UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ഉന്നം ടിസ്സ്; ജെ എന്‍ യുവിന് ശേഷം സംഘികളുടെ അടുത്ത നീക്കം

Avatar

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല പ്രശ്നം പാര്‍ലമെന്റിനെവരെ ഇളക്കിമറിക്കുമ്പോഴും, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് തങ്ങളുടെ അടുത്ത ലക്ഷ്യം കണ്ടുവെച്ചുകഴിഞ്ഞു; മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS).

ടിസ്സായിരിക്കും തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് സംഘടനയുടെ ഒരു പ്രസ്താവനയില്‍ പറയുന്നു. “നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന മിക്ക സംഭവങ്ങളും എടുത്തുകാണിക്കുന്നത് കലാലയങ്ങളിലെ ഇടതുപക്ഷ സംഘടനകളുടെ സാന്നിധ്യമാണ്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തിലേക്ക് തിരിയരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” എ‌ബി‌വി‌പിയുടെ മുംബൈ സെക്രട്ടറി അനികേത് ഒവാല്‍ പറഞ്ഞു.

എ‌ബി‌വി‌പി ടിസ്സിനെ ലക്ഷ്യം വെക്കുന്നുണ്ടെന്നും എന്നാല്‍ ജെ എന്‍ യു പോലൊരു സാഹചര്യം മുംബൈയില്‍ ഉണ്ടാകില്ലെന്നും ഒവാല്‍ കൂട്ടിച്ചേര്‍ത്തു. “വിദ്യാര്‍ത്ഥികള്‍ ഒരു കെണിയില്‍ പെടരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒപ്പം ദേശീയതയുടെ അര്‍ത്ഥം മനസിലാക്കണമെന്നും. ആരെയും നിര്‍ബന്ധിക്കില്ല, പക്ഷേ ടിസ്സ് ജെ എന്‍ യു പോലൊരു യുദ്ധക്കളമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” ഐ‌ഐ‌ടി മുംബൈയിലും മുംബൈ സര്‍വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ എ‌ബി‌വി‌പി തയ്യാറെടുക്കുന്നുണ്ടെന്നും ഒവാല്‍ പറഞ്ഞു.

അതേസമയം ടിസ്സ് വിദ്യാര്‍ത്ഥികള്‍ ജെ എന്‍ യുവില്‍ ഉയര്‍ത്തിയെന്ന് പറയുന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങളെയും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിലെ ശരികേടിനെയും അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ജെ എന്‍ യു സംഭവത്തിന്റെ ഒരു വീഡിയോ ടിസ്സില്‍ പ്രചരിക്കുന്നുണ്ട്.

“ആ സംഭവത്തെക്കുറിച്ച് വിവിധ സ്രോതസുകളില്‍ നിന്നും പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. പക്ഷേ അവിടെ സംഭവിച്ചത് വ്യക്തമായി അറിഞ്ഞുവേണം അഭിപ്രായം രൂപപ്പെടുത്താന്‍ എന്നു ഞങ്ങള്‍ കരുതുന്നു,” ജെ എന്‍ യു  വിദ്യാര്‍ത്ഥി യൂണിയനിലെ അംഗങ്ങളുമായി അഭിമുഖമടക്കമുള്ള ഫെബ്രുവരി 9-ലെ സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അടങ്ങിയ വീഡിയോ നല്കിയ വിദ്യാര്‍ത്ഥി പറഞ്ഞു.

“ദേശീയതയെക്കുറിച്ചും ദേശവിരുദ്ധതയെക്കുറിച്ചുമുള്ള സംവാദം മുഴുവന്‍ അവ്യക്തമാണ്. കാരണം നാനാവിധ അര്‍ത്ഥങ്ങളാണ് ഈ വാക്കുകള്‍ക്ക് നല്‍കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ച് ഞാന്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും ചെയ്താല്‍ ഞാന്‍ ദേശവിരുദ്ധനാകുമോ?” ഒരു വിദ്യാര്‍ത്ഥി ചോദിച്ചു.

ടിസ്സ് അധികൃതര്‍ പറഞ്ഞത് ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെ എന്‍ യു സംഭവത്തിനുശേഷം സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരു പൊതുസഭ വിളിച്ചുകൂട്ടി എന്നാണ്.

“കഴിഞ്ഞ കുറെ ആഴ്ച്ചകളായി നടക്കുന്ന പ്രശ്നങ്ങളിലുള്ള ആശങ്കയും അഭിപ്രായങ്ങളും പങ്കുവെക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംഭാഷണങ്ങളിലും സംവാദത്തിലുമാണ്. വിഷയങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ തുറന്ന ചര്‍ച്ച വിദ്യാര്‍ത്ഥികളെ സഹായിച്ചു,” ടിസ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി ഭരത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍