UPDATES

നേപ്പാള്‍; ഇവിടെ സിന്ധുപല്‍ചോക്കില്‍, ആ ഭൂകമ്പം ഇന്നലെ കഴിഞ്ഞതുപോലെ

Avatar

പാട്രിക്ക് വാര്‍ഡ്

സിന്ധുപല്‍ചോക്കിലേക്കുള്ള പാതകളില്‍ നിന്നും ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. എങ്കിലും, കാഠ്മണ്ഡു  മുതല്‍ അതിര്‍ത്തി പ്രദേശമായ കോടരി വരെയുള്ള പാതയായ, ഭൂകമ്പത്തിന്റെയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളുടേയും ക്ഷീണം മാറും മുന്‍പ് ഇടതടവില്ലാതെ മണ്‍സൂണ്‍ കടന്നാക്രമിച്ച, അരനികോ ഹൈവേയിലൂടെയുള്ള ഗതാഗതം ദുഷ്കരം തന്നെയായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, പതിയെ വിവൃതമാവുന്ന പഞ്ച്കല്‍ ഗ്രാമത്തിന്റെ ദൃശ്യഭംഗി ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. മനംമടുപ്പിക്കുന്ന ട്രാഫിക്‌ വഴിമാറിക്കൊടുക്കുമ്പോള്‍ ഹൈവേ അതിമനോഹരമായ ഭൂപ്രകൃതിയിലേക്ക് ലയിച്ചു ചേരുന്നു. ചെങ്കല്‍ മലകളും, പിന്നിലേക്ക് ഉരുണ്ടുരുണ്ട്‌ പോവുന്ന പച്ചപുതച്ച  അനേകം കുന്നുകളും അലകള്‍ കണക്കെ ഇന്ദ്രാവതി നദിയുടെ ഉപനദികള്‍ക്കരികിലായ് പടര്‍ന്ന് നില്‍ക്കുന്നു. എന്നുമെന്നും കാണാന്‍ നമ്മില്‍ പലര്‍ക്കും ഭാഗ്യമില്ലാത്ത അകളങ്കിതമായ പ്രകൃതിഭംഗി ഒരു ചിത്ര പുസ്തകത്തില്‍ നിന്നു ജീവന്‍ വെച്ച് പുറത്തിറങ്ങി വന്നതുപോലെ. 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഭൂകമ്പം വിവരിക്കുമ്പോള്‍ തലസ്ഥാന നഗരവും, എവറസ്റ്റ്‌ പ്രദേശവും പോലെ വിദേശികള്‍ സന്ദര്‍ശിക്കുന്ന, വിനോദയാത്രാ പ്രാധാന്യമുള്ള സ്ഥലങ്ങളെയാണ് കേന്ദ്രീകരിച്ചത്. തീര്‍ച്ചയായും ഇവിടങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ അതിഭീകരം തന്നെയായിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ ദുരന്തവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് നിസാരമാണ്. സിന്ധുപല്‍ചോക്കിനെയാണ് ഭൂകമ്പം ഏറ്റവും ബാധിച്ചത്. നേപ്പാളിലെ മൊത്തം 8702 മരണത്തില്‍ 3440 ഉം സിന്ധുപല്‍ചോക്കിലാണ് സംഭവിച്ചത്. മറ്റേതു ജില്ലയെക്കാളും കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള കാഠ്മണ്ഡുവിന്റെ (1222) മൂന്നിരട്ടി. ഓര്‍ക്കേണ്ട കാര്യമെന്തെന്നാല്‍, കാഠ്മണ്ഡുവിലെ ജനസംഖ്യ ഒരു മില്യനും , സിന്ധുപല്‍ചോക്കില്‍  മൂന്നു ലക്ഷവും ആണെന്നുള്ളതാണ്. അതായത് ഈ ഗ്രാമത്തിലെ ഒരു ശതമാനം മനുഷ്യര്‍ ഭൂകമ്പത്തില്‍ അപ്രത്യക്ഷരായി. തൊണ്ണൂറു ശതമാനം മനുഷ്യവാസസ്ഥലങ്ങളും നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.

കാഠ്മണ്ഡുവില്‍ നിന്നു അമ്പതു കിലോമീറ്റര്‍ ഉള്ളിലേക്ക് കൂടുതല്‍ സഞ്ചരിച്ചപ്പോള്‍ ഈ കണക്കുകളുടെ നേര്‍ക്കാഴ്ച ഞങ്ങള്‍ക്ക് കിട്ടി. ടിബറ്റ്‌ അതിര്‍ത്തിക്ക് 22 കിലോമീറ്റര്‍ മുന്‍പുള്ള, ബഹറബൈസ് എന്ന സ്ഥലമായിരുന്നു ഞങ്ങളുടെ പ്രധാന ലക്‌ഷ്യം. അവിടെയാണ് ഈ ജില്ലയിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. പൊളിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെയിടയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങി. ഉരുള്‍പൊട്ടലിന്റെ മണ്ണ് മാറ്റിയപ്പോള്‍ അവശേഷിച്ച മഞ്ഞപ്പൊടിയും, ചളിക്കട്ടകളും, പാറകളും, വിണ്ടു കീറിയ റോഡില്‍ ഒരു ദുസ്വപ്നത്തിന്റെ ശേഷിപ്പായി കിടക്കുന്നതു കണ്ടു.

ലമോസന്‍കുവില്‍ എത്തിയപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ കേട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ചെറിയ കടകള്‍ .കണ്ടു. നന്നാക്കാന്‍ ഇനി കഴിയാത്ത വിധം നശിച്ചതായിരുന്നു അവിടുത്തെ വീടുകളും മറ്റു കെട്ടിടങ്ങളും. പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഒരു വലിയ മണ്ണുമാന്തി ആ കെട്ടിടങ്ങള്‍ തള്ളിയിട്ട് അവശിഷ്ടങ്ങള്‍ ഗ്രാമവാസികളുടെ സഹായത്തോടെ കോരിക്കൊണ്ടിരിക്കുന്നതിനാല്‍ ഞങ്ങളുടെ വഴി മുടങ്ങിയിരിക്കുകയായിരുന്നു. പൊടിപടലങ്ങള്‍ തങ്ങിനില്‍ക്കുന്നു. ചിലര്‍ ഒരു ഹോസ്പൈപ്പിലെ വെള്ളത്തില്‍ കുളിക്കുകയും വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് നിലകളുള്ള നശിച്ചുപോയ കെട്ടിടങ്ങളും, അവയുടെ പൊടിഞ്ഞ കോണ്‍ക്രീറ്റ് പാളികളും, വളഞ്ഞ കമ്പികളും കണ്ടാല്‍, നിര്‍മാണപ്രവൃത്തികള്‍ ഇത്രയും കാലമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അഞ്ച് മാസംമുന്‍പായിരുന്നു ഭൂകമ്പം നടന്നതെങ്കിലും ഇന്നലെ കഴിഞ്ഞത്പോലെയായിരുന്നു അവിടുത്തെ അവസ്ഥ.

ഭൂകമ്പത്തിനു ശേഷമുള്ള പരിഭ്രമം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടുത്തെ ഗ്രാമീണര്‍ മറന്നതായാണ് സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. അനിവാര്യമായ ആത്മസംയമനം പാലിച്ച്, ജീവിതംപുതുക്കിപണിയാന്‍ അവര്‍ ദൃഡനിശ്ചയമെടുക്കുകയായിരുന്നു. ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകളും ഉണങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ദുരന്ത പ്രദേശത്ത് ലമോസന്‍കു ഹെല്‍ത്ത്‌ സെന്ററില്‍ സ്റ്റാഫ്‌ നേഴ്സ് ആയി സേവനമനുഷ്ടിക്കുന്ന എലിസ ഖത്രി പറഞ്ഞു, “ആദ്യം നിരാശപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ അവസ്ഥ. കുടുംബത്തിലെ മിക്കവരും നഷ്ടപ്പെട്ടവര്‍ കടുത്ത ദുഖത്തിലായിരുന്നു… ഇപ്പോള്‍ സ്ഥിതിക്ക് മാറ്റമുണ്ട്. പലരും ഭേദപ്പെട്ടു….” 


എലിസ ഖത്രി

ഈ ഭൂകമ്പം ഇവിടുത്തുകാര്‍ക്ക് ഏറ്റവും പുതിയ ദുരന്തം മാത്രമാണ്. എന്റെ സഹപ്രവര്‍ത്തക പറഞ്ഞു, അവര്‍ സന്ദര്‍ശിച്ച ഭാഗത്തെ ഒരു മനുഷ്യന്റെ വീട് ഈ അടുത്തകാലത്ത് നാലുവട്ടം തകര്‍ന്നു വീണിട്ടുണ്ട്. ആദ്യത്തെ മൂന്നുവട്ടം ഉരുള്‍പൊട്ടലിലും, അവസാനം ഈ ഭൂകമ്പവും. നിര്‍മാണവും പുനര്‍നിര്‍മാണവും ഇവര്‍ക്ക് ഒരു നിത്യനൊമ്പരം ആണ്. “എന്‍റെ ആശങ്ക ഭാവിയെക്കുറിച്ചാണ്. ഉരുള്‍പൊട്ടലുകളില്‍ നിന്നും സംരക്ഷണമുള്ള ഒരു വീട് എങ്ങനെ, എവിടെ നിര്‍മിക്കുമെന്നറിയില്ല”.സുഷമ ശ്രേശ്ത എന്ന സ്ത്രീ അവരുടെ വിഷമം പങ്കുവെച്ചു. 

അടുത്ത ദുരന്തം വിദൂരമല്ല എന്നതാണ് ഇവിടുത്തെ അവസ്ഥ. അതിനുള്ള കാരണവും ഈ പ്രദേശത്തിന്റെ കിടപ്പില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ലമോസന്‍കുവില്‍ നിന്നും ബഹ്രബൈസിലേക്കുള്ള പാതകള്‍ പരുക്കനും, ഒരുപാട് വളവുകളും തിരിവുകളും നിറഞ്ഞതും ആയിരുന്നു. വലതുഭാഗത്തു കൂടി സുന്കൊസ്കി പുഴ ഒഴുകുന്നു. അതിനടുത്ത് ചളിയില്‍, ഒരു വീട്. അതിന്റെ താഴെ നില ചളിയില്‍ പുതഞ്ഞ നിലയില്‍. ഭൂകമ്പത്തിന്റെ അവശേഷിപ്പാണ് എന്ന് ഞങ്ങള്‍ കരുതി. പക്ഷേ അത് തെറ്റായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സമീപത്തെ മലയുടെ ഒരു അരികു അടര്‍ന്നു വീണു 5.5 മില്യണ്‍ ക്യുബിക് മീറ്റര്‍ കല്ലും മണ്ണും പുഴക്കും റോഡിനും കുറുകെ വീണതാണ്. മരണസംഖ്യ 156  ആയിരുന്നു.  പുഴ വഴിതിരിഞ്ഞതിനാല്‍ ഒരു തടാകം രൂപപ്പെടുകയും, ഉത്തരേന്ത്യ വരെ അനുഭവപ്പെട്ട വെള്ളപ്പൊക്കങ്ങള്‍ ജനിക്കുകയും ചെയ്തിരുന്നു. നദി പൂര്‍വസ്ഥിതിയിലാക്കാന്‍ പട്ടാളത്തിന് ഒരു മാസം വേണ്ടിവന്നു.  ഈ പ്രദേശത്തെ മനുഷ്യരോട് ഭൂകമ്പത്തിനു മുന്‍പും പ്രകൃതി കനിവ് കാണിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

ലമോസന്‍കുവിന്റേതു പോലെ തന്നെയായിരുന്നു, ബഹ്രബൈസിന്റെയും അവസ്ഥ. കടകള്‍ തുറന്നിരുന്നു, ഭക്ഷണം ലഭിക്കുന്നയിടങ്ങളും ഉണ്ട്.പക്ഷെ അങ്ങിങ്ങ് അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്നും, കല്ലുകള്‍പുറത്തേക്കുന്തി നില്‍ക്കുന്നു. സ്വന്തം ഭാരം താങ്ങാനാവാതെ പതിയെ നിലംപൊത്തിയവയും, വീഴാതിരിക്കാന്‍ മരക്കാലുകള്‍ കൊണ്ട് താങ്ങിനിര്‍ത്തിയ നിലയിലുള്ള കെട്ടിടങ്ങളും കാണാം. പ്രദേശം ശുചിയാക്കുന്ന തിരക്കിലാണ് അവിടത്തെ മനുഷ്യര്‍. 

ഞങ്ങള്‍ നോക്കിനില്‍ക്കെ ഒരു ബസ്‌ വന്നു. അരിയും മറ്റവശ്യ സാധനങ്ങളും കൊണ്ട് ജനങ്ങള്‍ അതില്‍ നിന്നിറങ്ങി. പ്രധാന വഴിയായ ഹൈവേ ഇപ്പോള്‍ വൃത്തിയായെങ്കിലും, നേരത്തെ വലിയ ബുദ്ധിമുട്ടായിരുന്നു. മറ്റെന്തും ശരിയാക്കുന്നതിനു മുന്‍പ് റോഡുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യം ആയിരുന്നെന്നു ജനങ്ങള്‍ പറയുന്നു. ഇല്ലെങ്കില്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടുപോവുമായിരുന്നു ഇവര്‍.

പലരും, ഇപ്പോഴും താല്‍ക്കാലിക താവളങ്ങളിലാണ് ജീവിക്കുന്നത്. കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഇടയില്‍, പലപല വര്‍ണത്തിലുള്ള തമ്പുകള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അവിടേക്കുപോയി. കുത്തനെ ഇറങ്ങുന്ന വഴി ഒരു മൈതാനം കണക്കിനുള്ള പ്രദേശത്ത് ചെന്നെത്തി. ആടുകളും പട്ടികളും അലഞ്ഞു നടക്കുന്നത് കാണപ്പെട്ട ആ സ്ഥലത്തിന് പിറകില്‍ പച്ചപുതച്ച നെടുങ്കന്‍ മലകള്‍. ക്യാമ്പിനു മുന്‍പില്‍ UNICEF ന്റെ മെഡിക്കല്‍ ടെന്റ്. അതിനരികില്‍ മിഠായികളും സിഗരറ്റും മറ്റും വില്‍ക്കുന്ന ഒരു കട. കുറച്ചപ്പുറത്ത് രചന എന്ന പെണ്‍കുട്ടി അവളുടെ താവളം ഒരു തയ്യല്‍ക്കട ആക്കി മാറ്റിയിട്ടുണ്ട്. അവളുടെ തയ്യല്‍ക്കട ഭൂകമ്പത്തില്‍ നശിച്ചു പോയിരുന്നു. പണ്ടത്തെപ്പോലെ ജോലിയില്ല എന്ന് ആ പെണ്‍കുട്ടി പരാതി പറയുന്നു. ദുരന്തത്തിന് ശേഷം ആദ്യമായി ഈ ടെന്റില്‍ വന്നപ്പോള്‍ എന്നും കരഞ്ഞിരുന്നെന്നും, ഒരു സൌകര്യവുമില്ലാത്ത, നിലം പോലും ശരിക്കില്ലാത്ത ഇവിടെ, തണുത്ത നിലത്ത്, ക്ഷുദ്രജീവികളേയും പേടിച്ചു കൊണ്ട്‌ കിടന്നത് അവള്‍ ഓര്‍മ്മിച്ചു.

പുനരുദ്ധാരണത്തിനു ഗവണ്മെന്റിന്റെ ശുഷ്ക്കാന്തിയില്ലായ്മ ഇവിടുത്തെ ജനങ്ങളില്‍ വിദ്വേഷമുണ്ടാക്കിയിട്ടുണ്ട്. ആദ്യം വിദേശികളെ രക്ഷിക്കാനാണ്ഗവണ്മെന്റ് ഉത്സാഹം കാണിച്ചതെന്നും അവര്‍ക്ക്പരാതിയുണ്ട്. അടുത്ത ടെന്‍റില്‍ താമസിക്കുന്ന രാജു എന്ന യുവാവിനു ചോദിക്കാനുണ്ടായിരുന്നത്, സ്വദേശികളായ തങ്ങള്‍ക്ക് വിദേശികള്‍ക്ക് കിട്ടിയത്പോലെ സഹായം കിട്ടാന്‍ അര്‍ഹതയില്ലേ, എന്നാണ്. അതിജീവിക്കാന്‍, തങ്ങള്‍ തന്നെ ഉത്സാഹം കാണിക്കണം എന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഉയര്‍ന്നുപൊങ്ങിയ കടകമ്പോളങ്ങള്‍ അതിനു തെളിവാണ്.

പുറമേ കാണപ്പെടുന്നില്ലെങ്കിലും, ഇവര്‍ അനുഭവിച്ച യാതനകളുടെ വിങ്ങലുകള്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. നിലംപൊത്തിയ തന്റെ വീടിന്‍റെ അടിയില്‍ കൈകുടുങ്ങിയ കഥ ഒരു സ്ത്രീ വിവരിച്ചു. മരിച്ചുവെന്നു കരുതിയ കുടുംബക്കാര്‍ തിരിച്ചുവന്നതിന്റെ സന്തോഷം അറിഞ്ഞ ഒരു കൂട്ടം പേര്‍. തയ്യല്‍ക്കാരി രചന, സ്വന്തം ഭര്‍ത്താവിനെ ജീവനോടെ കണ്ടെത്തിയത്, ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമാണെന്നു വിവരിക്കുന്നു.

കിട്ടിയ ആയുധങ്ങളും, മനശക്തിയും ഉപയോഗിച്ച് ഇവര്‍ അവശിഷ്ടങ്ങള്‍ കോരി മാറ്റുന്നുണ്ടെങ്കിലും, പൂര്‍വസ്ഥിതിയില്‍ ആവാന്‍ വേണ്ട കഠിനജോലി പേടിപ്പെടുത്തുന്നതാണ്. സ്കൂള്‍, ഹോസ്പിറ്റല്‍, കടകള്‍ തുടങ്ങിഒരു സമൂഹത്തിലെ അത്യാവശ്യമായ പലതും ഇല്ലാത്ത ഒരു അവസ്ഥയില്‍, ഇവരുടെ ധീരതയില്‍ വിഷാദം നിഴലിച്ചിരുന്നു. ആസന്നമായ ശൈത്യകാലവും, ഇനിയും വരുമെന്നുറപ്പുള്ള ഉരുള്‍പൊട്ടലുകളും, വന്നേക്കാവുന്ന പ്രകമ്പനങ്ങളും കാരണം, പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍, സിന്ധുപല്ചോകിലെ അവസ്ഥ വളരെ മോശമായി മാറും.

തിരികെയുള്ള യാത്രയിലും കാഴ്ചകള്‍ അവ തന്നെ. ചുട്ടു പൊള്ളുന്ന വെയിലില്‍ അവശിഷ്ടങ്ങള്‍ മാറ്റുന്ന മനുഷ്യരും, അവരുടെ ചുമലുകളില്‍ ചാക്കുകളില്‍ കല്ലുംപൊടിയും. മടക്കയാത്രയില്‍ ഞങ്ങള്‍ നിശബ്ദരായിരുന്നു. സൂര്യാസ്തമയത്തിന്റെ കുങ്കുമ വര്‍ണം പടര്‍ന്ന പച്ചക്കുന്നുകളില്‍ ചരലും മണ്ണുമുള്ള ചെറിയ കൂമ്പാരങ്ങള്‍. അവ പണ്ടത്തെ വീടുകളായിരുന്നു. സ്വന്തമായി കഥകളുള്ള മനുഷ്യര്‍ ഒരിക്കല്‍ ജീവിച്ച വീടുകള്‍. അവയില്‍ ജീവിച്ചിരുന്ന പലരും ഇപ്പോള്‍ ടെന്റുകളില്‍ താമസിക്കുന്നു. ബാക്കിയുള്ളവര്‍ ഇനിയൊരിക്കലും ഒരു സൂര്യാസ്തമയം കാണാന്‍ സാധിക്കാതെ മറഞ്ഞുപോയിരിക്കുന്നു.

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.aftershocknepal.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍