UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധ്യാപക സംഘടനകള്‍ക്ക് ഇങ്ങനെയും ചില കാര്യങ്ങള്‍ ചെയ്യാം

Avatar

വിഷ്ണു എസ് വിജയന്‍

ഈ അധ്യയന വര്‍ഷം തുടങ്ങിയത് തന്നെ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന അപായകരമായ ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ്. കോടതി ഉത്തരവോടെ നാലോളം സ്കൂളുകള്‍ പൂട്ടുകയും പിന്നീട് സര്‍ക്കാര്‍ ഈ സ്കൂളുകള്‍ ഏറ്റെടുക്കുകയും ചെയ്യുകയുണ്ടായി. സ്കൂളുകള്‍ പൂട്ടാനുള്ള നീക്കം പലയിടങ്ങളിലും വലിയ ജനകീയ പ്രതിഷേധമായി മാറി. അപ്പോഴും എന്തുകൊണ്ട് സ്കൂളുകള്‍ പൂട്ടേണ്ട സാഹചര്യം ഉണ്ടാകുന്നു എന്നതിനെ കുറിച്ചുള്ള ഗൌരവതരമായ ചര്‍ച്ചകളോ ക്രീയാത്മകമായ ഇടപെടലുകളോ നടന്നില്ല. എന്നാല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും ഇതില്‍ ചിലത് ചെയ്യാനുണ്ട് എന്ന് വ്യക്തമാക്കുകയാണ് ഒരു അധ്യാപക സര്‍വ്വീസ് സംഘടന ഇവിടെ.

കുട്ടികള്‍ കുറവായത് കാരണം അനാദായകരമായ നൂറ് സ്കൂളുകള്‍ ഏറ്റെടുത്ത് നടത്തുവാനുള്ള ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യുണിയന്‍ (എ കെ എസ് ടി യു). ‘മുന്നേറ്റം’ എന്ന് പേര് നല്കിയിരിക്കുന്ന ഈ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനാദായകരമെന്നു മുദ്രകുത്തിയ 3500 ഓളം പൊതു വിദ്യാലയങ്ങളില്‍ പെടുന്നവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 

‘വിദ്യാഭ്യാസ മേഖലയില്‍ വളരെ ശ്രദ്ധേയമായ പരിപാടിക്കാണ് എ കെ എസ് ടി യു തുടക്കം കുറിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ രംഗം സങ്കീര്‍ണമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ഏറ്റവും വലിയ പ്രശ്നം വിദ്യാഭ്യാസ മേഖലയില്‍ ലാഭം പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ്. ലാഭം കച്ചവടവുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നു വരുന്നത്. ലാഭകരമല്ലാത്ത വിദ്യാഭാസം എന്നത് തന്നെ അപകടകരമായ ഒരു പ്രയോഗമാണ്. അത്തരക്കാര്‍ നമ്മുടെ ഇടയില്‍ വ്യാപിച്ചു വന്നത് സ്വാഭാവികമായും ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാര്യ ക്ഷമതയും പ്രതിബദ്ധതയും ഉള്ള ഒരു തലമുറയാണ് വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന് വരേണ്ടത്. വിദ്യാഭ്യാസ മേഖലയിലെ  ലാഭമെന്ന് പറയുന്നത് അതാണ്‌. അതിനെപ്പറ്റി മാത്രമേ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ചിന്തിക്കാന്‍ പാടുള്ളൂ. എന്നാല്‍ ആ ധാരണ തിരുത്തിക്കൊണ്ട് സാമ്പത്തിക ലാഭത്തിനായുള്ള ബിസിനസ് സ്ഥാപനം പോലെ വിദ്യാഭ്യാസ സ്ഥാപനം മാറണം എന്ന ചിന്താഗതിയാണ് നമ്മുടെ സമൂഹത്തില്‍  വളര്‍ന്നു വരുന്നത്. 

സംസ്ഥാനത്ത് ഒരു ക്ലാസില്‍ ശരാശരി പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 3000ല്‍ അധികം സ്കൂളുകള്‍ ഉണ്ട് എന്നാണ് കണക്ക്. ഇവയെയാണ് കഴിഞ്ഞ സര്‍ക്കാര്‍ അനാദായകരം എന്ന് മുദ്ര കുത്തിയത്. അതുകൊണ്ട് തന്നെ ഇവയില്‍ പലതും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നത് നാടിന്‍റെ പൊതു സമ്പത്താണ്‌. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരം വിദ്യാലയങ്ങള്‍ ഏറ്റെടുക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ജനകീയ സംരംഭത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ഒരു സ്കൂള്‍ നിലനിര്‍ത്തുക എന്ന് പറയുമ്പോള്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും മാത്രമല്ല അതിന്‍റെ ഉത്തരവാദിത്വം, നാടിനാകെ അതിന്‍റെ ഉത്തരവാദിത്വം ഉണ്ട്. എല്ലാ രാഷ്ട്രീയ, പൊതുജന പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ ബോധ്യം നമ്മുടെ സമൂഹത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഈ ‘മുന്നേറ്റം’ അതിനൊരു തുടക്കമാകും.’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഏറ്റെടുക്കുന്ന സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തി കൂടുതല്‍ കുട്ടികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവയെ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര നിലവാരമുള്ള സ്കൂളുകളാക്കി മാറ്റും. എല്‍പി, യുപി സ്കൂളുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. 100 സ്കൂളുകളില്‍ 60 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും ബാക്കി എയ്ഡഡ് സ്കൂളുകളും ആണ്. തിരുവനന്തപുരം 14, കൊല്ലം 13, ആലപ്പുഴ 9, പത്തനംതിട്ട 9, കോട്ടയം 2, ഇടുക്കി 1, എറണാകുളം 10, തൃശൂര്‍ 11, പാലക്കാട് 3, മലപ്പുറം 7,കാസര്‍ഗോഡ്‌ 4 വീതം സ്കൂളുകളാണ് ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളേയും സ്ഥലവാസികളെയും സാമൂഹിക പ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. 

‘പൊതു വിദ്യാഭ്യാസ മേഖല കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായി നൂറു വര്‍ഷങ്ങള്‍ക്ക് മുകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാലയങ്ങളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂട്ടിപ്പോയത്. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പല സര്‍ക്കാര്‍ സ്കൂളുകളുടേയും അവസ്ഥ ദയനീയമാണ്. അവിടങ്ങളില്‍ പാവപ്പെട്ടവന്‍റെ മക്കള്‍ മാത്രമാണ് പഠിക്കാന്‍ എത്തുന്നത്. അവരുടെ വിദ്യാഭ്യാസത്തിനായുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് എ കെ എസ് ടി യു ഇങ്ങനെ ഒരു കര്‍മ്മ പദ്ധതിയുമായി രംഗത്ത് വന്നത്. സ്കൂളുകളില്‍ സജീവമായി ഇടപെട്ട് മുരടിപ്പുകള്‍ മാറ്റി, ലോകത്തിന് തന്നെ മികച്ച മാതൃകയായി ഈ സ്കൂളുകളെ മാറ്റും. മുന്നേറ്റം പദ്ധതി വലിയ ഒരു സാമൂഹിക മാറ്റത്തിന്‍റെ തുടക്കമാണ്.’ എ കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രടറി എന്‍ ശ്രീകുമാര്‍ പറഞ്ഞു.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍