UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറുത്തവരെ കൊല്ലുന്ന ഭാരത് മാതയുടെ മക്കള്‍

അഴിമുഖം പ്രതിനിധി

മസോന്‍ഡ ഒളിവറിന്റെ പിതാവ് കോംഗോയില്‍ നിന്നും നാളെ എത്തും. ഡല്‍ഹിയിലെ എയിംസിലെ മോര്‍ച്ചറിയില്‍ നിന്നും ഒളിവറിന്റെ മൃതദേഹം ഏറ്റുവാങ്ങി തിരികെ നാട്ടിലേക്ക് കൊണ്ടു പോകാന്‍. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫ്രഞ്ച് ഭാഷാ അധ്യാപകനായിരുന്ന ഒളിവര്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയായി. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ദരിദ്ര കുടുംബാംഗമായ ഒളിവറിനെ 2012-ല്‍ ആ പിതാവ് സ്വന്തം ഭൂമി വിറ്റ് കിട്ടിയ പണം കൊണ്ടാണ് ഇന്ത്യയിലേക്ക് അയച്ചത്. എയിംസില്‍ നിന്നും ഒളിവറിന്റെ തണുത്തു മരവിച്ച മൃതദേഹം കൊണ്ടു പോകുന്നതിനായി ആ പിതാവ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത് കടം വാങ്ങിയിട്ടാണ്. ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഈ വംശവെറിയില്‍ ഇല്ലാതായത്.

മെയ് 20-ന് രാത്രിയില്‍ ഒരു ഓട്ടോ റിക്ഷ ഒളിവര്‍ വിളിക്കുമ്പോഴാണ് മറ്റൊരു കൂട്ടരെത്തി അവരാണ് ഓട്ടോ വിളിച്ചതെന്ന് പറഞ്ഞ് അയാളുമായി തര്‍ക്കിച്ചത്. തുടര്‍ന്ന് അവര്‍ ഒളിവറെ മര്‍ദ്ദിക്കുകയും തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഒളിവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ വഷളാക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നു. ഒരു ടാന്‍സാനിക്കാരിയെ ബംഗളുരുവില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച സംഭവമുണ്ടായി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ വംശീയ കൊലപാതകം നടന്നത്. കറുത്ത നിറത്തോടുള്ള ഇന്ത്യാക്കാരന്റെ വെറുപ്പാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.

ഒളിവറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് സന്ദര്‍ശിക്കുകയും ആഫ്രിക്കക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചിരുന്നു.

ഒളിവറിന്റെ കസിന്‍ സഹോദരനായ മൈക്കേല്‍ താമസിക്കുന്ന തെക്കന്‍ ഡല്‍ഹിയിലെ രാജ് പുര്‍ ഖുര്‍ദ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ജനക്കൂട്ടം ആക്രമണങ്ങള്‍ നടത്തിയിരുന്നു. പന്ത്രണ്ടോളം ആഫ്രിക്കന്‍ സ്ത്രീ-പുരുഷന്‍മാരാണ് ആക്രമണത്തിന് ഇരയായത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ് ഈ ആഫ്രിക്കക്കാര്‍. ഞങ്ങളുടെ രാജ്യത്തു നിന്നും ആഫ്രിക്കക്കാര്‍ ഒഴിഞ്ഞു പോകുകയെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആക്രമണം അഴിച്ചു വിട്ടതെന്ന് അവര്‍ പറയുന്നു.

എന്നാല്‍ ഇത് ചെറിയൊരു വഴക്കു മാത്രമാണെന്നാണ് പൊലീസ് ഭാഷ്യം. രാത്രി വൈകി പാട്ടു വച്ചതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനും എതിരെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 10.30 ഓടെയാണ് ആക്രമണം ആരംഭിച്ചത്. അരമണിക്കൂറോളം നേരം ആക്രമണം തുടര്‍ന്നു.

നൈജീരിയയില്‍ നിന്നുള്ള 27 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ലൂഷിയാണ് ആദ്യം ആക്രമണത്തിന് ഇരയായത്. ഇയാള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജനക്കൂട്ടം തടയുകയായിരുന്നു. ഇരുപതോളം പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ലൂഷി പറയുന്നു. ഒരാള്‍ മുഖത്ത് കല്ലു കൊണ്ട് ഇടിച്ചു. ജീവന്‍ രക്ഷിക്കുന്നതിനായി അവിടെ നിന്നും ഓടിപ്പോകുകയായിരുന്നുവെന്ന് ലൂഷി പറയുന്നു. ഇയാളെ പിന്നീട് എയിംസില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ആക്രമണത്തിന് ഇരയായത് കാറില്‍ യാത്ര ചെയ്യുകയായിരുന്ന നൈജീരിയന്‍ ദമ്പതികളും നാലു മാസം പ്രായമുള്ള കുഞ്ഞുമായിരുന്നു. ഹിന്ദിയില്‍ ആക്രോശിച്ചു കൊണ്ട് എത്തിയ ജനക്കൂട്ടം കാര്‍ ആക്രമിക്കുകയായിരുന്നു. ബാറ്റും തടിയും ഉപയോഗിച്ച് കാര്‍ തല്ലിത്തകര്‍ത്തു. ഫത്തേപൂര്‍ മേഖലയിലെ ഒരു പള്ളിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കാര്‍ അതിവേഗമൊടിച്ച് പോയാണ് ഈ കുടുംബം ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

കാമറൂണില്‍ നിന്നുള്ള സഹോദരിയും സഹോദരനുമാണ് ആക്രമണത്തിന് ഇരയായ മറ്റൊരാള്‍. തങ്ങളെ വടിയും ഇരുമ്പ് കമ്പികളും കൊണ്ട് ആക്രമിച്ചിട്ടും ആരും രക്ഷപ്പെടുത്താന്‍ വന്നില്ലെന്ന് അവര്‍ പറയുന്നു. കൂടാതെ കറുത്തവര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും ആക്രമണത്തിന് ഇരയായ ഷാമില കൂട്ടിച്ചേര്‍ത്തു. തിരികെ സ്വന്തം നാട്ടിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമിക്കുമെന്ന് മുന്നറിയിപ്പും അക്രമികള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ്ജ് ആയി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോംഗോക്കാരിയായ വിക്കിയേയും സഹോദരനേയും ഓട്ടോ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അസുഖബാധിതനായ സഹോദരനെ ആക്രമിക്കരുതെന്ന് വിക്കി കേണപേക്ഷിച്ചു. എന്നാല്‍ അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിക്കിയെ പിന്തുടര്‍ന്ന് ഇരുവടി കൊണ്ട് അടിച്ചു. തറയില്‍ വീണ വിക്കിയെ ചവിട്ടുകയും അപമാനിക്കുകയും ചെയ്തു. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഇവര്‍ക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവര്‍ ആക്രമിക്കപ്പെട്ട മേഖലയിലെ ഓരോ വീട്ടിന് മുന്നില്‍ ചെന്നും അവിടത്തെ സ്ത്രീകളോട് രക്ഷിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് വിക്കി പറയുന്നു. അവര്‍ വീടിന്റെ വാതിലുകള്‍ കൊട്ടിയടച്ചു. ഒടുവില്‍ പൊലീസ് എത്തിയപ്പോഴാണ് അക്രമം അവസാനിപ്പിച്ചത്. പൊലീസ് വിക്കിയേയും സഹോദരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വംശീയ ആക്രമണമല്ല നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണം നടന്ന സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും അഞ്ച് യുവാക്കളെ പിടികൂടുകയും ഇരകള്‍ അവരെ തിരിച്ചറിയുകയും ചെയ്തുവെന്ന് അഡീഷണല്‍ ഡിസിപിയായ നൂപുര്‍ പ്രസാദ് പറയുന്നു. മെഹ്‌റുളി പൊലീസ് സ്റ്റേഷനില്‍ മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു ആഫ്രിക്കന്‍ വംശജന് എതിരെ ആക്രമണം നടന്നിരുന്നു. ഇങ്ങനെ തുടര്‍ച്ചയായ വംശീയ ആക്രമണങ്ങള്‍ നടക്കുന്നതിലും അത് തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ എടുക്കാത്തതിലും ആഫ്രിക്കന്‍ വംശജര്‍ ഭീതിയിലും പ്രതിഷേധത്തിലുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍