UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയക്കാരെ, ചീഞ്ഞു നാറുന്നത് ആദിവാസികളെയല്ല; നിങ്ങളെ തന്നെയാണ്

ധന്യ രാമന്‍

ഒരു രാഷ്ട്രീയക്കാരനില്‍ നിന്ന് ഒരിക്കലും കേള്‍ക്കരുതെന്ന് ജനം ആഗ്രഹിക്കുന്ന വാചകങ്ങളായിരിക്കും അവര്‍ നിരന്തരം വിളിച്ചു പറയുന്നതെന്നതിന് മറ്റൊരുദാഹരണമാണ് കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗത്തിനിടയില്‍ കേട്ടത്. ആ നേതാവിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സരിത നായരും ആദിവാസി സ്ത്രീയും ഒരുപോലെയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു സ്ത്രീയും ഒരാദിവാസി സത്രീയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. മാത്രമോ, ആദിവാസി സ്ത്രീയെ എങ്ങനെയാണ് അവതരിപ്പിച്ചതെന്ന് നോക്കുക; വൃണമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ഒരു ആദിവാസി സ്ത്രീയത്രേ! ഇവരുവരെയും ഒരുപോലെ സ്വീകരിക്കാന്‍ തക്ക വിശാലഹൃദയത മുഖ്യമന്ത്രിക്കുണ്ടെന്ന് സമര്‍ത്ഥിക്കുക വഴി തന്നിലുള്ള ഭക്തി പ്രകടിപ്പിക്കാനാണ് ഭരതീപുരം ശശി എന്ന ഖദര്‍ധാരി ശ്രമിച്ചതെങ്കിലും ആ വാക്കുകള്‍ ഒരു വംശത്തോടുള്ള അധികാരവര്‍ഗത്തിന്റെ സമീപനം എന്താണെന്നും വ്യക്തമാക്കുന്നതായിരുന്നു.

മഹത്തായതും പാരമ്പര്യമായി സംരക്ഷിച്ചുപോരുന്നതുമാണ് ഗോത്രസംസ്‌കാരം. ആ സംസ്‌കാരത്തിന്റെ ഭാഗമായൊരാളെയാണ് പൊതുചടങ്ങില്‍വെച്ച് കുളിക്കാത്ത, നനയ്ക്കാത്ത, വ്രണം വന്നു നാറുന്ന ഒരു സ്ത്രീയെന്ന് പറയുന്നത്. അങ്ങനെയൊരു സ്ത്രീ മുഖ്യമന്ത്രിയെ കാണാന്‍ വന്നുവെങ്കില്‍, എന്തിന്, എവിടെ നിന്ന് വന്നൂവെന്ന് ഈ മാന്യവ്യക്തി അന്വേഷിച്ചിട്ടുണ്ടോ? ആ സ്ത്രീ വന്നത് മലപ്പുറത്തെ കുരുളായി വനത്തില്‍ നിന്നാണ്. ഏറ്റവും നിഗൂഢമായൊരു വനാന്തര്‍ഭാഗമാണ് കുരുളായി. അവിടെ ജീവിക്കുന്ന കുറച്ച് മനുഷ്യരുണ്ട്. അതേ, അവര്‍ മനുഷ്യര്‍ തന്നെയാണ്. നിങ്ങളില്‍ പലര്‍ക്കും അങ്ങനെ തോന്നുന്നില്ലെങ്കിലും. ക്ഷമിക്കണം, ആ മനുഷ്യര്‍ക്ക് നിങ്ങളെപ്പോലെ പുറംപൂശുകളോട് താല്‍പര്യമില്ല, തേച്ചുവടിവാക്കിയ വെള്ളവസ്ത്രം ധരിച്ച് സുഗന്ധതൈലവും പൂശിയിറങ്ങിയാലെ മാന്യത കൈവരൂവെന്ന മൂഢവിശ്വാസം അവര്‍ക്കില്ല. അവര്‍ക്ക് അവരെക്കാള്‍ വലുത് പ്രകൃതിയും ആ പ്രകൃതിയില്‍ മനുഷ്യനോളം തന്നെ അവകാശമുള്ള മൃഗങ്ങളുമാണ്. കരുളായി വനത്തിനുള്ളില്‍ ജീവിക്കുന്നവര്‍ എണ്ണയോ സോപ്പോ ഉപയോഗിക്കാറില്ല. അവര്‍ എണ്ണയില്‍ കടുക് വറുക്കാറില്ല, അവരുടെ വസ്ത്രങ്ങള്‍ സോപ്പിട്ട് അലക്കാറില്ല. സോപ്പിന്റെ മണവും എണ്ണമയവുമെല്ലാം മൃഗങ്ങളെ പ്രകോപിതരാക്കുന്നതാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അതിനവര്‍ ശ്രമിക്കാറുമില്ല. ഒരുപദ്രവവും ആര്‍ക്കും ഉണ്ടാക്കാതെ വന്നതുപോലെ പോകാറുമുണ്ട്. പ്രകൃതിയേയോ മൃഗങ്ങളെയോ ഒരുതരത്തിലും ശല്യപ്പെടുത്താത്ത ആ മനുഷ്യര്‍ ആവാസവ്യവസ്ഥയോട് എത്രമാത്രം പൊരുത്തപ്പെട്ടാണ് ജീവിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അവരിലൊരാളെയാണ് ചീഞ്ഞുനാറുന്നൊരു വെറും ആദിവാസി പെണ്ണാക്കി നിസ്സാരവത്കരിച്ചത്.

അവരുടെ ജീവിതം പ്രാകൃതമായി തോന്നുന്നുവെങ്കില്‍, ബഹുമാനപ്പെട്ട ഈ കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടിക്കടക്കം കേരളം മാറി മാറി ഭരിച്ചവര്‍ക്ക് അത് മാറ്റാവുന്നതേയുള്ളൂ സര്‍ക്കാര്‍ ഒരു ലക്ഷം കോടിയോളം രൂപയാണ് ആദിവാസി ക്ഷേമത്തിനായി ഉപയോഗിച്ചു കഴിഞ്ഞത്. ഒരു വര്‍ഷം ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 900 കോടി ചെലവാക്കുമ്പോള്‍ അതില്‍ 500 കോടിയും പോകുന്നത് ഇവിടുത്തെ പഞ്ചായത്തുകള്‍ക്കാണ്. ഇതു കൂടാതെ പഞ്ചായത്തുകള്‍ റിക്വസ്റ്റ് ചെയ്യുന്ന കോര്‍പ്പസ് ഫണ്ടും ലഭിക്കാറുണ്ട്. പക്ഷേ ഈയിനത്തില്‍ കിട്ടുന്ന കോടികള്‍ കെട്ടിക്കിടക്കുകയും പഞ്ചായത്തുകള്‍ അവയുടെ പലിശ വാങ്ങിച്ചെടുക്കുകയുമാണ് സംഭവിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിന് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ കൊടുത്തിട്ട് അതില്‍ നിന്ന് ചെലവാക്കിയത് വെറും ഏഴുലക്ഷം രൂപ, ഇതൊരു ഉദ്ദാഹരണം മാത്രം.

ആദിവാസി ദുര്‍ഗന്ധം പേറുന്നവരെന്നു വിളിച്ചു പറയുന്നവര്‍, ആദിവാസിയുടെ പട്ടിണിയെക്കുറിച്ച് ഒന്നും പറഞ്ഞു കേള്‍ക്കാറില്ല. ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണം എങ്ങനെ സംഭവിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് തൊഴിലില്ല, വരുമാനമില്ല, ആഹാരം കഴിക്കാനുള്ള വകയില്ല. അതുകൊണ്ടവര്‍ പട്ടിണി കിടക്കുന്നു, മരിക്കുന്നു. ആര് തിരക്കാന്‍, ആര് ഇതിനെക്കുറിച്ചൊക്കെ ഒരു പൊതുവേദിയില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍? മായാജാലമൊന്നും കാണിക്കേണ്ട, കൂടിയാലോചനകളും ആവശ്യമില്ല, മനസുവച്ചാല്‍ മാത്രം മതി ആദിവാസിയുടെ പട്ടിണി മാറ്റിയെടുക്കാന്‍. ഒരു വര്‍ഷം ഇരുപതിനായിരത്തോളം കുട്ടികള്‍ ആദിവാസി ഹോസ്റ്റലുകളില്‍ താമസിച്ച് പഠിച്ചിറങ്ങുന്നുണ്ട്. ഇവര്‍ക്കാവശ്യമായ യൂണിഫോമുകള്‍ തയ്ച്ചുകൊടുക്കാന്‍ ഊരുകളിലെ ആദിവാസികളെ ഏല്‍പ്പിച്ചൂടെ. തയ്യല്‍ അറിയാവുന്ന അമ്പതോളം പേരെങ്കിലും കാണും. ആ ആമ്പത് പേര്‍ക്ക് തൊഴില്‍ കിട്ടിയാല്‍ അതിലൂടെ അമ്പത് കുടുംബങ്ങള്‍ക്ക് കൂടിയാണ് ഗുണം കിട്ടുന്നത്. എന്നാല്‍ കേവലമായ തയ്യല്‍ ജോലിപോലും കുത്തക കമ്പനികള്‍ക്ക് കൊടുക്കാനാണ് നമ്മുടെ ജനകീയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് താല്‍പര്യം. ആറളം ഫാമില്‍ തന്നെ എത്ര ആദിവാസികള്‍ക്ക് തൊഴില്‍ ഉണ്ടെന്ന് അന്വേഷിക്കൂ. അവിടെ തൊണ്ണൂറ്റിയെട്ട് ശതമാനവും പുറത്തുള്ള തൊഴിലാളികളാണ് പണിയെടുക്കുന്നത്.

ആദിവാസിക്ക് മാറ്റം വേണമെങ്കില്‍ അവന് കൃത്യമായ തൊഴില്‍ കൊടുക്കൂ. ഇപ്പോള്‍ ദാരിദ്ര്യം മാത്രമാണവര്‍ക്കുള്ളത്. പട്ടിണി കൊണ്ടാണ് പല കുട്ടികളും പഠിത്തം നിര്‍ത്തുന്നത്. ഇങ്ങനെയെല്ലാം ദുരിതത്തില്‍ കഴിയുന്നൊരു ആദിവാസി തന്റെ കഷ്ടപ്പാട് അവളുടെ കൂടി മുഖ്യമന്ത്രിയായ ഒരാളോട് പറയാന്‍ എത്തിയതിനെയാണോ സമൂഹം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സ്ത്രീയോട് ചേര്‍ത്ത് നിര്‍ത്തി അപമാനിച്ചത്?

ആ സ്ത്രീയുടെ മുഖം ഭാരതീപുരം ശശിയെന്ന നേതാവിന്റെ ഉള്ളില്‍ യാതൊരു വികാരവും പ്രകടമാക്കിയില്ലെങ്കിലും എന്റെ മനസ്സില്‍ ആ മുഖം മറ്റു ചിലരെക്കൂടി ഓര്‍മ്മപ്പെടുത്തി. അതിലൊന്ന് ലതപ്പെണ്ണ് എന്ന ആദിവാസി സ്ത്രീയുടെതായിരുന്നു. പ്രസവിച്ചശേഷം സ്വയം ഒരു കത്തിയെടുത്ത് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയവള്‍. ഒരു സ്ത്രീയുടെ ഏറ്റവും വലിയ നിസ്സഹായതയാണത്. ആരും ഉണ്ടായിരുന്നില്ല അവള്‍ക്കൊപ്പം. വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നതോടെ ചോരക്കുഞ്ഞിനെ തറയില്‍ കിടത്തി കാടുകയറി മുതുവാന്‍ കിഴങ്ങ് വെട്ടിയെടുത്ത് കൊണ്ടുവന്നു പുഴുങ്ങി കഴിക്കേണ്ട ഗതികേട് ഉണ്ടായവള്‍. ലതയെ കാണാന്‍ പോകുമ്പോള്‍ എന്റെ കൂടെ വനിത സെല്‍ ഡിവൈഎസ്പിയുണ്ടായിരുന്നു. ലതയുടെ അവസ്ഥ കണ്ട് ആ ഓഫിസര്‍ കരഞ്ഞുപോയി. പൊലീസുകാരെ വിട്ട് ആവശ്യമായ ആഹാരവും വസ്ത്രവും വാങ്ങിക്കൊടുത്തു അവര്‍. ഈകാര്യമൊക്കെ നേതാക്കന്മാരില്‍ എത്രപേര്‍ക്ക് അറിയാം. അതുപോലെ വയനാട്ടിലെ മറ്റൊരു കുടുംബത്തിന്റെ അവസ്ഥ കൂടി പറയാം. ഏഴുകുട്ടികളുടെ അമ്മയായ ഒരു സ്ത്രീ മരിച്ചതോടെ മുലകുടി തുടങ്ങിയ പിഞ്ചു കുഞ്ഞടക്കമുള്ള കുട്ടികളെ ആ സ്ത്രീയുടെ അനിയത്തി ഏറ്റെടുത്തു. അവര്‍ക്കും മൂന്നു കുട്ടികളുണ്ട്. കൂടാതെ വയസായ അച്ഛനും അമ്മയും അവരുടെ ഭര്‍ത്താവും. ആകെ 14 പേര്‍. ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം ഒരാള്‍ക്ക് തൊഴിലെടുത്താല്‍ കിട്ടുന്ന ഇരുന്നൂറോ മുന്നൂറോ രൂപ. പിഞ്ചുകുഞ്ഞിന് പാല്‍പ്പൊടി വാങ്ങിക്കൊടുക്കാന്‍പോലും ഗതിയില്ലാത്ത അവസ്ഥ. ഇവരെ ഞാന്‍ മുഖ്യമന്ത്രിയുടെ അടുത്ത് കൂട്ടി കൊണ്ടുപോവുകയും അവരുടെ അവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. മാസം ആയിരം രൂപ വീതം കുട്ടികള്‍ക്ക് പാല്‍പ്പൊടി വാങ്ങാനും ഒരു വീട് അവര്‍ക്കായി നിര്‍മിച്ചു നല്‍കാനും മുഖ്യമന്ത്രി തീരുമാനം എടുത്തെങ്കിലും നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു, ഇന്നേവരെ പാല്‍പ്പൊടി വാങ്ങാന്‍ അനുവദിച്ച തുക നല്‍കിയിട്ടില്ല. ജീവന്‍ നിലനിര്‍ത്താന്‍ ഒരുനേരത്തെ ഭക്ഷണത്തിനും പോലും ഗതിയില്ലാത്തവരാവുകയാണ് ആദിവാസികള്‍. പാല് കുടിക്കാന്‍ കൊതിക്കുന്ന കുട്ടികളുണ്ട് അവര്‍ക്കിടയില്‍, കട്ടന്‍ ചായയില്‍ മുട്ടപൊട്ടിച്ചൊഴിച്ച് പഞ്ചാസരയിട്ടിളക്കി നല്‍കി മക്കളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അമ്മമാരുണ്ടവര്‍ക്കിടയില്‍.

ചീപ്രം കോളനിയില്‍ ഞാന്‍ കണ്ടൊരു കാഴ്ച്ചയുണ്ട്. ചിക്കന്‍പോക്‌സ് പിടിച്ച രണ്ടു കുട്ടികള്‍, മൂത്തകുട്ടിക്ക് നാലു വയസും ഇളയതിന് ഒന്നരമാസവും ആണ് പ്രായം. ഇളയുടെ കുട്ടിയുടെ തലയും കൈകളും അളിഞ്ഞു തുടങ്ങിയിരിക്കുന്നു. മൂത്തകുട്ടി ബോധമില്ലാതെ കിടക്കുകയാണ്. അവരുടെ അമ്മ എന്നോടു പറഞ്ഞൂ; എനിക്കറിയാം എന്റെ കൊച്ചുങ്ങള്‍ ചത്തുപോകുമെന്ന്. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പുറത്തേക്കിറങ്ങണമെങ്കില്‍ എനിക്കിടാന്‍ ഒരു നല്ല നൈറ്റിപോലും ഇല്ല… ഒന്നോര്‍ത്തു നോക്കൂ, ആ അമ്മയുടെ അവസ്ഥ. പിന്നീട് ഞങ്ങളാണ് ആ കുട്ടികളെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. സ്വന്തം മക്കള്‍ വേദന തിന്ന് മരണത്തിലേക്ക് വീണുപോകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന ഒരമ്മ; ആ അമ്മയെ കുറിച്ച്, ആ കുട്ടികളെ കുറിച്ച് ഏതു പൊതുവേദിയില്‍ ഏതു നേതാവാണ് പ്രസംഗിക്കുന്നത്? അവര്‍ക്കൊക്കെ ആദിവാസി ദുര്‍ഗന്ധം വമിക്കുന്ന ഒരു വസ്തു… ആ അഹന്തയ്‌ക്കെതിരെയെങ്കിലും പ്രതികരിക്കാന്‍ നമ്മുടെ സമൂഹം തയ്യാറാകണം.

(സാമൂഹിക പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍