UPDATES

ബെഹ്‌റ തിരിച്ചുവരാന്‍ വൈകും, രാജേഷ് ദിവാന്‍ സെന്‍കുമാറിനു പിന്‍ഗാമിയായേക്കും

ചില ആക്ഷേപങ്ങളൊക്കെ രാജേഷ് ദിവാനു മേല്‍ ഉണ്ടെങ്കിലും സര്‍ക്കാരിന് പ്രീതിയുണ്ടാകാനുള്ള ചില സ്വഭാവവൈശിഷ്ഠ്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നാണ് കേള്‍ക്കുന്നത്

കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി കസേരയിലേക്ക് ടി പി സെന്‍കുമാറിനെ തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്നു നിയമസഭയില്‍ അടക്കം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആ കാര്യം വ്യക്തമാകുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കാന്‍ കഴിയില്ല. നാളത്തെ മന്ത്രിസഭയോഗത്തില്‍ തീരുമാനം വരുമെന്നു കരുതാം. സുപ്രിം കോടതി ഉത്തരവ് വന്നതോടെ ലോക്‌നാഥ് ബെഹ്‌റ ഡിജിപി സ്ഥാനത്തു നിന്നു മാറുകയും സാങ്കേതികമായി സെന്‍കുമാര്‍ ആ കസേരയിലേക്ക് വരികയും ചെയ്തു. പക്ഷേ പ്രത്യക്ഷത്തില്‍ കേരള പൊലീസിന് അതിന്റെ തലവന്‍ ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ ബാധിക്കുന്ന പ്രശ്‌നമാണിത്. സര്‍ക്കാരിന് ഈ അവസ്ഥ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ല. ഇന്നു നിയമസഭയില്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉയര്‍ത്തിയതും ഇതേ വിഷയമാണ്.

അഡ്വക്കേറ്റ് ജനറില്‍ നിന്നും നിയമോപദേശവും സ്വീകരിച്ചു കഴിഞ്ഞ സര്‍ക്കാര്‍ ഇനിയൊരു ഏറ്റമുട്ടലിന് നില്‍ക്കുകയില്ല. സെന്‍കുമാറിനെ നീക്കിയതിനു പറഞ്ഞ പശ്ചാത്തലങ്ങളെല്ലാം തന്നെ തള്ളിക്കളഞ്ഞ പരമോന്നത കോടതിയില്‍ ഇനിയും അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെല്ലുന്നത് സ്വയം അടിവാങ്ങിക്കൂട്ടന്നതിനു തുല്യമാണ്. ഒരുപക്ഷേ ഇന്നലെ സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചിരുന്നെങ്കില്‍ സര്‍ക്കാരിനെതിരേ കാര്യമായൊന്നും കോടതി പറയില്ലെങ്കിലും നിയമനം കൊടുക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഒന്നുകൂടി വ്യക്തമാക്കിയേനെ. അതു തന്നെ സര്‍ക്കാരിനു കിട്ടുന്ന അടിയാണ്. തന്റെ നിയമനം താമസിപ്പിക്കുന്നത് കോടതിയലക്ഷ്യമാണെന്നു കാണിച്ചാണു സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. പക്ഷേ പുനര്‍നിയമനം നല്‍കാന്‍ പറഞ്ഞ കോടതി അതിത്ര ദിവസത്തിനുള്ളില്‍ എന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ വരുത്തിയ കാലാതാമസത്തിനു ന്യായം കണ്ടുപിടിച്ചാല്‍ കോടതിയലക്ഷ്യത്തില്‍ നിന്നും സര്‍ക്കാരിനു രക്ഷപ്പെടാം. കോടതിയില്‍ നിന്നും ഇങ്ങനെയൊരു തീരുമാനമേ ഉണ്ടാകൂ എന്ന ബോധ്യമാകണം ഇന്നലെ നാടകീയമായി ഹര്‍ജി പിന്‍വലിക്കാന്‍ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ തയ്യാറായതിനും കാരണം. പക്ഷേ പിന്നെയും താമസിച്ചാല്‍ ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി കയറേണ്ടി വരും.

ഡിജിപി കസേരയില്‍ വീണ്ടും എത്തുമ്പോഴും അതില്‍ ഇരിക്കാന്‍ സെന്‍കുമാറിനു കിട്ടുന്നത് ദിവസങ്ങള്‍ മാത്രമാണ്. ജൂണ്‍ 21-ന് ഡിജിപി സ്ഥാനത്തുള്ള കാലാവധി കഴിയും. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ സമയമുണ്ടെങ്കിലും തന്നെ മാറ്റി നിര്‍ത്തിയ ഒരുവര്‍ഷത്തോളം സമയം കൂടി അനുവദിച്ചു തരണമെന്നു കാണിച്ചു സുപ്രിം കോടതിയെ സമീപിച്ചാലും അനുകൂല തീരുമാനം ഉണ്ടാകില്ല. കേരള പൊലീസ് ആക്ട് പ്രകാരം സര്‍ക്കാരാണ് അതു തീരുമാനിക്കുക. കോടതിയും അതു തന്നെ ചൂണ്ടിക്കാണിക്കും. രണ്ടുവര്‍ഷക്കാലം ഡിജിപി സ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന്‍ ഭദ്രമായിരിക്കണം എന്നു മാത്രമെ പറയുന്നുള്ളൂ. 2015 മേയ് 22 നാണ് സെന്‍കുമാറിനെ ഡിജിപി ആയി നിയമിക്കുന്നത്. 2017 മേയ് 21 ന് രണ്ടുവര്‍ഷക്കാലം അദ്ദേഹം പൂര്‍ത്തിയാക്കും. കാലവധികഴിഞ്ഞും സമയം നീട്ടിക്കൊടുക്കണോ വേണ്ടയോ എന്നതു സര്‍ക്കാരിന്റെ തീരുമാനമാണെന്നതിനാല്‍ അതു നടക്കാന്‍ സാധ്യതയില്ല.

ചുരുക്കി പറഞ്ഞാല്‍ കുറഞ്ഞത് ഒരുമാസമെങ്കിലും അദ്ദേഹത്തിന് ആ കസേരയില്‍ ഇരിക്കാം എന്നുമാത്രം. പൊലീസിന്റെ തലവന്‍ ആണെങ്കിലും തിരിച്ചുവരവില്‍ സെന്‍കുമാറിന് സേനയില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താനും സാധ്യത കുറവാണ്. കാരണം ഡിജിപിക്കു താഴോട്ട് ഉള്ളവര്‍ എത്രകണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നതില്‍ സംശയമുണ്ട്. മുന്‍ ഡിജിപി ഉള്‍പ്പെടെ പലരും അദ്ദേഹത്തോട് നാളുകളായി മിണ്ടാറുപോലുമില്ലെന്നാണ് അറിവ്. താന്‍ ചെയ്യുന്നതിന് തടസം നില്‍ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരോട് പോലും നടപടിയെടുക്കാന്‍ സെന്‍കുമാര്‍ പരാജയപ്പെടുകയും ചെയ്യാം. കാരണം നടപടിക്ക് അദ്ദേഹം ശിപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരിലാണ്. കൃത്യമായ രാഷ്ട്രീയം ഉള്ളവര്‍ ആണ് ഇപ്പോള്‍ അദ്ദേഹത്തിനു താഴെയുള്ളത്. പോരാത്തതിനു ചീഫ് സെക്രട്ടറിയുമായി ഒട്ടും രസത്തിലുമല്ല. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ കാലങ്ങള്‍ നീണ്ടതാണെന്നാണു പൊലീസ് വൃത്തങ്ങളില്‍ നിന്നു തന്നെ അറിയുന്നത്. ഭര്‍ത്താവ് ഐപിഎസ്സുകാരനാണെങ്കിലും എല്ലാ ഐപിഎസ്സുകാരോടും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിക്ക് അതിന്റെയൊരു അടുപ്പമില്ല. താന്‍ വ്യക്തിപരമായി അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് അനുകൂലമായി പൊലീസ് നിലപാട് എടുത്തെന്നതാണ് ആ അകല്‍ച്ചയ്ക്കു കാരണമായി പറയുന്നത്. അന്നു തന്നെ സഹായിക്കാതിരുന്നവരുടെ കൂട്ടത്തില്‍ സെന്‍കുമാറും ഉണ്ടെന്നാണ് ആരോപണം. ഇതിനൊപ്പം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ചീഫ് സെക്രട്ടറിയാകേണ്ടിയിരുന്ന തന്നെ തഴഞ്ഞ് ഡല്‍ഹിയില്‍ നിന്നും വിജയാനന്ദിനെ കൊണ്ടുവന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൂടെയും സെന്‍കുമാര്‍ ഉണ്ടെന്നും ചീഫ് സെക്രട്ടറി വിശ്വസിക്കുന്നു. സ്വഭാവികമായ വിരോധം ചീഫ് സെക്രട്ടറിയില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നാണു സെന്‍കുമാറും പറയുന്നത്. മൊത്തത്തില്‍ ഒട്ടും അനുകൂലമല്ലാത്ത കാലാവസ്ഥയാണ് സെന്‍കുമാറിന്. പുറത്താക്കിയിടത്തു തന്നെ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ വിജയം മാത്രം സ്വന്തമാക്കി പടിയിറങ്ങാം എന്നു മാത്രം.

സെന്‍കുമാറിന്റെ പിന്‍ഗാമി
സെന്‍കുമാര്‍ ഒരു മാസം കഴിയുമ്പോള്‍ കസേര ഒഴിയുമ്പോള്‍ പിന്നെയാര് എന്നതാണ് ഇനിയത്തെ ചര്‍ച്ച. ലോക്‌നാഥ് ബെഹ്‌റയുടെ പേര് തന്നെയാണ് ആദ്യം പറഞ്ഞു കേള്‍ക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് രണ്ടുവര്‍ഷം താമസിച്ചേക്കാമെന്നാണു സൂചന. കാരണം ബെഹറ് സര്‍ക്കാരിന് പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളയാണെങ്കിലും പാര്‍ട്ടിക്ക് അദ്ദേഹമത്ര അഭിമതനല്ല. സര്‍ക്കാര്‍ കേള്‍ക്കേണ്ടി വന്ന പഴികളില്‍ കൂടുതലും പൊലീസ് കാരണമാണ്. ബെഹ്‌റയെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷത്തു നിന്നുമാത്രമല്ല സിപിഎമ്മില്‍ പോലും ശക്തമാണ്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായിരുന്നു പിണണറായി. മാറ്റിയാല്‍ അതു തന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. അതിനിടയിലാണ് സെന്‍കുമാര്‍ ഉപകാരപ്പെടുന്നത്. ബെഹ്‌റ ഇപ്പോള്‍ വിജിലന്‍സ് മേധാവിയുടെ ചുമതല വഹിക്കുന്നുണ്ട്. അതില്‍ തന്നെ സ്ഥിരപ്പെടുത്താനാണു സാധ്യത. വിജിലന്‍സില്‍ ബെഹ്‌റയെകൊണ്ട് പലതും ചെയ്യാനുണ്ട് (സര്‍ക്കാരിന്). അപ്പോള്‍ ജേക്കബ് തോമസ് എന്ന ചോദ്യത്തിനാണെങ്കില്‍, ഇന്നു ജോലിയില്‍ തിരികെ പ്രവേശിക്കേണ്ട ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടയതില്‍ അതിനുള്ള ഉത്തരമുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളിലും പൊലീസില്‍ നിന്നുമുള്ള സൂചനകള്‍ വച്ചാണെങ്കില്‍ ജേക്കബ് തോമസ് ഇനിയൊരു തിരിച്ചുവരവിന് തയ്യാറാകില്ല. വരികയാണെങ്കില്‍ തന്നെ അദ്ദേഹത്തിനു കിട്ടുന്ന പോസ്റ്റിംഗ് അപ്രധാനമായിട്ടുള്ളതാകും. ജേക്കബ് തോമസിന്റെ പ്രതിഛായ തനിക്കും കൂടി ഗുണമാകട്ടെ എന്നു കരുതിയാണു പിണറായി അദ്ദേഹത്തെ ഉയര്‍ത്തി പിടിച്ചതെങ്കിലും ഇപ്പോള്‍ ആ സ്‌നേഹമൊന്നും ഇല്ലെന്നാണു കേള്‍ക്കുന്നത്. വിജിലന്‍സില്‍ ജേക്കബ് തോമസിനെക്കാള്‍ ബഹ്‌റ തന്നെയാണു പ്രയോജനമെന്നും മുഖ്യമന്ത്രിക്കു മനസിലായി. ഒരിക്കല്‍ കൂടി നാണംകെടാന്‍ തയ്യാറാണെങ്കില്‍ മാത്രമായിരിക്കും ജേക്കബ് തോമസ് സര്‍വീസിലേക്ക് തിരികെയെത്തുന്നത്.

ബെഹ്‌റ വിജിലന്‍സില്‍ തുടര്‍ന്നാല്‍ ഡിജിപി ആരാകുമെന്നാണ് അടുത്ത ചോദ്യം. ബെഹ്‌റയെ ഒഴിവാക്കിയാല്‍ ആറുപേരുകള്‍ പറയാം. ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, അരുണ്‍ കുമാര്‍ സിന്‍ഹ്ല, ശങ്കര്‍ റെഡ്ഡി. ഇതില്‍ ജേക്കബ് തോമസിന്റെയും ഋഷിരാജ് സിംഗിന്റെയും പേരുകള്‍ ആദ്യമേ വെട്ടാം (ഇരുവരും സെന്‍കുമാറിനെ പോലെ സുപ്രിം കോടതിയില്‍ പോകില്ലെന്ന വിശ്വാസത്തില്‍). പിന്നെയുള്ളതു ഹേമചന്ദ്രനും രാജേഷ് ദിവാനും അരുണ്‍ കുമാര്‍ സിന്‍ഹ്ലയും ശങ്കര്‍ റെഡ്ഡിയും. അരുണ്‍ കുമാര്‍ സിന്‍ഹ്ല കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലാണ്. തിരികെ വരാന്‍ സാധ്യത കുറവ്. ശങ്കര്‍ റെഡ്ഡിയോട് വലിയ അനുഭാവം ഇല്ല. വിജിലന്‍സ് കേസുകളും പറയാം (പക്ഷേ ആ കേസുകള്‍ കൊണ്ട് അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു) അതുകൊണ്ട് അദ്ദേഹത്തിന്റെ പേരും വെട്ടാം. ബാക്കിയാവുന്നത് രജേഷ് ദിവാനും ഹേമചന്ദ്രനും. 1986 ബാച്ചുകാരായ ഇരുവരും ഡിജിപി റാങ്കിലാണ് ഇപ്പോള്‍. 1985 ബാച്ചുകാരായ ജേക്കബ് തോമസിനെയും ഋഷിരാജ് സിംഗിനെയും മറികടന്നാണ് ഇരുവരും വരുന്നത്. ഇവരില്‍ നിന്നും രാജേഷ് ദിവാനെ സര്‍ക്കാര്‍ തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍.

ചില ആക്ഷേപങ്ങളൊക്കെ രാജേഷ് ദിവാനു മേല്‍ ഉണ്ടെങ്കിലും സര്‍ക്കാരിന് അദ്ദേഹത്തോട് പ്രീതിയുണ്ടാകാനുള്ള ചില സ്വഭാവവൈശിഷ്ഠ്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നാണ് രാജേഷ് ദിവാനെ അടുത്തറിയുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. ഒരു വടക്കന്‍ ചായ്‌വ് പ്രകടമാണെങ്കില്‍ പോലും കസേര കിട്ടിയാല്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിച്ചു പ്രവര്‍ത്തിക്കും. അതുകൊണ്ട് തന്നെ സെന്‍കുമാറിന്റെ പിന്‍ഗാമി ആയി ആദ്യത്തെ ചോയ്‌സും ദിവാന്‍ തന്നെയാകും.

രാജേഷ് ദിവാനെ പൊലീസ് മേധാവിയാക്കിയാല്‍ അടുത്ത ഗുണം, 2019 ല്‍ അദ്ദേഹം ആ സ്ഥാനത്തു നിന്നു വിരമിക്കും. അടുത്ത ഊഴം സ്വഭാവികമായും ലോക്‌നാഥ് ബെഹ്‌റയ്ക്ക് കിട്ടും. ഈ സര്‍ക്കാരിന്റെ കാലവധി തീരുംവരെ ബെഹ്‌റയെ തന്നെ ഡിജിപിയാക്കി നിര്‍ത്തുകയും ചെയ്യാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍