UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചലില്‍ അവകാശമുന്നയിച്ച് വീണ്ടും ചൈന

ദലൈ ലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണം

അരുണാചല്‍ പ്രദേശില്‍ അവകാശമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ചൈനയിലെ ഔദ്യോഗിക മാധ്യമത്തില്‍ വന്ന ലേഖനത്തിലാണ് അരുണാചല്‍ ചൈനയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ നിയമവിരുദ്ധ ഭരണത്തിന് കീഴില്‍ അരുണാചലിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്. വിവിധ തരത്തിലുള്ള വിവേചനങ്ങളാണ് ജനങ്ങള്‍ നേരിടുന്നത്. അരുണാചലിലെ ജനങ്ങള്‍ ചൈനയിലേക്ക് മടങ്ങിവരുന്നതിന് കാത്തിരിക്കുകയാണെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയെ രൂക്ഷമായി ലേഖനം വിമര്‍ശിക്കുന്നുണ്ട്. ലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണം.

ദലൈ ലാമയുടെ അരുണാചല്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തെയും വിമര്‍ശിക്കുന്നുണ്ട്. അടുത്തിടെ മാത്രം 20 തവണ ലാമ താന്‍ ഇന്ത്യയുടെ പുത്രനാണെന്ന് പൊതുചടങ്ങുകളില്‍ പറഞ്ഞ കാര്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു. അരുണാചലിനെ ഇന്ത്യയ്ക്ക് നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റേത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി വിഷയങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ലാമ ശ്രമിക്കുന്നതെന്നും ചൈനീസ് മാധ്യമം പറയുന്നു.

പ്രദേശത്തിന്റെ സമാധാനം നശിപ്പിക്കാനാണ് ലാമ ശ്രമിക്കുന്നത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ വിവേകത്തോടെയും മനശക്തിയോടെയും ഇടപെടുകയാണ് വേണ്ടത്. ഒമ്പത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലാമ അരുണാചലില്‍ എത്തിയത്. 2009ലും ലാമ അരുണാചലില്‍ എത്തിയിരുന്നു. അന്നും ചൈനീസ് സര്‍ക്കാര്‍ ലാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ദലൈലാമയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്രതലത്തിലും ചൈന ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍