UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗംഗ ധാബ അടച്ചുപൂട്ടാന്‍ അധികൃതര്‍; ജെഎന്‍യു പുതിയ പ്രക്ഷോഭത്തിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

മറ്റൊരു പ്രക്ഷോഭത്തിനാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കളമൊരുങ്ങുന്നത്. ഇത്തവണ വിദ്യാര്‍ത്ഥികളോട് നേരിട്ടല്ല, പകരം ജെഎന്‍യുവിന്റെ പ്രതീകമെന്നവണ്ണം മാറിയിരിക്കുന്ന ഗംഗ ധാബയോടാണ് അധികൃതരുടെ ഏറ്റുമുട്ടല്‍.

സര്‍വകലാശാലയ്ക്കുള്ളില്‍ വര്‍ഷങ്ങളായി സ്ഥിതി ചെയ്യുന്ന, വിദ്യാര്‍ത്ഥികളുടെ പ്രധാന ഒത്തുചേരല്‍ സങ്കേതമായ ഭക്ഷണശാല ‘ഗംഗ ധാബ’ ഒഴിഞ്ഞുപോകണമെന്നാണ് ഉടമസ്ഥന്‍ ഭരത് തോമറിനോട് സര്‍വലാശാല അധികൃതര്‍ കല്‍പ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19 വെള്ളിയാഴ്ച ധാബ പൂട്ടിയിരിക്കണമെന്നാണ് ഒഴിപ്പിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ സര്‍വകലാശാലയുടെ ആവശ്യത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയതോടെ ജെഎന്‍യു വീണ്ടുമൊരു പ്രക്ഷോഭത്തിന് സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ്. പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ തങ്ങളുടെ സങ്കേതമായിരുന്ന ഗംഗ ധാബയ്‌ക്കെതിരെയുള്ള നടപടിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ജെഎന്‍യു അടച്ചു പൂട്ടണമെന്ന് ആവിശ്യപ്പെടുന്നവര്‍ തന്നെയാണ് ഗംഗ ധാബ അടച്ചുപൂട്ടാനും മുന്നിട്ടറങ്ങുന്നതെന്നവര്‍ പറയുന്നു.

അധികൃതര്‍ ഈ കാര്യത്തില്‍ അവരുടേതായ ചില ന്യായങ്ങള്‍ നിരത്തുന്നുണ്ട്. ഭരത് തോമര്‍ക്ക് ക്യാമ്പസിനുള്ളില്‍ ഇങ്ങനെയൊരു ഭക്ഷണശാല നടത്തിക്കൊണ്ടുപോകാന്‍ ലൈസന്‍സ് ഇല്ലെന്നാണ് അവര്‍ പറയുന്നത്. ധാബ അടച്ചുപൂട്ടാന്‍ സര്‍വകലാശാലയ്ക്ക് പ്രത്യേക താത്പര്യമൊന്നുമില്ല. എന്നാല്‍ ക്യാമ്പസിനുള്ളിലെ വാണിജ്യ ഇടങ്ങളെല്ലാം തന്നെ സര്‍വകലാശാല നിയമങ്ങള്‍ക്കുള്ളില്‍ പെട്ടതാണെന്നാണ് വൈസ് ചാന്‍സിലര്‍ എം ജഗദീഷ് കുമാര്‍ പറയുന്നത്.

സര്‍വകലാശാല അധികൃതരുടെ ന്യായങ്ങള്‍ ധാബയുടെ കാര്യത്തില്‍ അംഗീകരിച്ചു കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നില്ലെന്നത് തന്നെയാണ് ഗംഗ ധാബയും ജെഎന്‍യു ക്യാമ്പസും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം. ഈ ഭക്ഷണശാല ഒരിക്കലും ജെഎന്‍യുവില്‍ നിന്നു വേര്‍തിരിച്ചു കാണാനാകില്ല. വൈകിട്ട് നാലു മണി മുതല്‍ പുലര്‍ച്ചെ മൂന്നുവരെ തുറന്നിരിക്കുന്ന ഗംഗ ധാബ മിതമായ നിരക്കിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ലാഭത്തില്‍ ഭക്ഷണം കിട്ടുന്നതല്ല കാരണം, ഇതു കേവലമൊരു ഭക്ഷണശാല മാത്രമല്ല, ആശയോത്പാദനകേന്ദ്രം എന്നു പറയാം, തര്‍ക്കവേദിയെന്നു പറയാം, ഇവിടെ നിന്നാണ് പ്രക്ഷോഭങ്ങളുടെ വിത്തുകള്‍ പൊട്ടിമുളച്ചത്.

ഗംഗ ധാബയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തന്നെ പതിമൂവായിരത്തോളം അംഗങ്ങളുണ്ട്. സര്‍വകലാശയുടെ സൗകര്യങ്ങളുള്ള ഒരുധാബ; ഗംഗ ധാബയ്ക്ക് ഒരു പൂര്‍വവിദ്യാര്‍ത്ഥി നല്‍കിയ വിശേഷണത്തില്‍ തന്നെയുണ്ട് ഈ ഭക്ഷണശാലയുടെ പ്രാധാന്യം.

ഇപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം തന്നെ അസ്വസ്ഥരാണ്. ഭരത് തോമറിനെ ക്യാമ്പസിനുള്ളില്‍ തുടരാന്‍ അനുവദിക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയവര്‍ക്ക് പക്ഷേ യാതൊരു വൈകാരികഭാവവുമില്ല. നിയമലംഘനമാണ് തോമര്‍ ക്യാമ്പസിനുള്ളില്‍ നടത്തുന്നതെന്നാണ് രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് അദ്ദേഹത്തിനു നോട്ടീസ് നല്‍കിയതും. അനധികൃതമായി സര്‍വകലാശാല സ്ഥലം കയ്യേറിയാണ് തോമര്‍ ധാബ നടത്തുന്നത്. അതനുവദിക്കാന്‍ നിര്‍വാഹമില്ല; പ്രമോദ് കുമാര്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് ഭരത് തോമര്‍ക്ക് സര്‍വകലാശാലയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിക്കുന്നത്. 2016 ഓഗസ്റ്റ് 18 നു മുമ്പ് ധാബയുടെ അവകാശം സര്‍വകലാശലയ്ക്ക് കൈമാറണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ക്യാമ്പസില്‍ എത്രയോ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ് ഭരത് തോമര്‍. ഇന്നേവരെ ഒരു പരാതിപോലും; ഭക്ഷണത്തിന്റെ കാര്യത്തിലായാലും ഇടപെടലിന്റെ കാര്യത്തിലായാലും, ധാബയ്‌ക്കെതിരെയോ തോമറിനെതിരെയോ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എന്തുകാര്യത്തിനാണ് ഭരത് തോമറിനോട് ഒഴിഞ്ഞുപോകാന്‍ പറയുന്നത്? ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമ നാഗ ചോദിക്കുന്നു.

തോമര്‍ മൂന്നുവര്‍ഷമായി വാടകയിനത്തില്‍ പണമൊന്നും നല്‍കിയിട്ടില്ല. അവര്‍ത്തിച്ച് ഓര്‍മിപ്പിക്കുമ്പോഴും അദ്ദേഹമത് അവഗണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനാണ് ആദ്യം നടത്തിയിരുന്നത്. അച്ഛന്റെ മരണശേഷം അമ്മയായി നടത്തിപ്പ്. ഇപ്പോള്‍ ഭരതും. കൈമാറി കൊടുക്കാന്‍ ഇതവരുടെ സ്വകാര്യവക അല്ലെന്നോര്‍ക്കണം; രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വകലാശാല പുതിയ ടെന്‍ഡര്‍ വിളിക്കും. പുതിയ കോണ്‍ട്രാക്റ്റ് കിട്ടാന്‍ തോമറിനും അപേക്ഷിക്കാം. അദ്ദേഹത്തിനോട് ഓഗസ്റ്റ് 19 ന് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ സമയം ചോദിച്ചാല്‍ അതു പരിഗണിക്കാം; സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് പറയുന്നു.

ധാബ ജെഎന്‍യുവിനെ സംബന്ധിച്ച് അതിന്റെ പൈതൃകമായി തന്നെ കണക്കാക്കുന്നു. എന്നാല്‍ ഇപ്പോഴത് നടത്തുന്നയാള്‍ നിയമവിരുദ്ധമായിട്ടാണ് മുന്നോട്ടു പോകുന്നത്. ക്യാമ്പസ് പ്രദേശം അദ്ദേഹം അനധികൃതമായി കൈയേറിയിരിക്കുന്നു. ധാബയുടെ നടത്തിപ്പിനു പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നിലവിലെ നടത്തിപ്പുകാരന് നോട്ടീസ് നല്‍കിയതുമാണെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറയുന്നു.

ഇതൊന്നും തന്നെ അംഗീകരിച്ചുകൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല. ഇതിനു മുമ്പ് ഇതേ ന്യായങ്ങള്‍ പറഞ്ഞാണ് ഫോട്ടോകോപ്പി ഷോപ്പ് അടപ്പിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അത് അടഞ്ഞു തന്നെ കിടക്കുകയാണ്. പുതിയതൊന്നു വന്നിട്ടില്ല. അതു തന്നെയാകും ഗംഗ ധാബയുടെ കാര്യത്തിലും അവര്‍ നടത്താന്‍ പോകുന്നത്. ധാബ സംസ്‌കാരം ക്യാമ്പസില്‍ നിന്നും ഇല്ലാതാക്കാനാണ് അധികാരികളുടെ ശ്രമം; രാമ നാഗ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍