UPDATES

ട്രെന്‍ഡിങ്ങ്

യുപിയ്ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ പൂട്ടുന്നു

ലൈസന്‍സുള്ള അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല

ഉത്തര്‍പ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ക്ക് കൂടി പൂട്ട് വീണു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളാണ് പൂട്ടിയിരിക്കുന്നത്.

തിങ്കളാഴ്ച ഝാര്‍ഖണ്ഡിലെ നിയമവിരുദ്ധ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്. ഹരിദ്വാറിലെ മൂന്ന് അറവുശാലകളും റായ്പൂരിലെ 11 കടകളും ഇന്‍ഡോറിലെ ഒരു കടയും പൂട്ടി.

ഇത് കൂടാതെ ജയ്പൂരിലെ നാലായിരത്തോളം അറവുശാലകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൂട്ടുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 950 അറവുശാലകള്‍ക്ക് അനുമതിയുള്ളതാണെങ്കിലും മാര്‍ച്ച് 31ന് ശേഷം അവയ്ക്ക് അനുമതി പുതുക്കി നല്‍കില്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഫീസ് പത്ത് രൂപയില്‍ നിന്നും ആയിരം രൂപയാക്കിയതായാണ് ജെയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച് 31ന് കേവലം രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ഇതുവരെയും ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയിട്ടില്ല.

തങ്ങളില്‍ പലരും ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ കോര്‍പ്പറേനില്‍ സമര്‍പ്പിച്ചിട്ടും അവ സ്വീകരിക്കപ്പെട്ടില്ലെന്ന് ന്യൂ ജയ്പൂര്‍ മീറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ റഖ്വിഫ് ഖുര്‍ഷി അറിയിച്ചു. ഇതിനിടെ ഗുര്‍ഗാവില്‍ നവരാത്രി ആഘോഷത്തിന് മുന്നോടിയായി ശിവസേന അഞ്ഞൂറോളം ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചു. ഇരുന്നോറോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറവുശാലകള്‍ അടപ്പിച്ചത്. ഇതില്‍ കെഎഫ്‌സിയുടെ കടകളും ഉള്‍പ്പെടുന്നു. വരുന്ന ഒമ്പത് ദിവസത്തേക്ക് എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്നാണ് ശിവസേന നല്‍കിയിരിക്കുന്ന താക്കീത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സംസ്ഥാനത്തെ അനധികൃത അറവുശാലകളെല്ലാം അടച്ചു പൂട്ടിയിരുന്നു. അതേസമയം ഈ ഉത്തരവിന്റെ മറവില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന അറവുശാലകളും അടച്ചു പൂട്ടാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. ഇതിനെതിരെ യുപിയിലെ മാംസക്കച്ചവടക്കാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍