UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വരാജിന് അഭിവാദ്യങ്ങൾ; ജയശങ്കറിനോട് സഹതാപം; മാധ്യമങ്ങളോട് രണ്ടു വാക്ക്

Avatar

റിബിന്‍ കരീം

മിഷേൽ ഫൂക്കൊയും നോം ചോംസ്കിയും തമ്മിൽ നടന്ന വളരെ പ്രസിദ്ധമായ ഒരു സംവാദമുണ്ട്. ‘മനുഷ്യനും പ്രകൃതിയും’ എന്ന വിഷയത്തിൽ ഏതാണ്ട് രണ്ടു മണിക്കൂറിലധികം നീണ്ടുനിന്നു ആ സംവാദം. രണ്ടു പേരെയും നമുക്കറിയാം. തീര്‍ത്തും വ്യത്യസ്ഥമായ ഫിലോസഫികൾ പിന്തുടരുന്നവർ. ഫൂക്കോ ഇംഗ്ലീഷ് സംസാരിക്കില്ല നോം ചോംസ്കിക്ക് ഫ്രഞ്ചും. പക്ഷെ ആ ചര്‍ച്ചയ്ക്ക് കാഴ്ചക്കാരായവർക്കറിയാം എത്ര മനോഹരമായാണ് ഇരുവരും ഒപ്പം ചര്‍ച്ച നയിച്ച അവതാരകനും അതിൽ പങ്കെടുത്തതെന്ന്.   

ചർച്ച, സംവാദം എന്നൊക്കെ പറയുന്നത് ഏതെങ്കിലും ഒരു പ്രൊപ്പഗന്‍ഡ നടപ്പിലാക്കാനോ, ഒരാളുടെ ശരികളെ മാത്രം ഉയര്‍ത്തി പിടിക്കാനോ ഉള്ള ഒന്നല്ല. മറിച്ച് അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചില്ലെങ്കിലും അതും ഒരു മനുഷ്യന്റെ സ്വരം ആണെന്നും അയാൾക്ക്‌/അവള്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും തിരിച്ചറിയാനുള്ള മര്യാദ പാലിക്കലാണ്. രണ്ടാമതായി ഏറ്റവും മാന്യമായ ജനാധിപത്യ സ്വഭാവം സൂക്ഷിച്ചുകൊണ്ട് ചർച്ചകളെ പ്രേക്ഷകര്‍ക്ക് കൂടി ഒരു നല്ല അനുഭവം സമ്മാനിക്കലാണ്.

സി പി ഐ എം സംസ്ഥാന സമ്മേളനതോടനുബന്ധിച്ചു റിപ്പോര്‍ട്ടർ ചാനലിൽ നികേഷ് കുമാറിന്റെ നേതൃത്വത്തിൽ അഡ്വ. ജയശങ്കറും എം സ്വരാജും തമ്മില്‍ നടന്ന ഒരു ചർച്ച വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴി വെച്ചു. ചര്‍ച്ചയുടെ ഒരു ചെറിയ വിവരണം ആവശ്യം ആണെന്ന് തോന്നുന്നു.

1. സ്വരാജും, ജയശങ്കറും മുഖാമുഖം പങ്കെടുത്ത ഒരു ചർച്ച ആയിരുന്നില്ല അത്. ജയശങ്കർ , എൻ എം പിയേഴ്സൻ , ഷാജഹാൻ എന്നിവര് ന്യൂസ്‌ ഡെസ്കിലും സ്വരാജ് ടെലിഫോണ്‍ ലൈനിലും ആയിരുന്നു. 

2. പത്രമാപ്പീസുകളുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ വാർത്തകൾ വളച്ചൊടിക്കുന്ന ശബ്ദമാണ് സുകുമാര് അഴീക്കോട് കേട്ടതെങ്കിൽ അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ വാർത്തകൾ നിര്‍മ്മിക്കുന്ന ശബ്ദം കേൾക്കുമായിരുന്നു. വായുവിൽ നിന്നും നിർമ്മിക്കുന്ന ഒരുപിടി ഡിക്ലറേഷനുകൾ അവതാരകൻ നിരത്തുകയും തരിമ്പും ആധികാരികത അവകാശപ്പെടാനില്ലെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ജയശങ്കറിന്റെ അഭിപ്രായത്തിനു വിടുന്നു.

3. അവതാരകന്‍റെ ഡിക്ലറേഷനുകൾ മുഴുവനായും വിഴുങ്ങിക്കൊണ്ട് നെപ്പോളിയനെ ക്വോട്ട് ചെയ്തു തുടങ്ങിയ ജയശങ്കർ പിന്നീട് പറഞ്ഞത് കേട്ടാൽ നെപ്പോളിയൻ കുഴിമാടത്തിൽ നിന്നിറങ്ങി വന്നു അദേഹത്തെ തല്ലുന്ന രീതിയിൽ ആയിരുന്നു. കൊഞ്ഞാളൻ, കുരങ്ങൻ, എം സ്വരാജിന്റെ തന്ത വള്ളി നിക്കർ ഇടുന്ന കാലത്ത്, തുടങ്ങി നീചമായ പ്രയോഗങ്ങളുടെ നീണ്ട ശ്രേണികളിൽ നിര്‍മ്മിച്ചെടുത്ത അസ്ത്രങ്ങള്‍ ലക്കും ലഗാനും ഇല്ലാതെ തൊടുത്തു വിട്ടുകൊണ്ടിരുന്നു.

4. ജയശങ്കറിന്റെ വിമര്‍ശനം എന്ന് വിളിക്കാൻ യാതൊരു കാരണവുമില്ലാത്ത അപഹാസ്യത്തിനു മറുപടി പറയാൻ സ്വരാജിനെ ഫോണിൽ ബന്ധപ്പെടുന്നു. ഇവിടെയാണ് എം സ്വരാജ് എന്ന യുവ നേതാവിന്റെ പൊളിറ്റിക്കൽ എബിലിറ്റിയും പേഷ്യന്‍റ്സും ശത്രുക്കള്‍ക്കു പോലും അംഗീകരിച്ചു കൊടുക്കേണ്ടി വരുന്നത്. തികച്ചും പക്വതയാര്‍ന്ന പ്രതികരണം. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മാന്യത കൈ വിടാതെ, വികാര പ്രകടനങ്ങൾ ഇല്ലാതെ തന്മയത്വത്തോട് കൂടി.  ‘ജയശങ്കർ പഠിച്ച സ്കൂളിലല്ല സ്വരാജ് പഠിച്ചതെന്ന’ ഒരൊറ്റ പ്രയോഗത്തില്‍ എല്ലാ മറുപടിയും ഉണ്ട്. ഒപ്പം നേർക്ക്‌ നേരെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനവും.

ബഹുമാനം മാത്രം ആയിരുന്നു അഡ്വ ജയശങ്കറിനോട്. മാധ്യമം ആഴ്ചപ്പതിപ്പിൽ കാഞ്ച ഐലയ്യയുടെ ‘എരുമ ദേശീയത’ എന്ന പുസ്തകത്തെ കുറിച്ച് ശ്രദ്ധേയമായ ലേഖനം എഴുതിയ കാലം മുതൽ. വിമോചന സമരം, അടിയന്തിരാവസ്ഥ, തുടങ്ങി കേരള രാഷ്ട്രീയത്തിന്റെ ആനുകാലിക സാമൂഹിക പശ്ചാത്തലത്തെ ജയശങ്കർ തൂലികയിൽ ഒപ്പിയെടുത്തപ്പോൾ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിറന്നു വീണതത്രയും എണ്ണം പറഞ്ഞ ലേഖനങ്ങള്‍ ആയിരുന്നു.

മലയാള ടി വി ചാനലുകളിലെ ചർച്ച സദസ്സുകളിൽ സജീവ സാന്നിധ്യം അറിയിച്ചു തുടങ്ങിയ കാലം മുതൽ മറ്റൊരു മുഖം ദര്‍ശിക്കേണ്ട ഗതി വരുമെന്ന് എം എൻ സ്മാരക ഓഫീസിനകത്തു ഇരിക്കുന്നവർ പോലും ചിന്തിച്ചു കാണില്ല. സി പി ഐ എം സെക്രട്ടറി പിണറായി വിജയനെ “പേപ്പട്ടി” എന്ന് വിശേഷിപ്പിക്കുകയും, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് “ചിരപ്പിനു പൊക്കൂടെ” എന്ന അസ്സല്‍ തൊഴിലാളി വിരുദ്ധത പറഞ്ഞുകൊണ്ടും ഒന്ന് തിരുത്താൻ പോലും ശ്രമിക്കാതെ അഴിഞ്ഞാടിയപ്പോൾ പല കോണുകളിൽ നിന്നും കനത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.

കുലുങ്ങാൻ ഭാവം ഇല്ലെന്നു ഉറപ്പിച്ചുകൊണ്ട് വ്യക്തിഹത്യ ശീലമാക്കിയ ജയശങ്കർ ഇതിനിടെ ആർ എസ് എസിന്‍റെ വേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കെ സുരേന്ദ്രന് രാഖി കെട്ടി കൊടുക്കാനും ശോഭ യാത്രയിൽ പങ്കെടുക്കാനും ഒരു മടിയും ഈ അഭിനവ ഇടതുപക്ഷ ചിന്തകന് ഉണ്ടായില്ല. എല്ലാ ടേബിളിലും ഒരേ പോലെ ഇറക്കുന്ന കാര്‍ഡ് സ്വരാജിന്റെ അടുത്ത് കൂടി ഇറക്കിയപ്പോൾ മുഖമടച്ച പ്രഹരം കണക്കെ മറുപടി കിട്ടി. ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ.

നെപ്പോളിയനെ ക്വോട്ട് ചെയ്തു കൊണ്ട് ആരംഭിച്ച ജയശങ്കറിനു നെപ്പോളിയന്റെ തന്നെ മറ്റൊരു ക്വോട്ടേഷൻ സമർപ്പിക്കുന്നു. 

In politics stupidity is not a handicap.

സ്വരാജുമൊത്തുള്ള ചർച്ച വീക്ഷിച്ചവര്‍ക്ക് തീരെ കുറഞ്ഞു പോയി എന്നുതോന്നും. പക്ഷെ ജനാധിപത്യ മര്യാദയും രാഷ്ട്രീയ പ്രബുദ്ധതയും ശീലിച്ചു പോയവര്‍ക്ക് അത് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്.

ലോകത്തിലിന്നു വരെ നടന്നിട്ടുള്ള എല്ലാ മൂവ്മെന്റുകൾക്കും പ്രത്യയശാസ്ത്ര രൂപീകരണങ്ങള്‍ക്കും വഴി തെളിയിച്ചത് നൂറ്റാണ്ടുകൾ നീണ്ടു നിന്ന ചർച്ചകളാണ്. അതുകൊണ്ടുതന്നെ ചർച്ചകൾ എല്ലാ കാലത്തും പ്രസക്തമാണ്.

ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഇന്നു മുന്‍പെന്നത്തെക്കാളും തന്ത്രപ്രധാനമാണെന്നതില്‍ രണ്ടു പക്ഷമില്ല. ജനങ്ങള്‍ മറ്റെന്തിനെക്കാളും കൂടുതലായി അവയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. വില നല്‍കുന്നു. അതുകൊണ്ടുതന്നെ ജനങ്ങളോടും അതുവഴി സമൂഹത്തോടും വലിയൊരു കടമയാണ് മാധ്യമങ്ങള്‍ക്ക് നിറവേറ്റാനുള്ളത്.

നെഗറ്റീവ് ഔട്പുട്ട് മാത്രം ഉൽപ്പാദിപ്പിക്കാൻ ഇടയുള്ള മേൽ വിവരിച്ച രീതിയിലുള്ള ചർച്ചകളെ നിയന്ത്രിക്കാൻ ഇനിയും ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അത് കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴി തെളിച്ചേക്കാം.

ഏറ്റവും മാന്യമായ ഭാഷ സംസാരിക്കുന്നവനാണ് ഒരു കമ്യൂണിസ്റ്റുകാരൻ എന്ന് പറഞ്ഞത് ലെനിനാണ്.  അതുകൊണ്ടുതന്നെ എം സ്വരാജിനെ പോലെ ഉള്ളവരുടെ ഇടപെടലുകൾ ഈ നിര്‍ണ്ണായക ഘട്ടത്തിൽ ഇടതുപക്ഷത്തിനു മുതല്‍ക്കൂട്ടാകും എന്നുതന്നെ പ്രതീക്ഷിക്കുന്നു. ഒപ്പം നല്ല രാഷ്ട്രീയം ഉടലെടുക്കുന്ന, വ്യക്തിഹത്യകൾ അനുവദിക്കാത്ത, ലോകത്തിന്റെ ഗതി നിര്‍ണ്ണയിച്ചേക്കാവുന്ന നല്ല ചർച്ചകൾ സംഭവിക്കട്ടെ എന്നു മാത്രം പ്രത്യാശിക്കുന്നു.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍