UPDATES

ജലീല്‍ മന്ത്രിയായത് പിണറായിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായതുകൊണ്ട്; അഡ്വ. ജയശങ്കര്‍

അഴിമുഖം പ്രതിനിധി 

തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തേയും അത് തിരുത്തി പറയുന്ന മന്ത്രി കെടി ജലീലിനെയും പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ആദ്യം സിമിയായിരുന്ന ജലീൽ പിന്നീട് യൂത്തു ലീഗായി പിന്നെ മാർക്സിസ്റ്റ് മച്ചമ്പിയും പിണറായി വിജയൻറെ മന:സാക്ഷി സൂക്ഷിപ്പുക്കാരനുമായി അങ്ങനെ മന്ത്രിയായി എന്നും ജയശങ്കര്‍ തന്‍റെ പോസ്റ്റിലൂടെ പരിഹസിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

വെള്ളിക്കോൽ പോലെ, അല്ലെങ്കിൽ കരിങ്കുരങ്ങു രാസായനം പോലെയാണ് സർക്കാരിന്റെ സത്യവാങ്മൂലം. വെള്ളിക്കോലിൽ വെള്ളിയില്ല, കരിങ്കുരങ്ങു രാസായനത്തിനു പേരിലല്ലാതെ കരിങ്കുരങ്ങുമായി ഒരു ബന്ധവുമില്ല. സുപ്രീം കോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ്മൂലം സത്യത്തിൽ ഒരു തമാശ മാത്രമാണ്. അതിനു അതെഴുതിയ കടലാസിന്റെ വിലപോലും കല്പിക്കേണ്ടതില്ല.

തെരുവുനായ്ക്കളെ വിഷം കുത്തിവെച്ചു കൊല്ലാം എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. നായ്ക്കളെ ഒരു കാരണവശാലും കൊല്ലില്ല, സർക്കാർ ചെല്ലും ചിലവും കൊടുത്തു വളർത്തും, മൃഗസ്നേഹികൾക്ക് ദത്തെടുത്തു വളർത്താൻ അനുവദിക്കും എന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തു.സത്യവാങ്മൂലം കണക്കാക്കേണ്ട നായ്ക്കളെ കൈകാര്യം ചെയ്യാം എന്നാണ് മന്ത്രിയുടെ ഏറ്റവും പുതിയ വെളിപാട്.

ഇനി ആരെങ്കിലും നായ്ക്കളെ കൊന്നാൽ പോലീസ് കേസെടുക്കും, മജിസ്‌ട്രേറ്റ് കോടതി ശിക്ഷിക്കും. അപ്പോൾ മന്ത്രി പറയും കൊല്ലാൻ ഞാൻ പറഞ്ഞില്ലല്ലോ, കൈകാര്യം ചെയ്യണം എന്നതുകൊണ്ട് നായ്ക്കളെ ഓമനിക്കണം, ഒക്കത്തെടുത്തു വയ്ക്കണം എന്നാണ് ഉദ്ദേശിച്ചതെന്ന്.

സത്യത്തോടും സിദ്ധാന്തത്തോടുമുള്ള ഈ പ്രതിബദ്ധതയാണ് കെ.ടി.ജലീലിനെ ഇന്നത്തെ നിലയിലെത്തിച്ചത്. ആദ്യം സിമിയായിരുന്ന ജലീൽ പിന്നീട് യൂത്തു ലീഗായി പിന്നെ മാർക്സിസ്റ്റ് മച്ചമ്പിയും പിണറായി വിജയൻറെ മന:സാക്ഷി സൂക്ഷിപ്പുക്കാരനുമായി അങ്ങനെ മന്ത്രിയായി.

സത്യമേവ ജയതേ, സത്യവാങ്മൂലമേവ ജയതേ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍