UPDATES

സിനിമ

മോഹന്‍ലാല്‍ മാത്രമല്ല പികെ ജയലക്ഷ്മിയും മണിയെ അറിയണം

Avatar

എം കെ രാംദാസ്

മോഹന്‍ലാല്‍ മാത്രമല്ല മന്ത്രി പികെ ജയലക്ഷ്മി കൂടി അറിയണം മണിയുടെ കഥ. പേരാവൂരിലെ മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണം തേടുന്ന ആദിവാസി കുട്ടികള്‍ നാണക്കേടായി എന്ന് പട്ടിക വര്‍ഗ വകുപ്പ് കണ്ടെത്തിയെന്ന് അറിയുന്നിടത്താണ് വകുപ്പ് മന്ത്രിയായ പികെ ജയലക്ഷ്മിയെ മണിയുടെ കാര്യം ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്.

സ്‌കൂളിലെ ഉച്ചഭക്ഷണ ശേഷിപ്പിനായി കാത്തിരിക്കുന്ന അഞ്ചംഗ ആദിവാസി കുടുംബം വയനാട്ടിലുണ്ട്. കുളവയല്‍ ഗാന്ധി കോളനിയിലാണ് ഈ സംഭവം. കാട്ടുനായ്കര്‍ വിഭാഗത്തിലെ ഇന്ദുവും നാല് മക്കളുമാണ് അയലത്തെ വിദ്യാലയത്തില്‍ നിന്നുള്ള ഉച്ചക്കഞ്ഞിയുടെ ശേഷിപ്പ് കഴിച്ച് ഒരുവര്‍ഷത്തോളമായി ജീവിക്കുന്നത്. ഇന്ദുവിന്റെ ഭര്‍ത്താവ് രണ്ട് മാസം മുമ്പാണ് മരിച്ചത്. ഇളയ കുട്ടിക്ക് ഒരുവയസ് പ്രായം. വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരേയും കാമറേയും കൂസാതെ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന അമ്മയും മക്കളും. ഈ ചിത്രം പുറം ലോകത്ത് എത്തിച്ചതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പികെ ജയലക്ഷ്മിക്ക് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാവുന്നതാണ്. പേരാവൂര്‍ ടച്ചുള്ളത് കൊണ്ട് പ്രത്യേകിച്ചും.

ദീര്‍ഘനാളത്തെ അന്വേഷണത്തിന് ഒടുവിലാണ് താമിയായി വേഷം പകരാനുള്ള മണി സംവിധായകന്റെ കണ്ണില്‍പ്പെടുന്നത്. താമിയെന്ന കഥാപാത്രത്തിനായുള്ള സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ അലച്ചില്‍ സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ചിതലയം താത്തൂര്‍ പണിയ കോളനിയിലാണ് അവസാനിച്ചത്. അനുയോജ്യമായ രൂപഭാവങ്ങള്‍ ഉള്ള കുട്ടിയെ തേടി വയനാട്ടിലെ ഇരുപതോളം കോളനികളില്‍ സിനിമാ സംഘം കയറിയിറങ്ങി. ആറാം ക്ലാസിലായിരുന്നു മണിയുടെ പഠനം. ഏതാണ്ട് ഒരു അനാഥനായിരുന്നു മണി. അമ്മ ഉപേക്ഷിച്ചു പോയ മണി അച്ഛനൊപ്പം താമസം. പ്രീമെട്രിക് ഹോസ്റ്റലുകളിലെ മനുംമടുപ്പിക്കുന്ന അന്തരീക്ഷം ഈ കുട്ടിക്ക് സഹിക്കാവുന്നത് ആയിരുന്നില്ല. അതുകൊണ്ട് തന്നെ പഠനം ഉപേക്ഷിക്കലും ഒളിച്ചോടലും പതിവായിരുന്നു.


മണിയുടെ ഭാര്യയും അമ്മയും കുട്ടിയും

അനിശ്ചിതമായ പഠന പീഡകാലത്താണ് മണിക്ക് സിനിമയിലേക്ക് ക്ഷണം കിട്ടുന്നത്. മണി ഉള്‍പ്പെടുന്ന ആദിവാസി സമൂഹമായ പണിയരുടെ പൊതു സവിശേഷതകള്‍ പൊതുസവിശേഷതകള്‍ ഈ കുട്ടിയിലും ഉള്‍ച്ചേര്‍ന്നിരുന്നു. ചുരുണ്ട മുടി, തിളക്കമുള്ള കണ്ണുകള്‍, കറുത്ത നിറം, ഭയന്ന നോട്ടം, നിസ്സംഗഭാവം, നേരിയ ചലനത്തില്‍ പോലും താളാത്മകത, മൂളിപ്പാട്ടില്‍ സംഗീതം. ഈ സവിശേഷതകളെല്ലാം മണിയുടേത് മാത്രമല്ല എല്ലാ പണിയരും അങ്ങനെയാണ്. കാടിനോടാണ് ആഭിമുഖ്യം. മരച്ചില്ലകളാണ് ഇഷ്ട ഇരിപ്പിടം.

സംവിധായകന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് മണി ക്യാമറയുടെ മുന്നിലെത്തുന്നത്. ഇണക്കം കുറവെന്ന് മാത്രമല്ല പിണക്കമായിരുന്നു ശൈലി. പിണക്കത്തിന് ഒടുവില്‍ ചിലപ്പോഴെങ്കിലും മരച്ചിലകളില്‍ അപ്രത്യക്ഷനായി. ബന്ധുവായ രാജുവിനെയാണ് കുട്ടിത്താരത്തിന്റെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഈ ദൗത്യം രാജുവിന് മിക്കപ്പോഴും കീറാമുട്ടിയായി അനുനയിപ്പിക്കുന്നതില്‍ സെറ്റിലുള്ളവര്‍ പരാജയപ്പെട്ടപ്പോഴും മോഹന്‍ലാലിന് മുന്നില്‍ മണി കീഴടങ്ങി. ചിത്രീകരണത്തിനിടെ നിരവധി തവണ മണി മാനസിക സമ്മര്‍ദ്ദത്തിലായി. പൂര്‍വ സ്ഥിതിയിലെത്താന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. താമിയുമായി വേഷം മാറിയ മണിയുമായി മോഹന്‍ലാല്‍ ഒരു അടുപ്പം രൂപപ്പെടുത്തിയതായി സിനിമാ അണിയറ പ്രവര്‍ത്തകനായ പ്രദീപ് പറയുന്നു. ഒരുപക്ഷേ താമിയെന്ന കഥാപാത്രത്തെ മണി അഭിനയിച്ച് പൂര്‍ത്തിയാക്കിയതും മോഹന്‍ലാലിന്റെ കഴിവ് കൂടി കൊണ്ടാണെന്നും പ്രദീപ് പറയുന്നു.

സിനിമ പൂര്‍ത്തിയായി. സാമ്പത്തികമായി ഫോട്ടോഗ്രാഫര്‍ വിജയിച്ചുവോയെന്ന് അറിയില്ല. മണി മികച്ച ബാലതാരമായി. മണിയുടെ ചുണ്ടുകളിലൂടെ പുറത്തുവന്ന പുല്‍ച്ചാടി മലയാളിയുടെ നാവില്‍ നിറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ വാഗ്ദാനവുമായി മണിയുടെ കുടിലില്‍ കയറി ഇറങ്ങി. വീടും വൈദ്യുതിയും ഓഫര്‍ ചെയ്തു. സെലിബ്രിറ്റിയായ മണിയെ തേടി അനുമോദന പ്രവാഹമുണ്ടായി. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ അഭിനേതാവിനെ തേടി മണിയുടെ സമീപത്ത് എത്തി. ഒന്നും കാടിറങ്ങിയില്ല. എല്ലാം നിശ്ചലം. വര്‍ഷങ്ങള്‍ കടന്നുപോയി. മണിയുടെ പഠനം മുടങ്ങി. മണി അവന്റെ സ്വാഭാവിക ജീവിത പരിസരത്തേക്ക് തിരിച്ച് അയക്കപ്പെട്ടു. ലഹരി നുണഞ്ഞു തുടങ്ങിയതോടെ ജീവിത താളം തെറ്റി. ഇതിനിടയില്‍ എപ്പോഴാണ് പ്രായപൂര്‍ത്തിയായത് എന്ന് നിശ്ചയം ഇല്ലെങ്കിലും മണി വിവാഹിതനുമായി. 20-നോട് അടുത്താണ് പ്രായമെങ്കിലും മണിക്ക് ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ക്കും ഭാര്യയ്ക്കും ചെലവിന് കൊടുക്കുന്നില്ലെന്ന് മണിക്ക് എതിരെ നിരന്തര പരാതി. അപൂര്‍വമായേ മണി വീട്ടിലെത്തൂ. ഈ സിനിമാ താരത്തിന്റെ ഇണയായ പെണ്‍കുട്ടിയോട് ഉറാളനെ കുറിച്ച് ചോദിച്ചാല്‍ മറുപടി ഇങ്ങനെ, അത് എവിടെയോ പോയതാ. കുടകില്‍ എവിടെയോ. അരിയും സാധനം ഒന്നും കൊണ്ട് തരില്ല. എന്തിനാ പണിക്ക് പോകുന്നത് എന്ന് ചോദിച്ചാല്‍ അത് പറയും മൊബൈല്‍ വാങ്ങാനാന്ന്. ശെരിയാ മൊബൈല്‍ പിന്നെ വേണ്ടേ. അതൊക്കെ വാങ്ങി ബാക്കിയൊന്നും ഇല്ലാത്തോണ്ട ഇങ്ങോട്ടൊന്നും തരാത്തേ.

ഇനി മറ്റൊരു കഥ

വയനാട്ടിലെ ചില മാധ്യമപ്രവര്‍ത്തകരുടെ ശ്രമഫലമായി മൂന്ന് കൊല്ലം മുമ്പൊരു ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ മണി തിരുവനന്തപുരത്ത് എത്തി. ഒരു കുട്ടിയുടെ പിതാവായിരുന്നു മണി അക്കാലത്തെങ്കിലും പ്രായപൂര്‍ത്തി ആയില്ലെന്നത് കൊണ്ട് സിനിമ കാണാന്‍ കഴിഞ്ഞില്ല. പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി പികെ കുഞ്ഞാലി കുട്ടിയേയും പട്ടിക ജാതി വകുപ്പ് മന്ത്രി അനില്‍ കുമാറിനേയും മണി കണ്ടു. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനൊപ്പമായിരുന്നു ഈ സന്ദര്‍ശനം. കിടക്കാനൊരു ഇടവും തൊഴിലുമായിരുന്നു ആവശ്യം. പ്രത്യേക പദ്ധതിയില്‍ സ്ഥലവും വീടും ജയലക്ഷ്മി ഉറപ്പു നല്‍കി. വകുപ്പ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് പ്രത്യേക പദ്ധതിയെ കുറിച്ച് മണിയുടെ മുന്നില്‍ വച്ച് തന്നെ നിര്‍ദ്ദേശം നല്‍കി. സ്ഥലവും വീടും ഉള്‍പ്പെടുന്നതായിരുന്നു മന്ത്രി വാഗ്ദാനം ചെയ്ത പ്രത്യേക പദ്ധതി. മണിയുടെ കോളനിക്ക് സമീപത്ത് വില്‍പനയ്ക്ക് വച്ച 35 സെന്റ് സ്ഥലവും സാമാന്യം തരക്കേടില്ലാത്ത വീടും ഒമ്പത് ലക്ഷം രൂപ വിലയുറപ്പിച്ച് അധികൃതര്‍ക്ക് മുന്നില്‍ അപേക്ഷ നല്‍കി. ചിതലയത്തെ സാമൂഹ്യ പ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് മണിക്കൊപ്പം ഓഫീസുകള്‍ കയറിയിറങ്ങി. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിലേക്കും തിരിച്ചും ഫയല്‍ സഞ്ചരിച്ചു. എംഎല്‍എ നിരവധി തവണ ഫയലിനൊപ്പം യാത്ര ചെയ്തു. ഫലം നാസ്തി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമനൂലാമാലകളാണ് കാര്യങ്ങള്‍ കുഴപ്പിച്ചതെന്ന് വിശദീകരണം. കൊല്ലം മൂന്ന് ആകുമ്പോഴും പികെ ജയലക്ഷ്മിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല. നാടും വീടും ഉപേക്ഷിച്ച് ലഹരി മൂത്ത് കര്‍ണാടകയിലെ ഇഞ്ചിപ്പാടത്താണ് മണി. എവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഭാര്യയ്‌ക്കോ മറ്റുള്ളവര്‍ക്കോ കഴിയുന്നില്ല. വീടെന്ന മോഹം പൊലിഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ട മ ണി കര്‍ണാടകയിലെ ഇഞ്ചിത്തോട്ടങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭക്ഷണത്തിനുള്ള വക പോലും എത്തിക്കാന്‍ കഴിയാത്ത മണി ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കുന്നില്ല. ഇത് മണിയുടെ മാത്രം കഥയല്ല. ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് ആദിവാസി ജീവിതം.

(അഴിമുഖം കണ്‍സള്‍ട്ടിങ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍