UPDATES

വിജിലന്‍സില്‍ സമ്പൂര്‍ണ്ണ പരിഷ്ക്കരണം ലക്ഷ്യം; ഭരണപരിഷ്‌കാര കമ്മീഷന്‍

വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ നാലാം ഭരണപരിഷ്കാര കമ്മീഷന്റെ ആദ്യ യോഗം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ചേർന്നു. മുന്‍ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളെ വിശദമായി വിലയിരുത്തി വീഴ്ചകള്‍ കണ്ടെത്തി മുന്നോട്ട് പോകാന്‍ ഭരണപരിഷ്ക്കരണ കമ്മീഷന്‍ തീരുമാനിച്ചു. അഴിമതിയെ ഇല്ലായ്മ ചെയ്യുന്നതിന് വിജിലന്‍സില്‍ സമൂല പരിഷ്ക്കരണമാണ് ലക്ഷ്യമിടുന്നത്. യോഗ തീരുമാനങ്ങള്‍ ചുവടെ കൊടുക്കുന്നു;

നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ യോഗമാണ് ഇന്ന് നടന്നത്.  ഇതിനു മുമ്പുണ്ടായ മൂന്ന് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ള കാതലായ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും ആ നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ഏത് രീതിയിലാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കപ്പെട്ടത് എന്ന് പരിശോധിക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഞങ്ങള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങാനാവൂ.  ഈ കമ്മീഷന്‍ മുന്‍കാല കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ വിശദമായി വിലയിരുത്തുകയും, അവയുടെ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വന്ന വീഴ്ച്ചകളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുകയും ചെയ്യും.  അത്തരം വീഴ്ച്ചകള്‍ക്ക് കാരണമാവുന്ന ഘടകങ്ങളെ കൃത്യമായും വ്യക്തമായും അഭിസംബോധന ചെയ്തുകൊണ്ടല്ലാതെ, ഇനിയുമൊരു ഭരണപരിഷ്‌കാര ശുപാര്‍ശകള്‍ക്ക് പ്രസക്തിയില്ല.

ജനാധിപത്യപരമായ അധികാരവികേന്ദ്രീകരണം, വകുപ്പുകളുടേയും ജീവനക്കാരുടേയും ഘടന, അച്ചടക്കം, പ്രമോഷന്‍, സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനമണ്ഡലം, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണം, തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മുന്‍കാല കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പലതും ഭാഗികമായോ, നാമമാത്രമായോ മാത്രമാണ് നടപ്പാക്കപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.  മുന്‍കാല റിപ്പോര്‍ട്ടുകള്‍ വിഭാവനം ചെയ്ത സുതാര്യതയും പൗരകേന്ദ്രീകൃത ഭരണസംവിധാനവും പൂര്‍ണമായ തോതില്‍ പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല.  ഈ അവസ്ഥ അഴിമതിക്കും പക്ഷപാതത്തിനും കളമൊരുക്കുമെന്ന് പറയേണ്ടതില്ലല്ലോ. 

ആദ്യത്തെ രണ്ട് കമ്മീഷനുകളും അന്തിമ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത് എന്നതിനാല്‍, ശുപാര്‍ശകളുടെ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായം രൂപീകരിക്കാനോ, ഇടപെട്ട് റിപ്പോര്‍ട്ട് മെച്ചപ്പെടുത്താനോ കഴിഞ്ഞിരുന്നില്ല.  എന്നാല്‍, മൂന്നാമത്തെ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് പല ഘട്ടങ്ങളായാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.  കമ്മീഷന്റെ ശുപാര്‍ശകള്‍ അതത് ഘട്ടത്തില്‍ വിലയിരുത്തുവാനും പ്രയോഗവല്‍ക്കരിക്കാനും ഈ രീതി കൂടുതല്‍ സൗകര്യപ്രദമായിരുന്നു.  പ്രയോഗവല്‍ക്കരണ ഘട്ടത്തില്‍ കമ്മീഷന് ഫീഡ് ബാക്കുകള്‍ ലഭിക്കുന്നു എന്ന സൗകര്യം കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ പ്രായോഗികത നല്‍കി.  ഈ കമ്മീഷനും ആ രീതിയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.  

സാമാന്യം വിപുലമായ ടേംസ് ഓഫ് റഫറന്‍സാണ് നാലാം ഭരണപരിഷ്‌കാര കമ്മീഷന് നല്‍കിയിട്ടുള്ളത്.  എന്നാല്‍ ടേംസ് ഓഫ് റഫറന്‍സിനിടയില്‍ വിട്ടുപോയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.  അത് തന്നിട്ടുള്ള ടേംസ് ഓഫ് റഫറന്‍സിന് അനുപൂരകമായിരിക്കുകയും വേണം.  ഇത്തരമൊരു പരിശോധനയും അതിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേര്‍ക്കലും ഈ കമ്മീഷന്‍ നടത്തും.  കമ്മീഷന്റെ ശ്രദ്ധ പതിയേണ്ട വിവിധ മേഖലകളെക്കുറിച്ച് ഇന്നത്തെ യോഗം പ്രാഥമികമായി ചര്‍ച്ച ചെയ്തു. 

അഴിമതി എന്ന ദുര്‍ഭൂതത്തെ ഭരണനിര്‍വ്വഹണത്തിന്റെ പരിസരത്തുനിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ നിലവിലുള്ള വിജിലന്‍സ് സംവിധാനത്തെ എങ്ങനെ പുനഃസംഘടിപ്പിക്കണം എന്ന ചര്‍ച്ച ഇതിനകം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടല്ലോ.  ടേംസ് ഓഫ് റഫറന്‍സില്‍ നാലാമത്തെ ഇനമായി ഇക്കാര്യം പറയുന്നുമുണ്ട്.  ശക്തവും കാര്യക്ഷമവുമായ ഒരു വിജിലന്‍സ് നിയമത്തിന്റെ അനിവാര്യത ഇക്കാലത്ത് ബോദ്ധ്യപ്പെടുന്നുണ്ട്.  അത്തരമൊരു വിജിലന്‍സ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊടുക്കേണ്ട ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.  

അതുപോലെ, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ ഒരു സംസ്ഥാന വിജിലന്‍സ് കമ്മീഷനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.  പൊതു പണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം, വിജിലന്‍സിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി നിയമപരമായ ഒരു സ്‌ക്രീനിങ്ങ് കമ്മിറ്റി, പരിശീലനവും ബോധവല്‍ക്കരണവും നടത്താവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഒരു വിജിലന്‍സ് അക്കാദമി എന്നിങ്ങനെ, വിജിലന്‍സിനെ കാര്യക്ഷമമാക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിച്ചെടുക്കാന്‍ ഈ കമ്മീഷന്‍ മുന്‍കയ്യെടുക്കും.  അഴിമതി നടത്തിയാലും അവരുടെ അവിഹിത സ്വത്തിന് സുരക്ഷിതത്വമുണ്ട് എന്ന അവസ്ഥ മാറണം.  അഴിമതിക്കാരുടെ അവിഹിത സ്വത്ത് കണ്ടുകെട്ടുന്നതിന് ഇന്ന് ഫലപ്രദമായ നിയമമില്ലാത്തതും പ്രശ്‌നമാണ്.  ബിനാമികളില്‍ നിക്ഷേപിക്കപ്പെടുന്ന അവിഹിത സമ്പാദ്യമടക്കം കണ്ടുകെട്ടാന്‍ നിയമനിര്‍മ്മാണമടക്കമുള്ള സാദ്ധ്യതകള്‍ പരിശോധിക്കും.

ഒപ്പംതന്നെ, നിലവിലുള്ള കേരളാ ലോകായുക്ത നിയമവും ലോകായുക്ത സംവിധാനവും കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.  അതുപോലെ റവ്യൂ ചെയ്യപ്പെടേണ്ട മറ്റൊരു സംവിധാനമാണ് ഓംബുഡ്‌സ്മാന്‍.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു റവ്യൂ നടത്തുകയും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യണം. 

ഭരണരംഗത്തെ നടപടികള്‍ എത്രത്തോളം സുതാര്യമാക്കാനാവും എന്നത് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നില്ല.  ഏതെല്ലാം വിവരങ്ങളാണ് ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനാവുക എന്ന അന്വേഷണമാണ് ഭരണനിര്‍വ്വഹണത്തിന്റെ വിവിധ തലങ്ങളില്‍ നടക്കുന്നത് എന്ന അവസ്ഥ നല്ലതല്ല.  അതിനാല്‍, നിലവിലുള്ള വിവരാവകാശ നിയമത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് കമ്മീഷന്‍ പരിശോധിക്കും. 

ഭരണഭാഷ മലയാളമാക്കുന്നതിന് തീരുമാനമെടുത്ത സംസ്ഥാനമാണ് കേരളം.  എങ്കിലും ഇപ്പോഴും അത് പൂര്‍ണമായി നടപ്പാക്കപ്പെടുന്നില്ല.  മലയാളത്തിലുള്ള രേഖകള്‍ തയ്യാറാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സംവിധാനങ്ങളില്‍ ഏകീകരണം വരണം.  മലയാളത്തിലുള്ള രേഖകളുടെ യൂണികോഡ് പതിപ്പുകള്‍ ലഭ്യമാക്കാനാവുമോ എന്നതും കമ്മീഷന്‍ പരിശോധിക്കും. 

പരിസ്ഥിതി സൗഹൃദപരമായ ഓഫീസുകള്‍ എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ ഭരണപരമായ നടപടികളുണ്ടാവേണ്ടിയിരിക്കുന്നു എന്ന് കമ്മീഷന് അഭിപ്രായമുണ്ട്.

ചുവപ്പ്‌നാടയുടെ കെട്ടുകളഴിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും മിക്കതും ഫലപ്രാപ്തിയിലെത്തിയില്ല എന്നതാണ് നമ്മുടെ അനുഭവം. ഗൗരവമായ പഠനം നടത്തേണ്ട ഒരു മേഖലയാണിത്.  നടപടിക്രമങ്ങളുടെ സങ്കീര്‍ണത മുതല്‍ ഉദ്യോഗസ്ഥരുടെ മനോഭാവംവരെ എവിടെയെല്ലാമാണ് ഭരണനടപടികളുടെ വേഗം കുറയ്ക്കുന്ന ഘടകങ്ങളുള്ളത് എന്ന് കണ്ടെത്തണം.  ഈ വിഷയത്തില്‍ മുന്‍ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ എത്രമാത്രം നടപ്പാക്കപ്പെട്ടു എന്ന പരിശോധനയും ആവശ്യമാണ്. 

സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ കാലതാമസം വരുന്നത് ജീവനക്കാരെ സംബന്ധിച്ച് വലിയ പ്രയാസങ്ങള്‍ക്ക് കാരണമാവുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  നിയമനങ്ങളെ സംബന്ധിച്ച് വ്യക്തവും ശക്തവുമായ കാഴ്ച്ചപ്പാടുണ്ടാവണം.  അനധികൃത നിയമനങ്ങള്‍ക്ക് തടയിടാനാവണം.  ഇത്തരം കാര്യങ്ങളില്‍ പഴുതടച്ച ശുപാര്‍ശകള്‍ നല്‍കാന്‍ കമ്മീഷന്‍ ശ്രമിക്കും.

മുന്‍ കമ്മീഷനുകളുടെ പ്രവര്‍ത്തന കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി, വിദ്യാഭ്യാസ രംഗത്ത് മൗലികമായ കുറെയേറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്.  ഭരണപരിഷ്‌കരണ കമ്മീഷന്‍ ശ്രദ്ധ പതിപ്പിക്കേണ്ട പ്രധാനപ്പെട്ട ഒരു മേഖലയായി വിദ്യാഭ്യാസം മാറിയിരിക്കുന്നു.  പാഠ്യപദ്ധതി, പാഠപുസ്തകം, അദ്ധ്യാപക നിയമനം, വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ഉള്ളടക്കം, ഉന്നതവിദ്യാഭ്യാസരംഗം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ട്. 

ആദ്യം വേണ്ടത് കമ്മീഷന്റെ പരിഗണനയിലുള്ള വിവിധ വിഷയമേഖലയ്ക്കും ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍, ആശയവിനിമയ തന്ത്രങ്ങള്‍, വിശകലന തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കേണ്ടതുണ്ട്.  ഏകദേശം എത്ര റിപ്പോര്‍ട്ടുകള്‍ വേണ്ടിവരുമെന്നും, അത് ഏത് ക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായി.  മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഇന്റര്‍നെറ്റിന്റെയും നവ മാധ്യമങ്ങളുടെയും സാദ്ധ്യതകള്‍ ആശയവിനിമയത്തിന് പ്രയോജന പ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 

ഇത് കമ്മീഷന്റെ പ്രാഥമിക യോഗം മാത്രമാണ്.  കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നാം ഔപചാരികമായി തുടങ്ങുകയാണ് എന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചു എന്നു മാത്രമേയുള്ളു.  ജനാധിപത്യത്തിന്റെ നാലാം തൂണായ നിങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കും ചുമതലകളുണ്ട്.  കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണാത്മകമാക്കാന്‍ നിങ്ങളുടെ സഹായവും ഞങ്ങള്‍ക്കുണ്ടാവണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍