UPDATES

ഇടവേളയ്ക്ക് ശേഷം സി പി ഐ ഉടക്കുന്നു, അനുനയിപ്പിക്കാന്‍ സി പി എം, പൊലീസ് അന്വേഷണം തമ്മിലടി ശമിപ്പിക്കുമോ?

നേതൃത്വം കരുതലോടെ പ്രതികരിക്കുമ്പോഴും അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം

വൈപ്പിന്‍ ഗവ. ആര്‍ട്സ് കോളേജിലെ എസ് എഫ്‌ ഐ-എ ഐ എസ് എഫ് സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സി പി എം-സി പി ഐ ബന്ധത്തെ ഉലച്ചിരിക്കുകയാണ്. എറണാകുളത്ത് കഴിഞ്ഞ കുറേ കാലമായി നിലനില്‍ക്കുന്ന സി പി എം-സി പി ഐ സംഘര്‍ഷത്തെയാണ് ഇത് തീഷ്ണമാക്കുകയെങ്കിലും സംസ്ഥാനത്തും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്. എല്‍ദോ എബ്രഹാം എം എല്‍ എക്കെതിരായ പൊലീസ് നടപടിയെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രിയും സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നത് സംഭവം കൈവിട്ടുപോകാതിരിക്കാനാണ്. അതേസമയം സിപിഐ നേതൃത്വം വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ഇത് സി പി ഐയില്‍ എന്ത് ചലനമാണുണ്ടാക്കുകയെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.

വൈപ്പിന്‍ കോളേജില്‍ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.  ഈ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇപ്പോള്‍ സി പി ഐയുടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലി കൈ ഓടിക്കുന്ന സംഭവത്തില്‍ വരെ എത്തിനില്‍ക്കുന്നത്. കാലങ്ങളായി സി പി എം-സി പി ഐ ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു.

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ എസ് എഫ് ഐക്കെതിരെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു സി പി ഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫ്. ഈ വിമര്‍ശനങ്ങള്‍ അവര്‍ തുടരുന്നതിനിടയിലായിരുന്നു വൈപ്പിന്‍ കോളേജിലെ സംഘര്‍ഷം. യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ തങ്ങളുടെ പ്രവര്‍ത്തകരെ എസ് എഫ് ഐ ആക്രമിക്കുകയായിരുന്നുവെന്നാണ് എ ഐ എസ് എഫ് പറയുന്നത്. യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടി എസ് എന്നിവരെ ക്ലാസില്‍ നിന്നും പിടിച്ചിറക്കി എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.  പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു തങ്ങളുടെ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും മര്‍ദ്ദനത്തിനിരയായതെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി. എസ് എഫ് ഐയുടെ കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും ആര്‍ട്സ് ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നുവത്രേ അക്രമം. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2016 ല്‍ ആയിരുന്നു വൈപ്പിന്‍ ഗവ. ആര്‍ട്സ് കോളേജ് ആരംഭിക്കുന്നത്. എസ് എഫ് ഐക്കായിരുന്നു ഇവിടെ തുടക്കം മുതല്‍ ആധിപത്യം. കഴിഞ്ഞ വര്‍ഷമാണ് എ ഐ എസ് എഫ് യൂണിറ്റ് ഇടുന്നത്. ഇതിനു പിന്നാലെ എസ് എഫ് ഐക്കാര്‍ തങ്ങള്‍ക്കെതിരേ നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന പരാതിയും എ ഐ എസ് എഫിനുണ്ട്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതോടെ പക ഇരട്ടിയായെന്നും അതിന്റെ ഫലമായിട്ടായിരുന്നു ആക്രമണമെന്നും എ ഐ എസ് എഫ് പറയുന്നു.

എന്നാല്‍ ഈ ആരോപണത്തിനെതിരേ എസ് എഫ് ഐയും രംഗത്തു വന്നു. തങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നാണ് എസ് എഫ് ഐ പറയുന്നത്. രണ്ടാം വര്‍ഷക്കാരായ എ ഐ എസ് എഫ് വിദ്യാര്‍ത്ഥികളും ആ കോളേജിലെ തന്നെ ചില മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളും നടന്നിരുന്നു. അതില്‍ എസ് എഫ് ഐക്ക് യാതൊരു പങ്കും ഇല്ല. എന്നാല്‍ തുടര്‍ന്ന് നടന്നത്, ഹോസ്റ്റലില്‍ താമസിക്കുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അലീഷിനെ എ ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നും ആളെ കൊണ്ടുവന്ന് അക്രമിക്കുകയായിരുന്നു. അലീഷിന്റെ തലയവര്‍ അടിച്ചു പൊട്ടിച്ചു. അയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി. എ ഐ എസ് എഫ് ഏകപക്ഷീയമായി എസ് എഫ് ഐയെ ആക്രമിക്കുകയായിരുന്നു നടന്നത്. എന്നിട്ട് യൂണിവേഴ്സ്റ്റി കോളേജില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ഇതും എസ് എഫ് ഐയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ഉണ്ടായതെന്നും എസ് എഫ് ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു.

ഒരേ മുന്നണിയിലെ രണ്ടു വിദ്യാര്‍ത്ഥി സംഘടനകളും പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളാണ് എറണാകുളത്ത് വീണ്ടും സി പി എം-സി പി ഐ പോരിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അത് സംഭവിക്കുന്നത് സി പി എമ്മിന്റെ പ്രധാന വിമര്‍ശകന്‍ കൂടിയായ സി പി ഐ ജില്ല സെക്രട്ടറി പി.രാജുവിലൂടെയാണ്. വൈപ്പിന്‍ കോളേജില്‍ എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചെന്നു പറയുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങും വഴി രാജുവിന്റെ കാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടയുന്നതോടെ വിദ്യാര്‍ത്ഥി സംഘടന പ്രശ്നം പാര്‍ട്ടി തലത്തിലേക്ക് വളര്‍ന്നു. ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോകും വഴി ഞാറയ്ക്കല്‍ ഗവ. ആശുപത്രിക്കു മുന്നില്‍വച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായിരുന്നു രാജുവിന്റെ കാര്‍ തടഞ്ഞത്. ഇതോടെ സി പി ഐ പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തര്‍ക്കം വലിയൊരു സംഘര്‍ഷത്തിലേക്ക് എത്താന്‍ സാഹചര്യം വന്നതോടെ പൊലീസ് ഇടപെട്ടാണ് രണ്ടു കൂട്ടരേയും പിരിച്ചു വിട്ടത്.

എന്നാല്‍ ഈ സംഭവം ജില്ലയിലെ സിപിഐ നേതൃത്വം ഗൗരവമായാണ് കണ്ടത്. പൊലീസ് തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നുവെന്ന പരാതിയായിരുന്നു അതില്‍ പ്രധാനം. തങ്ങളുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലും കേസ് എടുക്കാന്‍ മടി കാണിച്ചെന്നും ജില്ല സെക്രട്ടറിയുടെ ഇടപെടല്‍ കൊണ്ടാണ് ഒടുവില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറായതെന്നു സി പി ഐ ആരോപിച്ചു. എ ഐ എസ് എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് സംഭവം നടന്നപ്പോള്‍ മുതല്‍ സി പി ഐ പ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടെതാണെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇക്കാര്യം ചോദിക്കാന്‍ പൊലീസിനെ വിളിച്ച സി പി ഐ പ്രവര്‍ത്തകരോട് മോശമായാണ് സി ഐ പെരുമാറിയതെന്നും സി പി ഐ നേതാക്കള്‍ പരാതിപ്പെടുന്നു. ഇതിനേക്കാള്‍ വലിയ ആരോപണമായിരുന്നു ജില്ല സെക്രട്ടറിയുടെ കാര്‍ ഡി വൈ എഫ് ഐക്കാര്‍ തടഞ്ഞപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നത്. ഞാറയ്ക്കല്‍ സി ഐ സംഭവത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ് ചെയ്തതെന്നും ഇത് അക്രമികളെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നുമായിരുന്നു സി പി ഐയുടെ ആരോപണം. കര്‍ത്തവ്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ഞാറയ്ക്കല്‍ സി ഐയ്ക്കെതിരേ നടപടി വേണമെന്നു സി പി ഐ ജില്ല നേതൃത്വം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഞാറയ്ക്കല്‍ സംഭവത്തിലെ പ്രതിഷേധം എന്ന നിലയ്ക്ക് പാലാരിവട്ടം മേല്‍പാലം അഴിമതിയുയര്‍ത്തിയുളള എല്‍ ഡി എഫ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സി പി ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പരാതിയില്‍ ഒരുനടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ ജി ഓഫീസ് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിലാണ് പൊലീസ് ലാത്തി ചാര്‍ജ് ഉണ്ടാവുകയും എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ല സെക്രട്ടറി പി.രാജു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം മര്‍ദ്ദനമേറ്റത്. പൊലീസ് മനഃപൂര്‍വം തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സി പി ഐ ആരോപിക്കുന്നത്.

എന്നാല്‍ സി പി ഐ എംഎല്‍എയ്ക്ക് അടക്കം പൊലീസ് മര്‍ദ്ദനമേറ്റ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം പൊലീസിനെ അപലപിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും സി പി എമ്മുകാര്‍ സി പി ഐയെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ഭിന്നതയാണ് ഇതിന് കാരണം. സ്വന്തം സര്‍ക്കാരിനെയും മുന്നണിയേയും തകര്‍ക്കാനാണ് സി പി ഐ ശ്രമിക്കുന്നതെന്നും തല്ലുകൊണ്ടെന്നത് എല്‍ദോ എംഎല്‍എയുടെ നാടകമാണെന്നും സി പി എം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഈ സമീപനം സി പി ഐയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് പോകാതിരിക്കുന്നത്, സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനെ തുടര്‍ന്നാണ്. സി പി ഐ ആഗ്രഹിക്കുന്നതുപോലൊരു നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ജില്ല നേതൃത്വം കൂടുതല്‍ ശക്തമായി സര്‍ക്കാരിനെ പ്രതിഷേധവുമായി രംഗത്തുവരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ജില്ലയില്‍ വീണ്ടും സി പി ഐ-സി പി എം സംഘര്‍ഷം മുറുകും.

മുമ്പ് പലതവണയായി ഈ സംഘര്‍ഷം പൊട്ടിത്തെറിയുടെ വക്കില്‍ വന്നിരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കടുത്ത വിമര്‍ശകനായി അറിയപ്പെടുന്നയാളാണ് സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പി.രാജു. വൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിനെതിരേ നടന്ന സമരത്തില്‍ പൊലീസ് നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരേ പരസ്യമായി തന്നെ രാജു രംഗത്തു വന്നിരുന്നു. കടുത്ത ഭാഷയിലായിരുന്നു അന്നു രാജു മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. സി പി എമ്മിലെ വിഭാഗീയത ശക്തമായിരുന്ന സമയത്ത് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നിരുന്നു. ഇവരെ സ്വീകരിച്ചതിന്റെ പേരില്‍ സി പി എം രൂക്ഷമായ ഭാഷയില്‍ സി പി ഐ വിമര്‍ശിച്ചിരുന്നുവെങ്കിലും ആ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് വീണ്ടും സി പി എം വിട്ടുവന്നവരെ സ്വീകരിക്കാനായിരുന്നു സി പി ഐ തയ്യാറായത്. എന്നാല്‍ ഇടത് ഐക്യം തകര്‍ക്കാനാണ് സി പി ഐ ശ്രമിക്കുന്നതെന്നും വിമതരായവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഇടതുപക്ഷ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ നോക്കരുതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ച് സി പി എം രംഗത്തു വന്നു. എന്നാല്‍ തങ്ങളെ ഇടത് ഐക്യത്തിന്റെ പ്രധാന്യം പഠിപ്പിക്കാന്‍ സി പി എം വരേണ്ടെന്നു പറഞ്ഞായിരുന്നു എറണാകുളത്തെ സി പി ഐ നേതൃത്വം സി പി എമ്മിനെ നേരിട്ടത്. ഇത്തരം സംഘര്‍ഷങ്ങള്‍ രണ്ടു പാര്‍ട്ടികള്‍ക്കിടയിലും ആറാതെ നില്‍ക്കുമ്പോള്‍ തന്നെയാണ് പുതിയ വിഷയങ്ങളും ഉണ്ടാകുന്നത്.

Read more: മുഖ്യമന്ത്രിക്കും പരാതി നല്‍കി, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല; ലാത്തിത്തുമ്പ് കണ്ടാല്‍ മതില്‍ ചാടിയോടുന്നവരാണ് എന്റെ പരിക്കിന്റെ അളവെടുക്കുന്നത്-എല്‍ദോ എബ്രഹാം എം എല്‍ എ/അഭിമുഖം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍