UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാന്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നത്

പീറ്റര്‍ ഹോളി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കറുത്ത തടിപ്രതലവും അരിച്ചിറങ്ങുന്ന പ്രകാശവും കൊണ് അലങ്കരിച്ചിരിക്കുന്ന മുറി; കാബൂളിലെ ഏറ്റവും സമ്പന്നര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഉറ്റുനോക്കുന്ന ഈ ഫ്‌ളാറ്റിനുള്ളില്‍ താമസിക്കുന്നവര്‍ ബിരുദാനന്തര ബിരുദങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അല്ലാതെ കലോഷ്‌നിക്കോവ് തോക്കുകളല്ല.യാതനയുടേയും മോഹഭംഗങ്ങളുടെയും പൊള്ളുന്ന ബിംബങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട കാന്‍വാസുകളാണ്, അല്ലാതെ ബോംബുകളല്ല അവരുടെ ആയുധം. അതോടൊപ്പം ഇത്രയും ആഴത്തില്‍ യാഥാസ്ഥിതികത്വം നിലനില്‍ക്കുന്ന ഈ രാജ്യത്ത് പൊതുരംഗത്ത് ഒരിക്കലും ദൃശ്യമല്ലാതിരുന്ന മറ്റൊന്നു കൂടി ആ ബിംബങ്ങള്‍ക്കിടയില്‍ കാണാം: നഗ്നമായ സ്ത്രീ ശരീരങ്ങള്‍.

ഇത് ഷമാമ കണ്ടംപററി ആര്‍ട്ട് ഗ്യാലറി. ഒരു വനിതയുടെ ഉടമസ്ഥതയിലുള്ള ഈ വാണിജ്യ സംരംഭം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായിട്ടുള്ള പോരാട്ടങ്ങളുടെ ഒരു പുതിയ സമരമുഖത്തെ പ്രതിനിധീകരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് ധീരമായ ഒരു പുതുശബ്ദം നല്‍കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വര്‍ഷമാണ് ഈ ഇടം തുടങ്ങിയതെന്ന് അതിന്റെ സ്ഥാപകയായ 30-കാരി മുനീറ യുസെഫ്‌സദ പറയുന്നു.

‘ഈ ഗ്യാലറി തുറക്കുന്നതിന് മുമ്പ് ഒരു കിണറ്റിന്റെ അടിത്തട്ടില്‍ അകപ്പെട്ടുപോയതായും ആരും എന്റെ നിലവിളികള്‍ കേള്‍ക്കുന്നില്ലെന്നും എനിക്ക് തോന്നിയിരുന്നു,’ എന്ന് ഒരു പുരുഷ മേധാവിത്വ സമൂഹത്തില്‍ ജീവിക്കുന്നതിനായി താന്‍ നടത്തിയ പോരാട്ടങ്ങളെ ഓര്‍ത്തുകൊണ്ട് അവര്‍ പറയുന്നു. ‘ഇപ്പോള്‍ അവര്‍ക്കെന്റെ ശബ്ദം മാത്രമല്ല, ഈ ഭിത്തികളില്‍ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ വരച്ച മറ്റ് സ്ത്രീകളുടെ ശബ്ദം കൂടി അവര്‍ക്ക് കേള്‍ക്കാം.’

പക്ഷെ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാണ് എന്നാണ് അതിന്റെ അര്‍ത്ഥം.

നിരവധി വര്‍ഷങ്ങള്‍ നീണ്ട പുരോഗമനപരമായ അന്താരാഷ്ട്ര സ്വാധീനങ്ങള്‍ക്കും 2001ല്‍ താലിബാന്റെ തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ പെണ്‍കുട്ടികളുടെ സ്‌കൂളുകളുടെയും സ്ത്രീകളുടെ ശരണാലയങ്ങളുടെയും തള്ളിക്കയറ്റങ്ങള്‍ക്കും ശേഷവും അഫ്ഗാന്‍ സ്ത്രീകള്‍ ഇപ്പോഴും അനിതരസാധാരണമായ ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാവുന്നു. ടെലിവിഷന്‍ അവതാരകരായും പോലീസ് ഉദ്യോഗസ്ഥരായും വിനോദമേഖലയിലും ഒക്കെ സ്ത്രീ സാന്നിധ്യം വളര്‍ന്ന് വരുന്ന ഇക്കാലത്ത് പോലും, തല മുതല്‍ പാദം വരെ മറയ്ക്കുന്ന ബുര്‍ഖയും ധരിച്ച് ഒരു പുരുഷനോടൊപ്പം സഞ്ചരിക്കുന്നത് മാത്രമാണ് വിവാദങ്ങളില്‍ പെടാതിരിക്കാനുള്ള അഫ്ഗാന്‍ സ്ത്രീകളുടെ മുന്നിലുള്ള ഏക പോംവഴി.

അക്കാരണത്താല്‍ തന്നെ, ഗ്യാലറിയിലേക്ക് ഇപ്പോഴും കാബൂളിലെ വളരെ അടുത്ത വൃത്തങ്ങളിലുള്ളവര്‍ക്കും ചിത്രകലാ സമൂഹത്തിനും മാത്രമേ പ്രവേശനം ഉള്ളുവെങ്കിലും സ്ഥിതിഗതികള്‍ മാറുമെന്നും കൂടുതല്‍ വിശാലമായ ഒരു പൊതുസമൂഹത്തിന് വേണ്ടി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും യൂസെഫ്‌സദ പ്രതീക്ഷിക്കുന്നു.

പക്ഷെ ഇതൊരു ആത്മഹത്യ ദൗത്യമാണെന്നാണ് പലരും കരുതുന്നത്.

‘നഗ്നചിത്രങ്ങളെ ഞങ്ങളുടെ സമൂഹം അംഗീകരിക്കുന്നില്ല,’ എന്ന് 26കാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഹിന ഹബീബി പറയുന്നു. ‘ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഫ്ഗാനികള്‍ വളരെ ലോലമനസ്‌കരാണ്. നഗ്നചിത്രങ്ങള്‍ വരയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍, മുല്ലമാര്‍ അവരെ വധിക്കാനുള്ള ഫത്വ പുറപ്പെടുവിക്കും.’

എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ പുരോഗതിയുടെ ചിഹ്നങ്ങളായി പരിഗണിക്കുന്ന ചിലര്‍, സ്ത്രീകളുടെ വിദ്യാഭ്യാസവും കര്‍തൃത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു ദശകം സാമ്പത്തിക സഹായം നല്‍കിയ പടിഞ്ഞാറന്‍ സര്‍ക്കാരിതര സംഘടനകളുടെ സ്വാധീനത്തിന്റെ ഗുണം പുതുതലമുറ സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ തകരുന്ന സാമ്പത്തിക, സുരക്ഷ സ്ഥിതിഗതികളില്‍ നിന്നും പ്രകോപനപരമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയകാംഷികളായ ആളുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി സൃഷ്ടിക്കുന്ന ഒരു തട്ടിപ്പായാണ് മറ്റ് ചിലര്‍ ഈ ചിത്രങ്ങളെ വിലയിരുത്തുന്നത്.

കാബൂള്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയുമായ ഒരു 21കാരിയാണ് ഇവിടെ നഗ്നചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരികളില്‍ല്‍ ഒരാള്‍. തന്റെ ചിത്രങ്ങള്‍ അനാവശ്യ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടാവാമെങ്കിലും സ്ത്രീ രൂപങ്ങളുടെ ഉദാത്തമായ ആഘോഷങ്ങളാണ് അവയെന്ന് ഫറാ സുല്‍ത്താനി പറയുന്നു.

ചുറ്റിലുമുള്ള തിളക്കമുള്ള നീലയും പച്ചയും വര്‍ണങ്ങള്‍ക്കിടിയില്‍ അവര്‍ സൃഷ്ടിക്കുന്ന കറുത്ത നഗ്നരൂപങ്ങള്‍ രൂപഭദ്രവും സ്പഷ്ടവുമാണ്. അവര്‍ എടുത്ത ഒരു പ്രാദേശിക സ്ത്രീ തൊഴിലാളിയുടെ ഫോട്ടോഗ്രാഫാണ് ചിത്രങ്ങള്‍ക്ക് മാതൃകയാക്കിയിരിക്കുന്നത്.

‘അഫ്ഗാനിസ്ഥാനില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ വ്യക്തിത്വത്തെ പരിഗണിക്കുന്നില്ല. അവളുടെ ശരീരം വച്ചാണ് അവര്‍ ഒരു സ്ത്രീയെ വിലയിരുത്തുന്നത്,’ എന്ന് സുല്‍ത്താനി പറയുന്നു. ‘സ്ത്രീ ശരീരത്തെ എനിക്ക് വീണ്ടെടുക്കേണ്ടതുണ്ട്. കാരണം അത് അസാധാരണവും സുന്ദരവുമാണ്.’

‘മാത്രമല്ല സ്ത്രീ നഗ്നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ഞാന്‍ ആഹ്ലാദം കണ്ടെത്തുന്നു. പിന്നെ എന്തിന് ഞാന്‍ ഇത് നിറുത്തണം?’ എന്നും അവര്‍ ചോദിക്കുന്നു.

സുല്‍ത്താനി അഫ്ഗാനിസ്ഥാനിലാണ് ജനിച്ചത്. പക്ഷെ കാബൂളിലെ കലാരംഗത്ത് വളര്‍ന്ന് വരുന്ന മിക്കവരെയും പോലെ തന്നെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും അവര്‍ ഇറാനിലാണ് ചിലവഴിച്ചത്. അവിടുത്തെ സമ്പന്നമായ സമകാലിക കലാരംഗവുമായി അടുത്തിടപഴകാനുള്ള അവസരം അവര്‍ക്ക് ലഭിച്ചു. സാധ്യതകളെയും അഭിമാനത്തെയും കുറിച്ചുള്ള ബോധ്യങ്ങളുമായാണ് ഒരു ടീനേജുകാരി എന്ന നിലയില്‍ താന്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയതെന്ന് അവര്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പാണ് അവര്‍ നഗ്നസ്ത്രീ രൂപങ്ങള്‍ വരയ്ക്കാനാരംഭിച്ചത്. ഇതെ തുടര്‍ന്ന് വീട്ടിലിരുന്ന് ചിത്രരചന നടത്തുന്നതില്‍ നിന്നും അവരുടെ കുടുംബം അവരെ വിലക്കി. ഫേസ്ബുക്കിലും സുല്‍ത്താനിക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അവിടെ അവര്‍ ശാപവര്‍ഷങ്ങള്‍ക്കും തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇരയാവേണ്ടി വന്നു.

തന്റെ സുരക്ഷയെ കുറിച്ച് വലിയ ഉത്കണ്ഠയൊന്നും പൊതുവായി തോന്നാറില്ലെങ്കിലും ചിലപ്പോഴെങ്കിലും അടുത്ത ഫാര്‍ക്കുണ്ടയായി താന്‍ മാറുമോ എ്ന്ന ഭീതി ബാധിക്കാറുണ്ടെന്നും അവര്‍ സമ്മതിക്കുന്നു. ഖുറാന്റെ ഒരു പകര്‍പ്പ് കത്തിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളിലെ തെരുവില്‍ വച്ച് ജനക്കൂട്ടം കല്ലെറിഞ്ഞ് കൊല്ലുകയും പിന്നീട് കത്തിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഫാര്‍ക്കുണ്ട.

അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഫാര്‍ക്കുണ്ടയുടെ കൊലപാതകത്തിന് ശേഷം കാബൂളിലും പരിസരപ്രദേശങ്ങളിലുമായി സ്ത്രീകള്‍ക്കെതിരെ ഏറ്റവും ചുരുങ്ങിയത് 450 ആക്രമണങ്ങളെങ്കിലും അരങ്ങേറിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 12 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ദൈവനിന്ദയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ ഇക്കൂട്ടത്തില്‍ വളരെ കുറവാണെങ്കിലും, ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ പൊതുവായി ഉടലെടുക്കുന്ന ആക്രമണ സംസ്‌കാരിത്തിന്റെ ബാക്കി പത്രമായാണ് സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്.

തെരുവിലെ അപമാനങ്ങള്‍ക്കെതിരെ ഒരു സൂചകാത്മക മനുഷ്യ കവചവുമായി കാബൂളിലെ തെരുവില്‍ പ്രകടനം നടത്തുകയും ഗുരുതരമായ പരിക്കുകളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത മറ്റൊരു അഫ്ഗാന്‍ കലാകാരിയായ കുബ്ര ഖദേമിയുടെ വിധിയാവും സുല്‍ത്താനിക്ക് ഉണ്ടാവുകയെന്ന് മറ്റ് ചിലര്‍ പ്രതീക്ഷിക്കുന്നു. ഖദേമിയുടെ പ്രകടനം തുടങ്ങി പത്ത് മിനിട്ടിനുള്ളില്‍ തന്നെ അവര്‍ക്ക് വധഭീഷണി നേരിടേണ്ടി വരികയും ഓടിയൊളിക്കുകയും ചെയ്യേണ്ടി വന്നു. യൂറോപ്പില്‍ അഭയം തേടുന്നതിന്റെ ഭാഗമായാണ് അവര്‍ പ്രകടനം നടത്തിയതെന്ന് അന്ന് വിമര്‍ശകര്‍ ആരോപിച്ചിരുന്നു.

രാജ്യം വിടാന്‍ ഒരുദ്ദേശവുമില്ലെന്ന് വ്യക്തമാക്കുന്ന സുല്‍ത്താനി, ചിത്രകല തുടരുമെന്നും ഉറപ്പിച്ച് പറയുന്നു.

‘ഒരു നല്ല ചിത്രകാരിയും നല്ല കലാകാരിയും ആകാനാണ് ഞാന്‍ ജനിച്ചത്,’ അവര്‍ പറയുന്നു. ‘ജനങ്ങളെ സഹായിക്കാനാണ് ഞാന്‍ ജനിച്ചത്. ഞാനൊരു കരുത്തുറ്റ അഫ്ഗാന്‍ പെണ്‍കുട്ടിയായതിനാല്‍ തന്നെ മറ്റുള്ളവരുടെ അജ്ഞതയുടെ പേരില്‍ കലാപ്രവര്‍ത്തനം നിറുത്താന്‍ ആഗ്രഹിക്കുന്നില്ല.’

എന്നാല്‍ നഗ്നരൂപങ്ങള്‍ സൃഷ്ടിക്കാനാണ് സുല്‍ത്താനി ശ്രമിക്കുന്നതെങ്കില്‍, അഫ്ഗാന്‍ സമൂഹത്തെ സേവിക്കുന്നതിനായി കല സൃഷ്ടിക്കാനല്ല അവരുടെ ശ്രമമെന്നും സ്വന്തമായി പേരെടുക്കുക എന്ന ലക്ഷ്യമാണ് അവരെ നയിക്കുന്നതെന്ന് കരുതേണ്ടി വരുമെന്നും കാബൂള്‍ സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്ട്‌സ് അദ്ധ്യാപകന്‍ എം ആലം ഫര്‍ഹാദ് പറയുന്നു. ഒരു പക്ഷെ വിദേശ താല്‍പര്യങ്ങളാവാം അവരെ നയിക്കുന്നതെന്ന് അദ്ദേഹം അത്ഭുതംകൂറുകയും ചെയ്തു.

‘പാശ്ചാത്യരാജ്യങ്ങളില്‍ നഗ്നചിത്രങ്ങള്‍ സമൂഹത്തിനകത്ത് നിന്നും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്നില്ല,’ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘അഫ്ഗാന്‍ ഒരു പരമ്പരാഗത സമൂഹമായതിനാല്‍ തന്നെ നമ്മളായിട്ട് എതിര്‍പ്പുകള്‍ സൃഷ്ടിക്കരുത്. അഫ്ഗാന്‍ കലാപ്രവര്‍ത്തകര്‍ ഇസ്ലാമിക മൂല്യങ്ങളെയും ജനങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളെയും പരിഗണിക്കണം. അല്ലാത്തപക്ഷം ജനങ്ങള്‍ അഫ്ഗാന്‍ കലാകാരെ വെറുക്കും.’

കാബൂള്‍ സര്‍വകലാശാലയിലെ മറ്റൊരു ഫൈന്‍ ആര്‍ട്ട്‌സ് അദ്ധ്യാപകനായ ഹമീദ് കാബൂളി, തന്റെ ഉക്രൈന്‍ പഠനകാലത്ത് നിരവധി നഗ്നചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിലേക്ക് മടങ്ങിയെത്തി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടിയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ നിരവധി തവണ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഭിത്തിയില്‍ തൂങ്ങുന്ന ഒരു വലിയ ചിത്രത്തില്‍ നിന്നും സ്ത്രീരൂപത്തിന്റെ തലമുടിയും കാലിന്റെ വണ്ണയുടെ സൂചനയും നീക്കം ചെയ്യണമെന്ന പുതിയ നിര്‍ദ്ദേശത്തെ സൂചിപ്പിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നതില്‍ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

‘ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ എന്നെക്കാള്‍ നന്നായി സ്ത്രീരൂപം വരയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ വിഷയത്തോടുള്ള പ്രതികരണത്തെ കുറിച്ച് ഞാന്‍ എപ്പോഴും ബോധവാനാണ്,’ എന്ന് അദ്ദേഹം പറയുന്നു. ‘ഈ രാജ്യത്ത് ഇത്തരം ആശങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സമയമായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് കലാരംഗത്തുള്ളവര്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ സൃഷ്ടികള്‍ നിന്ദിക്കപ്പെടുകയും അവര്‍ അമേരിക്കന്‍ ഉപകരണങ്ങളാണെന്ന് ജനങ്ങള്‍ ധരിക്കുകയും ചെയ്യും.’

എട്ടു വര്‍ഷം ഇറാനില്‍ ചിലവഴിച്ച യുസെഫ്‌സദയും സമകാലീന കലയോടുള്ള ഒരു പുതിയ അഭിനിവേശവുമായാണ് വിദേശവാസം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്. അവരുടെ ഗ്യാലറി അഭയകാംഷികളുടെ ഒരു ഒത്തുചേരല്‍ സ്ഥലമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുമ്പോള്‍, യാഥാര്‍ത്ഥ്യം നേര്‍വിപരീതമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തി ദിവസം തന്നെ, ഇനി ഏതൊരു സാഹചര്യത്തിലും ആ രാജ്യം വിട്ടുപോകില്ലെന്ന് തീരുമാനിച്ചതായും അവര്‍ പറയുന്നു.

‘ഇവിടെ ഐഎസ്‌ഐഎസോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകരവാദികള്‍ ഉണ്ടോ എന്നത് ഒരു പ്രശ്‌നമല്ല,’ എന്നവര്‍ പറയുന്നു. ‘ഇവിടെ ജോലി ചെയ്യാനും പോരാടാനും ഞാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഇവിടം വിട്ടുപോകുന്നതിനാല്‍ ഞങ്ങളുടെ രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അഫ്ഗാനികള്‍ തന്നെ തയ്യാറാവണമെന്നതിനാല്‍ എന്നെ പോലയുള്ള മനുഷ്യരെ അഫ്ഗാനിസ്ഥാന് ആവശ്യമുണ്ട്.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍