UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം പദ്ധതി: ഹരിത ട്രിബ്യൂണലിന്റെ വിധി ഒരു പച്ചക്കൊടിയല്ല

Avatar

(വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശിയ ഹരിത ട്രൈബ്യൂണല്‍ ഇന്ന്‍ അനുമതി നല്‍കി. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും ആറുമാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഏഴംഗ സമിതിക്കാണ് രൂപം നല്‍കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകരുത് എന്ന് ട്രൈബ്യൂണല്‍ പ്രത്യേക ഉപദേശം നല്‍കി. ട്രൈബ്യൂണലിന്റെ വിധിയുമായി ബന്ധപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവന്‍ പ്രതികരിക്കുന്നു.) 

 

വിഴിഞ്ഞം പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ അപ്പീലുകള്‍ ആണ് ഇപ്പോള്‍ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 2010-ല്‍ വന്ന ദേശിയ ഹരിത ട്രൈബ്യൂണല്‍ നിയമം അനുസരിച്ച് ഏത് പദ്ധതിയ്ക്ക് കൊടുക്കുന്ന പാരിസ്ഥിതികാനുമതിയും ചോദ്യം ചെയ്ത് ഏതൊരു പൌരനും ട്രൈബ്യൂണലിനെ സമീപിക്കാം. പാരിസ്ഥിതികാനുമതി കൊടുത്തതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടോ, അല്ലെങ്കില്‍ അതില്‍ പരിഗണിക്കാത്ത വിഷയം പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടോ ട്രൈബ്യൂണലിനെ സമീപിക്കാം. അതിനെയാണ് അപ്പീല്‍ എന്ന് പറയുന്നത്.

ഈ ട്രൈബ്യൂണല്‍ വരുന്നതിന് മുന്‍പ് ക്ലിയറന്‍സുകള്‍ കൊടുക്കുന്നതില്‍ നിയമപരമായി എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ ഹൈക്കോടതികളെ സമീപിക്കാന്‍ പറ്റുമായിരുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ ഹൈക്കോടതിയുടെ ഒരു വിവേചനാധികാരമാണ് ഇത്തരം അപ്പീലുകള്‍ പരിഗണിക്കണോ വേണ്ടയോ എന്നുള്ളത്. ചിലത് പരിഗണിക്കും ചിലത് വാദം പോലും കേള്‍ക്കാതെ തള്ളിക്കളയും.

ഹരിത ട്രൈബ്യൂണല്‍ നിയമം വന്നതിന് ശേഷം, കൊടുക്കുന്ന പരാതികളില്‍ എല്ലാം തന്നെ വാദം കേട്ടതിന് ശേഷം മാത്രമേ ട്രൈബ്യൂണലിന് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ കേള്‍ക്കുമ്പോള്‍ നാല് കാര്യങ്ങള്‍ പരിശോധിക്കും. ഒന്ന്, ക്ലിയറന്‍സ് കൊടുത്തത് ശരിയായ വിവരങ്ങള്‍ ധരിപ്പിച്ചിട്ടാണോ. രണ്ട്, ഈ പ്രത്യേക സ്ഥലം പദ്ധതിക്ക് വേണ്ടി പരിഗണിച്ചതില്‍ പാരിസ്ഥിതികമായ പ്രശ്നങ്ങളും പ്രത്യേകതകളും നോക്കിയിട്ടുണ്ടോ. മൂന്ന്, പഠനം നന്നായി നടത്തി അത് പബ്ലിക് ഹിയറിംഗ് വഴി ജനങ്ങളില്‍ എത്തിച്ചിട്ടുണ്ടോ. നാല്, അങ്ങനെ പൊതുജനം ആശങ്കള്‍ പങ്ക് വച്ചത് കൃത്യമായി പരിശോധിച്ചാണോ ക്ലിയറന്‍സ് കൊടുത്തത്. ഈ നാല് കാര്യങ്ങളും ഏത് കേസിലും ട്രൈബ്യൂണല്‍ പരിഗണിക്കും.

 

 

അങ്ങനെ മൂന്നു അപ്പീലുകള്‍ ആണ് ട്രൈബ്യൂണല്‍ വിഴിഞ്ഞം കേസില്‍ പരിഗണിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണ്. എതെങ്കിലും പദ്ധതിക്ക് എതിരായി കോടതിയില്‍ പോയി അത് ഇല്ലാതാക്കാന്‍ ശ്രമിച്ചതല്ല. ഏത് പദ്ധതിക്കും എതിരെ ആര്‍ക്കും പോകാവുന്ന ട്രൈബ്യൂണല്‍ ആണ്, അവിടെ പോയി എന്ന് മാത്രം.

എല്ലാ കാര്യങ്ങളും പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. തെറ്റായ കാര്യങ്ങള്‍ക്ക് ആണ് ക്ലിയറന്‍സ് നല്‍കിയത്. തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണിടിച്ചില്‍ കൂടുതല്‍ ഉണ്ടാകുന്ന തീരങ്ങളില്‍ ഒരു തരത്തില്‍ ഉള്ള നിര്‍മ്മാണങ്ങളും പാടില്ല എന്നുണ്ട്. വിഴിഞ്ഞം അതീവ മണ്ണിടിച്ചില്‍ മേഖലയായതുകൊണ്ട് അവിടെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല എന്ന് പരിസ്ഥിതി മന്ത്രാലയം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

മണ്ണിടിച്ചില്‍ മേഖലയാണോ എന്ന് പഠിച്ചിട്ടു വരാനാണ് ആദ്യം മന്ത്രാലയം പറഞ്ഞത്. സൈറ്റ് അപ്രൂവല്‍ കഴിഞ്ഞ് അവരിത് പഠിച്ചപ്പോള്‍ അത് മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പ്രദേശം ആണെന്നും നിലവിലെ വിഴിഞ്ഞം ഹാര്‍ബറിന്‍റെ നിര്‍മ്മാണം നടത്തിയപ്പോള്‍ ഏതാണ്ട് മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ വടക്ക് ഭാഗത്ത് മണ്ണിടിഞ്ഞു പോകുകയും തെക്ക് ഭാഗത്ത് മണ്ണടിഞ്ഞു കര രൂപപ്പെട്ടതായും കണ്ടെത്തി. ചെറിയ ഒരു നിര്‍മ്മാണ പ്രവര്‍ത്തനം കൊണ്ട് ഇത്രയും ഡാമേജ് ഉണ്ടാകുമ്പോള്‍ നാലര കിലോമീറ്റര്‍ ദൂരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠിക്കുകയോ അത് തടയാനുള്ള ഒരു മുന്‍കരുതലും എടുത്തില്ല എന്നായിരുന്നു പരിസ്ഥിതി ക്ലിയറന്‍സ് നല്‍കിയപ്പോള്‍ ആദ്യം ഉണ്ടായിരുന്ന ആക്ഷേപം. ആളുകളുടെ പരാതിയും വേണ്ടത്ര രീതിയില്‍ പരിഗണിച്ചിട്ടില്ല ഇതൊക്കെയാണ് അപ്പീലിന് പോയവര്‍ വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം ഇപ്പോള്‍ ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞിരിക്കുന്നു. എന്ന് മാത്രവുമല്ല സംസ്ഥാന സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

പ്രഥമദൃഷ്ട്യാ അവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം ഉണ്ടാകും എന്ന് ട്രൈബ്യൂണലിന് മനസിലായിട്ടുണ്ട്. ആദ്യം ക്ലിയറന്‍സ് കൊടുത്തപ്പോള്‍ ഇല്ലാതിരുന്ന ഒരു വാദഗതിയാണ്. ആ ക്ലിയറന്‍സുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു ഏഴംഗ കമ്മിറ്റി ഉണ്ടാകുമായിരുന്നില്ല. മത്സ്യ തൊഴിലാളികള്‍ക്ക് എന്ത് സംഭവിച്ചാലും ഞങ്ങള്‍ ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ട് എന്ന ഒറ്റക്കാരണത്തില്‍ അവര്‍ പിടിച്ചു നില്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ അത് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും അദാനിയെ സഹായിക്കുന്ന തരത്തിലാണ് വാദിച്ചത്. അദാനിയെ കക്ഷിചേര്‍ക്കണം എന്നും അദാനിയുടെ ഭാഗം കേള്‍ക്കണം എന്നും സര്‍ക്കാര്‍ അവസാനം കൊടുത്ത സത്യവാങ്മൂലത്തില്‍ പോലും ഉണ്ട്.

അങ്ങനെ ഒരു ഗവണ്മെന്റ് ഈ പദ്ധതിയില്‍ പരിസ്ഥിതിക്ക് വേണ്ടി എല്ലാം അനുകൂലമായ നടപടി സ്വീകരിക്കും എന്ന് പറയാന്‍ വയ്യ. അതുകൊണ്ടാണല്ലോ ട്രൈബ്യൂണല്‍ ഇപ്പോള്‍ ഇതൊന്നുമല്ലാതെ പുറത്ത് നിന്നുള്ള ഒരു സമിതിക്ക് രൂപം നല്‍കിയത്.

അതുകൊണ്ട് തന്നെ അപ്പീല്‍ വാദികള്‍  ഉന്നയിച്ച പരാതികള്‍ പദ്ധതിക്ക് എതിരായിരുന്നില്ല, അവിടെയുള്ള പ്രദേശവാസികളുടെ ആകുലതകള്‍ പരിഹരിക്കപ്പെടാന്‍ ഉള്ള നീക്കം ആയിരുന്നു എന്നതിനുള്ള ഒരു തെളിവാണ് കമ്മിറ്റി രൂപീകരണം. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനെ നമ്മള്‍ സ്വാഗതം ചെയ്യണം.

എന്നാല്‍ ജഡ്ജ്മെന്‍റ് വായിച്ചു നോക്കുമ്പോള്‍ പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ പ്രശ്നങ്ങളും നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ സത്യസന്ധമായി പരിഗണിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അങ്ങനെ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും അപ്പീല്‍ പോകാം.

ഏതായാലും സംസ്ഥാന സര്‍ക്കാര്‍ കണ്ണുംപൂട്ടി മുന്നോട്ട് പോകാന്‍ ഇരുന്നപ്പോള്‍ അതല്ല, പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു മോണിറ്ററിംഗ് കമ്മിറ്റി എങ്കിലും ഉണ്ടാകണം എന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ഈ അപ്പീലുകള്‍ സഹായിച്ചു.

പശ്ചിമ തീരത്തിന്‍റെ പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി നിരവധി പഠനങ്ങള്‍ നമുക്കുണ്ട്. അവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കടലിനെയും കടല്‍ ജീവികള്‍ക്കും കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്കും എന്തുമാത്രം ദോഷം ചെയ്യുമെന്ന് ഈ പഠനങ്ങളില്‍ എല്ലാം പറയുന്നുണ്ട്.

അതുകൊണ്ട് പ്രൊജക്റ്റിനു കൊടുത്ത ക്ലിയറന്‍സ് തെറ്റാണ് എന്നല്ല. ആഘാതം പദ്ധതിയുടെ ഭാഗമാണ് എന്നായിരിക്കും ചിലപ്പോള്‍ ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടാകുക. ഏതു പദ്ധതി വന്നാലും പരിസ്ഥിതി ആഘാതം ഉണ്ടാകുമല്ലോ? നാടിന്‍റെ വികസനത്തിന് പരിസ്ഥിതി ആഘാതം പ്രശ്നമല്ല എന്നായിരിക്കും ട്രൈബ്യൂണല്‍ കണ്ടെത്തിയത്. അതുകൊണ്ട് പദ്ധതിയുടെ കുഴപ്പങ്ങള്‍ ഇല്ലാതാകുന്നില്ല. 

ഇതൊന്നും അറിയാത്തവര്‍, ദുബായ് പോര്‍ട്ടും സിംഗപ്പൂര്‍ പോര്‍ട്ടും കൊളംബോ പോര്‍ട്ടും ഒക്കെ നടത്തിക്കൊണ്ട് പോകുന്നില്ലേ, അവിടെ ഒരു കുഴപ്പവും ഇല്ലല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ അങ്ങനെയാണ് ചര്‍ച്ചകള്‍ വരുന്നത്. അവരോട് പറയാന്‍ ഉള്ളത് സിംഗപ്പൂരും കൊളംബോയിലും ഒന്നും നമ്മുടെ നാട്ടിലെ പോലെ സാധാരണക്കാര്‍ കട്ട മരങ്ങളിലും വള്ളങ്ങളിലും ഒന്നും കടലില്‍ പോയി മത്സ്യബന്ധനം നടത്തി അന്നന്നത്തേക്കുള്ള ആഹാരത്തിനുള്ള വക കണ്ടെത്തുന്നില്ല. അവരൊന്നും പോര്‍ട്ട്‌ മൂലം ദുരിതം അനുഭവിക്കുന്നവര്‍ അല്ല. അവിടെയെല്ലാം വന്‍കിട കോര്‍പ്പറേറ്റുകളാണ് മത്സ്യ ബന്ധനം നടത്തുന്നത്. അവര്‍ ആഴക്കടലുകള്‍ ആണ് ലക്ഷ്യം വയ്ക്കുന്നത്. തീരദേശത്ത് മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരെയാണ് ഇതൊക്കെ ബാധിക്കുന്നത്. അവരുടെ കുടിലുകളാണ് പട്ടിണിയാകുന്നത്.

 

 

പിന്നെ വേറൊരു കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത്, ഈ പരാതിക്കാര്‍ കോടിക്കണക്കിന് രൂപ കൊടുത്താണ് വക്കീന്മാരെ ഏര്‍പ്പാടാക്കിയത് എന്ന്. ഇതില്‍ ജോസഫ് വിജയന്‍ കൊടുത്ത അപ്പീല്‍ ഫയല്‍ ചെയ്തതും ആദ്യം കുറേക്കാലം ചെന്നൈയില്‍ വാദിച്ചതും ഞാനായിരുന്നു. എനിക്ക് ഈ കേസില്‍ ലഭിച്ചത് പതിനായിരം രൂപയാണ്. പിന്നീട് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ എന്‍റെ സുഹൃത്ത് പ്രശസ്ത പരിസ്ഥിതി അഡ്വക്കേറ്റ് ഋതിക് ദത്ത ഒരു രൂപ പോലും വാങ്ങാതെയാണ് ഹാജരായത്. അദ്ദേഹം വിഴിഞ്ഞം സന്ദര്‍ശിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയാണ് കേസ് വാദിക്കാനെത്തിയത്. അടുത്ത ഒരാള്‍ പ്രശാന്ത്‌ ഭൂഷന്‍ ആയിരുന്നു. അദ്ദേഹവും കാശ് വാങ്ങിയതായി അറിവില്ല. ഞങ്ങളെയൊക്കെ പറ്റിയാണ് കോടിക്കണക്കിന് രൂപ വാങ്ങിയാണ് കേസ് വാദിച്ചത് എന്ന് ഇവര്‍ പറഞ്ഞത്. ഇതൊക്കെ എഴുപതുകളില്‍ പറഞ്ഞു തഴമ്പിച്ച വില കുറഞ്ഞ ആരോപണങ്ങളാണ്. സൈലന്‍റ് വാലിയെ എതിര്‍ത്തവരെപ്പറ്റി അന്ന് പറഞ്ഞത് സിഐഎയുടെ കാശ് വാങ്ങി എന്നായിരുന്നു. ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്ന ആളുകള്‍ കുറച്ചു കൂടി മാന്യത പുലര്‍ത്താന്‍ ശ്രമിക്കണം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍