UPDATES

വിദേശം

ഫര്‍ഖുന്‍ഡയുടെ നാമത്തില്‍

Avatar

സാറ കപ്ലാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

കുറച്ചു ദിവസം മുമ്പ് ഫര്‍ഖുന്‍ഡ എന്ന് പേരുള്ള ഒരു അഫ്ഗാന്‍ സ്ത്രീ ഡസന്‍ കണക്കിന് പുരുഷന്മാരുടെ ചവിട്ടുകൊണ്ട് നിലത്തുകിടന്നു. അവരുടെ മുഖം രക്തം കൊണ്ടു ചുവന്നും നീരുവന്നുമിരുന്നു. എണീറ്റ് നില്‍ക്കാനും മാപ്പിരക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഖുറാന്‍ കത്തിച്ചു എന്ന കുറ്റമാരോപിച്ച് അവരെ ആക്രമിച്ചവര്‍ വീണ്ടും അവരെ തൊഴിക്കുകയും ഒപ്പം കല്ലെറിയുകയും വടികള്‍ കൊണ്ടു അടിക്കുകയും ചെയ്തു. പിന്നീട് ഫര്‍ഖുന്‍ഡയുടെ ശരീരം പുരപ്പുറത്തുനിന്ന് എറിയുകയും അതില്‍ കാര്‍ കയറ്റുകയും ഒടുവില്‍ കലങ്ങിയൊഴുകുന്ന കാബൂള്‍ നദിക്കരയില്‍ കത്തിക്കുകയുമാണ് ചെയ്തത്.

ഞായറാഴ്ച ഫര്‍ഖുന്‍ഡയുടെ ശരീരം ഒരു പെട്ടിയില്‍ താങ്ങി നിരവധി കറുത്തവേഷക്കാരായ അഫ്ഗാന്‍ സ്ത്രീകള്‍ ചുമന്നുകൊണ്ടുപോയി. പാരമ്പര്യമായി പുരുഷന്മാര്‍ ചെയ്യുന്ന ഈ ജോലിയായിരുന്നു അന്ന് സ്ത്രീകള്‍ ചെയ്തത്. അവര്‍ ഫര്‍ഖുന്‍ഡയുടെ ശരീരത്തെ ഒരു തുറസ്സായ പ്രാര്‍ത്ഥനാസ്ഥലത്തും പിന്നീട് കുഴിമാടത്തിലേയ്ക്കും കൊണ്ടുപോയി.

‘ഫര്‍ഖുന്‍ഡ അഫ്ഗാനിസ്ഥാന്റെ മകളാണ്. ഇന്ന് അവള്‍, നാളെ ഞങ്ങളാകാം.’, അവര്‍ വിളിച്ചുപറഞ്ഞതായി ഈ ചടങ്ങില്‍ സംബന്ധിച്ച ഫ്രീലാന്‍സ് പത്രപ്രവര്‍ത്തക കോര്‍ട്ട്‌നി ബോഡി പറയുന്നു.

കാഴ്ചക്കാരുടെ സെല്‍ഫോണുകള്‍ ഈ സംഭവങ്ങള്‍ കൃത്യമായി പിടിച്ചെടുത്തിട്ടുണ്ട്. കൊലയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാഴ്ചക്കാര്‍ ചിലര്‍ പേടിയും ചിലര്‍ യോജിപ്പും പ്രകടിപ്പിച്ചു. ഫര്‍ഖുന്‍ഡയ്ക്ക് ലഭിച്ച മര്‍ദ്ദനം അഫ്ഗാന്‍ സംസ്‌കാരത്തില്‍ സ്ത്രീകളെ പരിഗണിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണെന്ന് സ്ത്രീ അവകാശ ആക്റ്റിവിസ്റ്റുകള്‍ പറയുന്നു. #JusticeForFarkhunda എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ്. ചെയ്യുന്നു. അഫ്ഗാന്‍ അധികൃതര്‍ ഈ കൊലപാതകം അന്വേഷിക്കാനും ഒരുങ്ങുന്നുണ്ട്.

‘ഫര്‍ഖുന്‍ഡയ്ക്ക് നീതികിട്ടണം. അഫ്ഗാന്‍ സ്ത്രീകള്‍ക്ക് നീതികിട്ടണം. അഫ്ഗാന്‍ സ്ത്രീകള്ക്ക് നേരെ നടക്കുന്ന ഈ അനീതികള്‍ അസഹനീയമാണ്.’ ഡോക്ടര്‍ അലിമ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ആക്റ്റിവിസ്റ്റ് പറയുന്നു. ‘ഒരു വ്യക്തിയെ ജീവനോടെ കത്തിക്കാന്‍ ഏത് മതവും വിശ്വാസവുമാണ് അനുവദിക്കുന്നത്? ഇന്ന് ഒരു ദേശീയദുഃഖത്തിന്റെ ദിവസമാണ്, ഞങ്ങള്‍ നിശബ്ദരായിരിക്കില്ല.’ 

തലമറയ്ക്കുകയും മതപഠനത്തില്‍ ഡിഗ്രി നേടുകയും ചെയ്തിരുന്ന ഒരു 27കാരിയായ അഫ്ഗാന്‍കാരിയാണ് ഫര്‍ഖുന്‍ഡ. മരണശേഷം ഓരോ ദിവസവും അവരുടെ കൊലപാതക വിവരങ്ങള്‍ ദുരൂഹമാകുന്നു. ആള്‍ക്കൂട്ടത്തിന്റെ ഉദ്ദേശ്യങ്ങളെപ്പറ്റി പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. ഷാദോ ഷംഷേരയുടെ മുന്നില്‍ ഏലസുകള്‍ വിറ്റുകൊണ്ടിരുന്ന ഒരാളുമായി ഫര്‍ഖുന്‍ഡ വാഗ്വാദത്തിലേര്‍പ്പെട്ടുവെന്നാണ് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം. ഏലസ് വില്‍പ്പനക്കാര്‍ ഇത്തിള്‍ക്കണ്ണികളാണ് എന്നായിരുന്നു ഫര്‍ഖുന്‍ഡയുടെ അഭിപ്രായം എന്നാണ് അവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മറ്റുള്ളവരെ ഏലസുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനും അവര്‍ ശ്രമിക്കാറുണ്ടായിരുന്നു.

അവിടെനിന്ന് വിവരണങ്ങള്‍ വ്യത്യസ്തമാകുന്നു. ഫര്‍ഖുന്‍ഡ ഖുറാനില്‍ നിന്ന് കീറിയ താളുകള്‍ തീകത്തിക്കുന്ന ഒരു കൂനയിലേയ്ക്ക് ഇട്ടുവെന്നാണ് പ്രാര്‍ഥനാലയത്തിലെ കാര്യക്കാരില്‍ ഒരാളായ സൈന്‍ ഉള്‍ ദിന്‍ പറയുന്നത്. അതില്‍ നിന്ന് തീപിടിച്ചുകരിഞ്ഞ ചില താളുകള്‍ അയാള്‍ പുറത്തെടുത്ത് ഒരു പലകയില്‍ വെച്ച് പുറത്തുകൊണ്ടുവരികയും ചെയ്തു. 

‘ആ സ്ത്രീ വിശുദ്ധ ഖുറാന്‍ കത്തിച്ചു. ഒരു അവിശ്വാസി സ്ത്രീ വിശുദ്ധഖുറാന്‍ കത്തിച്ചു.’ ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചുകൊണ്ടു അയാള്‍ ആര്‍ത്തുവിളിച്ചു.

താന്‍ ഒന്നും കത്തിച്ചില്ലെന്ന് ഫര്‍ഖുന്‍ഡ വാദിച്ചു. അവര്‍ ഖുറാന്‍ കത്തിച്ചുവെന്നുള്ളതില്‍ തെളിവുകളൊന്നുമില്ലെന്ന് പിന്നീട് അധികൃതര്‍ പറഞ്ഞെങ്കിലും ജനക്കൂട്ടം അതൊന്നും ചെവിക്കൊണ്ടില്ല. മര്‍ദ്ദനം കൂടുതല്‍ ക്രൂരമായതോടെ പോലീസ് ഇടപെടാന്‍ ശ്രമിച്ചു. പോലീസ് വെടിവെയ്ക്കുകയും ഫര്‍ഖുന്‍ഡയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാത്തതിന്റെ പേരില്‍ പോലീസിനെതിരെയും വിമര്‍ശനങ്ങളുണ്ട്. സുരക്ഷിതത്വത്തിലേയ്ക്ക് എത്തിച്ച ഉടന്‍ തന്നെ ഫര്‍ഖുന്‍ഡ വീണ്ടും അക്രമികളുടെ കയ്യിലെത്തി. 

അധികൃതരുടെ നിലപാടുകളോടുള്ള വിമര്‍ശനങ്ങള്‍ക്ക് ഉത്തരമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി പറഞ്ഞത് താലിബാനെതിര പൊരുതുന്നതിന്റെ തിരക്കില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് സമയം ലഭിക്കുന്നില്ല എന്നാണ്. തന്റെ രാജ്യത്തിലെ പല ആളുകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സാന്നിധ്യം വേണമെന്നാണ് ആഗ്രഹം എന്ന് ഘനി പറയുന്നു. 

ഈ കൊലപാതകം അന്വേഷിക്കാന്‍ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗമായ ഫൗസിയ കൂഫി ഉള്‍പ്പെടെ പതിനൊന്നു സ്ത്രീ അവകാശ ആക്ടിവിസ്റ്റുകളുടെ സംഘം രൂപീകരിച്ചിട്ടുണ്ട്.

ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞും ഫര്‍ഖുന്‍ഡ ഖുറാന്‍ കത്തിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കാബൂള്‍ മോസ്‌ക്കില്‍ വെച്ച് നടന്ന ഒരു പ്രസംഗത്തില്‍ ഒരു മതാധികാരി പറഞ്ഞത് ഇതില്‍ ഭാഗമായിട്ടുള്ളവരെ ഗവണ്മെന്റ് അറസ്റ്റ് ചെയ്യരുത് എന്നാണ്. 

‘അങ്ങനെ നടന്നാല്‍ കലാപമുണ്ടാകും’, അയാള്‍ പറഞ്ഞു. 

കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് വീമ്പുപറഞ്ഞുകൊണ്ടു ഫേസ്ബുക്ക് പോസ്റ്റിട്ട ഷറഫ് ബാഗ്ലാനിക്കും ഒരുപാട് ആരാധകരുണ്ട്. 

എന്നാല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്റ്ററേറ്റ് തലവനായ ജനറല്‍ മൊഹമ്മദ് സാഹിര്‍ പറയുന്നത് ഫര്‍ഖുന്‍ഡ ‘പരിപൂര്‍ണ്ണ നിരപരാധി’യാണ് എന്നതിന് തെളിവുകള്‍ ലഭിച്ചുവെന്നാണ്. 

‘ഞാന്‍ എല്ലാ തെളിവുകളിലൂടെയും രേഖകളിലൂടെയും കടന്നുപോയി, എന്നാല്‍ ഫര്‍ഖുന്‍ഡ വിശുദ്ധ ഖുറാന്‍ കത്തിച്ചുവന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.’, അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

അതിനിടെ ഫര്‍ഖുന്‍ഡയുടെ മാനസികനിലയെപ്പറ്റിയും വൈരുധ്യങ്ങള്‍ കുടുംബാംഗങ്ങള്‍ പറയുന്നുണ്ട്. അവര്‍ക്ക് മാനസികരോഗം ഉണ്ടായിരുന്നുവന്നു അവരുടെ അമ്മ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ഡോക്ടറോട് പറഞ്ഞതായി പോലീസ് പറയുന്നു.

എന്നാല്‍ രക്ഷപ്പെടാനായി പറഞ്ഞ ഒരു കാര്യമാണിത് എന്ന് ഫര്‍ഖുന്‍ഡയുടെ സഹോദരന്‍ പിന്നീട് പറഞ്ഞു. ‘പേടിച്ചുപോയ എന്റെ അച്ഛന്‍ ആളുകളെ ശാന്തരാക്കാന്‍ ഒരു നുണ പറഞ്ഞതാണ്, സഹോദരി ഒരു ഇസ്ലാമിക പഠന അധ്യാപികയുമാണ്’ എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു . ‘മിടുക്കിയും ഭക്തയും ഇസ്ലാമിനോട് കൂറുള്ളയാളുമായിരുന്നു അവര്‍’, അഫ്ഗാന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റും സിനിമാപ്രവര്‍ത്തകയുമായ ഫെരെഷ്ത കാസേമി പറയുന്നു. ‘സ്ത്രീകള്‍ എങ്ങനെയായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പാരമ്പര്യവാദികള്‍ പോലും ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയായിരുന്നു അവര്‍, പക്ഷെ അവര്‍ ഇതാ മരിച്ചു കിടക്കുന്നു.’

സോഷ്യല്‍ മീഡിയയിലൂടെ ഈ കൊലയെപ്പറ്റി അറിഞ്ഞ പലരില്‍ ഒരാളാണ് കസേമി. അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലും ഉള്ള ആക്റ്റിവിസ്റ്റുകളുമായി ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന് പ്രതികളുടെ ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കസേമി. ഈ ചിത്രങ്ങള്‍ കേസ് അന്വേഷിക്കുന്നവരെ സഹായിക്കുമെന്ന് കസേമി കരുതുന്നു. ഇതുവരെ പതിമൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം മെല്ലെയാക്കിയതിനു പതിമൂന്നു പോലീസ് ഓഫീസര്‍മാര്‍ സസ്‌പെന്‍ഷനിലുമാണ്.

ഈ ആക്രമണവും അതിനോടുള്ള പ്രതികരണവും അഫ്ഗാന്‍ സമൂഹം എത്രത്തോളം അസഹിഷ്ണുത കാണിക്കുന്നു എന്നാണ് കാട്ടിത്തരുന്നതെന്നു കസേമി പറയുന്നു. ഇസ്ലാമിക പുസ്തകങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത തരം എലസുകള്‍ക്കെതിരെയാണ് ഫര്‍ഖുന്‍ഡ പ്രതികരിച്ചത്. ‘എങ്കിലും പൊതുവേ സ്ത്രീകള്‍ സംസാരിക്കുന്നത് അനുവദനീയമല്ല’, കസേമി പറയുന്നു. ‘സ്ത്രീകളാണ് നിശബ്ദരായിരിക്കുന്നതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നത്.’

‘പേടിയും നടുക്കവും അങ്ങേയറ്റമാണ്’, സംസ്‌കാരത്തില്‍ സംബന്ധിച്ച പത്രപ്രവര്‍ത്തുകയായ ബോഡി പറയുന്നു. ‘ഉപരിതലത്തില്‍ ഉണ്ടാക്കിയ പുരോഗതികള്‍ക്കും വെളിയില്‍ കാബൂളിന്റെ ഉള്ളില്‍ ഇങ്ങനെയും ചിലതുണ്ട് എന്നത് ആളുകളെ അവിശ്വസനീയമായ രീതിയില്‍ നടുക്കിയിരിക്കുന്നു.’ ഡസന്‍ കണക്കിന് സ്ത്രീകള്‍ സംസ്‌കാരച്ചടങ്ങിന് സംബന്ധിച്ചുവെന്നും ഉരുകുന്ന ചൂടിലും പെട്ടി ചുമന്ന് നടന്നുവെന്നും ബോഡി പറയുന്നു. കാഴ്ചക്കാരില്‍ നിന്ന് അവരെ സംരക്ഷിച്ചുകൊണ്ടു അവര്‍ക്ക് ചുറ്റും പുരുഷന്മാരുടെ ഒരു ചങ്ങലയുണ്ടായിരുന്നു. നോക്കിനില്‍ക്കുന്നവരുടെ മേലും ചില സ്ത്രീകള്‍ ആക്രോശങ്ങള്‍ ഉയര്‍ത്തിയിരുന്നു.

‘അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിന്റെ യഥാര്‍ത്ഥ്യവും സത്യസന്ധവുമായ കഥയായിരുന്നു.’ ബോഡി പറയുന്നു. ‘ആള്‍ക്കൂട്ടത്തിലെ പുരുഷന്മാരുടെ നേര്‍ക്ക് അവര്‍ കൂവിവിളിച്ചിരുന്നതും അവര്‍ ആ പെട്ടി ചുമന്നുവന്നത് തന്നെയും ഈ സംഭവം അവരെ അത്രമേല്‍ ബാധിച്ചുവെന്നതിന്റെ സൂചനയാണ്.’

ഫര്‍ഖുന്‍ഡ കൊല്ലപ്പെട്ട സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒത്തുകൂടിയ സ്ത്രീകള്‍ അവളുടെ രക്തം പുരണ്ട മുഖത്തിന്റെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ചു നീതിക്ക് വേണ്ടി ആക്രോശങ്ങള്‍ നടത്തിയിരുന്നു. 

സഹനം, നിയമം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വലിയ ചര്‍ച്ചയുടെ ഭാഗമായി ഫര്‍ഖുന്‍ഡയുടെ മരണം മാറണം എന്നാണു കസേമി പറയുന്നത്. ഫര്‍ഖുന്‍ഡയുടെ അടക്കത്തില്‍ സംബന്ധിക്കാനായി ഡസന്‍ കണക്കിന് സ്ത്രീകള്‍ അയിത്തം മാറ്റിനിര്‍ത്തി പുറത്തുവന്നുവന്നത് വിലപിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ്.

‘ആണുങ്ങളാണ് അവളെ അടിച്ചുകൊന്നത്, പക്ഷെ അവളുടെ സോദരിമാരാണ് അവളെ അടക്കിയത്’ കസേമി പറയുന്നു. ‘അതിനൊരു സൗഖ്യവും ശക്തിയുമുണ്ട്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍