UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

നാരീസൗഖ്യം

ഡോ. റീന എന്‍ ആര്‍

ഹെല്‍ത്ത് / വെല്‍നെസ്സ്

കൗമാരം: നമ്മുടെ പെണ്‍മക്കള്‍ എങ്ങനെ നേരിടണം?

കൌമാര കാലത്തെ ശാരീരികവും മാനസികവും വൈകാരികവുമായ പരിവര്‍ത്തനങ്ങള്‍

കൗമാരം ത്വരിത ഗതിയിലുള്ള വളർച്ചയുടെ സമയമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ തലങ്ങളിലെല്ലാം ഈ വളർച്ച അനുഭവപ്പെടുന്നു. ധ്രുതഗതിയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കുട്ടികൾക്ക് പലപ്പോഴും കഴിയാറില്ല. അവർക്ക് ധാരാളം സംശയങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുന്നു. ഒന്നിച്ച് ഒട്ടേറെ കഴിവുകൾ വന്നു ചേരുന്നതു പോലെ കുട്ടികൾക്ക് തോന്നുന്നു. എന്നാൽ അതെല്ലാം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുമില്ല. നിഷേധമോ പരിഹാസമോ ക്ഷോഭമോ ഒക്കെയായി പ്രകടമാകുന്നത് ഈ അസന്തുലിതാവസ്ഥയാണ്.

പണ്ട് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കുട്ടികൾക്ക് കഥകളിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ മുത്തച്ഛൻമാരും മുത്തശ്ശിമാരുമുണ്ടായിരുന്നു. ഇന്ന് അച്ഛനും അമ്മയും ജോലിക്കു പോകുന്ന അണു കുടുംബങ്ങളിൽ കുട്ടികൾ പലപ്പോഴും ഒറ്റപ്പെടുന്നു. സംശയ നിവാരണത്തിനായി അവർ സഹപാഠികളെയോ മുതിർന്ന ക്ലാസ്സിലെ കുട്ടികളെയോ ആണ് ആശ്രയിക്കേണ്ടി വരിക. ഇവർ പകർന്നു നൽകുന്ന വിവരങ്ങളാകട്ടെ മിക്കപ്പോഴും അശാസ്ത്രീയവും അതിശയോക്തി കലർന്നതുമായിരിക്കും. പൊരുത്തക്കേടുകളും സംശയങ്ങളും കൊണ്ട് സംഘർഷഭരിതമായ കൗമാരക്കാരുടെ സംതുലിതാവസ്ഥ തെറ്റിക്കാനും ദുശ്ശീലങ്ങളിലേക്ക് നയിക്കാനും ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നു.

എന്താണ് കൗമാരം?
കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കുള്ള അവസ്ഥാന്തരം സംഭവിക്കുന്ന സമയമാണ് കൗമാരം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ പ്രത്യുൽപാദനശേഷി ആർജ്ജിക്കുന്ന സമയം. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം 11 വയസ്സു മുതൽ 19 വയസ്സു വരെ ഉള്ളവരാണ് കൗമാരപ്രായക്കാർ.

നമ്മുടെ ശരീരത്തിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി തുടങ്ങിയ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ചില ഹോർമോണുകളുടെ പ്രവർത്തന ഫലമായി കൗമാരാരംഭത്തിൽ ആൺകുട്ടികളിൽ വൃഷ്ണങ്ങളും (testis) പെൺകുട്ടികളിൽ അണ്ഡാശയങ്ങളും (ovary) പ്രവർത്തനക്ഷമമാകുന്നു. അണ്ഡാശയങ്ങളിൽ നിന്ന് സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രൊജൻ, പ്രൊജസ്റ്ററോൺ എന്നിവയും വൃഷ്ണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണും സ്രവിക്കപ്പെടുന്നു.

ഈസ്ട്രൊജൻറെ പ്രവർത്തനഫലമായി പെൺകുട്ടികളിൽ മാറിടം വികസിക്കുന്നു. കക്ഷത്തും ഗുഹ്യ ഭാഗങ്ങളിലും രോമവളർച്ച ആരംഭിക്കുന്നു. ഇടുപ്പ് (waist) ഒതുങ്ങി നിതംബം (hip) വികസിക്കുന്നു. ഇതോടൊപ്പം ആന്തരികമായ മാറ്റങ്ങളും ഉണ്ടാകുന്നു. അണ്ഡാശയങ്ങൾ പൂർണ്ണ വളർച്ച എത്തുകയും ഓരോ മാസവും ഓരോ വശത്തെ അണ്ഡാശയത്തിൽ നിന്നും ഓരോ അണ്ഡം വീതം വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം ഭ്രൂണത്തെ സ്വീകരിക്കുന്നതിനായി ഗർഭപാത്രത്തിൽ ചില മുന്നൊരുക്കങ്ങളൊക്കെ നടക്കുന്നു. ഗർഭപാത്രത്തിൻറെ ഉൾപ്പാട (endometrium) തടിച്ച് രക്ത നിബിഡമാകുന്നു. എന്നാൽ പുരുഷബീജം സ്ത്രീ ശരീരത്തിൽ കടന്ന് അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടന്നാൽ മാത്രമേ ഭ്രൂണം രൂപപ്പെടുകയുള്ളൂ. ഭ്രൂണം രൂപപ്പെടാത്ത മാസങ്ങളിൽ ഗർഭപാത്രത്തിനുള്ളിലെ മുന്നൊരുക്കങ്ങളെല്ലാം വ്യർത്ഥമാവുകയും രക്ത നിബിഡമായ ഉൾപ്പാടയും രക്തവും ചേർന്ന് പുറത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്യുന്നു. ഇതാണ് ആർത്തവം അഥവാ മാസമുറ.

ആർത്തവ സമയത്ത് ചെറിയ വയറുവേദനയും അല്പം ക്ഷീണവുമൊക്കെ തികച്ചും സ്വാഭാവികം തന്നെയാണ്. അമിതമായ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ സുരക്ഷിതമായ ചികിൽസാരീതികളും മരുന്നുകളും ഇന്ന് ലഭ്യമാണ്. ഇത്തരം ഘട്ടങ്ങളിൽ ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിൽസ തേടേണ്ടതാണ്. ആർത്തവത്തെ ഒരു ശല്യമായോ ശാപമായോ ഒന്നും കരുതേണ്ടതില്ല. അത് സ്ത്രീ ശരീരം പ്രത്യുൽപാദന ശേഷി ആർജ്ജിച്ചതിൻറെ ലക്ഷണം മാത്രമാണ്. ആർത്തവ സമയത്തിനോ ആർത്തവ രക്തത്തിനോ പ്രത്യേകിച്ച് ഒരു അശുദ്ധിയുമില്ല.

ശാരീരികമായ മറ്റു ചില മാറ്റങ്ങൾ
കൗമാര കാലഘട്ടം എന്നാൽ പതിനൊന്ന് വയസ്സു മുതൽ പത്തൊൻപതു വയസ്സുവരെയുള്ള കാലഘട്ടമാണ്. ഒരു മനുഷ്യ ജന്മത്തിലെ ഏറ്റവും ഭംഗിയുള്ള സമയം എന്നു നമുക്കതിനെ പറയാം. ആലങ്കാരികമായി പറഞ്ഞാൽ വിടരാൻ തുടങ്ങുന്ന പൂമൊട്ടിൻറ അവസ്ഥയാണ് കൗമാരം. ഏറ്റവും സൗന്ദര്യവും സൗരഭ്യവും ഉള്ള സമയം. ചർമ്മവും മുടിയുമൊക്കെ ഭംഗിയുള്ളതാക്കി തീർക്കാനായി സീബ ഗ്രന്ഥികൾ (sebaceous glands) കൂടുതൽ പ്രവർത്തന നിരതമാകുന്നു. സീബ ഗ്രന്ഥിയിൽ നിന്നു വരുന്ന സീബം എന്ന എണ്ണ മയമുള്ള വസ്തു ചർമ്മത്തിൻറെ ഉപരിതലത്തിലേക്ക് ചെറിയ നാളികൾ വഴിയെത്തി ചർമ്മത്തിനു മുകളിലാകെ വ്യാപിക്കുക വഴി ചർമ്മത്തെ അഴകും മൃദുത്വവും ഉള്ളതാക്കി മാറ്റുന്നു. ഈ നാളികൾ അഴുക്കും പൊടിയും കയറി അടഞ്ഞു പോയാൽ സീബ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന സീബം ചർമ്മത്തിനടിയിൽ കെട്ടി നിൽക്കുകയും കുരുക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സാധാരണയായി മുഖത്താണ് ഇത്തരം കുരുക്കൾ (മുഖക്കുരു) ധാരാളമായി കാണുന്നത്. മുഖക്കുരുക്കൾ ഒഴിവാക്കാനായി നാം ചെയ്യേണ്ടത് വെള്ളവും സോപ്പും ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുക എന്നതാണ്.

അതുപോലെ വിയർപ്പ് ഗ്രന്ഥികളും പ്രവർത്തന നിരതമാകുന്നു. വിയർപ്പ് ഗ്രന്ഥികൾ കൂടുതലായി കാണപ്പെടുന്ന കഷത്തും ഗുഹ്യ ഭാഗത്തും വിയർപ്പ് തങ്ങി നിൽക്കാനും വ്യക്തി ശുചിത്വം ശരിയായി പാലിച്ചില്ലെങ്കിൽ ദുർഗന്ധം അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്. അതു കൊണ്ടു തന്നെ രണ്ടു നേരവും കുളിക്കുക എന്നത് ശീലമാക്കുക തന്നെ വേണം. മൂത്രത്തിനുണ്ടാകുന്ന അണുബാധ വളരെ സാധാരണമായി ഈ പ്രായക്കാരിൽ കാണുന്നു. മതിയായ അളവിൽ വെള്ളം കുടിക്കുകയും (കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും പ്രതിദിനം കുടിക്കേണ്ടതാണ്) കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും ചെയ്യുന്നതിലൂടെ മൂത്രത്തിനുണ്ടാകുന്ന അണുബാധ ഒരു പരിധി വരെ ഒഴിവാക്കാനാകും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് പലപ്പോഴും മൂത്രമൊഴിക്കാറേയില്ല. ഉച്ച നേരത്തെ ഇടവേളസമയത്ത് ഒരുവട്ടമെങ്കിലും ശുചിമുറി ഉപയോഗിക്കാൻ ഈ കുട്ടികൾ തയ്യാറാകാത്തത് ശുചി മുറികളിലെ വൃത്തിഹീനമായ അന്തരീക്ഷം കൊണ്ടു തന്നെയാണ്. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ശരിയായ ഇടപെടലിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ ഇത്തരം കാര്യങ്ങൾ. എന്നാൽ ഈ സമിതിയുടെ യോഗങ്ങൾക്ക് എത്തുന്ന രക്ഷാകർത്താക്കൾ കുട്ടിയുടെ പഠന നിലവാരത്തെ വിലയിരുത്തുകയും മാർക്കു കുറഞ്ഞുപോയതിനെ കുറിച്ച് പരിതപിക്കുകയും ചെയ്യുന്നതല്ലാതെ ഇത്തരം കാര്യങ്ങൾ ഈ സമിതിയുടെ പരിധിയിലാണ് വരുന്നതെന്ന് ചിന്തിക്കാറു പോലുമില്ല എന്നതാണ് ഏറെ വേദനാജനകം.

നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ഹയർ സെക്കൻററി സ്കൂളുകളിലും നാപ്കിൻ മാറ്റാനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. ശുചി മുറികൾ തന്നെ പലയിടത്തും പേരിനു മാത്രം. ശുചിമുറികൾക്കുള്ളിൽ വെള്ളമോ ഉപയോഗ ശേഷം നാപ്കിനുകൾ നിഷേപിക്കാനുള്ള സൗകര്യമോ ഇല്ല. പലപ്പോഴും കുട്ടികൾക്ക് ഉപയോഗിച്ച ശേഷം നാപ്കിനുകൾ പൊതിഞ്ഞ് തിരികെ വീട്ടിൽ കൊണ്ടു പോയി നശിപ്പിക്കേണ്ടി വരുന്നു. അതുമല്ലെങ്കിൽ രണ്ടോ അതിലധികമോ നാപ്കിനുകൾ ഒരുമിച്ച് വീട്ടിൽ നിന്നു തന്നെ വച്ചു കൊണ്ട് വരികയും പത്തോ പന്ത്രണ്ടോ മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം മാത്രം നാപ്കിനുകൾ മാറ്റുകയും ചെയ്യേണ്ടി വരുന്നു. അധ്യാപികമാർ തന്നെ പലപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത് ലജ്ജാകരം തന്നെയല്ലേ. തികച്ചും വൃത്തിഹീനവും അനാരോഗ്യകരവും അശാസ്ത്രീയവുമായ ഒരു നിർദ്ദേശമാണ് ഇത്. പ്രത്യുൽപാദന ശേഷി ആർജ്ജിച്ചു പോയി എന്നതു കൊണ്ടു മാത്രം നമ്മുടെ കുട്ടികളെ ഇങ്ങനെ ശിക്ഷിക്കേണ്ടതുണ്ടോ.

ശാരീരികമായ മാറ്റങ്ങളെ കുറിച്ച് മാത്രമാണ് ഇതു വരെ പ്രതിപാദിച്ചത്. മാനസികവും വൈകാരികവുമായ ഒരു പരിവർത്തനം കൂടി ഈ കാലഘട്ടത്തിൽ ഉണ്ടാകുന്നുണ്ട്. ഈ പ്രായത്തിൽ ആൺകുട്ടികൾക്ക് പെൺകുട്ടികളോടും പെൺകുട്ടികൾക്ക് തിരിച്ചും ഒരു ആകർഷണം തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രമാണ് . ഇങ്ങനെ തോന്നുന്നത് ഒരു തെറ്റല്ല. എന്നാൽ തോന്നുന്നത് എന്തും ചെയ്യാൻ പാടില്ലെന്നും സാമൂഹ്യ ജീവിയായ മനുഷ്യൻ ചില നിയമങ്ങൾക്ക് അനുസൃതമായാണ് ജീവിക്കുന്നതെന്നും അല്ലാതെ തോന്നുന്നത് എന്തും ചെയ്യുന്നത് മൃഗങ്ങളെ പോലെ തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണെന്നും അവരെ മനസ്സിലാക്കിക്കണം.

മാതാപിതാക്കളോടോപ്പമോ അതിലേറെയോ വളർന്നു പോയി, ഇനിയും ഇങ്ങനെ നിയന്ത്രിക്കുന്നതെന്തിനാ? പലപ്പോഴും നമ്മുടെ കൗമാരക്കാർ ചോദിക്കാറുണ്ട്. ആളിൻറെ ശാരീരിക വളർച്ച കൊണ്ടല്ല മറിച്ച് അനുഭവജ്ഞാനത്താലാണ് പക്വത കൈവരുന്നത് എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. എടുത്ത് ചാടിയുള്ള തീരുമാനം, വരും വരായ്കകളെ കുറിച്ച് ചിന്തിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവ ഈ പ്രായത്തിൻറെ പ്രത്യേകതകളാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ട കർത്തവ്യം കൂടി മുതിർന്നവർക്കുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍