UPDATES

നമ്മുടെ പൂര്‍വികര്‍ പണിക്കാരോ അടിമകളോ; ഒരു മകന്‍ അമ്മയ്ക്ക് അയച്ച മെസേജ്

Avatar

യാന്‍ വാങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കൗമാരക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ അവരെയോര്‍ത്ത് പലതും ആലോചിച്ച് ആകുലരാകാറുണ്ട്. മക്കളുടെ കൂട്ടുകെട്ട്, മദ്യപാനശീലം, പ്രേമ ബന്ധങ്ങള്‍ എന്നിവയൊക്കെയാണ് പൊതുവേ അത്തരം ആകുലതകള്‍ക്ക് കാരാണമാകാറുള്ളത്. ഇവിടെ തന്റെ 15 വയസ്സുള്ള മകനയച്ച മെസേജ് വായിച്ച അമ്മ റോണി ഡെംബരനും വല്ലാതെ അസ്വസ്ഥയായി. പക്ഷേ ആ അസ്വസ്ഥതയ്ക്കു കാരണം മുകളില്‍ സൂചിപ്പിച്ചവയില്‍ ഒന്നും ആയിരുന്നില്ല. അവന്‍ മെസേജിലൂടെ ചോദിച്ചത് ചരിത്രത്തെക്കുറിച്ചായിരുന്നു.

തന്റെ 9ാം ക്ലാസ് ജ്യോഗ്രഫി പാഠപുസ്തകത്തിലെ വിവിധതരം കുടിയേറ്റങ്ങളെക്കുറിച്ചു പരാമള്‍ശിക്കുന്ന പാഠഭാഗത്തിന്റെ ഇമേജാണ് മകന്‍ കോബി അമ്മയ്ക്കു അയച്ചു കൊടുത്തിരുന്നത്. അതില്‍ വിവിധതരം കുടിയേറ്റങ്ങള്‍ എന്ന തലക്കെട്ടിനു താഴെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പരാമര്‍ശിക്കുന്ന ഭാഗത്ത് ഇപ്രകാരം രേഖപ്പെടുത്തിയുരുന്നു. ”1500നും 1800നും ഇടയ്ക്ക് അടിമ വ്യാപാരത്തിന്റെ കാലത്ത് ആഫ്രിക്കയില്‍ നിന്നും ലക്ഷക്കണക്കിന് പണിക്കാരെ അമേരിക്കയിലെ തോട്ടങ്ങളില്‍ ജോലിക്കായി കൊണ്ടു വന്നിരുന്നു’.

നമ്മുടെ പൂര്‍വ്വികര്‍ ശരിക്കും പണിക്കാരായി ഇവിടെയെത്തിയതാണോ അമ്മേ?. ഇമേജിനു താഴെ അവന്റെ ചോദ്യുമുണ്ടായിരുന്നു.

മകനയച്ച ദൃശ്യവും അവസാനമുന്നയിച്ച ചോദ്യവും റോണിയെ ഒരുപാടു ചിന്തിപ്പിച്ചു. അവന്‍ പഠിക്കുന്ന ടെക്‌സസിലെ അതേ പബ്ലിക്ക് ഹൈസ്‌ക്കൂളില്‍ 11 വര്‍ഷക്കാലം ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ടവര്‍. ഇപ്പോള്‍ ഹോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഭാഷ ഗവേഷകയാണ്. സൂഷ്മമായ പദപ്രയോഗങ്ങള്‍ക്ക് അര്‍ത്ഥത്തേയും അര്‍ത്ഥതലങ്ങളെയും മാറ്റിമറിക്കാനുള്ള കഴിവും അതില്‍ പതിയിരിക്കുന്ന അപകടങ്ങളും റൂണിയെ എന്നും അലട്ടിയിട്ടുള്ള ചിന്തയാണ്. ഈ മേഖലയില്‍ തന്നെയാണ് അവര്‍ വളരെക്കാലമായി ഗവേഷണം നടത്തുന്നതും മകന്‍ ചൂണ്ടിക്കാണിച്ച പാഠഭാഗത്തിലെ ചില പദപ്രയോഗങ്ങള്‍ ബോധപൂര്‍വ്വമുള്ളവയാണെന്നു റോണി പറയുന്നു.

അടിമകളായി വരേണ്ടി വന്നവരെ ”പണിക്കാര്‍” എന്നും, അടിമക്കടത്തിനെ ”കുടിയേറ്റ”മെന്നും വിശേഷിപ്പിക്കുന്നതിലൂടെ ആഫ്രിക്കക്കാര്‍ പണ്ട് അമേരിക്കയിലേക്ക് സ്വമേധയാ വരുകയായിരുന്നുവെന്നും മാത്രമല്ല, ചെയ്തിരുന്ന ജോലിക്കവര്‍ക്കു വേതനം ലഭിച്ചിരുന്നുവെന്നുമുള്ള ധ്വനിയാണ് പാഠപുസ്തകം നല്‍കുന്നത്. ഇവിടെ യഥാര്‍ത്ഥ ചരിത്രത്തെ മായ്ച്ചു പുതിയതായി തിരിച്ചെഴുതുകയാണ്. അടിമക്കച്ചവടത്തിന്റെ ഗുണഭോക്താക്കളായിരുന്നവര്‍ക്ക് അതൊരു പക്ഷേ രുചിച്ചേക്കാം. അതു പക്ഷേ തങ്ങള്‍ മനുഷ്യരാണെന്നുള്ള തിരിച്ചറിവും പോലും നഷ്ടപ്പെട്ട് കെടിയ യാതനകള്‍ക്കു വിധേയരായി മരിച്ച ആഫ്രിക്കന്‍ അടിമകളോട് ചരിത്ര കര്‍ത്താക്കള്‍ ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും. പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായ റോണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

റോണിയുടെ പോസ്റ്റ് വൈറലായതോടെ പുസ്തകം തയ്യാറാക്കിയ അമേരിക്കയിലെ വലിയ പാഠപുസ്തക നിര്‍മ്മാണ- പ്രസാധക ഗ്രൂപ്പായ മഗ് ഗ്രോ ഹില്‍ എജ്യുക്കേഷന്‍ ഫേസ്ബുക്കിലൂടെ തന്നെ വിശദീകരണവുമായെത്തി. പ്രസ്തുത പാഠഭാഗത്ത് വിവിധ തരം കുടിയേറ്റങ്ങളെന്ന തലക്കെട്ടിനു താഴെ തങ്ങളുപയോഗിച്ച ഭാഷ ആഫ്രിക്കാരെ അവരുടെ താത്പ്പര്യത്തിനു വിരുദ്ധമായി അടിമപ്പണിക്കായി അമേരിക്കയിലേക്കു കൊണ്ടുവന്നതാണെന്ന വസ്തുത വിനിമയം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നു കമ്പനി പോസ്റ്റില്‍ സമ്മതിച്ചു. എന്നാല്‍ ഇനി മുതല്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ നിര്‍ബന്ധിത കുടിയേറ്റമെന്ന തലക്കെട്ടു നല്‍കി ആഫ്രിക്കക്കാര്‍ അടിമകളായി അമേരിക്കയിലെത്തിയ സംഭവം വിവരിക്കുമെന്നും അതില്‍ അടിമകള്‍ക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്ന കാര്യത്തിന് ഊന്നല്‍ നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കി. പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞതായും, മാറ്റങ്ങളോടെയുള്ള അച്ചടിപ്പതിപ്പാകും അടുത്ത തവണയിറങ്ങുകയെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്കില്‍ മഗ് ഗ്രോ ഹില്ലിന്റെ പ്രതികരണമുണ്ടാകുമ്പോഴേക്കും, പാഠഭാഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ചിത്രീകരിക്കുന്ന റോണിയുടെ വീഡിയോ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞിരിന്നു. അവരുടെ രൂക്ഷമായ പ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലെങ്ങും. പുസ്ത പ്രസാധകരുടെ പ്രതികരണത്തില്‍ പൂര്‍ണ്ണ തൃപ്തയല്ല റോണി.

മഗ് ഗ്രോ ഹില്ലിനെ പോലെ വലിയൊരു സ്ഥാപനം ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. പക്ഷേ അവരിപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് ഡിജിറ്റല്‍ പതിപ്പില്‍ മാത്രമാണ്. വളരെക്കുറച്ചു പേരെ അതുപയോഗിക്കുന്നുള്ളു. ഏറ്റവും പുതിയ പതിപ്പിലാണ് നമ്മള്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ സംഭവിച്ചിരിക്കുന്നത്. (കോപ്പി റൈറ്റ് 2016). അടുത്ത പതിപ്പില്‍ മാറ്റങ്ങളുണ്ടാവുമെന്നു കമ്പനി പറയുന്നു. പക്ഷേ അതിറങ്ങാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും- റോണി ചൂണ്ടിക്കാട്ടി.

കൂടുതല്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നു പറഞ്ഞു കൊണ്ടാണ് കമ്പനി പോസ്റ്റില്‍ തങ്ങളുടെ പിഴവു തിരുത്തല്‍ നടപടികളവതരിപ്പിക്കുന്നത്. അവരെപ്പോലൊരു വലിയ പ്രസ്ഥാനത്തിന് ഇതിലും മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു തന്നെയാണ് ഞാനും കരുതുന്നത്. പിഴവു തിരുത്തിക്കൊണ്ടുള്ളൊരു ചെറിയ സപ്ലിമെന്റിറക്കുകയോ, നിലവിലെ പുസ്തകം പിന്‍വലിക്കുകയോ ചെയ്യാം. അവരുടെ രാഷ്ട്രീയം എന്തു തന്നെയാവട്ടെ, അടിമത്തത്തിന്റെ ചരിത്രം അതില്‍ പറഞ്ഞിരിക്കുന്ന പോലെ വ്യഖ്യാനിക്കാന്‍ കഴിയുന്നതല്ലെന്നു അവര്‍ക്കറിയാവുന്നതല്ലേ? റോണി ചോദിക്കുന്നു.

അടിമത്ത ചരിത്രത്തെ ലഘൂകരിച്ചു കാട്ടുന്ന ഏതൊരു ചെറിയ നീക്കവും ചെറുക്കപ്പെടേണ്ടതാണ്. അങ്ങനെ ചെയ്യുന്നവര്‍ പറയാതെ പറയാന്‍ ശ്രമിക്കുന്നത് കറുത്തവരുടെ ജീവിതം, ശരീരം, വേദനകള്‍ ഇതൊന്നും പറയാനോ, ചരിത്രമാക്കാനോ തക്ക സംഗതികള്‍ അല്ലെന്നു തന്നെയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരായി രൂപപ്പെട്ട പ്രതിക്ഷേധക്കൂട്ടായ്മ ബ്ലാക്ക് ലിവ്‌സ് മാട്ടേര്‍സ് ന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ടെക്‌സസ് വിദ്യാഭ്യാസ ബോര്‍ഡിന്റെ കരിക്കുലം അനുസരിച്ച് മഗ് ഗ്രോ ഹില്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഇതാദ്യമായല്ല. സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ടെക്‌സസ് ബോര്‍ഡ് 2010ല്‍ ആവിഷ്‌ക്കരിച്ച നയം അന്നു തന്നെ ധാരാളം പഴികള്‍ കേട്ടതാണ് യത്ഥാര്‍ഥ ചരിത്രത്തില്‍ അനാവശ്യ ഇടപെടല്‍ നടത്താനും വളച്ചൊടിക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്നതായിരുന്നു പ്രധാന ആക്ഷേപം.

ടെക്‌സസ് ബോര്‍ഡ് അംഗീകരിച്ച പാഠ്യ പദ്ധതിയില്‍ അമേരിക്കയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ തോമസ് ജെഫര്‍ സണിന്റെ (അമേരിക്കന്‍ സ്വാതന്ത്ര പ്രഖ്യാപനം തയ്യാറാക്കിയതില്‍ പ്രധാനി, അമേരിക്കയുടെ 3ാമത്തെ പ്രസിഡന്റ്) പ്രാധാന്യം കുറച്ചു കാണിക്കുന്നതായും, ഭരണകുടത്തേയും പള്ളിയേയും വേര്‍തിരിച്ച നടപടിയെ മോശം കാര്യമായി പരാമര്‍ശിക്കുന്നതായും, ശീതയുദ്ധക്കാലത്ത് അമേരിക്കയില്‍ കമ്മ്യൂണിസ്റ്റ് അധിനിവേശം ഉണ്ടായതായി തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതായും പരാതികളുയര്‍ന്നിരുന്നു. പാഠ്യ പദ്ധതിക്ക് പ്രാഥമികാംഗീകാരം ലഭിച്ച ഉടന്‍ തന്നെ ഇത്തരം വസ്തുതകള്‍ ചൂണ്ടിക്കട്ടി വാഷിംഗ് ടണ്‍ പോസ്റ്റില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

ടെക്‌സസ് വിദ്യാഭ്യാസ ബോര്‍ഡിന്റെ കരിക്കുലം അനുസരിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങളില്‍ പോലും ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍. ധാരാളം കാണാനാവുമെന്നു വിദഗ്ദര്‍ പറയുന്നു സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് മുസ്ലീം വസ്ത്ര ധാരണ രീതിയെന്ന പ്രഖ്യാപനവും, ജിം ക്രോം നിയമങ്ങളുടെ ഫലമായി ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെ ലഘൂകരിച്ചു കാണിക്കുന്നതും. അമേരിക്കന്‍ സിവില്‍ വാറിലേക്കു നയിച്ച പ്രധാന ഘടകങ്ങളില്‍ നിന്നു അടിമത്തത്തെ ഒഴിവാക്കുന്ന സമീപനവുമെല്ലാം ഇതിനുദാഹരണമായവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ളപ്പോഴും പുസ്തകങ്ങള്‍ക്ക് വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നുണ്ട്. ഇതില്‍ മിക്കതും മഗ് ഗ്രോ ഹില്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളുമാണ്. ഇവ ടെക്‌സസില്‍ വില്‍ക്കാനുദ്ദേശിച്ചുള്ളവയാണെങ്കിലും ടെക്‌സസ് വിദ്യാഭ്യാസ ബോര്‍ഡിനും മഗ് ഗ്രോ ഹില്ലിനുമുള്ള വ്യാപക പ്രചാരം മറ്റു സ്ഥലത്തെ വിദ്യാഭ്യാസ ബോര്‍ഡുകളേയും സമാനമായ സിലമ്പസ് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചേ ക്കുമോയെന്ന ആശങ്ക വിദഗ്ദര്‍ പങ്കു വയ്ക്കുന്നുണ്ട്.

അലക്ഷ്യമായി ചില സിലമ്പസുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ അത് അടിമത്തവ്യവസ്ഥിതിക്കും വര്‍ണ്ണ, വര്‍ഗ വിവേചനത്തിനും സിലമ്പസിലൂടെയുള്ള അംഗീകാരമായി മാറുകയാണെന്നതാണു ചരിത്ര അദ്ധ്യാപകര്‍ പങ്കു വയ്ക്കുന്ന പൊതുവികാരം. ഐന്‍സ്റ്റീനിലേക്കു വരാതെ ന്യൂട്ടനില്‍ അവസാനിപ്പിച്ച് ഫിസിക്‌സ് പഠിപ്പിക്കുന്ന പോലെയാണു ടെക്‌സസിലെ ഇപ്പോഴത്തെ ചരിത്രാധ്യാപന രീതിയെന്നും ടെക്‌സസ് പുസ്തകങ്ങള്‍ വിലയിരുത്തുന്നവര്‍ പരിഹസിക്കുന്നു.

ചരിത്രത്തിനു ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും അത്തരമൊരു നീക്കം തിരിച്ചറിഞ്ഞ് കൗമാരക്കാരനായ കോമ്പി നടത്തിയ പ്രതികരണവും, അതിനെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ അവന്റമ്മ റോണി നടത്തിയ പ്രചാരണവും തുടര്‍ന്നുണ്ടായ സംവാദങ്ങളുമെല്ലാം ആരോഗ്യകരമായി ചിന്തിക്കുന്നൊരു സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. അവര്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു ഇത്തരം പ്രതികരണങ്ങളും സംവാദങ്ങളും ഒറ്റപ്പെട്ടുപ്പോവാതെ തുടര്‍ന്നു കൊണ്ടേയിരിക്കണം. ടെക്‌സസിലെ നയങ്ങള്‍ മാറും വരെ.

റോണിയുടെ പോസ്റ്റും, മഗ് ഗ്രോ ഹില്‍സിന്റെ പ്രതികരണവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടരവേ റോണിയുടെ ഫോണ്‍ റിംഗ് ചെയ്തു. സ്‌ക്കൂളില്‍ നിന്നും മകന്‍ കോബിയാണ്. പണ്ട് അമ്മയ്ക്കു കൊടുത്തൊരു വാക്കു പാലിക്കാനായാണ് അവന്‍ വിളിച്ചത്. ഫോണെടുത്ത റോണിയോടവന്‍. പറഞ്ഞു; പണ്ട് എന്നെയെവിടെ ചേര്‍ക്കുമ്പോള്‍ അമ്മ പറഞ്ഞിരുന്നില്ലേ എന്നെക്കൊണ്ടും ലോകത്ത് മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് മനസ്സിലാകുമ്പോള്‍ അമ്മയെ വിളിച്ചു പറയണമെന്ന്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍