UPDATES

വിദേശം

യുഎസിനെക്കൂടാതെയുള്ള ഭാവിയാലോചിച്ച് ആഫ്രിക്കന്‍ നേതാക്കള്‍

അന്താരാഷ്ട്ര സഹായത്തെക്കുറിച്ച് മതിപ്പില്ലാത്ത, ആ പണം അമേരിക്കക്കാര്‍ക്കായി ഉപയോഗിക്കണമെന്ന് പറയുന്ന ട്രംപിന് കീഴില്‍ ആഫ്രിക്കന്‍ സഹായ പദ്ധതികള്‍ ഉടന്‍ അവസാനിച്ചേക്കും

പോള്‍ സ്കെം

ജൂലായ് 2015-നു ആഫ്രിക്കന്‍ യൂണിയന് മുന്നില്‍ ബരാക് ഒബാമ നടത്തിയ പ്രസംഗത്തില്‍- ഒരു അമേരിക്കന്‍ പ്രസിഡണ്ട് ആദ്യമായാണ് ആ വേദിയില്‍ സംസാരിച്ചത്- ഭൂഖണ്ഡത്തിന്റെ ഒരു വികസന പങ്കാളിയാകാന്‍ യു.എസ് തയ്യാറാണെന്ന് അന്ന് കൂടിയിരുന്ന രാഷ്ട്രതലവന്മാരോടും പ്രതിനിധികളോടും പറഞ്ഞു. അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യാവകാവശങ്ങള്‍ക്കുള്ള പിന്തുണയുമായിരിക്കും അത് വരിക എന്നും ഒബാമ മുന്നറിയിപ്പ് നല്കി.
“നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം പെട്ടിരിക്കുന്നു-ഞങ്ങളിങ്ങനെയാണ്. ഞങ്ങളീ സംഗതികളില്‍ വിശ്വസിക്കുന്നു, ഞങ്ങളതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും,” കയ്യടികള്‍ക്കിടയ്ക്കും ചിരികള്‍ക്കുമിടയില്‍ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒന്നര കൊല്ലത്തിന് ശേഷം പുതിയ പ്രസിഡണ്ട് വന്നിരിക്കുന്നു. അയാള്‍ ആഫ്രിക്കയെക്കുറിച്ച് വളരെ കുറച്ചേ പറയുന്നുള്ളൂ. പതിറ്റാണ്ടുകളുടെ ആഫ്രിക്കന്‍ നിക്ഷേപ പരിപാടിയില്‍ നിന്നും പിന്‍വാങ്ങാനുള്ള സൂചന നല്‍കുന്നു. ചോദ്യം ചെയ്യലില്‍ പീഡിപ്പിക്കുന്നതിനെ സാധൂകരിച്ചാണ് അയാള്‍ സംസാരിക്കുന്നത്.

ആഡീസ് അബാബയില്‍ അടുത്ത് നടന്ന ആഫ്രിക്കന്‍ യൂണിയന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ആഫ്രിക്കന്‍ നേതാക്കള്‍ നിരവധി വിഷയങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടത്തി. ആരായിരിക്കണം അദ്ധ്യക്ഷന്‍, മൊറോക്കോയുടെ മടങ്ങിവരവ്, അന്താരാഷ്ട്ര കുറ്റകൃത്യ കോടതിയില്‍ നിന്നും പുറത്തുപോരണോ, അങ്ങനെ പലതും. പക്ഷേ ഔദ്യോഗിക അജണ്ടയ്ക്കപ്പുറം യു.എസില്‍ ട്രംപിന്റെ വരവോടെ ദേശീയതയുടെ ഒരു പുതിയ യുഗം വരുന്നു എന്ന അസ്വസ്ഥത എല്ലാവരിലും ഉണ്ടായിരുന്നു.

സ്ഥാനമൊഴിയുന്ന ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷന്‍ ക്സാസാന ഡ്ലമിനി-സുമ തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നും വിട്ടുമാറി, അഭയാര്‍ത്ഥികളെ വിലക്കിയ ട്രംപിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ചു.

“ആഗോളമായി നമ്മള്‍ ഏറെ പ്രക്ഷുബ്ധമായ കാലത്തിലാണെന്ന് വ്യക്തമാണ്. അറ്റ്ലാന്റിക് കടന്നുള്ള അടിമക്കച്ചവടത്തിന്റെ കാലത്ത് നമ്മുടെ നിരവധി ആളുകളെ അടിമകളാക്കി കൊണ്ടുപോയ അതേ രാജ്യം ഇന്നിപ്പോള്‍ നമ്മുടെ ചില രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” അവര്‍ പറഞ്ഞു.

“നമ്മളെന്താണ് ഇതിന് ചെയ്യേണ്ടത്? തീര്‍ച്ചയായും നമ്മുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്.”

ക്ലിന്‍റന്‍ ഭരണം മുതല്‍ യുഎസ് ആഫ്രിക്കയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ജോര്‍ജ് ബുഷിന്റെ ഭരണത്തില്‍ സഹായം നാലിരട്ടിയായി. പ്രത്യേകിച്ചും AIDS നിര്‍മ്മാര്‍ജന പരിപാടിയായ PEPFAR-നു. (ഓരോ ഭരണകാലത്തും വാണിജ്യം ആരോഗ്യം, മികച്ച ഭരണനിര്‍വ്വഹണം എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ഓരോ പുതിയ പേരില്‍ പദ്ധതി വരും. മെച്ചപ്പെട്ട മനുഷ്യാവകാശ അന്തരീക്ഷമുള്ള രാജ്യങ്ങള്‍ക്ക് യുഎസ് വിപണിയില്‍ അനുമതി നല്‍കുന്ന AGOA, YALI, ഒബാമ തുടങ്ങിയ യുവാക്കളായ ആഫ്രിക്കന്‍ നേതാക്കള്‍ക്കായുള്ള പദ്ധതി; PEPFAR,  ഭൂഖണ്ഡത്തിലെ വൈദ്യുതോതപാദനം കൂട്ടാനുള്ള Power Africa)

ട്രംപിന്റെ സംഘത്തില്‍ നിന്നുള്ള സൂചനകള്‍ കാണിക്കുന്നത് അഴിമതിയില്‍ മുങ്ങിയ ഈ പരിപാടികള്‍ ഭൂഖണ്ഡത്തിന് ഗുണം ചെയ്യുന്നില്ല എന്ന് അവര്‍ കരുതുന്നു എന്നാണ്. PEPFAR, AGOA പോലുള്ള പദ്ധതികളെക്കുറിച്ച് പ്രത്യേകമായും ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. ഒപ്പം നാട്ടില്‍ ദാരിദ്ര്യമുള്ളപ്പോള്‍ പുറത്തേക്ക് സഹായം നല്‍കണോ എന്ന വാദവും.

അന്താരാഷ്ട്ര സഹായത്തെക്കുറിച്ച് മതിപ്പില്ലാത്ത, ആ പണം അമേരിക്കക്കാര്‍ക്കായി ഉപയോഗിക്കണമെന്ന് പറയുന്ന ട്രംപിന് കീഴില്‍ ഈ പദ്ധതികള്‍ അവസാനിപ്പിക്കും എന്നാണ് പല വിദഗ്ദ്ധരും കരുതുന്നത്.

“ഇത്തരം പങ്കാളിത്ത പദ്ധതികളുടെയെല്ലാം ഭാവി സംശയത്തിലാണെന്ന് ഞാന്‍ കരുതുന്നു,” എന്നാണ് ആഫ്രിക്കന്‍ യൂണിയനിലെ മുന്‍ യു.എസ് നയതന്ത്ര പ്രതിനിധി റൂബെന്‍ ബ്രിജെറ്റി പറഞ്ഞത്.

“ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മെക്സിക്കോയുടെയും ചൈനയുടെയും കാര്യത്തില്‍ ട്രംപെടുത്ത നിലപാടുകള്‍ കാണുമ്പോള്‍ ആഫ്രിക്കയിലെ അമേരിക്കന്‍ പദ്ധതികള്‍ തുടരും എന്ന് കരുതാനാവില്ല.”
പീഡനത്തിനുള്ള ട്രംപിന്റെ പിന്തുണ മേഖലയിലെ സ്വേച്ഛാധിപതികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മൊറോക്കോ കൂടി ചേരുന്നതോടെ 55 അംഗങ്ങളായി മാറുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഐക്യം ഉണ്ടാക്കാന്‍ വര്‍ഷങ്ങളായി ഏറെ പണിപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയ്ക്ക് മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളും ഫ്രഞ്ച് ഉപയോഗിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും രാഷ്ട്രീയ ഭിന്നതകളും നിലനിന്നിരുന്നു.

ഭിന്നതകള്‍ സാമ്പത്തികവുമാണ്. ഭൂഖണ്ഡത്തിലെ വാണിജ്യം ആഭ്യന്തരമായതിനെക്കാള്‍ കൂടുതല്‍ മറ്റ് രാജ്യങ്ങളുമായാണ്. പല അതിര്‍ത്തികളും ഉയര്‍ന്ന തീരുവ കാരണം അടച്ചിട്ടിരിക്കുകയാണ്. രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതകളും ഗതാഗത സൌകര്യങ്ങളും ചുരുക്കമാണ്. ആഫ്രിക്കയുടെ കച്ചവടത്തിന്റെ 10% മാത്രമാണ് ഭൂഖണ്ഡത്തിനകത്ത് നടക്കുന്നത്. ഭൂഖണ്ഡം മുഴുവനുമായുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ ആവശ്യം എന്നത്തേക്കാളും കൂടുതലാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.

“ലോകത്തിലേക്കു നോക്കിയാല്‍, യുഎസിലേക്ക് നോക്കിയാല്‍ ദേശീയതയെക്കുറിച്ച് ആളുകള്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലേക്ക് തൊഴിലുകള്‍ മടക്കികൊണ്ടുവരുന്നതിനെക്കുറിച്ചാണ് അവര്‍ പറയുന്നത്” വ്യവസായ, വാണിജ്യ കമ്മീഷണര്‍ ഫാത്തിമ ഹറം അകില്‍ പറഞ്ഞു. “ആഫ്രിക്കയും അതിന്റെ മുന്‍ഗണനകള്‍, വിപണികള്‍, ജനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.”

സ്ഥാനമൊഴിയുന്ന ഉപാധ്യക്ഷനും ഇതിനോട് യോജിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പും അമേരിക്ക ആദ്യം എന്ന വാചകമടിയും സ്വതന്ത്ര വാണിജ്യ കരാര്‍ ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ അംഗങ്ങള്‍ക്ക് ഉത്തേജനമാകും എന്നും എറസ്റ്റസ് മ്വെഞ്ച പറഞ്ഞു.

2017-ഓടെ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ വാഗ്ദാനം. കുറഞ്ഞത് ഈ വര്‍ഷം അതിന്റെ കരടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നെങ്കിളും കരുതാം.

“ഇതിനെല്ലാം ഒരുപാട് സമയമെടുക്കും, പെട്ടന്നു ചെയ്യാനാകില്ല. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമാധാനപൂര്‍ണമായ ആഫ്രിക്കയിലേക്ക് നയിക്കുന്നത് സ്വതന്ത്രമായ പരസ്പര വ്യാപാരം നടക്കുന്ന ആഫ്രിക്കയായിരിക്കും,” International Crisis Group-ലെ ആഫ്രിക്കന്‍ യൂണിയന്‍ വിദഗ്ധ എലിസ ജോബ്സന്‍ പറയുന്നു.

“അത് ട്രംപില്ലെങ്കിലും ഉണ്ടെങ്കിലും അര്‍ത്ഥമുള്ള ഒന്നാണ്,” അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍