചത്. ആ ചോദ്യത്തിനോട് പ്രതികരിക്കാന്‍ ഓരോരുത്തരേയും അവര്‍ പ്രേരിപ്പിച്ചു. ഈ സമരം എന്തിനാണെന്ന് പൊതുജനത്തെ അവര്‍ പറഞ്ഞു പഠിപ്പിച്ചു. ഒഴിഞ്ഞുമാറാനാവാത്തവിധം നമ്മളോരോരുത്തരെയും ആദിവാസികള്‍ കൂടെ നിര്‍ത്തി. ഇത്തരമൊരു സമരരീതി നമുക്കെല്ലാം പുതുമയായിരുന്നു. ഒരു സമരത്തില്‍ പങ്കെടുക്കുക എന്നത് തീര്‍ത്തും ദുര്‍ഘടമായി തീര്‍ന്ന സമകാലീന സാഹചര്യത്തിലാണ് ആബാലവൃദ്ധത്തെയും സമരപ്പോരാളികളാക്കാന്‍ ആദിവാസികള്‍ക്ക് സാധിച്ചത്. ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് മാത്രമല്ല ഒരു ലക്ഷ്യത്തിനായുള്ള സമരം സാധ്യമാകുന്നതെന്ന് നമ്മള്‍ കണ്ടു. വീടുകളിലും ഓഫിസുകളിലും വിദ്യലയങ്ങളിലും മൈതാനങ്ങളിലും ഈ സമരം അരങ്ങേറി. കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ആദിവാസികള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യര്‍ തയ്യാറായി. എത്രയോ പ്രവര്‍ത്തകര്‍, നേതാക്കന്മാര്‍, വിശിഷ്ടവ്യക്തികള്‍ അവര്‍ക്ക് പിന്തുണയായെത്തി. ജാതി-മത-ഭേദമില്ലാതെ മനുഷ്യവര്‍ഗമെന്ന നിലയില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ ആദിവാസികള്‍ക്കായി. ആരാണിവരെ അധഃകൃതരെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരെന്നും വിളിക്കുന്നത്? അവരോളം ക്രാന്തദര്‍ശികളായവരാരുണ്ട് ഇപ്പോള്‍.

ഏതെങ്കിലും ഒരു വിഭാഗത്തിനോ ഒരു പ്രദേശത്തിനോ വേണ്ടി മാത്രമല്ല ഇവരുടെ സമരം വിജയം കാണുന്നത്. ഈ രാജ്യത്താകമാനം ഇതിന്റെ അലയൊലികള്‍ മുഴങ്ങും. നില്‍പ്പുസമരത്തിന്റെ പ്രധാനനേട്ടമായ ആദിവാസി ഗ്രാമസഭകളുടടെ രൂപീകരണം, അവരുടെ ഭൂമിയും പ്രകൃതിയും ജീവിതവും അവരാല്‍ തന്നെ സംരക്ഷിക്കുന്നതിന് സഹായകമാകും. പെസ നിയമം ഇന്ത്യയില്‍ അധികമൊരിടത്തും പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ഭരണകൂടത്തെ മുട്ടുകുത്തിച്ച് ആ നിയമത്തിന്റെ അവകാശികളാകാന്‍ കേരളത്തിലെ ആദിവാസികള്‍ക്ക് സാധിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഈ ജനത പരിപാലിച്ചു പോരുന്ന ഭരണരൂപം ഭരണഘടനയുടെ അംഗീകരത്തോടെ നടപ്പിലാകുമ്പോള്‍ അവരൊരു വാതില്‍ പണിയുക കൂടിയാണ്; തങ്ങളുടെ സ്വകാര്യതയിലേക്കുള്ള മാഫിയാകളുടെ കടന്നുകയറ്റത്തെ തടയാനുള്ള വാതില്‍.

 

അവരെന്നും പറയും, അത്തരമൊരു സുരക്ഷിത്വം അവര്‍ക്കൊരുക്കി കൊടുത്തുത് നമ്മളെല്ലാവരും കൂടിയാണെന്ന്. മനസ്സില്‍ കളങ്കമില്ലാത്ത, പ്രവര്‍ത്തികളില്‍ കള്ളമില്ലാത്ത, മണ്ണിന്റെ നേരവകാശികള്‍ക്ക് അങ്ങനെ പറയാനേ അറിയൂ.

ആരും അകന്നുപോകരുത്, നമുക്കെന്നും ഇങ്ങനെ ഒന്നിച്ചുതന്നെ നില്‍ക്കണം! 

(പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍