ടീം അഴിമുഖം
ഏറെക്കാലത്തെ അവ്യക്തതയ്ക്കും സുരക്ഷാ സേനയുടെ അതിക്രമങ്ങള്‍ക്കും ശേഷം നീതിപീഠം ഈ ചോദ്യത്തിന് ഉത്തരം നല്കിയിരിക്കുന്നു.
ജൂലായ് 8-നു ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, യു യു ലളിത് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഈ വിഷയത്തില്‍ നാടകീയമായ പ്രഖ്യാപനം നടത്തി: “ശത്രുക്കളെന്ന സംശയത്തിലോ വെറും ആരോപണത്തിന്റെ പുറത്തോ രാജ്യത്തെ പൌരന്മാരെ കൊല്ലുന്നതിന് നമ്മുടെ സായുധ സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നുവെങ്കില്‍ നിയമവാഴ്ച്ച മാത്രമല്ല നമ്മുടെ ജനാധിപത്യവും വലിയ അപകടത്തിലാണ്.”
സമാധാനവും പൊലീസും തമ്മില്‍ വലിയ അകലമില്ലാതെ ശീലിച്ച മലയാളികള്‍ക്ക് ഇതത്ര കാര്യമായി തോന്നില്ല. പക്ഷേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെയും നക്സല്‍ സ്വാധീനമേഖലകളുള്ള സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഈ വിധി ജീവിതം തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ക്ഷുഭിതനായ ഒരു സുരക്ഷാ സൈനികന്‍ ഒരു കാരണവുമില്ലാതെ തങ്ങളെ വെടിവെച്ചു കൊല്ലാതിരുന്നേക്കാം എന്നൊരു പ്രതീക്ഷയുടെ കിരണം. അതല്ലെങ്കില്‍ ഒരു പട്ടാളക്കാരന്‍, ഒരു അര്‍ദ്ധസൈനികന്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങളുടെ വീട്ടിലേക്ക് പാഞ്ഞുകയറി വെടിവെച്ചു കൊല്ലില്ല എന്ന പ്രതീക്ഷ.
സായുധ സേന പ്രത്യേക അവകാശ നിയമവും (AFSPA) അത് സൈനികരുടെ നടപടികള്‍ക്ക് നല്‍കുന്ന നിയമനടപടികളില്‍ നിന്നുള്ള വിടുതലും സംബന്ധിച്ച ഹര്‍ജിയില്‍ വന്ന ഈ വിധി പൌരാവകാശങ്ങളെയും മനുഷ്യാവകാശത്തെയും സംബന്ധിച്ചു നിര്‍ണായകമാണ്. മണിപ്പൂരില്‍ തീവ്രവാദി സംഘടനയായി കണക്കാക്കുന്ന ജനകീയ വിമോചന സേനയില്‍ (PLA) അംഗമെന്ന് ആരോപിച്ച് താങ്ജാം മനോഹര്‍ എന്ന യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിനെതിരെ സ്ത്രീകള്‍ നഗ്നരായി ഇന്ത്യന്‍ സൈനിക താവളത്തിന് മുന്നില്‍ പ്രതിഷേധിച്ചത് ലോകം ഇന്നും ഓര്‍ക്കുന്നുണ്ട്. ജൂലായ് 10, 2004-നാണ് മനോരമയെ 17-അസം റൈഫിള്‍സ് പിടിച്ചുകൊണ്ടുപോയത്. ഒരു ദിവസത്തിനുശേഷം വെടിയുണ്ടകള്‍ കയറിയ അവരുടെ മൃതദേഹം അടുത്തുള്ള വയലില്‍ കിടന്നു. കലാപബാധിതമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം മനുഷ്യത്വരഹിതമായ ക്രൂരതകള്‍ പതിവാണ്.
മണിപ്പൂരില്‍ 1979-നു ശേഷം നടന്ന 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വിരമിച്ച സുപ്രീം കോടതി ന്യായാധിപന്‍ സന്തോഷ് ഹെഗ്ഡെ നടത്തിയ അന്വേഷണത്തില്‍ കുറഞ്ഞത് ആറെണ്ണമെങ്കിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന് തെളിഞ്ഞു.
1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം നടപ്പാക്കിയ റൌലറ്റ് നിയമത്തിന്റെ ചുവടുപിടിച്ചു കൊണ്ടുവന്ന നിയമമാണ് AFSPA. ഏത് സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും തെരച്ചില്‍ നടത്താനും അതിനെ തടയുന്ന ആരെയും വാറണ്ട് കൂടാതെ തടവിലാക്കാനും ഈ നിയമം സുരക്ഷാസേനക്ക് തടസങ്ങളില്ലാത്ത അധികാരം നല്കുന്നു. കൊളോനിയല്‍ നിയമത്തെ ചുരുക്കത്തില്‍ ഇങ്ങനെ പറയാം: “വാദങ്ങളില്ല, അഭിഭാഷകനില്ല, അപ്പീലില്ല.”
സ്വതന്ത്ര ഇന്ത്യയില്‍ കൊളോണിയല്‍ ജനവിരുദ്ധ രീതികളെല്ലാം ഗൃഹാതുരതയോടെ ബാക്കിനിന്നു. സംസ്ഥാന പൊലീസ് തീവ്രവാദത്തെ നിയന്ത്രവിധേയമാക്കിയതിനാല്‍ AFSPA വേണ്ടെന്നുവെക്കാന്‍ ധൈര്യം കാണിച്ച ഏക മുഖ്യമന്ത്രി ത്രിപുരയിലെ മണിക് സര്‍ക്കാരാണ്.
മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഈ പൈശാചിക നിയമത്തെ പിന്തുണച്ചിരുന്നു. അതുപോലെ മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഇബോബി സിങ്ങും. തങ്ങളുടെ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് കേന്ദ്ര സേനകളെ ആശ്രയിച്ചവരായിരുന്നു ഇവര്‍. AFSPA-യുടെ പരസ്യ അനുകൂലിയായിട്ടും മണിപ്പൂരിലെ ജനങ്ങള്‍ ഇബോബി സിങിനെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തു എന്നതാണു അത്ഭുതം. രാഷ്ട്രീയത്തിലെ വിചിത്രസമവാക്യങ്ങള്‍!
ഈ രാജ്യത്തിന്റെ സുരക്ഷാ സംവിധാന ഘടന മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിദേശ ശത്രുക്കളെ നേരിടാന്‍ പരിശീലിപ്പിച്ച തങ്ങളുടെ സുരക്ഷാ സേനയെ ഉപയോഗിച്ച് എത്രനാള്‍ ഇന്ത്യക്ക് സ്വന്തം പൌരന്മാരുമായി ഏറ്റുമുട്ടാനാകും? നിലവിലെ വ്യവസ്ഥയുടെ കീഴില്‍ ഒറ്റപ്പെടലും അനീതിയും അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സാന്ത്വനം നല്കാന്‍ കഴിയേണ്ട ഒരു മാനസികമായ ഐക്യപ്പെടല്‍ കൂടിയാകണം തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍. AFSPA സംബന്ധിച്ച പുനരാലോചനകള്‍ക്കും കൊളോണിയല്‍ ഭാരം പേറുന്ന ഈ കരിനിയമത്തെ അസാധുവാക്കാനും മോദി സര്‍ക്കാര്‍ തയ്യാറാകുമോ?