UPDATES

സിനിമ

സി.ഐ.ഡി ഉണ്ണികൃഷ്ണന്‍മാര്‍ അടൂരിനെ കല്ലെറിയുന്നതിന് മുമ്പ്

ഇപ്രാവശ്യം രാജാവ് നഗ്നനാണെന്നു പറഞ്ഞത് കുട്ടിയല്ല. വൃദ്ധനാണ്. പേര്, അടൂര്‍ ഗോപാലകൃഷ്ണന്‍. 

സിനിമ പഠിക്കാന്‍ വരുന്നവര്‍ക്കുവേണ്ടിയുള്ളതല്ല ചലച്ചിത്രോത്സവം. ഇംഗ്ലീഷ് സബ് ടൈറ്റില്‍ വായിച്ചാല്‍ മനസ്സിലാകണം. പാസുകൊടുക്കുന്നതിന് ചില നിബന്ധനകള്‍ വേണം. നല്ല സിനിമ ആസ്വദിയ്ക്കുവാന്‍ കഴിയുന്നവര്‍ തിയേറ്ററിനകത്തു കടക്കാന്‍ കഴിയാതെ പുറത്തു നില്ക്കുമ്പോള്‍ സെന്‍സര്‍ ചെയ്യാത്ത ഭാഗങ്ങള്‍ കാണാന്‍ മാത്രമായി ചലച്ചിത്രമേളയ്‌ക്കെത്തുന്നവര്‍ തിയേറ്ററിനുള്ളില്‍ കലപില കൂട്ടി രസിയ്ക്കുന്നു. ഇതൊക്കെയാണ് അടൂര്‍ വിളിച്ചു പറഞ്ഞതിന്റെ കാതല്‍.

രാജാവ് നഗ്നനാണെന്ന് ആദ്യം പറഞ്ഞ കുട്ടിയെ രാജാവ് എന്തു ചെയ്തു എന്നറിയില്ല. പക്ഷെ, രാജാവ് നഗ്നനാണെന്നു പറഞ്ഞ വൃദ്ധനെ യുവസംഘടനകള്‍, കക്ഷിഭേദമില്ലാതെ, വളഞ്ഞിട്ടാക്രമിച്ചു. അയാളുടെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ധര്‍ണ നടത്തി. വൃദ്ധന്‍ പ്രത്യേക പദവികളൊന്നും അലങ്കരിച്ചിട്ടില്ലാത്തതുകൊണ്ട് പദവി രാജിവയ്ക്കാനുള്ള മുറവിളി ഉയര്‍ന്നില്ല. വൃദ്ധന് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ടെന്ന കാര്യം പയ്യന്മാരും ഓര്‍ത്തില്ല.

അടൂരിനെതിരെ കമ്യൂണിസ്റ്റുകാര്‍ ആദ്യം കൊടിയുയര്‍ത്തിയത് ‘മുഖാമുഖം’ എന്ന സിനിമ പുറത്തുവന്നപ്പോഴാണ്. കമ്യൂണിസ്റ്റുകാരെ അധിക്ഷേപിയ്ക്കുന്ന ചിത്രമാണെന്നാണ് അന്നത്തെ പാര്‍ട്ടി ബുദ്ധിജീവി പി. ഗോവിന്ദപ്പിള്ള പറഞ്ഞത്. ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ സത്യസന്ധമായ ചിത്രമാണ് അടൂര്‍ വരച്ചു കാണിച്ചത് എന്ന സത്യം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനായിരിക്കാം ബുദ്ധിമാനായ ഗോവിന്ദപ്പിള്ള ആദ്യമേ തന്നെ ചര്‍ച്ച വഴിതിരിച്ചു വിട്ടത്. ഏതായാലും അന്നുപോലും ഡിവൈഎഫ്‌ഐ പിള്ളേര് പ്രകടമായി അടൂരിനെതിരെ പ്രകടനം നടത്തിയില്ല.

അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാര്‍ട്ടിയ്ക്കുതന്നെ പരിപാടികളൊന്നുമില്ല. പഴയ രീതിയിലുള്ള സമരമുറകളൊക്കെ മാറ്റണമെന്ന് വര്‍ഗ സമരത്തില്‍കൂടി വളര്‍ന്നുവന്ന മുതലാളിമാരായ നേതാക്കള്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സമരമുറകള്‍ കണ്ടെത്താനാണ് ആഹ്വാനം. അതുകൊണ്ടായിരിക്കാം, ഒരു കോടി രൂപ കോഴവാങ്ങി എന്ന ആരോപണം നേരിടുന്ന കെ എം മാണിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ചു ചെയ്യാതെ വിപ്ലവ സഖാക്കള്‍ അടൂരിനെതിരെ പടയ്ക്കിറങ്ങിയത്.

സമരം നടത്തിയ യൂത്തുകോണ്‍ഗ്രസുകാരെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ഭേദം. കഴിഞ്ഞ 15 കൊല്ലത്തിനിടയ്ക്ക് യൂത്തുകാര്‍ നടത്തിയ ഏതു സമരമാണ് ഓര്‍മ്മയില്‍ വരിക? ഏതു യൂത്ത് നേതാവിനെയാണ് ഓര്‍ക്കാന്‍ കഴിയുക? നാഥനും കളരിയുമില്ലാത്ത അമ്പലക്കാളകളെപ്പോലെയാണവര്‍.

എന്നാല്‍ അടൂര്‍ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ഉടനെ വെളിച്ചപ്പാടായത് പ്രതികരണ വീരന്‍ സിഐഡി ഉണ്ണികൃഷ്ണനും, C/o. ജോണ്‍ എബ്രഹാം ജോയ് മാത്യുവുമാണ്.

അടൂര്‍ പറഞ്ഞത് ജനാധിപത്യവിരുദ്ധവും വരേണ്യവര്‍ഗ ചിന്തയും കേരള ജനതയെ അപമാനിക്കലും മറ്റുമാണെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഇ.എം.എസ് മരിച്ചശേഷം അദ്ദേഹം സദാ ഉപയോഗിക്കുമായിരുന്ന വാക്കുകള്‍ വീണ്ടും കേള്‍ക്കുന്നത് ഉണ്ണികൃഷ്ണനിലൂടെയാണ്. കേരളം മറ്റൊരു മഹാദുരന്തത്തിന്റെ മുന്നിലാണോ?

ആരാണീ വരേണ്യവര്‍ഗം? സ്വന്തം നിലയില്‍, ഏറെക്കുറെ സത്യസന്ധമായി, നല്ല സിനിമകള്‍ മാത്രം സംവിധാനം ചെയ്ത അടൂരോ?

എന്താണീ ജനാധിപത്യം? എവിടേയും ആര്‍ക്കും എന്തും ചെയ്യാമെന്നതോ? അസ്ഥാനത്തുള്ള ജനാധിപത്യം ഏറ്റവും ക്രൂരമായ സ്വേച്ഛാധിപത്യത്തേക്കാള്‍ ക്രൂരമാണ്. കാരണം, അത് അവതരിപ്പിക്കപ്പെടുന്നത് ജനങ്ങളുടെ ആകെ ഹിതമായിട്ടാണ്. ജനഹിതത്തിനെ എങ്ങനെ എതിര്‍ക്കും?

നാടകത്തിന്റെയോ സാഹിത്യത്തിന്റെയോ പെയിന്റിംഗിന്റെയോ സംഗീതത്തിന്റെയോ ഒരു വിദഗ്ദ്ധ സമ്മേളനത്തില്‍ ആ വിഭാഗത്തില്‍ അറിവില്ലാത്തവര്‍ പോകുമോ? ഓട്ടന്‍തുള്ളല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ എങ്ങനെയാണ് കഥകളിയും കൂടിയാട്ടവും ആസ്വദിയ്ക്കുക? (ടൂറിസ്റ്റുകളായ സായിപ്പന്മാരെ വിടുക. അവര്‍ ഒന്നും മനസ്സിലാക്കാനോ ആസ്വദിയ്ക്കാനോ വരുന്നവരല്ല. ഹൗസ്‌ബോട്ടില്‍ ഉല്ലാസം. പിന്നെ, ഒരല്പം കഥകളി ഉല്ലാസം. അത്രതന്നെ).

ജനകീയത ആസ്വാദനത്തില്‍ മാത്രം ഒതുക്കിയതെന്തേ? സിനിമ നിര്‍മ്മാണത്തില്‍ക്കൂടി അതു പ്രാവര്‍ത്തികമാക്കാത്തതെന്തേ? ഉണ്ണികൃഷ്ണന്റെ അടുത്ത സാമൂഹ്യ-രാഷ്ട്രീയ-സിഐഡി പടത്തില്‍ അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരെണ്ണം ജനകീയമാക്കാമോ? സംവിധാനം ജനകീയമാക്കണ്ട. അത് ഇപ്പോള്‍ത്തന്നെ ജനകീയ നിലവാരം പുലര്‍ത്തുന്നുണ്ട്.

താരസംഘടനയുടെ ജനാധിപത്യവിരുദ്ധ സ്വഭാവത്തെ ചോദ്യംചെയ്ത തിലകനെ വച്ചുകൊണ്ട് സിനിമ നിര്‍മ്മിയ്ക്കുന്നതില്‍നിന്ന് അണിയറ പ്രവര്‍ത്തകരെ വിലക്കിയ ജനാധിപത്യവാദിയാണ് ഉണ്ണികൃഷ്ണന്‍. വിലക്കു ലംഘിച്ച് തിലകനെ വച്ചു സിനിമ ഉണ്ടാക്കിയ വിനയനെതിരെയുള്ള ആജീവനനാന്ത വിലക്കിനെ ന്യായീകരിച്ചതാണ് ഉണ്ണികൃഷ്ണന്‍. മാക്ട പൊളിച്ച് ഫെഫ്ക ഉണ്ടാക്കി അതിന്റെ നേതൃനിരയില്‍ കസേരയിട്ടിരിയ്ക്കുന്നയാളാണ് ഉണ്ണികൃഷ്ണന്‍.

പുനര്‍വായനയില്‍ അടൂരിന്റെ ചിത്രങ്ങളില്‍ ഫ്യൂഡല്‍ ബിംബങ്ങള്‍ ആഴത്തിലുണ്ടെന്ന് മനസ്സിലാക്കാം എന്നാണ് അടുത്ത കണ്ടുപിടുത്തം. ആദ്യ വായനയിലും നൂറാം വായനയിലും യാതൊരു ഫ്യൂഡല്‍ ബിംബങ്ങളും ഇല്ലാത്ത പുരോഗമനബിംബങ്ങള്‍ മാത്രം ഉള്ളവയാണ് ഉണ്ണികൃഷ്ണന്റെ സിനിമകള്‍. ചില പേരുകള്‍ കേട്ടോളൂ – ‘മാടമ്പി’, ‘പ്രമാണി’.

ഈ സിനിമകള്‍ കണ്ടിട്ടില്ലെങ്കില്‍ ഉടന്‍ കാണണം. മലയാളസിനിമയെ ആകാശത്തോളം ഉയര്‍ത്തിയവയാണവ. ഒന്നില്‍ അച്ഛന്‍ മരിച്ചവിവരം അമ്മ അറിഞ്ഞാല്‍ അമ്മയുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞുപോകുമെന്ന് കരുതി മരണവിവരം രഹസ്യമാക്കി വയ്ക്കുന്ന മകന്‍. മറ്റൊന്നില്‍ ഒരു പഞ്ചായത്തു പ്രസിഡന്റ് തന്റെ കൂട്ടുകാരന്റെ മരണം രഹസ്യമാക്കി വച്ചുകൊണ്ട്, വേദന തിന്ന് ആരോപണങ്ങള്‍ കേട്ട്, സുന്ദരിയായ പഞ്ചായത്തു സെക്രട്ടറിയുമായി ധീരമായി മുന്നേറുന്ന കഥയാണ്.

ഏറ്റവും ഒടുവില്‍ എടുത്ത ചിത്രത്തിന്റെ വിജയം കണ്ടെത്താന്‍ എക്‌സിബിറ്റേഴ്‌സ് സംഘടനയുമായി അനാവശ്യ വിവാദമുണ്ടാക്കി വാര്‍ത്തയില്‍ നിറഞ്ഞു. പടത്തിന് സ്വന്തം പര്യായം നല്കിക്കൊണ്ടാണ് സിഐഡി ഉണ്ണികൃഷ്ണന്‍ തന്റെ സിനിമയോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്. ചിത്രത്തിന്റെ പേര്, ‘ഫ്രോഡ്’.

മേളയിലെത്തുന്ന ചിത്രങ്ങള്‍ കാണാന്‍ വരുന്നവര്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ വായിക്കാന്‍ അറിയണം എന്ന് അടൂര്‍ പറഞ്ഞതാണ് മറ്റൊരപരാധം. സിനിമയ്ക്കു ഭാഷ വേണ്ട എന്നാണ് ഉണ്ണികൃഷ്ണന്റെ വാദം. ഭാഷ വേണ്ട എങ്കില്‍പ്പിന്നെ എന്തിനാണ് അതില്‍ ഡയലോഗുകള്‍. അതിന് ഒന്നും ചെയ്യാനില്ലെങ്കില്‍ അതങ്ങു മാറ്റിക്കൂടെ? ഡയലോഗു മുഴുവന്‍ മാറ്റിയാല്‍ ഉണ്ണികൃഷ്ണന്റെ സിനിമയില്‍ ടൈറ്റിലും ശുഭവും മാത്രമല്ലേ ഉണ്ടാകൂ?

‘ഹിരോഷിമ മോണമര്‍’ സബ്‌ടൈറ്റിലു കൂടാതെ മനസ്സിലാക്കാന്‍ കഴിയുമോ? എന്തിനേറെ, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’ എന്ന നിശബ്ദസിനിമയില്‍ പോലും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ സബ് ടൈറ്റിലായി കാണിയ്ക്കുന്നുണ്ട്.

സിനിമയ്ക്ക് വിഷ്വല്‍ വേണ്ട എന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞാല്‍ സമ്മതിയ്ക്കാം. അദ്ദേഹത്തിന്റെ ഏതു ചിത്രവും ശബ്ദരേഖയായി റേഡിയോവില്‍ കൂടി കേള്‍ക്കാം. ജനത്തിന് പച്ചവെള്ളം പോലെ സിനിമ മുഴുവനായും മനസ്സിലാകും.

താന്‍ സ്ഥിരമായി ഫിലിം ഫെസ്റ്റിവലുകള്‍ കാണാറുണ്ടെന്നും എന്നാല്‍, ഇത്തവണ, അടൂരിന്റെ അഭിപ്രായത്തോടുള്ള പ്രതിഷേധമെന്നോണം കേരള മേളയില്‍ പങ്കെടുക്കുന്നില്ല എന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

നല്ലത്. ഉണ്ണികൃഷ്ണന്‍ ഏതെങ്കിലും ഒന്ന് വേണ്ട എന്നു വയ്ക്കണം; സ്ഥിരമായി. ഒന്നുകില്‍ നല്ല ചിത്രങ്ങള്‍ കാണുന്നത്. അല്ലെങ്കില്‍, സിനിമ പിടിയ്ക്കുന്നത്. രണ്ടും കൂടെ ഒരുമിച്ചു കൊണ്ടുപോകരുത്. ഇത്രയും ശക്തമായ വൈരുദ്ധ്യാത്മക ഭൗതികവാദം കാള്‍ മാര്‍ക്‌സിനുപോലും ദഹിക്കില്ല.

ജോയ് മാത്യുവിന്റെ പ്രശ്‌നം അടൂരിന് കൊളോണിയല്‍ ഹാങ്ഓവര്‍  ഉണ്ടെന്നതാണ്. അങ്ങനെയുണ്ടെങ്കില്‍, അതു കടുത്ത അപരാധം തന്നെ. ഡിവൈഎഫ്‌ഐ നേതാവ് സ്വരാജ് ഇതിന് കാപിറ്റല്‍ പണിഷ്‌മെന്റാണ് നിര്‍ദ്ദേശിയ്ക്കുക.

ജോയ് മാത്യുവിന്റെ ‘ഷട്ടര്‍’ എന്ന സിനിമയില്‍ തെരുവു വേശ്യ പണിചെയ്ത് സമ്പാദിച്ച പണം ഒരു സിനിമ നിര്‍മ്മാതാവിന് (അതോ, സംവിധായകനോ?) സിനിമ പിടിയ്ക്കാന്‍ കൊടുക്കുന്ന ആര്‍ദ്രമായ ഒരു അസംബന്ധ രംഗമുണ്ട്. പണ്ട് പൊതുജനത്തിന്റെ കൈയ്യില്‍നിന്ന് പണം പിരിച്ച് ജോണ്‍ എബ്രഹാം ‘അമ്മ അറിയാന്‍’ എന്ന സിനിമ പിടിച്ചതിന്റെ ‘ഹാങ്ഓവര്‍’ ആണോ അതിനുപിന്നില്‍? ഹാങ്ഓവര്‍ ജോണ്‍ എബ്രഹാമിനോട് ബന്ധപ്പെട്ടതാണെങ്കില്‍ പുരോഗമനം തന്നെ. കാരണം ജോണ്‍ സിനിമ കണ്ടുപിടിച്ചയാളാണ്.

ആരാണ് ഈ മേള കാണാന്‍ വരുന്നതില്‍ ഭൂരിഭാഗവും?

സെന്‍സറ് ചെയ്യാത്ത വിദേശന്‍ ചൂടന്‍ രംഗങ്ങള്‍ കാണാന്‍ എത്തുന്നവരാണ് ഭൂരിഭാഗവും. പോണ്‍ സിഡി സുലഭമായ ഈ കാലത്തോ എന്ന ചോദ്യം ന്യായമായും ഉയരാം. പക്ഷ, അത് ഇത്രവലിയ പ്രൊജക്ഷനില്‍ അല്ലല്ലോ. 

മറ്റു ചിലര്‍ പാസെടുക്കും. ഒരൊറ്റ സിനിമയും കാണില്ല. അല്ലെങ്കില്‍, മുഴുവനായും കാണില്ല. അവര്‍ക്ക് കണ്ടില്ലെങ്കില്‍ത്തന്നെ എല്ലാം മനസ്സിലാകും. അല്ലെങ്കില്‍, പത്തു മിനിട്ടു കണ്ടാല്‍ത്തന്നെ മുഴുവനും മനസ്സിലാകും. അവര്‍ മേള നടക്കുന്ന തിയേറ്ററിനു മുന്നില്‍ ഇരുന്ന് കണ്ട സിനിമയൊഴിച്ച് മറ്റെല്ലാറ്റിനേം കുറിച്ച് സംസാരിക്കും. ഇടയ്ക്ക് ചായ കുടിക്കും. ബാറുകള്‍ പലതും പൂട്ടിയതുകാരണം ഗാഢമായ ചര്‍ച്ചകള്‍ ഉണ്ടാകാന്‍, ഇത്തവണ, സാധ്യതയില്ല. മറ്റൊരു ദുര്യോഗം കവി അയ്യപ്പന്റെ വിയോഗമാണ്. അയ്യപ്പന്‍ ഉണ്ടായിരുന്ന നാളുകളില്‍ മേള നടക്കുന്ന തിയേറ്ററുകളുടെ മുന്നില്‍ യഥാര്‍ത്ഥമേള നടക്കുമായിരുന്നത്രെ! എല്ലാം പോയി. ബാറും അയ്യപ്പനും.

മേളയ്ക്കുള്ള തിരക്കിലും തിക്കിലും പെടുന്ന ചലച്ചിത്ര പ്രേമികളെക്കാണുമ്പോള്‍ പക്ഷെ, ഒരു സംശയം. ഇവരില്‍ പത്തു ശതമാനം എങ്കിലും നാട്ടില്‍ ഉണ്ടാക്കുന്ന നല്ല സിനിമകള്‍ കണ്ടിരുന്നെങ്കില്‍ അരവിന്ദന്റെ ചിത്രങ്ങള്‍ ഉച്ചപ്പടങ്ങളായി മാറില്ലായിരുന്നു. നല്ല നടനുള്ള ദേശീയ അവാര്‍ഡു നേടിയ സുരാജിന്റെ ചിത്രത്തിന് പ്രദര്‍ശന സൗകര്യം ലഭിക്കുമായിരുന്നു.

ഒരു പഴയ ചലച്ചിത്രമേള ഓര്‍മ്മയില്‍ വരുന്നു. ‘ദി ഗ്രേറ്റസ്റ്റ്’ എന്ന് ബര്‍ഗ്മാന്‍ വിശേഷിപ്പിച്ച തര്‍ക്കോവ്‌സ്‌കിയുടെ ചലച്ചിത്രമേള റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്നു. കേരളത്തിലെ ഒരു ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് മേള. ഇന്ത്യയില്‍ ആദ്യമായിട്ടാണ് തര്‍ക്കോവ്‌സ്‌കിയുടെ ചിത്രങ്ങള്‍ മാത്രമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചലച്ചിത്രമേള. തിയേറ്ററില്‍ ആകെ 314 സീറ്റുകളേ ഉള്ളൂ. മേള തുടങ്ങുന്നതിനു മുമ്പു തന്നെ പത്രങ്ങളില്‍ വാര്‍ത്ത വന്നു. മാത്രമല്ല, തര്‍ക്കോവ്‌സ്‌കി മരിച്ച് നാലുമാസം കഴിയും മുമ്പായിരുന്നു മേള. പ്രവേശനം സൗജന്യം. എന്നിട്ടും, തിയേറ്റര്‍ നിറഞ്ഞില്ല. ഓര്‍ക്കുക, വെറും 314 സീറ്റ്.

നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ അവര്‍ എതിര്‍ക്കേണ്ടിയിരുന്നത് അടൂര്‍ പറഞ്ഞ കാര്യങ്ങളെയല്ല, മറിച്ച് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആക്കിയതിനെതിരെയായിരുന്നു.


ഉത്തരായനം

ചലച്ചിത്രമെന്ന കലാരൂപത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്നതാകണം അക്കാദമി. അതിന്റെ തലപ്പത്ത് ‘pope of plagiarism’ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനായ പ്രിയദര്‍ശന്‍ എങ്ങനെ എത്തി? KSFDCയുടെ ചെയര്‍മാനായാണ് പ്രിയദര്‍ശന്‍ എത്തിയിരുന്നെങ്കില്‍, അതിന് നല്ല ലോജിക്കുണ്ട്. പക്ഷേ അക്കാദമിയുടെ തലപ്പത്ത് പ്രിയദര്‍ശന്‍! കേരള സാഹിത്യ അക്കാദമിയുടെ തലപ്പത്ത് മുട്ടത്തുവര്‍ക്കിയെ സങ്കല്പിക്കാന്‍ കഴിയുമോ? സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് കോട്ടയം നസീറിനെ സങ്കല്പിക്കാന്‍ കഴിയുമോ?

അക്കാദമിയുടെ പ്രവര്‍ത്തനഫലമായി മലയാള സിനിമ എവിടെച്ചെന്നു നില്ക്കുന്നു? മോഷ്ടാക്കള്‍ കൂടുന്നു. അവര്‍ സെലിബ്രിറ്റികളായി വാഴ്ത്തപ്പെടുന്നു. അവരുടെ രാജാവ് അക്കാദമി ചെയര്‍മാന്‍ ആകുന്നു. ‘ഓം’ എന്ന ശബ്ദത്തിനുശേഷം ഉണ്ടായതെല്ലാം അനുകരണമാണെന്നു വാദിയ്ക്കുന്ന ബുദ്ധിയുള്ള കള്ളന്മാര്‍ അനൂപ് മേനോന്റെ വേഷത്തില്‍ വരുന്നു. മലയാളസിനിമ ‘നീലക്കുയിലി’നു മുമ്പും പിമ്പും എന്നതു മാറി ‘ചെമ്മീനി’നു മുമ്പും പിമ്പുമായി. അതുപിന്നെ ‘സ്വയംവരത്തിനു’ മുമ്പും പിമ്പുമായി. ഒടുവിലിതാ, ഏറ്റവും പുതിയ കണ്ടുപിടുത്തം. മലയാളസിനിമ ‘ട്രാഫിക്കി’നു മുമ്പും പിമ്പും. പറഞ്ഞത് രഞ്ജിത് ആണ്. ത്രികാലജ്ഞാനി. അതുകൊണ്ട് തെറ്റാനിടയില്ല.

വീണ്ടും ഒരു പഴയ സംഭവം. ‘ഉത്തരായനം’ ഇറങ്ങി. ‘മലയാളത്തിലെ ആദ്യത്തെ സിനിമ’ എന്നാണ് വി.ബി.സി. നായര്‍ ‘മലയാള നാടി’ല്‍ അതിനെ വിശേഷിപ്പിച്ചത്. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും അരവിന്ദന്‍ അവതാരമായി. എന്നാല്‍, ജോണ്‍ എബ്രഹാം, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയ ചിലര്‍ ‘ഉത്തരായന’ത്തെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി. ഒടുവില്‍ അവര്‍ പറഞ്ഞു: ”ഉത്തരായനം നല്ല സിനിമയല്ല. നല്ല സിനിമ എടുക്കാനുള്ള തുടക്കമാണ്”എന്ന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍