UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതല്ല എന്‍റെ ഹിന്ദുയിസം; സംഘപരിവാറിനോട് മുന്‍ നാവിക സേന മേധാവിക്ക് പറയാനുള്ളത്

Avatar

രാജ്യത്ത് നടക്കുന്ന ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ട് ഇന്ത്യന്‍ നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി  എന്നിവര്‍ക്ക് എഴുതിയ തുറന്ന കത്തിന്റെ പരിഭാഷ.

ആദരണീയരായ പ്രസിഡന്റ്, പ്രധാനമന്ത്രി,

നമ്മുടെ പ്രിയപ്പെട്ട രാജ്യവും ജനങ്ങളും ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും നമ്മുടെ പൈതൃകം ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആധിയോടെ ഞാനീ തുറന്ന കത്തെഴുതുന്നത്.

ഇന്ത്യന്‍ സായുധ സേനയില്‍ സേവനമനുഷ്ഠിച്ചയാളാണ് ഞാന്‍. സ്വാതന്ത്ര്യാനന്തരം 14-ാം വയസ്സില്‍ സേനയില്‍ ചേര്‍ന്ന് 45 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ നാവിക സേന മേധാവിയായി (1990-1993) വിരമിക്കുന്നതു വരെയുള്ള കാലയളവില്‍ വിഭജനത്തിന്റെ ദുരിതങ്ങള്‍ തൊട്ട് നാം ഇന്നു കണ്ടു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കണക്ടിവിറ്റി വരെയുള്ള ഇന്ത്യയിലെ പല മാറ്റങ്ങള്‍ക്കും ഞാന്‍ സാക്ഷിയായിട്ടുണ്ട്.

ഹിന്ദു വിശ്വാസിയായി വളര്‍ന്ന ഒരാളെന്ന നിലയില്‍ കൂടിയാണ് ഞാനിതെഴുതുന്നത്. എന്നിരുന്നാലും ഞാന്‍ പഠിക്കുകയും അനുഭവിക്കുകയും ചെയ്ത ഹിന്ദുയിസം സൗമ്യവും അസാധാരണ വൈവിധ്യങ്ങള്‍ നിറഞ്ഞതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായിരുന്നു. എല്ലാ ജീവജാലങ്ങളോടും പുലര്‍ത്തേണ്ട സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും മൂല്യങ്ങളാണ് എന്റെ മതം എന്നെ പഠിപ്പിച്ചത്. രാജ്യത്തുടനീളം ഭയത്തിന്റേയും ഭിന്നതയുടേയും തീജ്വാല പടര്‍ത്തുന്ന ഇന്നത്തെ ‘ഹിന്ദുത്വ’യെ പോലെ അതിക്രമങ്ങളും അസഹിഷ്ണുതയും നിറഞ്ഞതല്ല എന്റെ ഹിന്ദുയിസം.

പ്രായം എണ്‍പതുകളിലെത്തിയ ഒരു മുതിര്‍ന്ന പൗരന്‍ എന്ന നിലയില്‍ നമ്മുടെ സഹപൗരന്മാര്‍ക്കു നേരെ നടക്കുന്ന, പ്രത്യേകിച്ചു ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ അരങ്ങേറുന്ന ആക്രമപരമ്പരകള്‍ കാണുമ്പോള്‍ ലജ്ജ മൂലം എന്റെ തല കുനിഞ്ഞ് പോകുകയാണ്. 45 വര്‍ഷം ഞാന്‍ സേവമനുഷ്ഠിച്ചതില്‍ അഭിമാനിക്കുന്ന നമ്മുടെ സായുധ സേന ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെ ഒരു മാതൃകയാണ്. യുദ്ധകപ്പലുകളിലായാലും മുങ്ങിക്കപ്പലുകളിലായാലും അല്ലെങ്കില്‍ യുദ്ധവിമാനങ്ങളില്‍ ആയാലും യുദ്ധ മുന്നണിയിലായാലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഞങ്ങള്‍ക്കിടയില്‍ വിവേചനങ്ങളില്ല. ഞങ്ങള്‍ പരിശീലനം നടത്തുന്നതും പോരാടുന്നതും ജീവിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മരിക്കുന്നതുമെല്ലാം ഒന്നിച്ചാണ്.

ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ 2014 മേയില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിന് നാം സാക്ഷികളാകുന്നത് എന്തു കൊണ്ടാണ്? മുസ്ലീങ്ങളെ പോലെ ചില സമുദായങ്ങളെ ഒറ്റപ്പെടുത്തി പ്രത്യേക ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഇന്ന് ഒരു മുസ്ലിമിന് അവന്റെ/ അവളുടെ രാജ്യക്കൂറ് തെളിയിക്കേണ്ടി വരുന്നു. അവരുടെ ആരാധനാലയങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. തീര്‍ച്ചയായും അവരുടെ ഭക്ഷണ രീതിയും മറ്റു അടിസ്ഥാന സ്വാതന്ത്ര്യങ്ങളും അതിക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും അസ്വീകാര്യവും ഏകപക്ഷീയവുമായ ജനക്കൂട്ടങ്ങളുടെ പെരുമാറ്റം പല മരണങ്ങള്‍ക്കും കാരണമാകുന്നു. മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള പ്രത്യക്ഷ പ്രകോപനങ്ങളും എണ്ണമറ്റതും ആവര്‍ത്തിക്കപ്പെടുന്നതുമാണ്. ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തില്‍ ദളിതര്‍ക്കെതിരേയുള്ള അതിക്രമങ്ങളും തുടരുന്നു.

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും അവരുടെ കീഴിലുള്ള സംഘടനകളുടെ ശൃംഖലയുടേയും നേതൃത്വത്തില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ഭൂരിപക്ഷാധിപത്യ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ സംഘടിതവും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതുമായ ശ്രമങ്ങള്‍ നടന്നു വരുന്നതായാണ് മനസ്സിലാകുന്നത്. ഇത് അലോസരപ്പെടുത്തുന്നതാണ്. ഇതിന്റെ ഫലമായാണ് വെറും കിംവദന്തികളുടെ മാത്രം പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും അടിച്ചു കൊല്ലുകയും ചെയ്യുന്ന തരത്തിലുള്ള തീര്‍ത്തും നിയമവാഴ്ചയെ മാനിക്കാത്ത അപകടകരമായ ജനക്കൂട്ട പെരുമാറ്റം രൂപപ്പെട്ടിരിക്കുന്നത്. പല സംഭവങ്ങളിലും നിയമപാലന ഉത്തരവാദിത്തമുള്ളവര്‍ തന്നെ പ്രകടമായി പക്ഷം ചേരുന്ന പ്രവണതയും പെരുമാറ്റവും ഉണ്ടായിട്ടുണ്ട്.

രാജ്യ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ ഇത്തരം അതിക്രമങ്ങളേയും പെരുമാറ്റങ്ങളേയും സ്പഷ്ടമായി അപലപിച്ചിട്ടു പോലുമില്ല എന്നതാണ് ഏറ്റവുമധികം ഞെട്ടിപ്പിക്കുന്ന വസ്തുത. പലപ്പോഴും സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന തീര്‍ച്ചയായും അനുകമ്പയില്ലാത്ത നിശ്ചയിച്ചുറപ്പിച്ചതു പോലുള്ള നിസ്സംഗതയാണ്. ഈ സമൂഹം ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രകടമായ നിശ്ചയദാര്‍ഢ്യവും ശക്തമായ നടപടികളും ഉണ്ടാകേണ്ടിടത്ത്, സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവരുടെ ഭാഗത്തു നിന്നുള്ള ‘ദുഃഖകരം’, ‘ദൗര്‍ഭാഗ്യകരം’ എന്നതു പോലുള്ള ഏകോപിത പ്രതികരണങ്ങള്‍ ഇത്തരം ആരോപണങ്ങളുടേയും അക്രമങ്ങളുടേയും ക്രൂര, ഗൗരവ സ്വഭാവങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. എംപിമാരും ക്യാബിനറ്റ് മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുമാണ് ഇത്തരം നടപടികള്‍ക്കും പ്രസ്താവനകളിറക്കുന്നതിലും മുന്നിലുള്ളത് എന്നു വരുമ്പോള്‍ ഭരണ കക്ഷിയും അതിന്റെ ഉപഗ്രഹ സംഘടനകളും ഒരു പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കേണ്ടി വരും.

ന്യൂനപക്ഷങ്ങള്‍-പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രൈസ്തവരും-ദളിതരും ആദിവാസികളും വിവേചനം അനുഭവിക്കുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകും ചെയ്ത ഒരു രാജ്യത്ത് ഇത് ഒരു തീക്കളിയാണെന്ന് ഉന്നത നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല. വിസ്മയകരമായ ഈ വൈവിധ്യത്തെ നമ്മുടെ കരുത്തായി കാണേണ്ടതിനു പകരം അന്താരാഷ്ട്ര സമൂഹം ഇന്ന് നമ്മെ നോക്കിക്കാണുന്നത് ഇടുങ്ങിയതും സങ്കുചിതവുമായ ചിന്താഗതിക്കാരും അസഹിഷ്ണുക്കളും വര്‍ഗീയവാദികളും ഫാഷിസ്റ്റുകളുമായി പോലുമായാണ്. എല്ലാ തരത്തിലുമുള്ള എതിര്‍ ശബ്ദങ്ങളേയും നിരുത്സാഹപ്പെടുത്തുകയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ നമ്മുടെ ജനാധിപത്യം അപൂര്‍ണമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ്.

ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സ്ഥാനമേറ്റവരാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുമെന്നും ഇവര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞ സംഭവങ്ങളില്‍ തെളിഞ്ഞ ഇവരുടെ സത്യപ്രതിജ്ഞാ ലംഘനം ഒരു ഗൗരവമേറിയ വിഷയമാണ്. അത് ദേശീയ സുരക്ഷയ്ക്കും ദേശീയ ഐക്യത്തിനും അനുഗുണമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളേയും അസന്ദിഗ്ദ്ധമായി അപലപിക്കണം. നീതി നടപ്പിലാക്കിയെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടുവെന്നും ഉറപ്പു വരുത്തേണ്ടതുമുണ്ട്. ഇത്തരമൊരു നടപടിക്കു മാത്രമെ, നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിനും പരമ്പരാഗത മൂല്യങ്ങള്‍ക്കുമെതിരേ പല ശബ്ദങ്ങളില്‍ സംസാരിക്കുന്ന കടലാസ്, മുഖ്യധാരാ സംഘങ്ങള്‍ക്കുമേല്‍ ഒരു പ്രതിരോധ ഫലം ഉണ്ടാക്കാന്‍ കഴിയൂ.

അയ്യായിരത്തിലേറെ വര്‍ഷങ്ങളായി നിരന്തരം മാറ്റങ്ങളിലൂടെയും ചലനാത്മക പ്രക്രിയയിലൂടെയും വികസിച്ച സംസ്‌കാരങ്ങളുടേയും ജനങ്ങളുടേയും സമാനതകളില്ലാത്ത ഒരു മിശ്രണമാണ് ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ഈ സാമൂഹിക വൈവിധ്യവും സവിശേഷ സ്വഭാവവും ഒരു പക്ഷേ ഭൂമിയില്‍ മറ്റൊരിടത്തും പകര്‍ത്തപ്പെടാനാവില്ല. ഈ ഒരു കാരണം കൊണ്ടു തന്നെ ഏക മത സ്വത്വം അല്ലെങ്കില്‍ ഏകീകൃത സംസ്‌കാരം എന്നത് ഈ പുരാതന നാഗരിക പൈതൃകത്തിന് അപമാനമാണ്.

ആദരണീയരായ മിസ്റ്റര്‍ പ്രസിഡന്റ്, മിസ്റ്റര്‍ പ്രധാനമന്ത്രി… ഇന്ത്യയുടെ ഭരണഘടനയില്‍ സമര്‍ത്ഥമായി വ്യക്തമാക്കിയ ഓരോ പൗരന്റേയും അഭിപ്രായ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും മാനിക്കുമെന്ന് നിങ്ങള്‍ രണ്ടു പേരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഒരു മുന്‍ സൈനികനും നിങ്ങളെ പോലെ ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയിലും ഇതേ ഭരണഘടന അനുസരിക്കുമെന്ന് ഞാനും പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുകയും മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ വിശദമാക്കുകയും ചെയ്ത ഒരോ പൗരന്റേയും അവകാശങ്ങളെ ഈ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിര്‍ബന്ധമായും മാനിച്ചിരിക്കണം എന്നത് നമ്മുടെ ബാധ്യതയാണ്. പരമോന്നത സേനാ നായകന്‍, ഭരണ മേധാവി എന്നീ നിലകളില്‍ ഇതാണ് ഇന്ത്യന്‍ ജനത നിങ്ങള്‍ക്ക് നല്‍കിയ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്.

ഈ അഴുക്ക് ഇപ്പോള്‍ എടുത്തു മാറ്റിയിട്ടില്ലെങ്കില്‍ പിന്നീട് വൈകിയേക്കാം. നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസവും പൗരന്മാര്‍ക്കിടയില്‍ അന്തസും സാഹോദര്യവും സമത്വവും കൊണ്ടുവരുമെന്ന വാഗ്ദാനത്തിലുള്ള വിശ്വാസവും വീണ്ടെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും നിങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്ത്യക്കാരായ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അഡ്മിറല്‍ എല്‍ രാംദാസ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍