UPDATES

സിനിമ

വിശ്വവിഖ്യാതനായതുകൊണ്ട് അടൂര്‍ പരാജയപ്പെടില്ല എന്നില്ലല്ലോ

Avatar

വിനോദ് ഇളകൊള്ളൂര്‍

വിശ്വവിഖ്യാതര്‍ എന്ന പ്രയോഗത്തിന് ഒരു അപ്രമാദിത്വ സ്വഭാവമുണ്ട്. നിരന്തരം ബഹുമാനിക്കാനും ആരാധിക്കാനും സമൂഹത്തെ നിര്‍ബന്ധിതമാക്കുന്ന ഒരു അധീശത്വം ആ പ്രയോഗത്തിലൂടെ അറിയാതെ സംഭവിക്കുന്നുണ്ട്. ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന ഒരാള്‍ വിമര്‍ശനാതീതനാണെന്നും അയാള്‍ ചെയ്യുന്നതു മുഴുവനും മഹത്തായ കൃത്യങ്ങള്‍ മാത്രമാണെന്നും നിഷ്‌കളങ്കമായി വിശ്വസിക്കാന്‍ സമൂഹത്തെ ആ പ്രയോഗം പ്രേരിപ്പിക്കുന്നുണ്ട്.

വിശ്വവിഖ്യാതര്‍ക്കെതിരെ വിരല്‍ചൂണ്ടുന്നതോ അവരെ ചോദ്യം ചെയ്യുന്നതോ ഗുരുതരമായ തെറ്റാണെന്ന അലിഖിത നിയമം പോലും സമൂഹത്തിന്റെ നിഷ്‌കളങ്ക മനസിനുണ്ട്. പ്രതിഭയുടെ ഗാംഭീര്യം കൊണ്ട് പ്രശസ്തനാകുന്ന ഒരാള്‍ പിന്നീട് ചെയ്യുന്നതിനെല്ലാം ആ ഗാംഭീര്യമുണ്ടാകുമെന്നും അദ്ദേഹത്തിന് ഒരിക്കലും പാളിച്ച സംഭവിക്കില്ലെന്നും മേല്‍പറഞ്ഞ നിഷ്‌കളങ്കത വിശ്വസിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വവിഖ്യാതരെ വിമര്‍ശിക്കുന്നത് സൂക്ഷിച്ചുവേണം. അടിമത്തത്തോളമെത്തി നില്‍ക്കുന്ന സമൂഹത്തിന്റെ ആരാധന വിമര്‍ശകരെ ഭസ്മീകരിച്ചെന്നിരിക്കും. പക്ഷേ, സമൂഹം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരാള്‍ പ്രതിഭയുടെ ഉറവകള്‍ വറ്റുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍, എന്നിട്ടും വാഴ്ത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് എങ്ങനെയാണ് നിശബ്ദരാകാന്‍ കഴിയുന്നത്.

പുതിയകാലവുമായി സംവദിക്കാനാകാതെ ഒരാളുടെ പ്രതിഭ നിര്‍ജീവമാകുന്നു എന്ന വിലയിരുത്തല്‍ എകപക്ഷീയമായിരിക്കാം. പക്ഷേ അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിശ്വവിഖ്യാതര്‍ അത്തരം സംവാദങ്ങള്‍ക്ക് അതീതരാണെന്ന ധാരണ തിരുത്തപ്പെടാനെങ്കിലും വിമര്‍ശനങ്ങള്‍ ഉയരുന്നത് ഗുണകരമാണ്.

വിശ്വവിഖ്യാത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രമായ ‘പിന്നെയും’ കണ്ടപ്പോഴാണ് പ്രതിഭയുടെ ജീര്‍ണതയെക്കുറിച്ചും ആഘോഷിക്കപ്പെടുന്നവരുടെ പരാജയങ്ങള്‍ക്ക് മാധ്യമങ്ങള്‍ ആരവങ്ങളിലൂടെ മറ തീര്‍ക്കുന്നതിനെക്കുറിച്ചും ചിന്തിച്ചുപോയത്.

മലയാളത്തിന്റെ സിനിമ സംബന്ധമായ കാഴ്ചപ്പാടുകളെ അട്ടിമറിക്കുകയും നൂതനമായ ദൃശ്യബോധം പകര്‍ന്നു നല്‍കുകയും ചെയ്തവരില്‍ മുന്‍നിരക്കാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ കേവലം ദൃശ്യാഖ്യാനമോ കഥപറച്ചിലോ അല്ലെന്നും അതിനപ്പുറം മറ്റുചിലതാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പഠിപ്പിച്ചു. മലയാളത്തിന്റെ വളരെ പരിമിതമായ ആസ്വാദനവൃത്തത്തിനപ്പുറം ലോക സിനിമകള്‍ സൃഷ്ടിക്കുന്ന ആഴമേറിയ അനുഭവങ്ങളിലേക്ക് കടന്നുചെല്ലാന്‍ അടൂര്‍ വലിയ പ്രേരണയാണ് നല്‍കിയത്. കൊടിയേറ്റം, എലിപ്പത്തായം, സ്വയംവരം എന്നിവയിലൂടെ ലോക സിനിമാവേദിയിലേക്ക് സധൈര്യം കടന്നുചെല്ലാന്‍ കേരളം പോലൊരു കൊച്ചു നാടിന് കഴിയുകയും ചെയ്തു. അടൂരിന്റെ കാഴ്ചപ്പാടുകളോട് വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്റെ പ്രതിഭാശേഷിയെ ബഹുമാനപൂര്‍വം അംഗീകരിക്കുന്നുണ്ട്.

അങ്ങനെയൊക്കെയുള്ള ഒരാള്‍ ഒരു പുതിയ ചിത്രവുമായി വരുമ്പോള്‍ ആസ്വാദകര്‍ പലതും പ്രതീക്ഷിക്കും. പിന്നെയും എന്ന ചിത്രവുമായി അടൂരെത്തുമ്പോള്‍ നല്ല ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറെയുണ്ടായിരുന്നു. പുതിയ കാലത്തോട് മത്സരിക്കാനെന്നോണമാണ് പിന്നെയുമായി അടൂരെത്തിയത്. സിനിമ മതിയാക്കിയോ, സ്റ്റോക്ക് തീര്‍ന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രമെന്ന് അടൂര്‍ പറഞ്ഞത് അതുകൊണ്ടാണ്. പ്രായം എഴുപത്തിയഞ്ചും സിനിമ ജീവിതം അമ്പതും വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ കടന്നുവരവ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ നടുക്കിയ സുകുമാരക്കുപ്പ് സംഭവത്തെ അധികരിച്ച് തയ്യാറാക്കിയതാണ് കഥ. പുതിയ പിള്ളേരുടെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ മനോഹരമായ ചിത്രമാകുമായിരുന്ന ഈ കഥ കേവലമൊരു പത്താംക്ലാസുകാരന്‍ തയ്യാറാക്കിയ സ്‌കൂള്‍ നാടകത്തിന് സമാനമായിപ്പോവുകയായിരുന്നു.

തന്റെ സ്ഥിരം ആഖ്യാനരീതികള്‍ ഇവിടെയും അടൂര്‍ കൈമോശം വരുത്തുന്നില്ല. അവാര്‍ഡ് ചിത്രങ്ങളുടെ സ്ഥിരം നമ്പരുകളെന്ന് അതിനെ ആരും പരിഹസിച്ചുപോകും. ക്ഷയിച്ച നായര്‍ തറവാട്, ആനപ്പുറത്തിരുന്ന അമ്മാവന്റെ ചന്തിയിലെ തഴമ്പ് ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന ഗൃഹനാഥന്‍ തുടങ്ങി വിദേശ മാര്‍ക്കറ്റിന് ഇഷ്ടപ്പെടുന്ന പതിവ് ചേരുവകളുണ്ട്. 1990-ന് ശേഷമാണ് കഥ നടക്കുന്നതെന്ന് അടൂര്‍ പറയുന്നുണ്ട്. ചിത്രത്തില്‍ നെടുമുടി വേണുവിന്റെയും ഇന്ദ്രന്‍സിന്റെയും കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന പെറ്റിക്കോട്ട് പോലുള്ള വേഷം ഈ കാലയളവില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. അടൂരിന്റെ അവാര്‍ഡ് ചിത്രങ്ങളിലെ പതിവ് വേഷമാണിത്. വരണ്ട സംഭാഷണങ്ങളാണ് ചിത്രത്തെ വല്ലാതെ വെറുപ്പിക്കുന്നത്. അച്ചടി ഭാഷപോലുള്ള ഈ സംഭാഷണങ്ങള്‍ക്ക് നിത്യജീവിതവുമായി ബന്ധമേയില്ല. ദിലീപിന്റെയും കാവ്യയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരികത നശിപ്പിച്ചുകളയുന്നത് ഈ തേഞ്ഞ ഭാഷയാണ്. പഴയ കാലത്തെ ചിത്രങ്ങളിലേതുപോലെ നായകന്‍ നായികയെ തങ്കമെന്നും മറ്റും വിളിച്ച് നാടകീയമായി വര്‍ത്തമാനം പറയുന്നത് ശുദ്ധ കോമഡിയാണ്. ദിലീപും നെടുമുടിയും വിജയരാഘവനും ചേര്‍ന്ന് കാറിനുള്ളിലിട്ട് കത്തിക്കുന്ന യുവാവിന്റെ മകന്‍ പിന്നീട് കാവ്യയെ കാണാനെത്തുന്നിടത്തൊക്കെ എത്രയോ കാലംമുമ്പുണ്ടായിരുന്ന അവതരണശൈലിയാണ് അടൂര്‍ പിന്തുടരുന്നത്.

സത്യത്തില്‍ എന്താണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാനുദ്ദേശിച്ചത്? മനുഷ്യന്റെ ദുരാര്‍ത്തി വരുത്തുന്ന ദുരന്തം, പ്രണയത്തിന്റെ നൊമ്പരം, വിരഹത്തിന്റെ തീഷ്ണത… എന്തുമായിക്കൊള്ളട്ടെ, അതു പ്രേക്ഷകനില്‍ എത്തിക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. പഴയ ഏതോ കാലത്ത് കുടുങ്ങിക്കിടക്കുന്ന ഒരാളുടെ ചലച്ചിത്ര ശ്രമം മാത്രമാണിത്. പുതിയകാലത്തെ പഴിച്ച്, താന്‍കടന്നുവന്ന വഴികള്‍ മാത്രമാണ് ശരിയെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് സംഭവിക്കാവുന്ന ദുരന്തമാണ് പിന്നെയും എന്ന ചിത്രത്തിന്റെ ദയനീയ പരാജയം ഉദാഹരിക്കുന്നത്. ന്യൂജനറേഷന്‍കാരെന്നും ജനപ്രിയസിനിമക്കാരെന്നും കലയുടെ കച്ചവടക്കാരെന്നുമൊക്കെ ബുദ്ധിജീവികള്‍ അധിക്ഷേപിക്കുന്നവരുടെ ഏറ്റവും വലിയ മിടുക്ക് തങ്ങളുദ്ദേശിക്കുന്നത് പ്രേക്ഷകനില്‍ കൊള്ളിക്കാനുള്ള കഴിവാണ്. സര്‍ഗാത്മകമായി സംവദിക്കുന്നവര്‍ക്ക് വേണ്ട പ്രധാന കഴിവ് അതായിരിക്കണം. മുന്‍ചിത്രങ്ങളിലൊക്കെ അടൂരിന് സമര്‍ത്ഥമായി അത് കഴിഞ്ഞിട്ടുണ്ട്.

ഇവിടെ സംഭവിച്ചത് നേരത്തെ സൂചിപ്പിച്ചതുപോലെ വറ്റിപ്പോയ പ്രതിഭയുടെ വിളര്‍ച്ചയാണ്. ഏതൊരാള്‍ക്കും സംഭവിക്കാവുന്നതേയുള്ളു ഈ മാന്ദ്യം. വിശ്വവിഖ്യാതനായതുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന് അത്തരമൊരു പരാജയം സംഭവിക്കാന്‍ പാടില്ല എന്നില്ലല്ലോ. പ്രകൃതി നിയമത്തിന് അതീതരല്ലല്ലോ ഏത് വിശ്വപ്രശസ്തരും.

രസകരമായ സംഗതി ഈ ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്ന സ്തുതിഗീതങ്ങളാണ്. മലയാള സിനിമയിലെ മഹാസംഭവമെന്ന മട്ടിലുള്ള കൈയടികള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അടൂര്‍ ചിത്രമാകുമ്പോള്‍ അതുണ്ടാകും. കാരണം വിശ്വവിഖ്യാതര്‍ക്ക് പിഴയ്ക്കില്ല എന്നാണല്ലോ പ്രമാണം. പക്ഷേ വാഴ്ത്തലുകള്‍ക്ക് ഒരു പരിധിവേണ്ടേ.. സത്യസന്ധരായ ആസ്വാദകരുടെ മനസില്‍ ഈ ചിത്രം ഒരു ദുരന്തമാണ്. ഒരു മഹാ പ്രതിഭയുടെ പതനവും.

എന്തൊക്കെയായാലും ചിത്രത്തിന് അവാര്‍ഡുകള്‍ ഉറപ്പാണ്. സ്വദേശത്തും വിദേശത്തുമായി യഥേഷ്ടം അത് സംഭവിക്കുമെന്ന് തീര്‍ച്ച. കാരണം മറ്റൊന്നുമല്ല, ചിത്രം അടൂര്‍ ഗോപാലകൃഷ്ണന്റേതാണ്. അദ്ദേഹത്തിന്റെ ചിത്രം അവാര്‍ഡിനുള്ളതാണ്. ഭൂമി ഉരുണ്ടതാണെന്നും സൂര്യന്‍ രാവിലെ ഉദിക്കും എന്നും മറ്റുമുള്ള ശാശ്വത സത്യങ്ങള്‍ പോലെ ഇതും ഒരു മഹാസത്യമാണ്. വിമര്‍ശകരുടെ ചിതല്‍ ശല്യമൊന്നും വരാനിരിക്കുന്ന താമ്രപത്രങ്ങളെ തൊടില്ല.

(മാധ്യമപ്രവര്‍ത്തകനാണ്‌ ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍