UPDATES

ജയശങ്കറോടും പിയേഴ്സനോടും ഒരപേക്ഷ; രാത്രി ഒന്‍പതു മണിക്ക് ഞങ്ങളെ ശല്യം ചെയ്യാന്‍ ഇനി വരരുത്

Avatar

വി കെ അജിത്‌ കുമാര്‍

നിരക്ഷരരെന്നു കരുതുന്ന ബീഡി തൊഴിലാളികളും ചുമട്ടു തൊഴിലാളികളും തോട്ടം തൊഴിലാളികളും ദാരിദ്ര്യത്തില്‍ നിന്നും മധ്യവര്‍ഗ്ഗത്തിലേക്ക് കാലെടുത്തു കുത്തുന്ന ഒരു സാമൂഹികസംഘവും നിര്‍ണ്ണയിച്ചിരുന്ന ഒരു രാഷ്ട്രിയ മണ്ഡലം (political domain)  കേരളത്തിനുണ്ടായിരുന്നു. പത്തിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇത് അതിശക്തവുമായിരുന്നു. അതിലുടെയാണ് ഭരണ തുടര്‍ച്ചകളും നഷ്ടങ്ങളും വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക്  സംഭവിച്ചുകൊണ്ടിരുന്നത്. അതിലൂടെ മാത്രമാണ് കേരളം അതിന്‍റെ രാഷ്ട്രിയ സാക്ഷരതയിലൂന്നിയ മാതൃകകള്‍ ലോകത്തിനു കാണിച്ചുകൊടുത്തത്. ചിന്താശക്തിയും വോട്ടും അവിടെ നേര്‍ അനുപാതത്തിലായിരുന്നു. വായന നല്‍കിയിരുന്ന രാഷ്ട്രിയ മസ്തിഷ്ക വളര്‍ച്ചയുടെ സൂചകങ്ങളായും ഇതിനെ കാണാം. 

എന്നാല്‍ മലയാളികളുടെ രാഷ്ട്രിയ വായനയെ മാറ്റി മറിക്കുവാന്‍ ടെലിവിഷന്‍ മാധ്യമത്തിനു ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ  വാര്‍ത്തയെ പറ്റി നടത്തുന്ന ചര്‍ച്ചകള്‍ ഇതും കടന്ന് പലപ്പോഴും കാഴ്ച.ക്കാരന്‍റെ ചിന്താശേഷിയേ കടത്തികൊണ്ടു പോകുകയാണ്. ഇവിടെയാണ് ഒന്‍പതുമണി വീരന്മാരുടെ പ്രസക്തി.

ശരാശരി മലയാളിയുടെ മനസില്‍ സിപിഐഎമ്മിനെതിരെ ഉയരുന്ന വാഗ്ധോരണികള്‍ പലപ്പോഴും പിയേഴ്സണും ജയശങ്കറുമായി മാറുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്. കഴിഞ്ഞ കുറെയേറെ നാളുകളായി സി പിഎം എന്ന കക്ഷിയുടെ നിലപാടുകളെ നിരന്തരം വിമര്‍ശിക്കുവാന്‍ പിയേഴ്സണും ജയശങ്കറും ഒന്‍പതുമണിയെന്ന സമയം ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ കുലം കുത്തികളും തെരുവ് ഗുണ്ടകളും പിന്നെ ചുരുക്കം ചില ആദര്‍ശവാന്‍മാരും എന്ന് ഒരു രാഷ്ട്രിയ പാര്‍ട്ടിയെ പുനര്‍നിര്‍വചിച്ചു പൊളിച്ചെഴുതുവാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ നിരത്തുന്ന വാദഗതികള്‍ ജനങ്ങള്‍ പലപ്പോഴും അംഗികരിക്കുകയും അതിലെ ശരികളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇവരെ നിഷ്പക്ഷതയുടെ വക്താക്കളായും നമ്മള്‍ സ്വീകരിച്ചു. എന്നാല്‍ ഇപ്പോഴാണിവരുടെ പക്ഷം ശരിക്കും ചിത്രത്തില്‍ തെളിയുന്നത്. 

ദയവായി ഇനി ഞങ്ങളെ ശല്യപ്പെടുത്താന്‍ നിഷ്പക്ഷരാഷ്ട്രിയത്തിന്റെ കുപ്പായമണിഞ്ഞു നിങ്ങള്‍ വരരുത്. സി പി എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുമ്പോള്‍ നിങ്ങളെ പോലുള്ള ആളുകളുടെ ആര്‍ജ്ജവം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നിങ്ങളെ വെള്ളാപ്പള്ളിയുടെ തിരുനടയില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ പകച്ചുപോയി. ഇത്രയൊക്കെയോ ഉള്ളോ നിങ്ങള്‍ എന്ന് ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. നിങ്ങള്‍ വിമര്‍ശിച്ചതൊക്കെ ഒരു പുതിയ രാഷ്ട്രീയം പറയുന്ന കേരളമായിരുന്നു എന്ന് കരുതിയ ഞങ്ങളെ നിങ്ങള്‍ കൊണ്ടുപോയത് എവിടേക്കാണ്‌. നിങ്ങള്‍ ആം ആദ്മിയുടെ ഒരു ബ്രാഞ്ചെങ്കിലും രുപികരിക്കൂ. അതില്‍ നിങ്ങളെ കണ്ടിരുന്നുവെങ്കിലും ഞങ്ങള്‍ ആനന്ദിക്കുമായിരുന്നു. ഇതിപ്പോള്‍ അങ്ങനെയാണോ? കേരളരാഷ്ട്രിയം  മുഴുവന്‍ നിയന്ത്രിക്കാന്‍ തക്കതായ  റിമോട്ട് കണ്‍ട്രോള്‍ യന്ത്രമുണ്ടെന്നവകാശപ്പെടുന്ന ഒരു വ്യക്തി രൂപികരിക്കുന്ന പൊളിറ്റിക്കല്‍ പാര്‍ട്ടിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിലേക്ക് നിങ്ങള്‍ എത്ര പെട്ടെന്നാണ് സ്വയം തിരിച്ചറിഞ്ഞു കയറിച്ചെന്നത്. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കൃത്യമായി ജാതി രാഷ്ട്രീയം ഉള്‍പ്പെടുത്തിയത് വി പി സിംഗ് എന്ന പ്രധാനമന്ത്രിയല്ലാതെ മറ്റാരുമല്ല. അതുവരെ ഒളിഞ്ഞിരുന്ന ജാതീയത എന്ന നിഴലിനെ വളരെ പെട്ടെന്ന് യഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒ ബി സി എന്ന പിന്നോക്കക്കാര്‍ഡ് ദുബലമായ ഒന്നല്ല, അത് തുറുപ്പു ചീട്ടുതന്നെയാണെന്ന് മനസിലാക്കിയ രാഷ്ട്രിയ ബുദ്ധി അദ്ദേഹത്തിന്‍റെതാണ്. യു എസ് എസ് ആറിനെ ഇല്ലാതാക്കി പ്രയാണം ചെയ്ത ഗോര്‍ബച്ചേവിനെ പോലെ സിംഗും മാറിനിന്ന് ഇന്ത്യന്‍ അവസ്ഥ ചെറു ചിരിയോടെ നിരീക്ഷിച്ചിരിക്കാം. പിന്നോക്ക കാര്‍ഡിന്റെ കളി പിന്നീട് മോദിയും വളരെ ലാഘവത്തോടെ ഏറ്റെടുത്തു. ഇവിടെ അതിന്‍റെ മൊത്തവ്യാപാരം നടത്തി ലഭിക്കാന്‍ പോകുന്ന അധികാരത്തെ പറ്റി സ്വപ്നം കാണുന്നവരുടെ സമുദായക്കൂട്ടത്തില്‍ സെക്യുലറിസം കാണിക്കാന്‍ കൊണ്ടു ചെന്നിരുത്തിയ കാഴ്ച പാവകളായി നിങ്ങളെ കണ്ടതില്‍ വിഷമം തോന്നുന്നു. ഒരു പക്ഷേ വെള്ളാപ്പള്ളി നടേശന്‍ എന്ന വ്യക്തി കേരളത്തിനു നല്‍കിയ സംഭാവനകളുടെ കുട്ടത്തില്‍ നിങ്ങളെ തിരിച്ചറിയുവാന്‍ അവസരം നല്‍കി എന്നതു കുടി ചേര്‍ത്തു വായിക്കാം. 

അന്ധമായ പിണറായി വിരോധം മാത്രമല്ല വി എസ് അച്യുതാനന്ദനോട് ഒരു പ്രത്യേക മമത  നിങ്ങളില്‍ ഉണ്ടായിരുന്നുവെന്ന്  ചിലപ്പോഴൊക്കെ ഞങ്ങള്‍ കരുതിയിട്ടുണ്ട്. പ്രത്യേകിച്ചും “സി.പി.എമ്മില്‍ പിണറായി വിജയനല്ല പ്രസക്തി, വി.എസ്.അച്യുതാനന്ദനാണ്. കാരണം അച്യുതാനന്ദന്‍ എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ ശബ്ദിക്കുന്നു. പിണറായി വിജയന്‍ പാര്‍ട്ടി എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു”വെന്ന് എന്‍ എം പിയേര്‍സണ്‍ പറഞ്ഞപ്പോഴും ‘എം സ്വാരജല്ല, അവന്റെ അച്ഛന്‍ വള്ളി നിക്കറിട്ട് നടക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായ ആളാണ് വിഎസ് അച്യുതാനന്ദ’നെന്ന്   ജയശങ്കര്‍ വിളിച്ചുപറഞ്ഞപ്പോഴും ഞങ്ങള്‍ അങ്ങനെതന്നെയാണ് കരുതിയത്‌. പാര്‍ട്ടിയുടെ കറക്ഷന്‍ യുണിറ്റായി പലപ്പോഴും പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ കരുതുന്ന വി എസിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങള്‍ കരുതി. പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ പരസ്പരം പ്രത്യക്ഷമായി ഏറ്റുമുട്ടുന്ന വെള്ളാപ്പള്ളി വി എസ് ദ്വയത്തില്‍ ഇങ്ങനെയൊരു നിലപാടെടുത്തത്.

ഇനി ദയവായി നിങ്ങള്‍ ഒന്‍പതു മണിക്ക് പാവപ്പെട്ട ഞങ്ങളെ ശല്യം ചെയ്യാന്‍ വരരുത്, അഥവാ വന്നാല്‍ തന്നെയും ഇവിടെ ഇനി ഉണ്ടാകാന്‍ പോകുന്ന നിയോ മാര്‍ക്സിയന്‍ കാവിദേശിയതയെന്നോ, സേവ് കേരള ത്രൂ വെള്ളാപ്പള്ളി എന്ന ഉള്ള സബ് ഹെഡില്‍ മാത്രം വന്നിരുന്നു സംസാരിക്കുക -നിലപാടു വ്യക്തമാക്കുക. 

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍