UPDATES

സിനിമ

അടിക്കട്ടെ ഈ കപ്യാര്‍മാര്‍ കൂട്ടമണി

Avatar

സഫിയ

അടി കപ്യാരെ കൂട്ടമണി. കൌതുകകരമായ പേര്. വലിയ താര ബാധ്യതകള്‍ ഒന്നുമില്ല. പിന്നണിയില്‍ പുതിയ യുവ സംഘം. 80കളുടെ ഒടുവില്‍ ഇറങ്ങിയ റാംജി റാവു സ്പീക്കിംഗ്, ഇന്‍ഹരിഹര്‍ നഗര്‍ തുടങ്ങിയ നിത്യ ഹരിത കോമഡി സിനിമകളുടെ ട്രാക്ക്. ആദ്യാവസാനം ചിരി. ജോണ്‍ വര്‍ഗ്ഗീസ് എന്ന പുതുമുഖ സംവിധായകന്റെ അടി കപ്യാരെ കൂട്ടമണിയെ  ചുരുക്കം വാക്കുകളില്‍ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം.

മലയാള സിനിമയിലെ പുതുനിര സംവിധായകരെല്ലാം 80 കളിലെയും 90 കളിലെയും മുഖ്യധാര മലയാള സിനിമകള്‍ പാഠശാലകളാക്കി വളര്‍ന്നവരാണ്. വിനീത് ശ്രീനിവാസന്‍ (മലര്‍വാടി ആര്‍ട്ട്സ് ക്ലബ്), ജൂഡ് ആന്‍റണി (ഓം ശാന്തി ഓശാന), ബേസില്‍ (കുഞ്ഞി രാമായണം) തുടങ്ങി എല്ലാവരും തന്നെ പ്രത്യക്ഷമായും പരോക്ഷമായും പഴയ ചിത്രങ്ങളില്‍ നിന്നു പ്രചോദനം കൊള്ളുകയും അതിനെ തന്നെ മനോഹരമായും ചിലപ്പോള്‍ വികലമായും ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പഠിച്ചു വളര്‍ന്ന സിനിമാ സര്‍വകലാശാല അതാണെന്ന് അവര്‍ പലയിടങ്ങളിലും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആ ശ്രേണിയിലേക്കാണ് ജോണ്‍ വര്‍ഗ്ഗീസ് എന്ന ഈ സംവിധായകന്റെയും വരവ്.  

നഗരത്തിന് നടുക്കുള്ള രാവണന്‍ കോട്ട പോലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലും അവിടെ എത്തുന്ന നായികയും ചേര്‍ന്ന് സൃഷ്ടിക്കുന്ന തമാശകളും ആശയകുഴപ്പങ്ങളും അത്യാവശ്യം സസ്പെന്‍സും ഫാന്‍റസിയും ചേരുന്നുണ്ട് ഈ മിശ്രിതത്തില്‍. ആണ്‍പ്രജകളുടെ ലോകത്തെ സ്ത്രീ ലൈംഗിക സൂചനകളടങ്ങിയ തമാശകള്‍ ചിലപ്പോഴൊക്കെ കല്ലുകടി ആകുന്നുണ്ടെങ്കിലും അത് നമ്മുടെ പല സൂപ്പര്‍താര സിനിമകളിലേത് പോലെ അതിരുവിടാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

80കളിലെയും 90കളിലെയും നാല്‍വര്‍ സംഘ തമാശകളെ ചുവടുപിടിച്ചാണ് ഈ സിനിമയും. അവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന നായികയാണ് കേന്ദ്ര ബിന്ദു. അദൃഷ്ട ലക്ഷ്മി എന്ന തമിഴ് പെണ്‍കുട്ടിയായാണ് നമിത പ്രമോദ് ഇതില്‍ വേഷമിടുന്നത്. തുടക്കത്തില്‍ വെളിപ്പെടുത്താത്ത ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് അവള്‍ ആ രാത്രി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്നത്. ഭാനു പ്രകാശാണ് (ധ്യാന്‍ ശ്രീനിവാസന്‍) ഇതിന് അവളെ സഹായിക്കുന്നത്. കാര്യം സാധിച്ച് പുലര്‍ച്ചെ രക്ഷപ്പെടാമെന്ന അവരുടെ പദ്ധതി പൊളിയുന്നതും അവളവിടെ കുടുങ്ങി പോകുന്നതും തുടര്‍ന്ന് ഭാനുവും സംഘവും അവളെ പുറത്തെത്തിക്കാന്‍ നടത്തുന്ന തരികിടകളുമാണ് സിനിമയെ രസിപ്പിക്കുന്നത്.

പ്രേക്ഷകന്റെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്നില്ല എന്നതു തന്നെയാണ് അടി കപ്യാരെ കൂട്ടമണിയുടെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങളും സംഭവങ്ങളും ഭേദപ്പെട്ട ട്വിസ്റ്റുകളും ചേര്‍ന്ന കഥാഗതിയെ വിശ്വസനീയമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റല്‍ എന്ന ഒറ്റ സ്പേസില്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളുടെ ആവര്‍ത്തന വിരസത രസച്ചരട് മുറിഞ്ഞു പോകാത്ത തമാശകളിലൂടെ അതിജീവിക്കാന്‍ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയായ സംവിധായകന് സാധിക്കുന്നുണ്ട്. ചിത്രം ആദ്യന്തം ആസ്വാദ്യകരമാകുന്നതും അതുകൊണ്ടു തന്നെ.

കോമഡി ട്രാക്കില്‍ നിന്നും ഫാന്‍റസിയിലേക്കുള്ള കഥയുടെ പോക്ക് തികച്ചും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മണിച്ചിത്രത്താഴിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളും ഹോസ്റ്റല്‍ വാര്‍ഡനായ പള്ളീലച്ചന്‍ നടത്തുന്ന മദ്യ കുപ്പി റെയ്ഡ് വിവരം സഹമുറിയന്‍മാരെ അറിയിക്കാന്‍ ഉണ്ടാക്കുന്ന വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങളും അടുത്തവീട്ടില്‍ മരണാസന്നയായി കിടക്കുന്ന അമ്മൂമ്മയും ഒക്കെ ഈ ഫാന്‍റസി അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രേം രാജ് എന്ന കാമുകന്‍ കഥാപാത്രവും നായികയുടെ തമിഴ് പശ്ചാത്തലവും ഒക്കെ വളരെ സമര്‍ത്ഥമായി കഥയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്ന താരം എന്ന നിലയില്‍ മുകേഷ് മാത്രമാണ് ഇതിലുള്ളത്. ഹോസ്റ്റല്‍ വാര്‍ഡനായ ആല്‍ഫ്രഡ് കാട്ടുവിളയില്‍ എന്ന പള്ളീലച്ചന്‍ മുകേഷിന്‍റെ കയ്യില്‍ ഭദ്രം. (പഴയ നാല്‍വര്‍ സംഘ സിനിമകളിലെ അനിഷേധ്യ ഭാഗമായിരുന്നു മുകേഷ് എന്നോര്‍ക്കുക.). വലിയ താരങ്ങളുടെ അസാന്നിധ്യം കഥയില്‍ വന്നേക്കാവുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സംവിധായകനെ ഒട്ടൊക്കെ സഹായിച്ചിട്ടുണ്ട്. കഥയുടെ തട്ടി തടയാതെയുള്ള ഒഴുക്ക് സൂചിപ്പിക്കുന്നത് അതാണ്. 

യൂത്ത് മൂവി എന്ന നിലയില്‍ ഒരു സമ്പൂര്‍ണ്ണ എന്‍റര്‍ടെയിനറാണ് ഈ ചിത്രം. രണ്ടു മണിക്കൂര്‍ പത്തു മിനുട്ട് നേരവും ചിരിക്കാം എന്നതില്‍ കവിഞ്ഞു കൂടുതലൊന്നും പ്രതീക്ഷിക്കരുത് അടി കപ്യാരെ കൂട്ടമണിയില്‍ നിന്ന്. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍