UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുഴയ്ക്കല്‍പാടത്തെ അനധികൃത നിലംനികത്തല്‍; അഴിമുഖത്തിന് പറയാനുള്ളത്

Avatar

അഴിമുഖം പ്രതിനിധി

തൃശൂര്‍ ജില്ലയിലെ കോലഴി പഞ്ചായത്തിലെ പുഴയ്ക്കല്‍ പാടത്തെ 19 ഏക്കര്‍ നികത്തി ശോഭ ലിമിറ്റഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിദ്യ സംഗീത് ഹൈക്കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി ഏഴിന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. നികത്തിയ പാടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ 2014 ജൂലൈ 18ന് ഉത്തരവ് പുറപ്പെടുവിച്ചതിനാലും ആ ഉത്തരവിനെതിരെ ശോഭ ലിമിറ്റഡ് ഗവണ്‍മെന്റില്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കുന്നതിനാലും ഹൈക്കോടതിക്ക് ഈ വിഷത്തില്‍ അഭിപ്രായം ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി റിട്ട് ഹര്‍ജി തീര്‍പ്പാക്കിയത്.

ആരുടെയും പക്ഷം പിടിക്കാതെയും ഇതുമായി ബന്ധപ്പെട്ട ഇരുവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ടും പ്രസ്തുത വിഷയത്തില്‍ അഴിമുഖം കൃത്യമായ മാധ്യമധര്‍മ്മത്തോടെ ഇടപെട്ടിരുന്നു. വായനക്കാര്‍ക്ക് കൃത്യമായ വിവരങ്ങളുമായി യഥാര്‍ത്ഥ ചിത്രം പകര്‍ന്നു നല്‍കാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. അതിനാലാണ് പ്രസ്തുത വിഷയത്തില്‍ ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് കോടതി ഉത്തവ് വന്ന സാഹചര്യത്തില്‍ അഴിമുഖം വീണ്ടും ഈ വിഷയത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നത്.

പുഴയ്ക്കല്‍ പാടത്തെ 19 ഏക്കര്‍ പാടം ശോഭ ലിമിറ്റഡും അവയുടെ ഉപകമ്പനികളും ചേര്‍ന്ന് നിരത്തി ഫ്ലാറ്റുകളും വില്ലകളും നിര്‍മിക്കുന്നുവെന്ന് പ്രദേശവാസികള്‍ അഡ്വ. വിദ്യയോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് അവര്‍ ഈ വിഷയവുമായി രംഗത്ത് വരുന്നതും തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി കൊടുക്കുന്നതും. ‘കളക്ടര്‍ ആര്‍ഡിഒയെകൊണ്ട് പ്രസ്തുത സ്ഥലത്ത് അന്വേഷണം നടത്തുകയും തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടുകൊണ്ട് സ്‌റ്റോപ് മെമ്മോ നല്‍കുകയുമായിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയാണെന്ന് വ്യക്തമായതോടെ താന്‍ നേരിട്ട് കളക്ടറെ കണ്ട് പരാതി കൊടുത്തു. എന്നാല്‍ കളക്ടറില്‍ നിന്ന് ആക്ഷേപകരമായ പെരുമാറ്റമാണ് ഉണ്ടായത്. തോറ്റുകൊടുക്കാന്‍ തയ്യാറാകാത്തതുകൊണ്ട് സകല തെളിവുകളും നിരത്തി വാദിച്ചപ്പോള്‍ കളക്ടര്‍ നിശബ്ദയായി. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും മണ്ണടിച്ചുകൊണ്ടിരുന്ന രണ്ട് ലോറികള്‍ പിടിച്ചെടുക്കയും ചെയ്തു. എന്നാല്‍ ഈ കാട്ടികൂട്ടലുകളെല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമായിരുന്നു; രാത്രിയും പകലുമില്ലാതെ നിലം നികത്തല്‍ തകൃതിയായി നടക്കുകയുമായിരുന്നു. വീണ്ടും ഇതിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കാനായിരുന്നു കളക്ടറുടെ പരിഹാസരൂപേണയുള്ള ഉപദേശം. ഇതേ തുടര്‍ന്നാണ് ജൂലൈ 22 ന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുന്നത്. ആഗസ്ത് 19 ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരമൊരു വിധി വരുന്നതിന് ഒരുമാസം മുമ്പ് ആര്‍ഡിഒ പുഴയ്ക്കല്‍ പാടത്തെ അനധികൃതനിര്‍മാണത്തെ കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കളക്ടര്‍ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇടപെട്ടതോടെ താനും കുടുങ്ങും എന്ന ഭയത്താല്‍ പൂഴ്ത്തിവച്ചിരുന്ന ഫയലുമായി കളക്ടര്‍ കോടതിയില്‍ ഹാജരാവുകയും രണ്ടുമാസത്തിനകം നികത്തിയ 19 ഏക്കര്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് അറിയിക്കുകയുമായിരുന്നു’– അഡ്വ.വിദ്യ സംഗീത് അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ (അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ) പറഞ്ഞിരുന്നു.

 

അതേസമയം ഈ ആരോപണങ്ങളില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ശോഭ ലിമിറ്റഡ് അധികൃതര്‍ അഴിമുഖത്തെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങളാണ് ജില്ലാ പഞ്ചായത്ത് അംഗം പറയുന്നതെന്നും ഇത് തങ്ങളുടെ കസ്റ്റമേഴ്‌സിനെ ആശങ്കാകുലരാക്കുന്നുണ്ടെന്നുമായിരുന്നു ശോഭ ലിമിറ്റഡിന്റെ പരാതി. ഇതനുസരിച്ച് നേരിട്ട് അവിടെ എത്തി അഴിമുഖം പ്രതിനിധി ശോഭ ലിമിറ്റഡ് അധികൃതരുമായി സംസാരിച്ചിരുന്നു. ശോഭ അധികൃതര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത് വിദ്യ സംഗീത് പ്രചരിപ്പിക്കുന്നതുപോലെ ശോഭ ലിമിറ്റഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ഒരിടത്തുപോലും പരമാര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നതായിരുന്നു. (അഡ്വ. വിദ്യാ സംഗീതിന്റേത് കള്ളപ്രചരണം: ആരോപണങ്ങളോട് ശോഭ ലിമിറ്റഡ് പ്രതികരിക്കുന്നു) അതേപോലെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ടെന്ന വിദ്യയുടെ പ്രസ്താവന തന്നെ തെറ്റാണ്. മൂന്നുവ്യക്തികളുടെ താല്‍പര്യം ഒന്നുകൊണ്ടുമാത്രമാണ് അവര്‍ ഈ വിഷയത്തില്‍ ഇടപെട്ടതിനെന്നുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ശോഭ അധികൃതര്‍ പറഞ്ഞിരുന്നു. ശോഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സുഗമമായി നടക്കുന്നുണ്ടെന്നും തങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കുന്നതുപോലെ പ്രസ്തുത 19 ഏക്കറില്‍ യാതൊരു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ആ പ്രദേശത്തിനു ഇപ്പുറമുള്ള 52 ഏക്കറിലാണ് ശോഭ ലിമിറ്റഡിന്റെ പ്രൊജക്ട് നടന്നുവരുന്നത്. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ എടുത്ത് അവ പ്രസ്തുത 19 ഏക്കറില്‍ നടക്കുന്ന നിര്‍മാണങ്ങളാണെന്ന നുണ പ്രചരിപ്പിക്കുകയായിരുന്നു എതിര്‍ കക്ഷിയെന്നാണ് ശോഭ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞത്. കളക്ടര്‍ തങ്ങളെ സംരക്ഷിക്കുകയാണെന്ന പരാതിയിലും ശോഭയ്ക്ക് മറുപടി ഉണ്ടായിരുന്നു; ‘തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കളക്ടര്‍ക്ക് ഏതൊരു അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നടപപടിയെടുക്കാമെന്നാണ് വിദ്യ പറയുന്നത്. അത് ശരിയാണ്. പക്ഷെ ചില നടപടിക്രമങ്ങള്‍ കൂടി അതിനകത്തുണ്ട്. ഏതെങ്കിലും സ്ഥലത്ത ഈ വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കളക്ടര്‍ ബന്ധപ്പെട്ടൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിനയയ്ക്കും. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്മേല്‍ എതിര്‍ കക്ഷിയെ ഹിയറിംഗിന് വിളിപ്പിച്ച് അവര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷമാണ് ഉത്തരവിടുന്നത്. അതിന് ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്തെന്നുവരാം. ഈ കാലതാമസത്തെയാണ് കളക്ടര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണമാക്കി വിദ്യ മാറ്റിയതും അവര്‍ കോടതിയെ സമീപിച്ചതും. എന്നാല്‍ ആര്‍ഡിഒ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കളക്ടര്‍ ഞങ്ങളെ ഹിയറിംഗിന് വിളിപ്പിക്കുകയും ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടശേഷം 19 ഏക്കറില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിന്റെ കോപ്പി അഞ്ചുദിവസത്തിനകം പുഴയ്ക്കല്‍ വില്ലേജ് ഓഫീസ് വഴി ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. പേരാമംഗലം പൊലീസിനും ഒരു കോപ്പി അയച്ചിരുന്നു. പ്രസ്തുത കോപ്പി അഡ്വ. വിദയ്ക്ക് ലഭ്യമായിരുന്നില്ല. ഇതേ ഉത്തരവിന്റെ കോപ്പി തന്നെയാണ് കളക്ടര്‍ കോടതിയിലും ഹാജരാക്കുന്നത്. അല്ലാതെ കോടതി നടപടിയെടുക്കുമെന്ന പേടിച്ചിട്ടല്ല. കളക്ടര്‍ കൃത്യമായ വഴിയിലൂടെ തന്നെയാണ് നിങ്ങിയിരുന്നത്’.

19 ഏക്കറില്‍ തങ്ങള്‍ ഒരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതേവരെ നടത്തിയിട്ടില്ലെന്നും അവിടെ തൊഴിലാളികളുടെ താമസസൗകര്യം ഒരുക്കുകയും നിര്‍മാണസാമഗ്രികള്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ശോഭ അധികൃതര്‍ പറഞ്ഞിരുന്നു. നിയമാനുസരണം നിര്‍മാണം നടക്കുന്ന 52 ഏക്കറിലെ കെട്ടിടങ്ങളുടെ ചിത്രം ഒരു പ്രത്യേക ആംഗിളില്‍ നിന്ന് പകര്‍ത്തിയാണ് ഇവിടെയും നിര്‍മാണം നടക്കുന്നുവെന്ന തരത്തില്‍ വിദ്യ സംഗീത് സോഷ്യല്‍ മീഡിയയിലൂടെ കള്ളപ്രചാരണം നടത്തിയതെന്നുമാണ് ശോഭ അധികൃതര്‍ പ്രതികരിച്ചത്. പ്രസ്തുത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നത് വ്യക്തമാണെങ്കിലും ഇവിടെ നിലം നികത്തല്‍ നടന്നിട്ടുണ്ടെന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്.

പുഴയ്ക്കല്‍ പാടം നിലനില്‍ക്കുന്ന പേരാമംഗലം ഡിവിഷന്റെ പ്രതിനിധിയായ അനില്‍ അക്കരയുമായും അഴിമുഖം ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. (‘അഡ്വ. വിദ്യ സംഗീതിന് സ്വാര്‍ഥതാത്പര്യം; ശോഭ മാത്രമല്ല പാടം നികത്തിയത്’ – ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്അന്ന് അനില്‍ പറഞ്ഞതിലെ പ്രസക്തഭാഗം ഇവിടെ ചേര്‍ക്കുന്നു- ‘പുഴയ്ക്കല്‍ പാടം നികത്താന്‍ അനുമതി നല്‍കുന്നത് 1997 ലെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. കൃഷ്ണന്‍ കണിയാമ്പറമ്പില്‍ കൃഷിവകുപ്പും ഇ. ചന്ദ്രശേഖരന്‍ നായര്‍ റവന്യൂവകുപ്പും ഭരിക്കുന്ന കാലത്താണ് പാടം നികത്തി വില്‍ക്കാനുള്ള അനുമതി കിട്ടുന്നത്. ആദ്യമായി പുഴയ്ക്കല്‍ പാടം നികത്തി കെട്ടിടം നിര്‍മ്മിച്ചവരില്‍ ദേശാഭിമാനി പത്രവും ഉള്‍പ്പെടുന്നുണ്ട്. പിഎന്‍സി മേനോനോ ശോഭ ലിമിറ്റഡോ അല്ല ആദ്യമായി പുഴയ്ക്കല്‍ പാടം നികത്തുന്നതെന്നു വ്യക്തമാക്കാനാണ് ഈകാര്യങ്ങള്‍ പറഞ്ഞത്. പല പ്രമുഖരും പാടം നികത്തിയ സ്ഥലം വാങ്ങിയിട്ടുണ്ട്. കൃഷി പലകാരണങ്ങളാലും ലാഭകരമല്ലാതാവുകയും മുന്നോട്ട് നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തിടത്താണ് പാടം നികത്താനും വില്‍ക്കാനും തീരുമാനമുണ്ടാകുന്നത്. ഈ ഭാഗത്തെ കര്‍ഷകരില്‍ പലരും ഇന്നു കാശുകാരാണ്. അത് കൃഷി ചെയ്ത് ഉണ്ടാക്കിയതല്ല. അവരുടെ കൃഷിസ്ഥലം വിറ്റുകിട്ടിയ പണമാണ്. ഇരുപത്തിയഞ്ച് ലക്ഷമാണ് ഇന്നിവിടെ സെന്റിന് വില. ഈയൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കെതിരെ മാത്രം ആരോപണം ഉന്നയിക്കുന്നതും അദ്ദേഹമാണ് എല്ലാ കയ്യേറ്റങ്ങള്‍ക്കും കാരണമെന്നു വിളിച്ചു പറയുന്നതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അതിനു പിന്നില്‍ ഞാന്‍ അറിഞ്ഞ ചില വസ്തുതകളുണ്ട്. ശോഭ ഡവലപ്പേഴ്‌സിനെതിരെയുള്ള കേസും ആരോപണവും വ്യക്തിപരമായ ഉദ്ദേശത്തോടെയാണ്. ഇതിനു പിന്നില്‍ ഒരു വ്യക്തിയുടെ കച്ചവടക്കണ്ണാണ്. ശോഭ ലിമിറ്റഡിന്റെ ഉപകമ്പനികള്‍ വാങ്ങിയ ഭൂമിയോട് ചേര്‍ന്ന് ഇദ്ദേഹത്തിന്റെ സ്ഥലവുമുണ്ട്. ആ ഭൂമി കൂടി ഈ പറഞ്ഞ കമ്പനികള്‍ വാങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഇവിടുത്തെ പ്രശ്‌നങ്ങള്‍. അതിന് തയ്യാറാകാതിരുന്നിടത്താണ് മേല്‍പ്പറഞ്ഞ വ്യക്തി പഞ്ചായത്തംഗത്തെ സമീപിക്കുന്നതും പിന്നീടത് വലിയ വാര്‍ത്തയാകുന്നതും’.

ഈ വാദപ്രതിപാദങ്ങളില്‍ പക്ഷംപിടിക്കാന്‍ അഴിമുഖം ഒരിക്കലും തയ്യാറായില്ല. പകരം ഓരോത്തര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ യാതൊരുവിധ കൂട്ടിക്കുറച്ചിലുകളുമില്ലാതെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായിരുന്നു തയ്യാറായത്. ഒരുവാര്‍ത്തയെ അതിന്റെ എല്ലാകോണുകളില്‍ നിന്നും നോക്കികാണുക എന്ന നീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്. എന്നാല്‍ ഇതുപലപ്പോഴും ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയും അവര്‍ ഞങ്ങളുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. കോടതി വിധി വന്നതിനു പിന്നാലെ അഡ്വ, വിദ്യ സംഗീതിനെ ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞത് ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്ക് മേല്‍ വീണ സംശയത്തിന്റെ പേരിലായിരിക്കാം. തികച്ചും നിര്‍ഭാഗ്യകരമായകാര്യമാണെങ്കിലും അതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കേണ്ട ബാധ്യത അഴിമുഖത്തിന് ഉണ്ടെന്നും തോന്നുന്നില്ല. അതേസമയം അവരുടെ പോരാട്ടത്തെയും വിജയത്തെയും ഒരുവിധത്തിലും കുറച്ചുകാണാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുമില്ല.

 

തെളിവുകളുടെ അഭാവത്തില്‍ അടിസ്ഥാനമില്ലാതെ ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിക്കരുതെന്ന് ഈ റിട്ട് ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് അഡ്വ.വിദ്യ സംഗീതിനെതിരെ കോടതി ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഈ കേസില്‍ വിദ്യയുടെ നിലപാടുകളും അവരുടെ പോരാട്ടവീര്യവും പ്രശംസനീയവും അനുകരണീയവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ നടപടികള്‍ ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നു കരുതുന്നു. ഒരു സ്ത്രീ, സാമ്പത്തികമായും ബന്ധങ്ങള്‍ കൊണ്ടും തന്നെക്കാള്‍ ഒരുപാട് മുകളില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്കും അയാളുടെ പ്രസ്ഥാനത്തിനുമെതിരെ നിയമയുദ്ധം നടത്തി വന്ന സമയത്ത് കുറ്റകരമായ നിസ്സംഗത പുലര്‍ത്തുകയും അതേസമയം കോടതി ഉത്തരവില്‍ വിദ്യയ്‌ക്കെതിരെ ചെറിയൊരു വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ അതിനെ പര്‍വതീകരിച്ച് അവരെ ആക്രമിക്കാനും കാണിച്ച ഉത്സാഹം അധാര്‍മ്മികവും നിരുത്തരവാദപരവുമാണ്. വ്യക്തികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ നേടിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. തന്റെ ജീവനുപോലും ഭീഷണിയുണ്ടായിട്ടും നാടിനുവേണ്ടി നിയമത്തിന്റെ വഴിയിലൂടെ പോരാടിയ ഒരു സ്ത്രീയെ അവഗണിക്കുകയും കിട്ടിയ അവസരങ്ങള്‍ മുതലാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്തിനാണ്?

പുഴയ്ക്കല്‍ പാടത്ത് ഇത്തരത്തിലുള്ള അനധികൃത നിര്‍മാണം വേറെയുമുണ്ടെന്ന് കാണാം. സംസ്ഥാന സര്‍ക്കാരും പ്രമുഖ രാഷ്ട്രീയസംഘടനകളും വ്യവസായികളുമടക്കം ഇവിടെ നിലം നികത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനു മുമ്പ് നടന്ന നികത്തല്‍ എന്ന ന്യായം പറഞ്ഞാണ് പലരും രക്ഷപ്പെടുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന ഈ നിയമലംഘനത്തിന് അധികാരികളെ കൊണ്ട് ഉത്തരം പറയിക്കാന്‍ കഴിയുമെന്നു തന്നെയാണ് വിദ്യയുടെ പോരാട്ടം സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ വ്യക്തിതാല്‍പര്യങ്ങളോ നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മൗനം പാലിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതെല്ലാം മാറ്റിവച്ച് പരിശോധിച്ചാല്‍ നിയമലംഘനം തന്നെയാണ് ആ 19 ഏക്കറില്‍ നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. കമ്പനി അവിടെ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല എന്ന വാസ്തവം അംഗീകരിക്കാമെങ്കിലും (നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യമാണ്), കളക്ടറെ കൊണ്ട്, പ്രസ്തുത സ്ഥലം നിയമം ലംഘിച്ച് നിലം നികത്തിയതാണെന്നും അതിനാല്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അവിടെ നടത്തരുതെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ പ്രയത്‌നിച്ച് വിജയം കണ്ട് അഡ്വ.വിദ്യ സംഗീതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അവ ലംഘിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും അത്തരക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതും അത് ചൂണ്ടിക്കാണിക്കുന്നവരെ അഭിനന്ദിക്കേണ്ടത് നമ്മുടെയെല്ലാം കടമയുമാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍