UPDATES

ബീഫ് രാഷ്ട്രീയം

ആദിവാസികള്‍ ബീഫ് കഴിക്കുന്നവരല്ല; സികെ ജാനു

ഈ ലക്കം മാതൃഭൂമി വാരികയില്‍ ‘സികെ ജാനു ഇപ്പോള്‍ എന്താണ് കഴിക്കുന്നത്?’ എന്ന പേരില്‍ കവര്‍ സ്‌റ്റോറിയായി നല്‍കിയ അഭിമുഖത്തിലാണ് ജാനു ഇങ്ങനെ പറയുന്നത്

ആദിവാസികള്‍ പൊതുവെ ബീഫ് കഴിക്കുന്നവരല്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. താന്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും അവര്‍ പറഞ്ഞു. ഈ ലക്കം മാതൃഭൂമി വാരികയില്‍ ‘സികെ ജാനു ഇപ്പോള്‍ എന്താണ് കഴിക്കുന്നത്?’ എന്ന പേരില്‍ കവര്‍ സ്‌റ്റോറിയായി നല്‍കിയ അഭിമുഖത്തിലാണ് ജാനു ഇങ്ങനെ പറയുന്നത്.

എന്‍ഡിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകള്‍, ബീഫ് വിവാദം, യുപിയില്‍ യോഗി ആദിത്യനാഥിന്റെ ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍, കര്‍ഷക വിരുദ്ധ നിലപാടുകള്‍, അസഹിഷ്ണുതയുടെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് തന്റെ എന്‍ഡിഎയുമായുള്ള സഹകരണത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ദലിത് വിരുദ്ധ സംഭവങ്ങളോട് കൃത്യമായി വിയോജിപ്പുണ്ടെങ്കിലും എന്നാല്‍ കേരളത്തിലെ ആദിവാസികളുടെ നരകതുല്യ ജീവിതത്തിന് ഉത്തരവാദികള്‍ ബിജെപിയല്ലെന്നുമാണ് ജാനു വിലയിരുത്തുന്നത്.

എന്‍ഡിഎയുടെ ഘടകകക്ഷിയെന്ന നിലയില്‍ വിയോജിപ്പ് അകത്തും പുറത്തു പറയും. അത് കൃത്യമായ നിലപാടാണ്. അതേസമയം ആദിവാസികള്‍ പൊതുവെ ബീഫ് കഴിക്കുന്നവരല്ലെന്നും കാട്ടുകിഴങ്ങുകളും കഞ്ഞിയും ഞണ്ടുകളും, ഉണക്കമീനും ഒക്കെയായിരുന്നു തങ്ങളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ ഒക്കെ പഠിക്കുന്ന കുട്ടികള്‍ ഇപ്പോള്‍ ബീഫ് കഴിക്കുന്നുണ്ട്. താനൊരിക്കലും ബീഫ് കഴിച്ചിട്ടില്ലെന്നും ജാനു അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ താന്‍ കഴിക്കാത്തതുകൊണ്ട് കഴിക്കുന്നവര്‍ എന്തെങ്കിലും ആയിക്കോട്ടേയെന്ന് വിചാരിക്കുന്നില്ല. ഇത്തരം ഒരു തീരുമാനം എടുക്കുമ്പോള്‍ കൃത്യമായ പഠനം നടത്തണം. അതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. തൊഴില്‍ ചെയ്യുന്നവരെ പുനരധിവസിപ്പിക്കണം. കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ തന്നെ കര്‍ഷകരില്‍ നിന്നും വാങ്ങണം.

എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം ബിജെപിയല്ല. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടില്ല. കേരളത്തില്‍ ആദിവാസികള്‍ മരിച്ചാല്‍ മറവുചെയ്യാന്‍ അടുപ്പുതറയും കക്കൂസിന്റെ സ്ലാബും മാറ്റി കുഴിച്ചിടുന്നതിന്റെ ഉത്തവാദികള്‍ ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫും തന്നെയാണ്. ആദിവാസികളെ ഇങ്ങനെയൊരു ജീവിതത്തിലേക്ക് തള്ളിവിട്ടത് ഈ രണ്ട് കൂട്ടരും ചേര്‍ന്നാണെന്നും അവര്‍ ആരോപിക്കുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്നതില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രി പങ്കെടുത്ത എന്‍ഡിഎ മീറ്റിംഗില്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇതോടൊപ്പമാണ് സികെ ജാനു എന്‍ഡിഎ മുന്നണിയില്‍ വന്നതിന്റെ മറുപടി താനല്ല എല്‍ഡിഎഫും യുഡിഎഫുമാണ് പറയേണ്ടതെന്ന് അവര്‍ പറഞ്ഞത്.

ആദിവാസികള്‍ ഇപ്പോള്‍ ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നതെന്നും ഫ്‌ളാറ്റുകള്‍ ആധുനിക കാലത്തെ ചേരികളാണെന്നും ജാനു പറയുന്നു. ആദിവാസികള്‍ മാംസം ഉപയോഗിക്കുമെങ്കിലും കോഴിയുടെ മാംസം ആണ് പാകം ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ആദിവാസി സമൂഹത്തിന് പൊതുവെ ബീഫ് ഇഷ്ടമല്ല. പുതിയ കുട്ടികള്‍ ഹോസ്റ്റലുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെ വാങ്ങിക്കഴിക്കാറുണ്ട്. എന്നാലും വീട്ടില്‍വച്ച് വേവിച്ചു കഴിക്കാറില്ല. ഇത് പറയുമ്പോഴും ആരുടെയും ഭക്ഷണസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്നും അവര്‍ വിശദമാക്കുന്നു.

എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വ്യക്തിയുടെ തീരുമാനവും അവകാശവുമാണ്. ഞാന്‍ കഴിക്കാത്തത് നിങ്ങളും കഴിക്കരുത് എന്ന് ചിലര്‍ പറയുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇവര്‍ ചോദിക്കുന്നു. അതില്‍ തനിക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം തന്റെ പ്രിയപ്പെട്ട ഭക്ഷണം കഞ്ഞിയും കാന്താരി മുളക് ചമ്മന്തിയുമാണെന്നും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍