UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവളുടെ നിലവിളിക്ക് അവസാനമില്ലേ? വയനാട്ടില്‍ നിന്നൊരു ലൈംഗിക പീഡന വാര്‍ത്ത കൂടി

Avatar

എസ്. വിനേഷ് കുമാര്‍

വയനാട് അമ്പലവയലിലെ മലയച്ചംകൊല്ലി പണിയ കോളനിയിലെ പടിക്കാലിലേക്ക് കയറി ചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് മനം മടുപ്പിക്കുന്ന മദ്യഗന്ധമാണ്. ഏതാണ്ട് ഒരാഴ്ച മുന്‍പാണ് ഈ കോളനിയിലെ ഒരു 13കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. കോളനിക്കു പുറത്ത് പൊലീസും ട്രൈബല്‍ വകുപ്പ് അധികൃതരുമൊക്കെ കോളനി നിവാസികളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ‘പുറമേ നിന്ന് ആളുകള്‍ കോളനിയിലെത്തി മദ്യം വില്‍ക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നതിന്റെ കഥ വിവരണാതീതമാണ്,’ കോളനി വാസിയായ സുധീഷ് പറയുന്നു. കോളനിക്കാരും പുറത്തുള്ളവരുമായി സംഘര്‍ഷം തുടര്‍ക്കഥയാണിവിടെ. സി പി എമ്മിന് കനത്ത സ്വാധീനമുള്ള ഇവിടെ ‘ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞു തീര്‍ക്കുകയാണു പതിവെ’ന്ന് സുധീഷ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വന്ന് കോളനിക്കാരോട് എന്തും ചെയ്യാമെന്ന സ്ഥിതി വിശേഷം. അതിന്റെ ഇരയായിരുന്നു ഈസ്റ്റര്‍ തലേന്ന് പിച്ചിച്ചീന്തപ്പെട്ട ആ പെണ്‍കുട്ടിയും.

വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രദേശവാസിയായ പൗലോസ് പട്ടാപ്പകല്‍ അവളുടെ വീട്ടില്‍ കയറി ബലപ്രയോഗത്തിലൂടെ മദ്യം കഴിപ്പിച്ച് തൊട്ടു മുകളിലെ വീട്ടില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന് മദ്യം നല്‍കി അടുത്തു കൂടിയ പൗലോസ് കുട്ടിക്കും മുന്‍പ് പലതവണ മദ്യം കൊടുത്തിരുന്നു. പൗലോസിന്റെ കൂട്ടാളി ബിനീഷ് മുന്‍പൊരു തവണ അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് പൊലീസ് അട്ടിമറിച്ചുവെന്ന് കോളനി നിവാസികള്‍ തന്നെ പറയുന്നു. 12 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാലും അന്വേഷണവും നടപടിയുമൊക്കെ പേരിനു മാത്രം. ഇക്കഴിഞ്ഞ ദിവസം 49കാരനായ പൗലോസിനെ അറസ്റ്റു ചെയ്തിരുന്നു. 

കുടിലിലെ ഇരുട്ടുമുറിയില്‍ തനിച്ചിരുന്നു കരയുന്ന കുട്ടിക്ക് പുറത്തിറങ്ങാന്‍ ഭയമാണ്. എനിക്കാരെയും കാണേണ്ട എന്ന് അവള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കുറച്ചു സമയം സംസാരിക്കാന്‍ അവള്‍ തയാറായി. കുഞ്ഞുപ്രായത്തിനിടയില്‍ അനുഭവിക്കേണ്ടിവന്നതും സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളും അവളെ തളര്‍ത്തിയിരുന്നു. സംഭവ ശേഷം കോളനി കയറിയിറങ്ങുന്നവര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ കാഴ്ചവസ്തുവായി നിന്നു കൊടുത്തതിന്റെ മടുപ്പ് മുഖത്തു പ്രകടമായിരുന്നു. മൊഴിയെടുക്കാന്‍ പൊലീസ് വാഹനത്തിലാണ് അവളെ കൊണ്ടുപോയത്. പേടിച്ചരണ്ട് തലയും താഴ്ത്തിയായിരുന്നു അവള്‍ വാഹനത്തിലിരുന്നത്. ഈ കാഴ്ചകള്‍കണ്ട് കോളനിയിലെ സമപ്രായക്കാരായ കുട്ടികളെയും ഭയം പിടികൂടിയിരിക്കുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇരയായ കുട്ടി ദുര്‍നടപ്പുകാരിയാണെന്ന് പ്രചരിപ്പിക്കാന്‍ ബിനീഷും പൗലോസും ചേര്‍ന്ന് നടത്തിയ ശ്രമം പ്രദേശവാസികളുടെ സംസാരത്തില്‍ നിന്നു വ്യക്തമാവുകയും ചെയ്തു. 

കാരാപ്പുഴ ഡാം സൈറ്റില്‍ നിന്ന് കുടിയൊഴിപ്പിച്ച ആദിവാസികളെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയച്ചംകൊല്ലിയില്‍ പുനരധിവസിപ്പിച്ചത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ വീടുകളാണിപ്പോഴും ഭൂരിഭാഗവും. ഓരോ ഭാഗവും തകര്‍ന്നു നാശത്തെനേരിടുന്ന വീടുകള്‍. അടച്ചുറപ്പുള്ള ഒരൊറ്റ വീടുപോലും ഇവിടെ മഷിയിട്ട് തിരഞ്ഞാല്‍ കാണാനില്ല. വാതിലുകളും ജനലകളുമെല്ലാം തകര്‍ന്ന് ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഗോത്രജനതയ്ക്ക് മുന്നില്‍ സര്‍ക്കാരും വാതില്‍കൊട്ടിയടച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. കൂലിപ്പണിയെടുത്ത് കുടുംബപോറ്റുന്നവരാണ് കോളനിക്കാര്‍. എല്ലാ ആദിവാസികളെയുംപോലെ മദ്യപിച്ച് ലക്കുകെട്ട് സ്ത്രീപുരുഷ ഭേദമില്ലാതെ ഇവര്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടുന്നു. അടുത്ത കാലത്തായി വിദേശമദ്യമാണ് കോളനിയിലെത്തുന്നത്. അമ്പലവയല്‍ ടൗണിലെ ബിവറജ് കോര്‍പറേഷന്റെ ഔട്ട് ലെറ്റില്‍ നിന്ന് പ്രതിദിനം അഞ്ച് ലിറ്ററില്‍ കുറയാതെ മദ്യം കോളനിയിലെത്തുന്നതായി കോളനിക്കാര്‍ തന്നെ പറയുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസിക്ഷേമസമിതിയുടെ സ്വാധീനത്തിലുള്ള കോളനി മാഫിയകളുടെ പിടിയിലമര്‍ന്നിട്ടും കയ്യുംകെട്ടി നോക്കി നില്‍ക്കാനേ പാര്‍ട്ടിക്കും കഴിയുന്നുള്ളൂ.

കുടിയേറ്റക്കാരുടെ വയനാടന്‍ മണ്ണിലേക്കുള്ള അധിനിവേശം ആരംഭിച്ച കാലം മുതല്‍ക്കുതന്നെ യഥാര്‍ഥ മണ്ണിന്റെ മക്കളായ ആദിവാസികള്‍ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. ഒരു തുണ്ട് പുകയിലയില്‍ നിന്ന് തുടങ്ങി വാറ്റുചാരായത്തിലേക്കെത്തിയപ്പോള്‍ ആദിവാസി പൂര്‍ണ്ണമായും കുടിയേറ്റക്കാരന്റെ അടിമയായി. ആ കാലഘട്ടം മുതല്‍ തന്നെ ആദിവാസി സ്ത്രീകളും ലൈംഗികമായി ഉപയോഗിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുതല്‍ അമ്പത് കഴിഞ്ഞ ആദിവാസി വൃദ്ധ വരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കഥ മാധ്യമങ്ങളുടെ പ്രാദേശിക വാര്‍ത്തയായി. കഴിഞ്ഞദിവസം വയനാട്ടിലെ അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ വാര്‍ത്തയായതോടയാണ് ഭരണകൂടം നടപടിക്കിറങ്ങിയത്. മദ്യം നല്‍കിയാണ് പീഡനമെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ഒറ്റപ്പെട്ടതല്ലാത്ത ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാത്ത ഒരു കോളനിപോലും വയനാട്ടിലോ അട്ടപ്പാടിയിലോ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

പതിറ്റാണ്ടുകളായി ആദിവാസികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാത്രം നടപടിക്കിറങ്ങുന്ന ഭരണകൂടം പിന്നീടിത് സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അതിര്‍ത്തി വനമേഖലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ഇടനിലക്കാര്‍ മുഖേന തൊഴിലിന് പോകുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുളളവര്‍ തൊഴില്‍ ചൂഷണത്തിന് വിധേയമാകുന്നുവെന്ന് ജില്ലാ ഭരണകൂടത്തിനും ബോധ്യമുണ്ട്. പക്ഷേ ചൂഷണത്തിനിരയാകുന്നവര്‍ക്ക് പരാതിയില്ലാത്തതാണ് കുറ്റവാളികള്‍ രക്ഷപ്പെടാനും ചൂഷണം തുടര്‍ക്കഥയാകാനും പ്രധാന കാരണം. ഒരു കുപ്പി പൗഡറിലോ ചുരിദാറിലോ എന്തിന് ഒരു സിനിമ കാണിച്ചാല്‍ പോലും പ്രലോഭനത്തില്‍ വീഴുകയും അബദ്ധം സംഭവിച്ചാല്‍ നാമമാത്രമായ തുകക്ക് അത് മൂടിവെക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് അധികവും. ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്യുന്നതോടെ ഇവരും അവിവാഹിത ആദിവാസി അമ്മമാരുടെ ഗണത്തില്‍പ്പെടുന്നു. പുറത്തുനിന്നുള്ളവര്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാവുന്നത്. രാഷ്ട്രീയപരമായി വൈരാഗ്യമുണ്ടെങ്കില്‍ മാത്രം രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു കൊഴുപ്പിക്കും. അല്ലെങ്കില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ ഒഴുക്കുന്ന പണത്തില്‍ ഇരയും പാര്‍ട്ടിക്കാരും വീഴും.

ലൈംഗിക പീഡനത്തിനെതിരെ പരാതി കൊടുത്ത സ്ത്രീകളും ഏറെയുണ്ട്. പക്ഷെ, ഒരു കേസില്‍ പോലും കോടതി പ്രതിയെ ശിക്ഷിച്ചിട്ടില്ല. കോടതിയുടെ കുഴപ്പമല്ലിത്, പരാതിക്കാരും സാക്ഷികളും കാലുമാറുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനത്തിനു വഴിപ്പെടുമ്പോഴും കേസുകള്‍ അട്ടിമറിക്കപ്പെടും. കാലങ്ങളായി വയനാട്ടിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നമാണിത്. ചൂഷണത്തിനിരയായതിനെത്തുടര്‍ന്ന് അമ്മമാരായവരും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചവരുമായ പല ആദിവാസി സ്ത്രീകളും ഗര്‍ഭിണികളാണെന്നു നാട്ടില്‍ പാട്ടാകുമ്പോള്‍ ചില കേസുകളില്‍ സ്വസമുദായക്കാരായ ചില ചെറുപ്പക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകും. ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍തന്നെയാണ് വാടകയ്ക്ക് ഭര്‍ത്താക്കന്‍മാരെ സംഘടിപ്പിച്ചു കൊടുക്കുന്നതെന്നതാണു വസ്തുത. ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന യുവാക്കള്‍ പിന്നീട് അപ്രത്യക്ഷരാകുന്നത് പതിവ് സംഭവമാണെന്ന് മാധ്യമപ്രവര്‍ത്തകനായ ബിനു ജോര്‍ജ്ജ് പറയുന്നു.

മറ്റു സമുദായങ്ങളെ പോലെ ആദിവാസി വിഭാഗങ്ങള്‍ക്ക് വ്യവസ്ഥാപിത മതാചാര വിവാഹ ചടങ്ങുകള്‍ ഇല്ലാത്തതിനാല്‍ ദാമ്പത്യത്തിനും ലൈംഗികതക്കും കൃത്യമായ അതിര്‍വരമ്പുകളില്ല.

ഉത്സവത്തിനു പോകുമ്പോള്‍ കാണുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട വന്ന് താമസിപ്പിച്ചാല്‍ അതാണ് വിവാഹം. ഇത് സമുദായക്കാര്‍ അംഗീകരിക്കും. കുറച്ചു കാലം കഴിഞ്ഞ് യുവാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചാലും പ്രശ്‌നമില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ഏതെങ്കിലുമൊരാളെ ഭര്‍ത്താവായി ചൂണ്ടിക്കാണിക്കാനുണ്ടാകും. ഇങ്ങനെ മറ്റു സമുദായങ്ങളേക്കാളേറെ പല കൈകളിലൂടെ കടന്നു പോകുന്ന ചൂഷണ വസ്തുവായി ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകള്‍ മാറുന്നു. ലൈംഗിക ചൂഷണത്തിനിരയായി പ്രസവിച്ച ചില സ്ത്രീകള്‍ പിന്നീട് വിവാഹിതരായി കുടുംബജീവിതം നയിക്കുന്നുമുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വം. ഏറെപ്പേരും ചതിക്കുഴികളില്‍ വീണ് ഒരിക്കലും കരകയറാനാവാതെ ദുരിതം അനുഭവിക്കുന്നവരാണ് താനും.

കേരളത്തില്‍ ഏറെ ചര്‍ച്ചവിഷയമായ തിരുനെല്ലിയിലെ ലൈംഗിക ചൂഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പലവയലില്‍ നടന്നത് നിസാരമാണെന്ന് തോന്നാമെങ്കിലും വയനാട്ടിലെ ആദിവാസി കോളനികളില്‍ നിരന്തരമായി തുടരുന്ന പീഢനകളുടെ ഭീഷണമുഖമാണ് ഇത് കാണിക്കുന്നത്. മദ്യത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളാണ് ഒട്ടുമിക്ക എല്ലാ കോളനികളെയും ചൂഴ്ന്നു നില്‍ക്കുന്നത്. സന്ധ്യയായാല്‍ കോളനികളില്‍ വീശുന്ന കാറ്റിന് പോലും മദ്യത്തിന്റെ ഗന്ധമാണ്. ആണും പെണ്ണും എന്നൊന്നും വേര്‍തിരിവില്ല. നാടനും വിദേശമദ്യവും സുലഭം. പുറമെ നിന്നുള്ളവരാണ് ഇവിടെ ആദിവാസികള്‍ക്ക് ചാരായം വാറ്റിനല്‍കുന്നത്. 15 വയസ്സു തികയാത്ത പെണ്കുട്ടികളെപ്പോലും ഇവര്‍ മദ്യം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങള്‍ പതിവ് വാര്‍ത്ത മാത്രം. ബോധം മറയുന്നതു വരെ മദ്യപിക്കുന്ന ആണുങ്ങള്‍. അതിനിടെ തങ്ങളുടെ പെണ്ണുങ്ങള്‍ക്ക് എന്തു സംഭവിക്കുന്നെന്ന് മനസ്സിലാക്കാന്‍പോലും ഇവര്‍ക്ക് സ്വബോധമില്ലാതാകുന്നു. കുഞ്ഞുപെണ്‍കുട്ടികളുടെ മടിക്കുത്തില്‍ വരെ കൈവീഴുന്നത് ഇങ്ങനെയാണ്.

കര്‍ണ്ണാടകയിലേക്ക് ഇഞ്ചിപ്പണിക്ക് പോകുന്ന പെണ്‍കുട്ടികളാണ് ലൈംഗികചൂഷണത്തിനിരയാകുന്നതില്‍ അധികവും. രാവിലെ കോളനി പരിസരത്ത് ജീപ്പ് എത്തും. അതില്‍ കയറി കര്‍ണാടകയിലേക്കു പണിക്കു പോകുന്ന പെണ്ണുങ്ങള്‍ തിരിച്ചെത്തുന്നത് സന്ധ്യയോടെ. ഇതിനിടയില്‍ വിധവകളും, കുടുംബാസൂത്രണത്തിനു വിധേയരായ ഭര്‍ത്താക്കന്‍മാരുള്ള പെണ്ണുങ്ങളും വരെ ഗര്‍ഭിണികളാകുന്നു. ചിലര്‍ പ്രസവിക്കും. ചിലരുടെ ഗര്‍ഭം ഇടക്കുവെച്ച് ഇല്ലാതാകും. പണമൊഴുക്കിയാല്‍ എന്തും നടക്കുമെന്ന അവസ്ഥ. കോളനിക്കാര്‍ എല്ലാറ്റിനും സാക്ഷികളാണ്. കണ്ണീരൊഴുക്കാനും പരാതിയുമായി പുറകെ നടക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. എത്ര ദുരനുഭവങ്ങളുണ്ടെങ്കിലും സ്‌നേഹം നടിച്ചാല്‍ പിന്നെയും ഇവര്‍ വീണു പോകുന്നു. ഇതിനു പുറമെ മദ്യം കൂടിയായാല്‍ കാമവെറിപൂണ്ട കണ്ണുകളെ ഒരിക്കലും തിരിച്ചറിയാന്‍ ഇവര്‍ക്കു പറ്റാതാകുന്നു. ഇങ്ങനെയാണ് എല്ലാകൊണ്ടും പിന്നോക്കം നില്‍ക്കുന്നൊരു വിഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. അടുത്തകാലങ്ങളില്‍ അവിഹിത ഗര്‍ഭങ്ങളേറെയും അബോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ഈ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഏകദേശം ഒന്നര വര്‍ഷം മുമ്പ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിനിരയായത് വിവാദമായ സമയം. ആറളം പോലീസ് സ്‌റ്റേഷനില്‍ നിന്ന് തിരുനെല്ലി പോലീസ് സ്‌റ്റേഷനിലേക്കൊരു സന്ദേശം വന്നു. ആറളത്തു നിന്നു ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെയും കൂട്ടി ഏതാനും ചിലര്‍ തിരുനെല്ലിയിലേക്കു തിരിച്ചിട്ടുണ്ട്. പച്ചമരുന്ന് പ്രയോഗിച്ച് ഗര്‍ഭം അലസിപ്പിക്കുകയാണു ലക്ഷ്യം. അറിയിപ്പ് കിട്ടിയ തിരുനെല്ലി പോലീസ് വലവിരിച്ചു കാത്തിരുന്നു. അവര്‍ എത്തിയില്ല. ആറളത്തു നിന്നു പുറപ്പെട്ടവര്‍ നേരെ കര്‍ണാടകയിലെത്തി കാര്യം സാധിച്ചുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പച്ചമരുന്ന് പ്രയോഗം നടത്തുന്ന കുറേ പേര്‍ തിരുനെല്ലിയിലുണ്ടായിരുന്നു. പ്രാകൃതമായ രീതികള്‍ ചിലരുടെ മരണത്തില്‍ കലാശിച്ചതോടെ മുമ്പത്തേപോലെ സജീവമല്ലിത്. ഗുട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളിലെ ചില ആരോഗ്യകേന്ദ്രങ്ങളില്‍ ചെന്നാല്‍ ഗുളികക്കുള്ള ചീട്ട് കുറിച്ചു നല്‍കുന്നുണ്ടത്രെ. ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ വാങ്ങിക്കഴിച്ച് രക്തസ്രാവം മൂലം അവശരായി വീട്ടില്‍ കിടന്നിരുന്ന ഏതാനും സ്ത്രീകളെ ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവിവാഹിത ആദിവാസി അമ്മമാരുള്ള ജില്ല വയനാട് തന്നെയാണ്. ആദിവാസി പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പരിശോധിക്കുമ്പോഴറിയാം ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന്. 2011ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 935 അവിവാഹിത ആദിവാസി അമ്മമാരുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 302 പേരും വയനാട് ജില്ലയിലാണ്. അടിയ, പണിയ വിഭാഗങ്ങളിലാണ് കൂടുതല്‍പേരുള്ളത്.ഇത്തരം വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അവിവാഹിത ആദിവാസി അമ്മാര്‍ കഴിയുന്നത്. രണ്ടാം സ്ഥാനം കാസര്‍കോടിന് 199 പേര്‍. പാലക്കാട് 106, കണ്ണൂര്‍ 72, തിരുവനന്തപുരം 62, ഇടുക്കി 43, കോഴിക്കോട് 43, കൊല്ലം 29, മലപ്പുറം 19, പത്തനംതിട്ട 18, എറണാകുളം15, തൃശ്ശൂര്‍15, കോട്ടയം12 എന്നിങ്ങനെയാണ് ആദിവാസി അവിവാഹിത അമ്മമാരുടെ കണക്ക്.ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ് നടത്തിയത്. വിവര ശേഖരണം നടത്തിയ പ്രമോട്ടര്‍മാര്‍ക്കു നേരെ അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമങ്ങളുമുണ്ടായി. പല ആദിവാസി സ്ത്രീകളും കണക്കെടുപ്പില്‍ സഹകരിച്ചതുമില്ല.

ആദിവാസി പീഡനം സംബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലൊന്നില്‍പോലും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഒരു കാരണം ആദിവാസി സ്ത്രീകളുടെ നിസംഗതയാണ്. പ്രതികളുടെ സാമ്പത്തിക പ്രലോഭനത്തില്‍ ഇവര്‍ പലപ്പോഴും വീണു പോകുന്നു. അതുമല്ലെങ്കില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും സ്വാധീനിച്ചു രക്ഷപെടുന്നു. വെറുമൊരു ആരോപണമല്ലിതെന്നു തെളിയിക്കാന്‍ ആദിവാസി പീഡനക്കേസുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദിവാസി സ്ത്രീകള്‍ക്കു നേരെയുണ്ടായ ബലാത്സംഗം ഉള്‍പ്പെടെയുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 182 കേസുകളാണ്. ഇതില്‍ 246 പേര്‍ പ്രതികളാണ്. 158 പേരെ അറസ്റ്റു ചെയ്തു. 80 കേസുകള്‍ കോടതിയില്‍ എത്തി. ആരും ശിക്ഷിക്കപ്പെട്ടില്ല. ലൈംഗിക പീഡനക്കേസുകള്‍ മാത്രമല്ല ആദിവാസികള്‍ക്കു നേരെയുള്ള എല്ലാത്തരം അതിക്രമങ്ങള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കും ഇതേ ഗതി തന്നെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത്തരം 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ 386 പേര്‍. അറസ്റ്റിലായത് 224 പേര്‍. 89 കേസുകള്‍ കോടതിയിലെത്തി. പക്ഷെ ആരും ശിക്ഷിക്കപ്പെട്ടില്ല. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആദിവാസികള്‍ക്കെതിരെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

മദ്യപിച്ചു ലക്കു കെട്ട് റോഡരികില്‍ കിടക്കുന്ന ആദിവാസി സ്ത്രീകള്‍ വയനാട്ടില്‍ ഇപ്പോള്‍ അപൂര്‍വ കാഴ്ച്ചയല്ല. കുഞ്ഞുപ്രായത്തില്‍ത്തന്നെ ഇവരുടെ കുട്ടികളും മദ്യപാനികളാകുന്നു. ആണ്‍കുട്ടികളാണ് കൂടുതലും മദ്യത്തിനിരയാകുന്നതെങ്കിലും പെണ്‍കുട്ടികളും ഇപ്പോഴും കുറവല്ല. തിരുനെല്ലി ഭാഗത്ത് അടിയര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ ചൂഷണത്തിനിരയാകുന്നത്. വടുവഞ്ചാല്‍, കടച്ചിക്കുന്ന് ഭാഗങ്ങളില്‍ കാട്ടുനായ്ക്കരും മദ്യമാഫിയയുടെ പിടിയിലാണ്. ആദിവാസി ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന പണിയര്‍ വിഭാഗം ഏറെക്കുറെ എല്ലായിടങ്ങളിലും ചൂഷണത്തിനിരയാകുന്നുണ്ട്. ആദിവാസി പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍പോലും കോളനിയിലുള്ളവര്‍ ഇത് കാര്യമായി എടുക്കുന്നില്ല. അവിഹിതഗര്‍ഭത്തിന് ഉത്തരവാദിയാകുന്നതില്‍ കോളനിയുള്ളവര്‍ തന്നെ 10 ശതമാനത്തിന് താഴെ വരുമ്പോള്‍ 90 ശതമാനവും പുറമെ നിന്നുള്ളവരാണ്. മദ്യവും പുകയിലയും എന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ മാറിമറിഞ്ഞ് മൊബൈല്‍ ഫോണും ഡിവിഡി പ്ലേയറുമൊക്കെയായി പരിണമിച്ചു.

തിരുനെല്ലി, ബത്തേരി ഭാഗങ്ങളില്‍ റിസോര്‍ട്ടുകളില്‍ ജോലിക്ക് പോകുന്ന ആദിവാസി സ്ത്രീകളില്‍ പലരും ലൈംഗിക ചൂഷണത്തിനിരയായതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ബത്തേരിയിലൊരു റിസോര്‍ട്ടുകാര്‍ ആദിവാസികള്‍ക്ക് മദ്യം നല്‍കി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി നൃത്തം ചെയ്യിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണവും അതിക്രമങ്ങളും നിലയ്ക്കണമെങ്കില്‍ ഭരണകൂടമോ പൊലീസോ കാര്യക്ഷമമായതുകൊണ്ടു മാത്രം കാര്യമില്ല. നമ്മുടെ മാനസികാവസ്ഥയിലും മനോഭാവത്തിലും മാറ്റം ഉണ്ടാകുക തന്നെ വേണം. പ്രതികരണശേഷി കുറഞ്ഞൊരു സമൂഹത്തെ, വിഭാഗത്തെ എല്ലാതരത്തിലും ചൂഷണം ചെയ്യുകയെന്ന മലയാളിയുടെ മാനസിക ഘടനതന്നെ മാറുകയും അവരെക്കുറിച്ച് അവര്‍തന്നെ അറിയാന്‍ ശ്രമിക്കുകയും ചെയ്താലേ ആദിവാസിക്ക് ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകൂ. മദ്യപിച്ച് സ്വബോധം നഷ്ടപ്പെടുമ്പോള്‍ ലൈംഗികാസക്തി ശമിപ്പിക്കാന്‍ കുഞ്ഞുശരീരങ്ങളെ അന്വേഷിച്ചെത്തുന്നവരെ കൈകാര്യം ചെയ്യാന്‍ കോളനിക്കാര്‍തന്നെ ബോധവാന്‍മാരാകണം. 

(ഇന്ത്യാവിഷന്‍ വയനാട് റിപ്പോര്‍ട്ടറായ ലേഖകന്‍ ആദിവാസി ജീവിതങ്ങളെക്കുറിച്ച് ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍