UPDATES

വിപണി/സാമ്പത്തികം

തിരുപ്പതി ലഡു മുതൽ മിലിറ്ററി ക്യാൻ്റീൻ വരെ; കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹാരത്തിന് ആഭ്യന്തര വിപണി പിടിക്കാൻ സംസ്ഥാന സർക്കാർ

കയറ്റുമതി പ്രോൽസാഹിപ്പിച്ചുകൊണ്ടുള്ള സമീപനം കേന്ദ്രം മാറ്റിയതോടെയാണ് ആഭ്യന്തര വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ ശ്രമിച്ചത്.

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹാരത്തിന് ആഭ്യന്തര വിപണി പിടിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങുന്നു. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ കൊല്ലത്ത് നിന്നുള്ള കശുവണ്ടി എത്തിക്കാന്‍ കേരള-ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായി. കൂടാതെ പ്രതിരോധ വകുപ്പുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇതിന് പുറമെ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കച്ചവടം പിടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍ അത് കശുവണ്ടി മേഖലയ്ക്ക് വലിയ ആശ്വാസമാവുമെന്നാണ് പ്രതീക്ഷ.

തിരുപ്പതി ലഡുവിനായി സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ക്യാപെക്‌സ് എന്നിവിടങ്ങളില്‍ നിന്ന് കശുവണ്ടി എത്തിക്കാനാണ് കേരളവും ആന്ധ്രപ്രദേശും തമ്മില്‍ ധാരണയായത്. ദിവസേന നാല് ലക്ഷത്തോളം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതിനായി ഒരു ദിവസം 3000 കിലോ ഗ്രാം കശുവണ്ടി പരിപ്പ് വേണ്ടി വരും. മാസം തോറും 90 ടണ്‍ കശുവണ്ടി പരിപ്പാണ് ക്ഷേത്രത്തിന് ആവശ്യം. ഇത് കാലങ്ങളായി സ്വകാര്യ കമ്പനികളില്‍ നിന്നാണ് വാങ്ങിയിരുന്നത്. പ്രതിവര്‍ഷം ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് തിരുപ്പതിയിലേക്ക് കയറ്റി അയക്കാമെന്നാണ് ക്യാപക്സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും പ്രതീക്ഷ. കിലോയ്ക്ക് 669 രൂപ നിരക്കില്‍ കശുവണ്ടി പരിപ്പ് കയറ്റി അയക്കാനാണ് തീരുമാനം. മൂന്നു മാസം കൂടുമ്പോള്‍ വില പുതുക്കി നിശ്ചയിക്കാനുള്ള നിബന്ധനയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് കശുവണ്ടി പരിപ്പ് കിട്ടുന്ന സ്ഥിരം സ്റ്റാളും സ്ഥാപിക്കും.

‘ഇതിന്റെ ആദ്യ പടിയായി 70 കോടി രൂപയുടെ കരാര്‍ ആണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ തന്നെ 30 ടണ്‍ കശുവണ്ടി പരിപ്പ് കയറ്റി അയക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്ത് വരികയാണ്. ഇതിന്റെ ഗുണം രണ്ട് കൂട്ടര്‍ക്കുമുണ്ട്. സ്വകാര്യ മേഖലയിലെ ചൂഷണങ്ങള്‍ ഇല്ലാതെ ന്യായമായ വിലയ്ക്ക് പൊതുമേഖലാ സ്ഥാപനമെന്ന രീതിയില്‍ ഞങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിപ്പ് നല്‍കാനാവും. അതുവഴി കച്ചവടം മെച്ചപ്പെടുകയും ലാഭമുണ്ടാക്കാന്‍ കഴിയുകയും ചെയ്യുക എന്നത് നമുക്കും മെച്ചമാണ്. തിരുപ്പതി കൂടാതെ മറ്റ് നിരവധി ക്ഷേത്രങ്ങളില്‍ കരാറിന് ശ്രമിക്കുന്നുണ്ട്. തിരുപ്പതി മോഡല്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് പഴനി തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് കശുവണ്ടി എത്തിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുകയാണ്. ശബരിമല സീസണ്‍, ദീപാവലി സീസണ്‍ എന്നിവ മുന്നില്‍ കണ്ട് ചില പദ്ധതികളും ആലോചനയിലാണ്. പദ്മനാഭ സ്വാമി ക്ഷേത്രം, പൊന്നാനിയിലെ മുസ്ലിം പള്ളികള്‍, മാരാമണ്‍ കണ്‍വന്‍ഷന്‍ വേദി, ലുലുമാള്‍, മാര്‍ക്കറ്റ്ഫെഡ് തുടങ്ങിയ സ്ഥലങ്ങളിലും കശുവണ്ടിപ്പരിപ്പ് ലഭ്യമാക്കും. കോര്‍പ്പറേഷന്റെ കുറച്ച് നഷ്ടങ്ങള്‍ പരിഹരിച്ചെങ്കിലും ഇപ്പോഴും ദൈനംദിന നഷ്ടം വലുതാണ്. ഇത് പരിഹരിക്കാനുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമാണ് തിരുപ്പതിയുമായുള്ള കരാര്‍. കയറ്റുമതി ഇന്‍സന്റീവ് അഞ്ച് ശതമാനം ഉണ്ടായിരുന്നത് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ശതമാനമായി കുറച്ചു. ഇതോടെ ആഭ്യന്തര വിപണി കണ്ടെത്താനാണ് ശ്രമം.’ സംസ്ഥാന കശുവണ്ടി വകസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയമോഹന്‍ പറഞ്ഞു.

കോര്‍പറേഷനില്‍ നിന്നും ക്യാപക്സില്‍ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു കശുവണ്ടി പരിപ്പ് വാങ്ങുന്നതോടെ രണ്ട് സ്ഥാപനങ്ങളുടെയും വ്യാപാരത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിപ്പിന് ആഭ്യന്തര വിപണി കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ ഓണക്കാലത്ത് വിലകുറച്ചുള്ള വിപണനത്തിലൂടെ അഞ്ചരക്കോടി രൂപ കോര്‍പ്പറേഷന് ലഭിച്ചിരുന്നു. ഓണത്തിന് ശേഷം കോര്‍പ്പറേഷന്റെ പൂട്ടിക്കിടന്ന മൂന്ന് ഫാക്ടറികള്‍ തുറക്കുകയും ചെയ്തു.

മിലിറ്ററി കാന്റീനുകളില്‍ നേരിട്ട് കശുവണ്ടി എത്തിക്കാനും കാഷ്യു ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വകുപ്പുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. മിലിറ്ററി കാന്റീനുകളില്‍ കശുവണ്ടി വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നതിനാല്‍ ഈ കരാര്‍ ലഭിച്ചാല്‍ വലിയ തുകയുടെ കച്ചവടം നടക്കുമെന്നാണ് കാഷ്യൂ ബോര്‍ഡിന്റെ പ്രതീക്ഷ. കാഷ്യു ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഗിരീഷ് പറയുന്നു, ‘തിരുപ്പതിക്ക് കശുവണ്ടി പരിപ്പാണ് വേണ്ടത്. കശുവണ്ടിക്കായി മറ്റ് മാര്‍ക്കറ്റുകളാണ് നോക്കുന്നത്. റീറ്റെയ്ല്‍ ബിസിനസ് ആണ് കോര്‍പ്പറേഷനും ക്യാപക്സിനും എല്ലാം ലാഭമുണ്ടാക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളിലെ കച്ചവടം പിടിക്കാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ മെച്ചമുണ്ടാക്കും. മിലിറ്ററി കാന്റീന്‍ അതുപോലൊരു സ്ഥലമാണ്. പ്രതിരോധ വകുപ്പുമായുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ലഭിക്കും എന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ആഭ്യന്തര വിപണിയിലേക്ക് നേരിട്ടിറങ്ങുന്നത് കൊണ്ട് ക്യാപെക്സിനും കോര്‍പ്പറേഷനും മാത്രമല്ല നേട്ടം. തിരുപ്പതിക്കുള്ള കശുവണ്ടി പരിപ്പ് പോലും പൂര്‍ണമായി നല്‍കാന്‍ അവര്‍ക്കാവില്ല. സ്വാഭാവികമായും ചെറുകിട ഫാക്ടറികളില്‍ നിന്ന് കശുവണ്ടി ശേഖരിക്കേണ്ടി വരും. അത് കശുവണ്ടി വ്യവസായത്തിന്റെ അടിത്തട്ടിലും ഗുണം ചെയ്യും. എന്നുമാത്രമല്ല ബ്രാന്‍ഡ് ബില്‍ഡിങ്ങിനും സാധ്യതയുണ്ട്.’

തൊഴിലാളി യൂണിയനുകളും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള കശുവണ്ടി പരിപ്പിന് ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചത് കശുവണ്ടി മേഖലയ്ക്ക് ഒരു പരിധി വരെ സഹായകമായിട്ടുണ്ടെന്ന് തൊഴിലാളികളും ഫാക്ടറി ഉടമകളും പറയുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ആഭ്യന്തര വിപണിയിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സജീവമാവാനായാല്‍ മേഖലയിലെ പ്രതിസന്ധികള്‍ ഏറെക്കുറെ പരിഹരിക്കാനാവുമെന്നാണ് അവരുടെ അഭിപ്രായം. കശുവണ്ടി തൊഴിലാളി യൂണിയന്‍ നേതാവായ കടകംപള്ളി മനോജ് പറയുന്നു, ‘കോര്‍പ്പറേഷനും ക്യാപെക്സും ഇതേവരെ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ കമ്പനികള്‍ക്കാണ് കശുവണ്ടി വിറ്റുകൊണ്ടിരുന്നത്. മൂന്ന് നാല് പ്രധാനപ്പെട്ട എക്സ്പോര്‍ട്ടര്‍മാരാണ് ഇത് വാങ്ങിയിരുന്നത്. സ്വന്തമായുള്ള ഫാക്ടറി പൂട്ടിയിട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന കശുവണ്ടി കയറ്റുമതി ചെയ്തും ആഭ്യന്തര വിപണിയിലെത്തിച്ചും കോടികളാണ് അവര്‍ സമ്പാദിച്ചിരുന്നത്. അവര് തീരുമാനിക്കുന്നതായിരുന്നു വില. നിലവില്‍ മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ മാന്യമായ വിലക്കാണ് തിരുപ്പതി ക്ഷേത്രവുമായി കരാര്‍ വച്ചിരിക്കുന്നത്. അത് അടിസ്ഥാന വിലയായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേഷനിലും ക്യാപെക്സിലുമായി നാല്‍പ്പതിനായിരം തൊഴിലാളികള്‍ക്ക് അവസരം നല്‍കാനാവും. നിലവില്‍ രണ്ട് കമ്പനികളിലും കൂടി പതിനെണ്ണായിരത്തില്‍ താഴെ തൊഴിലാളികളേയുള്ളൂ. ആവശ്യവും പ്രൊഡക്ഷനും കൂടുമ്പോള്‍ കൂടുതല്‍ തൊഴിലാളികളെ കമ്പനിയിലേക്ക് കൊണ്ടുവരാനാവും. പൂട്ടിപ്പോയ പല ഫാക്ടറികളിലും ജോലി ചെയ്തിരുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് അത് അവസരമൊരുക്കും. പ്രൊഡക്ഷനും കമ്പനികള്‍ക്ക് സ്വകാര്യ ഫാക്ടറികളെ ആശ്രയിക്കേണ്ടി വരും. വിയറ്റ്നാം കശുവണ്ടിക്ക് ആഗോള തലത്തില്‍ മാര്‍ക്കറ്റ് ഇടിഞ്ഞത് നമുക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോള്‍ ഒരു ചാക്കിന് ആയിരം രൂപ വച്ച് 19-20 ചാക്ക് കശുവണ്ടിയുടെ ഉത്പാദനം പല ചെറുകിട ഫാക്ടറികളിലും ദിവസേന നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടലും മാര്‍ക്കറ്റില്‍ വന്ന വ്യത്യാസങ്ങളും കൊണ്ട് പൂട്ടിക്കിടന്ന അറുപത് ശതമാനത്തോളം ഫാക്ടറികള്‍ തുറന്നു.’

കാലങ്ങളായി നഷ്ടത്തിലായിരുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന് ആശ്വാസമാവുന്നതാണ് കാഷ്യു ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള നീക്കം. പുതിയ പദ്ധതികളിലൂടയും ഇടപെടലുകളിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം.

Read More: അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍