UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പു സമരം; ഇത് നമ്മുടെ വിജയം- എം ഗീതാനന്ദന്‍

Avatar

എം. ഗീതാനന്ദന്‍

ആരെയും തോല്‍പ്പിക്കാനായിരുന്നില്ല, സ്വയം തോല്‍ക്കാതിരിക്കാനായിരുന്നു ആദിവാസികള്‍ നില്‍ക്കാന്‍ തുടങ്ങിയത്. അതിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ഒരുപാടു മനുഷ്യര്‍ തയ്യാറാവുകയായിരുന്നു. ലോകത്തിന്റെ പലയിടത്തും ആദിവാസി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിരവധി പേര്‍ കാലുറപ്പിച്ചു നിന്നു. 162 ദിവസങ്ങള്‍ നീണ്ടു നിന്ന സമരം ഒടുവില്‍ വിജയത്തിലേക്ക് എത്തുമ്പോള്‍, ആദിവാസികള്‍ക്ക് നിറഞ്ഞ സന്തോഷമുണ്ട്, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നതുമാത്രമല്ല, പാര്‍ശ്വവത്കരിക്കപ്പെട്ടവരെന്നു കരുതിയ ഒരു ജനതയ്‌ക്കൊപ്പം പൊതുസമൂഹത്തിന്റെ സ്‌നേഹവും കരുതലും ആവോളമുണ്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞിരിക്കുന്നു.

വാക്കു പാലിക്കുന്നത് ജനാധിപത്യ മര്യാദയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ സമരം ആരംഭിച്ചത്. 162 ദിവസങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പ്പോലും ജനാധിപത്യവ്യവസ്ഥയ്‌ക്കെതിരെ ഒരിളക്കം പോലും ഉണ്ടാക്കാതിരിക്കാന്‍ ആദിവാസികള്‍ക്ക് സാധിച്ചു. അക്രമമല്ല,സഹനമായിരുന്നു ഈ സമരത്തിന്റെ മുദ്ര, പിടിച്ചുവാങ്ങലല്ലായിരുന്നു, നേടിയെടുക്കലായിരുന്നു നമ്മളാഗ്രഹിച്ചത്. മഴയും വെയിലും കൊണ്ട്, വീടും നാടുമുപേക്ഷിച്ച്, വിശപ്പും ദാഹവുമനുഭവിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിയും ചെണ്ടകൊട്ടിയും പാട്ടുപാടിയും നൃത്തം ചെയ്തും അധികാരികളുടെ കണ്ണും കാതും തുറപ്പിക്കുകയായിരുന്നു.

ചരിത്രത്തിലേക്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ് ആദിവാസി നില്‍പ്പുസമരം. ഏതുസമരങ്ങള്‍ക്കും കേരളത്തില്‍ ചാര്‍ത്തപ്പെട്ടു കിട്ടുന്ന ഒരു വിശേഷണമാണ് ഐതിഹാസികമെന്ന്. നില്‍പ്പുസമരത്തെ, ഒട്ടും അതിശയോക്തിയുമില്ലാതെ ഐതിഹാസിക സമരമെന്ന് വിളിക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിന് മാതൃകയായി മാറും ഈ സമരമെന്നതില്‍ സംശയമില്ല. തുടര്‍ ചലനങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

എന്തെങ്കിലും പുതിയൊരാവിശ്യം ഉയര്‍ത്തിയല്ല നമ്മള്‍ സെക്രട്ടറിയേറ്റു പടിക്കിലേക്ക് വീണ്ടുമെത്തിയത്. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു ആവശ്യം. ആ ജനാധിപത്യമര്യാദ കാണിക്കാന്‍ അഞ്ചുമാസത്തിലേറെ സര്‍ക്കാരിന് വേണ്ടി വന്നത് നാളെ അവരെ തന്നെ കുറ്റബോധത്തിലേക്ക് തള്ളിവിടും.

എങ്കിലും അവസാനം അവര്‍ക്ക് തെറ്റുകള്‍ തിരുത്താന്‍ തോന്നലുണ്ടായിരിക്കുന്നു.ആദിവാസി ഗോത്രസഭ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം തന്നെ മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. പെസ നിയമം നടപ്പാക്കാനുള്ള തീരുമാനം കേരളത്തിലെ ആദിവാസികളുടെ ജീവിതത്തിന് പുതിയ മാനം നല്‍കും. പ്രത്യേക ആദിവാസി പഞ്ചായത്തുകള്‍ അനുവദിക്കപ്പെടുന്നതിലൂടെ അവര്‍ കൂടുതല്‍ സുരക്ഷിതരാവും. അവരുടെ ഭൂമി അവര്‍ക്ക് തന്നെ സംരക്ഷിക്കാന്‍ സാധിക്കും. മാഫിയകളുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കും. മറ്റൊരു പ്രധാന തീരുമാനം ആദിവാസികള്‍ക്ക് 7693 ഏക്കര്‍ നിക്ഷിപ്ത വനഭൂമി നല്‍കുമെന്നതാണ്. കൂടാതെ, മുത്തങ്ങ സമരത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടു നിര്‍മ്മിക്കാന്‍ 2.5 ലക്ഷം രൂപയും നല്‍കും. മുത്തങ്ങ വെടിവപ്പിനെ തുടര്‍ന്ന് ജയിലിലായ ആദിവാസി കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപം വീതം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങളോട് എജിഎംഎസിന് പൂര്‍ണ തൃപ്തിയുണ്ട്. സര്‍ക്കാരിന്റെ ഈ നടപടിയെ നമ്മള്‍ സ്വാഗതം ചെയ്യുകയാണ്.ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ തന്നെ സമരം പിന്‍വലിക്കാന്‍ തീരുമാനമായെങ്കിലും ഇന്ന് മന്ത്രിസഭ തീരുമാനത്തിന്റെ മിനിട്‌സ് ലഭിച്ചതിനെതുടര്‍ന്ന് ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സമരം പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്താനാണ് തീരുമാനം.

ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ആത്മവിശ്വാസം തന്നതിന്, കരുത്ത് നഷ്ടപ്പെടാതെ ആവേശം നിറച്ചതിന്. ഒപ്പം ഞങ്ങളുണ്ടെന്ന് പറഞ്ഞ നിങ്ങള്‍ തന്നെയാണ് ഞങ്ങള്‍ക്ക് കരുത്തായത്. വിജയിച്ചത് നമ്മളാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍