UPDATES

വിദേശം

തുടര്‍ അക്രമങ്ങള്‍ ഭയന്ന് പാരിസ്

Avatar

ഫാബിയോ ബെനെഡെറ്റി വാലെന്റിനി, മാര്‍തെ ഫോര്‍കേഡ്,റൂഡി റുട്ടെന്‍ബര്‍ഗ്
(ബ്ലുംബെര്‍ഗ് ന്യൂസ്)

ഭീകരാക്രമണങ്ങളെ തടുക്കാന്‍ ഫ്രാന്‍സിന്റെ സുരക്ഷാസംവിധാനം പര്യാപ്തമല്ലെന്ന ഭീതി പാരിസില്‍ വളരുന്നു. യൂറോപ്പ് കണ്ട ഏറ്റവും രക്തരൂഷിതമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിനുശേഷം നരഗവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ തെരുവുകളില്‍ നിറയുന്ന പൊലീസിനോ സൈനികര്‍ക്കോ ആകുന്നില്ല. സുരക്ഷാസന്നാഹങ്ങള്‍ ശക്തമല്ലെന്നു കരുതുന്നവരാണ് തദ്ദേശവാസികളിലേറെയും.

പ്രധാനപാര്‍ക്കുകള്‍, സിനിമാഹാളുകള്‍, മ്യൂസിയങ്ങള്‍, ഭക്ഷണശാലകള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇത് ജനജീവിതത്തെ സാരമായി തടസപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച ജോലിസ്ഥലങ്ങളും സ്‌കൂളുകളും വീണ്ടും തുറക്കാനിരിക്കെ ആളുകളില്‍ ഭീതി പ്രകടമാണ്. സൈന്യത്തിന്റെ സജീവസാന്നിധ്യമുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാബോധം നല്‍കാന്‍ അവര്‍ക്കാകുന്നില്ല.

‘നിര്‍ഭാഗ്യവശാല്‍, ഇത്തരം ഭീഷണികളുമായി സമരസപ്പെട്ടു ജീവിക്കേണ്ട അവസ്ഥയിലാണിന്ന് പാരിസ്; ലെബനനിലെയും അഫ്ഗാനിസ്ഥാനിലെയും ജനങ്ങളെപ്പോലെ’, പാസ്‌കല്‍ ഗാലോപിന്‍ (50) എന്ന സിനിമ നിര്‍മാതാവ് ആശങ്കപ്പെടുന്നു.’അവര്‍ ഫ്രാന്‍സിന്റെ ജീവിതരീതിയെയാണു തകര്‍ത്തത്.’

വെള്ളിയാഴ്ചത്തെ ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ മുന്‍പ് പുറത്തിറങ്ങിയ ലെ പരീസിയന്‍ ദിനപത്രം ഫ്രാന്‍സ് നേരിടുന്ന പ്രശ്‌നങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഭീകരവാദം എന്നു സൂചിപ്പിച്ചിരുന്നു. തൊഴിലില്ലായ്മയാണ് മുഖ്യപ്രശ്‌നം. ജനുവരിയില്‍ ഷാര്‍ലെ ഹെബ്ദോ മാസികയുടെ ഓഫിസിലും തൊട്ടടുത്ത ജൂതന്മാരുടെ പലവ്യഞ്ജനവില്‍പനശാലയിലും നടന്ന കൂട്ടക്കൊല ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. ദേശീയ കുറ്റകൃത്യനിരീക്ഷണ കേന്ദ്രവും സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് കേന്ദ്രവും ചേര്‍ന്നാണ് ഈ നിരീക്ഷണം പുറത്തുവിട്ടത്.

വെള്ളിയാഴ്ച അക്രമികള്‍ ലക്ഷ്യമിട്ടത് റസ്റ്ററന്റുകള്‍, ബാറുകള്‍, നഗരഹൃദയത്തിലെ തിരക്കേറിയ കണ്‍സര്‍ട്ട് ഹാള്‍, അല്‍പം അകലെയുള്ള സോക്കര്‍ സ്‌റ്റേഡിയം എന്നിവയാണ്. അക്രമത്തിനുള്ള തിരിച്ചടി കരുണയില്ലാത്തതായിരിക്കുമെന്നായിരുന്നു ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്‍ദോയുടെ പ്രതികരണം. പക്ഷേ തീവ്രമായ സുരക്ഷാനിയന്ത്രണങ്ങള്‍ പാരിസിന്റെ മുഖമുദ്രയായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും ഇത് ഒരുതരത്തില്‍ ഭീകരരുടെ വിജയമാകുമെന്നുമാണ് തദ്ദേശീയരും വിനോദസഞ്ചാരികളും കരുതുന്നത്. ഇപ്പോള്‍ത്തന്നെ പാരിസിന് പ്രസരിപ്പും ലാഘവത്വവും നഷ്ടമായിക്കഴിഞ്ഞു.

നഗരത്തില്‍ പടരുന്ന അരക്ഷിതത്വത്തിന് ഉദാഹരണമായി ഞായറാഴ്ച വൈകിട്ട് റിപ്പബ്ലിക് സ്‌ക്വയറില്‍ തടിച്ചുകൂടിയ ജനക്കൂട്ടം. വീണ്ടും വെടിവയ്പുണ്ടായെന്ന കിംവദന്തിയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്.

”എനിക്കു ഭയമല്ല, സങ്കടമാണു തോന്നുന്നത്’, റോമില്‍ മെഡിസിനു പഠിക്കുന്ന എഡ്വാര്‍ഡോ പോളി പറയുന്നു. ‘ജനങ്ങള്‍ ഭയാക്രാന്തരാകുകയും പുറത്തിറങ്ങാന്‍ മടിക്കുകയും ചെയ്യുമ്പോള്‍ ഭീകരര്‍ വിജയിക്കുന്നു’.വെള്ളിയാഴ്ച രാത്രിയാണ് പോളി പാരിസിലെത്തിയത്.

പോര്‍ച്ചുഗീസ് ഭൗതികശാസ്ത്രജ്ഞയായ പൗല ബര്‍ഡാലോ നാലുദിവസത്തെ അവധി ആഘോഷിക്കാനാണ് പാരിസിലെത്തിയത്. എന്നാല്‍ പൊതുജീവിതം തടസപ്പെട്ട നഗരത്തില്‍ പൗല നിരാശയാണ്. വെള്ളിയാഴ്ച നിലവില്‍ വന്ന അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു തുടരുമെന്നാണ് പ്രസിഡന്റ് ഒലാന്‍ദെ ഞായറാഴ്ച അറിയിച്ചത്.

‘മ്യൂസിയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പക്ഷേ പുറത്തിറങ്ങി സാന്നിധ്യം അറിയിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.’ ഗാലോപിന്‍ ചൂണ്ടിക്കാട്ടുന്നു. ‘പാരിസിലെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നായ ലക്‌സംബര്‍ഗ് ഗാര്‍ഡന്‍സിനു മുന്നിലാണു ഞങ്ങള്‍. അതും അടച്ചിരിക്കുന്നു. ഇതു ശരിയല്ല. തീവ്രവാദത്തോടുള്ള പ്രതിരോധം വിളിച്ചറിയിക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ ഇറങ്ങിനടക്കുന്നത്. അതിന് അവസരമില്ലാത്തത് ഖേദകരം തന്നെ.”

തടവിലെന്നതുപോലെ കഴിയേണ്ടിവരുന്നതില്‍ നഗരവാസികളില്‍ പലരും അമര്‍ഷം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതു നടന്ന ആക്രമണം തടയാന്‍ സര്‍ക്കാരിനാകാത്തതിലും അവര്‍ നിരാശരാണ്.

‘ ജാഗരൂകരായിരുന്നേ പറ്റൂ. ഇത് ഒരു പുതിയ അനുഭവമാണെങ്കിലും,’ മിഷേല്‍ സെയ്ന്‍ഫെല്‍ഡ് എന്ന റിട്ട. അധ്യാപിക പറയുന്നു. ‘സുരക്ഷാസംവിധാനങ്ങള്‍ ദുര്‍ബലമാണ്’.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍