UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ്‌ മല്യക്ക് ശേഷം സഞ്ജയ് ഭണ്ഡാരി ?

വ്യോമസേനയ്ക്ക് പരിശീലന വിമാനങ്ങള്‍ വാങ്ങിയ 4000 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം.

പണതട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യക്ക് പിന്നാലെ വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും വിദേശത്തയ്ക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. ഭണ്ഡാരി നേപ്പാള്‍ വഴി ലണ്ടനിലെത്തിയതായാണ് സംശയിക്കുന്നത്. വ്യോമസേനയ്ക്ക് പരിശീലന വിമാനങ്ങള്‍ വാങ്ങിയ 4000 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം. 2012ല്‍ യുപിഎ സര്‍ക്കാരിന്‌റെ കാലത്താണ് കരാര്‍ ഒപ്പുവച്ചത്. ഭണ്ഡാരിയുടെ കമ്പനികളായ ഓഫ്‌സെറ്റ്‌സ് ഇന്ത്യ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അവാന സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോമെറ്റ് എടിഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് കേസുകള്‍ അന്വേഷണസംഘം പരിശോധിച്ച് വരുകയാണ്.

ഏപ്രിലില്‍ വീട്ടിലും ഓഫീസിലുമായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി പ്രതിരോധ രേഖകള്‍ കണ്ടെടുത്തിരുന്നു. ജൂണില്‍ ലണ്ടനിലേയ്ക്ക് കടക്കാനുള്ള ഭണ്ഡാരിയുടെ ശ്രമം തടഞ്ഞിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം (ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്) സഞ്ജയ് ഭണ്ഡാരിക്കെതിരെ ഡല്‍ഹി പൊലീസ് എടുത്ത കേസുണ്ട്. ബ്രിട്ടനിലേയും യുഎഇയിലേയും ഭണ്ഡാരിയുടെ പണിടപാടുകള്‍ പരിശോധിച്ച് വരുകയാണ്. ഭണ്ഡാരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖരുമായി സഞ്ജയ് ഭണ്ഡാരിക്ക് അടുത്ത ബന്ധമുണ്ട്. ഫ്രഞ്ച് കമ്പനിയായ തേല്‍സുമായും യൂറോപ്യന്‍ എയര്‍നോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനിയുമായുള്ള ഭണ്ഡാരിയുടെ ബന്ധം അന്വേഷിച്ച് വരുകയാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ഇ മെയിലുകള്‍ കണ്ടെത്തിയതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്നാല്‍ വാദ്രയുടെ അഭിഭാഷകന്‍ ഇക്കാര്യം തള്ളി. വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയിലധികം കടമെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയ വിജയ് മല്യയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത നാണക്കേടിനിടയിലാണ് കേന്ദ്രസര്‍ക്കാരിന് പുതിയ തലവേദന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍