UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

യേ ദില്‍ഹെ മുശ്കില്‍: ട്രോളി ട്രോളി സ്വയം ട്രോള്‍ മാത്രമാകുന്ന കരണ്‍ ജോഹര്‍ പടം

അപര്‍ണ്ണ

പാക് വിരോധത്തിന്റെ പേരില്‍ രാജ്യസ്‌നേഹികളെന്നവകാശപ്പെടുന്നവരുടെ ഭീഷണിയാണ് കരണ്‍ ജോഹര്‍ ചിത്രമായ യേ ദില്‍ഹെ മുശ്കില്‍ റിലീസിനു മുന്‍പേ വാര്‍ത്തകളില്‍ നിറച്ചത്. കരണ്‍ ജോഹറിന്റെ പതിവ് പ്രമോഷനുകളും സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായി. ഐശ്വര്യാറായിയും-രണ്‍ബീര്‍ കപൂറുമൊത്തുള്ള ചില രംഗങ്ങളും ചര്‍ച്ചയായിരുന്നു. കരണ്‍ ജോഹര്‍ സിനിമയില്‍ നിന്നുണ്ടാവുമെന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തീവ്രപ്രണയരംഗങ്ങളും ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചതായിരുന്നു ട്രെയിലര്‍ .

ഒട്ടുമിക്ക കരണ്‍ ജോഹര്‍ സിനിമകളെയും പോലെ ഫ്ലാഷ് ബാക്ക് മോഡിലാണ് യേ ദില്‍ ഹെ മുശ്കിലും തുടങ്ങുന്നത്. അയാന്‍ (രണ്‍ബീര്‍ കപൂര്‍) എന്ന ഗായകനിലൂടെ കഥ തുടങ്ങുന്നു. പ്രശസ്തിയിലെത്തും മുന്‍പേ അയാന്‍ കുടുംബ സമ്മര്‍ദ്ദത്തിനു വഴിപ്പെട്ട് ലണ്ടനില്‍ എംബിഎ പഠിക്കാനെത്തുന്നു. അവിടെ വച്ച് അലീസ (അനുഷ്‌ക)യെ കാണുന്നു. വിരുദ്ധ സ്വഭാവങ്ങളുള്ള ഇവര്‍ പെട്ടെന്ന് സുഹൃത്തുക്കളാകുന്നു. പിന്നീട് ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന പ്രത്യേക തരം സ്‌നേഹമാണ് കഥ. ഈ ബന്ധത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തുന്ന സബ എന്ന കവയിത്രിയായി ഐശ്വര്യ റായ് എത്തുന്നു.

കരണ്‍ ജോഹര്‍ 90-കളുടെ പകുതി മുതല്‍ ബോളീവുഡില്‍ ഒരു ബ്രാന്‍ഡ് നെയിമാണ്. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍, അവതാരകന്‍ എന്നിങ്ങനെയുള്ള വേഷങ്ങളിലൂടെ നിരവധി ആരാധകരെയും വിമര്‍ശകരെയും അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു ബ്രാന്‍ഡ് ആകുന്നതിനൊപ്പം നിരവധി ബ്രാന്‍ഡുകളെ സൃഷ്ടിച്ചയാള്‍ കൂടിയാണ് കരണ്‍. ഷാരൂഖ് ഖാന്റെയും കരണിന്റെയും വളര്‍ച്ച പരസ്പരമാശ്രയിച്ചാണെന്നു കാണാം. നിരവധി താരങ്ങളെയും താര ജോഡികളെയും സൃഷ്ടിച്ചു. പ്രണയം, മനുഷ്യബന്ധങ്ങള്‍ എന്നിവയെപ്പറ്റി കാലാനുവര്‍ത്തിയായി സംസാരിക്കുക എന്നതാണ് ഒരു കരണ്‍ ജോഹര്‍ സ്ട്രാറ്റജി.

കുച്ച് കുച്ച് ഹോത്താ ഹെയില്‍ പറയുന്ന ‘പ്യാര്‍ ദോസ്തി ഹേ’ എന്ന വണ്‍ ലൈനില്‍ നിന്ന് 2016ലും കരണ്‍ ജോഹര്‍ വികാസം പ്രാപിച്ചില്ലേ എന്ന സംശയമാണ് യെ ദില്‍ ഹേ മുശ്കില്‍ കണ്ടാല്‍ ഉണ്ടാവുക. ഐ ഫ്രണ്ട് യു എന്ന് പറയുകയും തിരിച്ചറിയുകയും ചെയ്യുന്നവരാണ് യേ ദില്‍ ഹേ മുശ്കിലിലും ഉള്ളത്. പ്രണയവും സൗഹൃദവും അതിനുള്ളിലെ ആശയക്കുഴപ്പങ്ങളും സാര്‍വത്രികവും സ്വാഭാവികവുമാണ്. പക്ഷെ കുച്ച് കുച്ച് ഹോത്താ ഹെയില്‍ തുടങ്ങിയ ആശയക്കുഴപ്പം ഇപ്പോഴും അതുപോലെ തുടരുന്നത് ആവര്‍ത്തന വിരസത ഉണ്ടാക്കുന്നു. സംവിധാനം മാത്രമല്ല ധര്‍മ്മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മാണമേറ്റെടുത്ത സിനിമകളും അതേ താളത്തിലുള്ളവയാണ്.

രാജാറാണി, മൊഹബത്ത് ഫോര്‍മുലയെ മറ്റു പല പുതിയ കരണ്‍ ജോഹര്‍ സിനിമകളിലും എന്ന പോലെ ‘യേ ദില്‍ ഹേ മുശ്കിലിലും ട്രോളുന്നുണ്ട്. പക്ഷെ ട്രോളി ട്രോളി അവസാനം അത് തന്നെയാവാനാണ് ഈ സിനിമയുടെയും വിധി. പ്യാര്‍ ഇഷ്‌ക് മുഹബത്തിന്റെ കാലപ്പഴക്കത്തില്‍ ഇതും കുരുങ്ങിക്കിടന്നു. ദില്‍വാലെ പോലുള്ള സിനിമകളിലൂടെ വികസിച്ച ഒരു ട്രെന്റായ സൂഫി സങ്കല്‍പ്പങ്ങളുടെ ബോളിവുഡ്‌വത്ക്കരണം ഇവിടെയും കണ്ടു. മൈ നെയിം ഈസ് ഖാനും ഇന്ത്യന്‍ അതിര്‍ത്തിക്കുമിടയിലെ സേഫ് സോണ്‍ ഇവിടെയും അദ്ദേഹം പിന്തുടരുന്നുണ്ട്.

അഭിനയത്തെക്കുറിച്ച് വിശേഷിച്ചൊന്നും പറയാനില്ല. മുന്‍കാല ബോളിവുഡ് വാര്‍പ്പു മാതൃക സംഭാഷണങ്ങള്‍ അതേ പടി ആവര്‍ത്തിക്കുക എന്നതാണ് എല്ലാ കഥാപാത്രങ്ങള്‍ക്കും ചെയ്യാനുള്ളത്. മൂന്നു പ്രധാന കഥാപാത്രങ്ങള്‍, വിശേഷിച്ചും രണ്‍ബീറും അനുഷ്‌കയും മാത്രമാണ് കാര്യമായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. കരണ്‍ ജോഹര്‍ സിനിമകളിലെ സ്ഥിരം ഘടകമായ വന്‍താരങ്ങളുടെ അപ്രതീക്ഷിത രംഗപ്രവേശവും ഉണ്ട്. പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം പഴയതു തന്നെ, ‘യേ ദില്‍ ഹേ മുശ്കില്‍ ‘ എന്ന ടൈറ്റില്‍ ഗാനം അടക്കം.

ഉദാര ലൈംഗികത, സെക്‌സിസം, സ്വവര്‍ഗാനുരാഗം തുടങ്ങിയവയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുതിയ കരണ്‍ ജോഹര്‍ സിനിമകളില്‍ സുലഭമാണ്. ഉദാരമായ ജീവിതത്തത്തെ ഏറ്റവും പാരമ്പര്യ രീതിയില്‍ അവസാനിപ്പിക്കുകയാണ് അദ്ദേഹം സ്ഥിരം ചെയ്യാറ്. ഈ സിനിമയിലും പതിവ് ആവര്‍ത്തിച്ചു. ലണ്ടന്‍ നഗരത്തിന്റെ പതിവ് ദൃശ്യങ്ങള്‍ കടുത്ത ബോളിവുഡ് ആരാധകര്‍ക്ക് പോലും മടുത്തു തുടങ്ങി. ലണ്ടനില്‍ നിന്ന് പാരീസിലേക്കും പിന്നെ വിയന്നയിലേക്കുമൊക്കെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പറന്നു നടക്കുന്ന, തിളങ്ങുന്ന വജ്രമാലകളില്‍ കല്യാണ മണ്ഡപത്തില്‍ ചിരിക്കുന്ന ആളുകളുടെ കഥ പ്രണയ സംഘര്‍ഷങ്ങള്‍ക്ക് മാത്രമേ ഇവിടെയും പതിവ് പോലെ ഇടമുണ്ടായിരുന്നുള്ളു.

ഇന്ത്യന്‍ സിനിമകളില്‍ ബോളിവുഡ് മുഖ്യധാരാ ജനകീയ സിനിമകള്‍ക്ക് തീര്‍ച്ചയായും സ്ഥാനമുണ്ട്. അതിലെ പതിവ് ചേരുവകളുടെ വികാലാനുകരണം മാത്രമാണ് യെ ദില്‍ ഹേ മുശ്കില്‍. അതെ പ്രണയകഥയും സംഭാഷണങ്ങളും ഡി ജെയും പുതിയ ബ്രാന്‍ഡ് വൈനും ചേര്‍ത്ത് പുനര്‍ നിര്‍മിച്ചു എന്ന് മാത്രം..അങ്ങനെയാണെങ്കിലും വിദേശ നഗരങ്ങളും പ്രധാന നടീനടന്മാരുടെ പുതിയ തരം മേക്അപ്പും ഉടുപ്പുകളും അത്യാഡംബര വസ്തുക്കളും നിങ്ങളെ പ്രലോഭിക്കുന്നുവെങ്കില്‍ ഈ സിനിമക്ക് കയറാം. കാലാനുവര്‍ത്തിയായ മാറ്റം അവയിലുണ്ട്. അങ്ങനെ ആകര്‍ഷണം തോന്നാത്തവര്‍ക്ക് യെ ദില്‍ ഹേ മുശ്കില്‍ എന്ന് അതിശയം തോന്നും എന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍