UPDATES

പ്രവാസം

ഓസ്‌ട്രേലിയന്‍ പൗരത്വം നേടാനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നു

രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കൂ

വിദേശ ജോലിക്കാര്‍ക്ക് പൗരത്വം നേടാനുള്ള നടപടികള്‍ കര്‍ക്കശമാക്കിയ ഓസ്‌ട്രേലിയ പുതിയ അപേക്ഷകര്‍ക്കുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാല് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമുള്ളവരാകണം അപേക്ഷകര്‍ എന്നതാണ് അതിലൊന്ന്. കൂടാതെ ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകളോടും കുട്ടികളോടുമുള്ള ബഹുമാനം, ശൈശവ വിവാഹം, സ്ത്രീകളുടെയിടയിലെ ചേലാകര്‍മ്മം, ഗാര്‍ഹിക പീഡനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷിലുള്ള പരീക്ഷയും ഇനിമുതല്‍ പൗരത്വ അപേക്ഷകര്‍ എഴുതണം. ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ച് അപേക്ഷകര്‍ക്കുള്ള ധാരണയും ഉത്തരവാദിത്വങ്ങളും മനസിലാക്കാനാണ് ഈ പരീക്ഷ നടത്തുന്നത്.

മൂന്ന് തവണയില്‍ കൂടുതല്‍ പൗരത്വ പരീക്ഷയില്‍ പരാജയപ്പെടുന്ന അപേക്ഷകരെ അയോഗ്യരായി പ്രഖ്യാപിക്കും. ഇതുകൂടാതെ പരീക്ഷയില്‍ കോപ്പിയടിക്കുന്നവരെയും അയോഗ്യരാക്കാന്‍ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പൗരത്വം വിശേഷാധികാരമാണെന്നും അത് പാവനമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പുതിയ വിസ നിയമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കൂ.

പൗരത്വം തങ്ങളുടെ ദേശീയ വ്യക്തിത്വത്തിന്റെ പ്രതീകമാണെന്നും തങ്ങളുടെ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 95,000ത്തോളം വിദേശ ജോലിക്കാരുടെ 457 വര്‍ക്ക് വിസ റദ്ദാക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍