UPDATES

പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിച്ച നാലുമക്കള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

അമ്മയെ വഴിയില്‍ ഉപേക്ഷിച്ച നാലുമക്കളെ പോലീസ് അറസ്റ്റു ചെയ്തു. 87-കാരിയായ ഫാരിസാ ബീവിയെ സ്വന്തം മക്കള്‍ അടൂര്‍, ഇളമണ്ണൂര്‍ ഇരുപത്തിമൂന്ന് ജംഗ്ഷനില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ആറു മക്കളുള്ള ഫാരിസാ ബീവി ഇളമണ്ണൂര്‍ സ്വദേശിയാണ്. നിഷാദ് മന്‍സിലില്‍ ഹാലിദ് കുട്ടി(70), സലീനാ മന്‍സിലില്‍ സുലേഖാ ബീവി(42), അല്‍ ഹിലാല്‍ സവാദ് കുട്ടി(62), കുറുമ്പകര ആമിനാ മന്‍സിലില്‍ ഷെരീഫ്(50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രണ്ടുമക്കള്‍ക്കെതിരെയും അടൂര്‍ എസ്‌ഐ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്തിട്ടുണ്ട്.ഗള്‍ഫിള്‍ ജോലി ചെയ്യുന്ന അല്‍ നൈജുമില്‍ കബീര്‍കുട്ടി, സുഖമില്ലാതെ കിടപ്പിലായ സുഹറാബീവിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. രക്ഷാകര്‍ത്താക്കളുടെയും വൃദ്ധജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിയമപ്രകാരമാണ് ആറു പേര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

36 വര്‍ഷം മുമ്പ് ഭര്‍ത്താവ് അലികുഞ്ഞ് മരിച്ചതിന് ശേഷം അദ്ദേഹം നടത്തിയിരുന്ന പലചരക്കു വ്യാപാരം ഏറ്റെടുത്താണ് ഫാരിസാ ബീവി മക്കളെ വളര്‍ത്തിയത്. ഈ കട കുറച്ചുനാള്‍ മുമ്പ് വിറ്റപ്പോള്‍ കിട്ടിയ തുക മക്കളിലൊരാള്‍ കൈക്കലാക്കിയിട്ട് അയാള്‍ രണ്ടുമാസം ഫാരിസാ ബീവിയെ സംരക്ഷിച്ചതിന് ശേഷം ഇറക്കി വിടുകയായിരുന്നു.

മകളുടെ വീട്ടില്‍ അഞ്ചുമാസവും, മറ്റൊരു മകന്റെ വീട്ടില്‍ രണ്ടുമാസവും കഴിഞ്ഞതിന് ശേഷം മക്കള്‍ ഒക്ടോബര്‍ 14-ന് ഫാരിസാ ബീവിയെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാലുമക്കളും ഫാരിസാ ബീവിയെ സംരക്ഷിക്കുന്നതിനെ ചൊല്ലി പോലീസ് സ്റ്റേഷനിലും വാക്ക് തര്‍ക്കത്തിലായിരുന്നു. ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ഫാരിസാ ബീവിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട നടപടി സ്വീകരിക്കേണ്ടത് ആര്‍ഡിഓ തലത്തില്‍ നിന്നായതിനാല്‍ അവരെ വൃദ്ധസദനത്തിലാക്കിയിരിക്കുകയാണ്.

ആറുമക്കളെ പൊന്നുപോലെ വളര്‍ത്തി വലുതാക്കിയതിനുള്ള ശിക്ഷയാണോയിത്. രണ്ടുമാസം കൂടുമ്പോള്‍ ഓരോ മക്കളുടെ വീട്ടില്‍ അഭയാര്‍ത്ഥിയായി, അവരുടെ ആട്ടും തുപ്പുമൊക്കെ കേട്ട്.. ഇങ്ങനെയാണോ ഒരമ്മയെ മക്കള്‍ നോക്കേണ്ടത്. അത്രയ്ക്കു കഷ്ടപ്പെട്ടാണ് ഞാന്‍ അവരെ വളര്‍ത്തിയത്. അവര്‍ക്കെല്ലാം നല്ല ജോലിയുണ്ട്. പക്ഷെ എന്നെമാത്രം അവര്‍ക്കു വേണ്ട.’ നിലവില്‍ അടൂരിലെ വൃദ്ധസദനത്തില്‍ കഴിയുന്ന ഫാരിസാ ബീവി പറഞ്ഞു. 

മക്കളുപേക്ഷിച്ച് വഴിയരികിലായ എനിക്കെന്തു മേല്‍വിലാസം? ഇനി വീട്ടിലേക്കു മടങ്ങിപോവുകയും വേണ്ടാ നാളെയും എന്നെ അവര്‍ വഴിയിലുപേക്ഷിക്കില്ലെന്ന് എന്താണുറപ്പ്.’ നിറമിഴികളോടെ ഇടറുന്ന ശബ്ദത്തില്‍ ആ അമ്മ പറഞ്ഞു നിര്‍ത്തി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍