UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയില്‍ കനയ്യ കുമാറിന് മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

രാജ്യ ദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മാര്‍ച്ച് രണ്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കനയ്യ കുമാറിന് മര്‍ദ്ദനമേറ്റു. ഒരു കൂട്ടം അഭിഭാഷകര്‍ കോടതിക്ക് മുമ്പില്‍ ഒരു വിദ്യാര്‍ത്ഥിയേയും ഒരു റിപ്പോര്‍ട്ടറെയും ആക്രമിച്ചു. സംഘര്‍ഷാവസ്ഥയ്ക്കിടയിലാണ് കനയ്യയെ കോടതിയിലേക്ക് കൊണ്ടു വന്നത്.

തന്നെ ആക്രമിച്ചയാളെ കോടതി മുറിയില്‍ കനയ്യ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് അയാളെ വിട്ടയച്ചു. അയാളെ പിടികൂടാത്തതിന് പൊലീസ് ഉദ്യോഗസ്ഥനെ കോടതി ശാസിച്ചു. തങ്ങളുടെ ജോലി ചെയ്തുവെന്ന് കനയ്യയെ ആക്രമിച്ച അഭിഭാഷകര്‍ പൊലീസുകാരുടെ മുന്നില്‍ വച്ചു പറഞ്ഞു.

കോടതിയില്‍ മുറിയില്‍ വച്ച് കനയ്യയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിക്കല്‍ സംഘമാണ് കനയ്യയെ പരിശോധിച്ചത്. കനയ്യകുമാറിന്റെ പിന്‍ഭാഗത്തും കാലിലും പരിക്കേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സംഘം നല്‍കി.

ജയിലില്‍ കനയ്യയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കോടതി ഡല്‍ഹി പൊലീസിനും ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. കനയ്യയ്ക്ക് എതിരായ തെളിവുണ്ടെന്ന് അഭിഭാഷകര്‍ വാദിച്ചു.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന ഫെബ്രുവരി ഒമ്പതിലെ പരിപാടിയെ അപലപിക്കുന്നുവെന്നും ഇന്ത്യയുടെ ഭരണഘടനയില്‍ വിശ്വാസം ഉണ്ടെന്നും കനയ്യ കോടതിയില്‍ പറഞ്ഞു. ഞാനൊരു ഇന്ത്യാക്കാരനാണ് ദേശ വിരുദ്ധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയില്ലെന്നും കനയ്യ പറഞ്ഞു.

200 ഓളം വരുന്ന അഭിഭാഷക സംഘം അവനെ വെടി വയ്ക്കൂ, തൂക്കിലിടൂവെന്ന് ആക്രോശിച്ചു കൊണ്ടു കനയ്യയെ ആക്രമിക്കുകായിരുന്നു. അക്രമികള്‍ കനയ്യയെ ആക്രമിക്കുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചില്ല. എന്നാല്‍ കനയ്യയ്ക്കുനേരെ ആക്രമണം ഉണ്ടായില്ലെന്ന് ദല്‍ഹി പൊലീസ് തലവന്‍ ബസ്സി അവകാശപ്പെട്ടു.തിക്കിലും തിരക്കിലുംപ്പെട്ട് കനയ്യയുടെ ഒരു ചെരിപ്പ് നഷ്ടമായി. അടുത്ത തവണ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മറ്റു തന്ത്രങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കും, ബസി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഡല്‍ഹി പൊലീസ് തലവന്‍ ബസ്സിയെ നേരിട്ട് ഫോണില്‍ വിളിച്ച് ക്രമസമാധാനം ഉറപ്പു വരുത്താന്‍ ആവശ്യപ്പെട്ടു. പട്യാല ഹൗസ് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതി പരിസരം ഒഴിപ്പാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും അക്രമങ്ങള്‍ അരങ്ങേറി. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും കോടതി പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രമുഖ അഭിഭാഷകരുടെ ആറംഗ സംഘത്തെ സ്ഥലത്തേക്ക് അയച്ചു.കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് അഭിഭാഷക സംഘം പട്യാല കോടതി പരിസരം പൊലീസ് സുരക്ഷയില്‍ വസ്തുതാ വിവരാന്വേഷണത്തിനായി സന്ദര്‍ശിക്കുന്നത്. ദുഷ്യന്ത് ദാവെ, രാജീവ് ധവാന്‍, ഹരിന്‍ റാവല്‍, അജിത് സിന്‍ഹ, എഡിഎന്‍ റാവു എന്നിവരാണ് സംഘത്തിലുള്ളത്. കനയ്യയുടെ ജീവന്‍ ആപകടത്തിലാണെന്ന് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. തങ്ങളുടെ ജീവനും അപകടത്തില്‍ ആകുമായിരുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ട് നാളെ രണ്ട് മണിക്ക് ഹാജരാക്കാന്‍ ദല്‍ഹി ഹൈക്കോടതിയോടും അഭിഭാഷക കമ്മീഷനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതില്‍ വന്ന പരാജയത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ബസ്സിയോട് ആവശ്യപ്പെട്ടു. പൊലീസിന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹാജരാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാളെ സുപ്രീംകോടതി പട്യാല ഹൗസ് കോടതി അക്രമങ്ങള്‍ വീണ്ടും പരിഗണിക്കും. അതേസമയം ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ബസ്സിയുമായി സംസാരിച്ചു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിക്കോ എബിവിപിക്കോ എതിരായി ആര് സംസാരിച്ചാലും അവരെ ആക്രമിക്കുകയും അവര്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്യുന്നുവെന്ന് കപില്‍ സിബല്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച കമ്മീഷനെ പട്യാല കോടതിക്ക് മുന്നിലെ അഭിഭാഷകരുടേയും ബിജെപി, ആര്‍ എസ് എസ്, എബിവിപി പ്രവര്‍ത്തകരുടേയും സംഘം പാകിസ്താന്റെ ഏജന്റുമാര്‍ എന്ന് വിളിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അവര്‍ ഗുണ്ടകളാണെന്നും അഭിഭാഷകര്‍ ഇപ്രകാരം പെരുമാറില്ലെന്നും പ്രമുഖ അഭിഭാഷകനായ സോളി സൊറാബ്ജി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിംഗിനും മര്‍ദ്ദനമേറ്റു.ഫസ്റ്റ്‌പോസ്റ്റ്.കോമിന്റെ റിപ്പോര്‍ട്ടര്‍ താരിഖ് അന്‍വറിന് അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റു.

രണ്ട് മണിക്ക് കനയ്യയെ കോടതിയില്‍ കൊണ്ടു വരുന്നതിന് മുമ്പ് അഭിഭാഷകര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. ചിലര്‍ ഭാരത് മാതാ കീ ജെയ് എന്ന് വിളിക്കുന്നുണ്ടായിരുന്നു.മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറുണ്ടായി.

അഭിഭാഷകരുടെ ആക്രമണത്തിന് നേതൃത്വം നല്‍കിയ വിക്രം ചൗഹാനേയും ബിജെപി എം എല്‍ എ ഒപി ശര്‍മ്മയേയും ഡല്‍ഹി പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് ബസ്സി അറിയിച്ചു.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബസ്സി പ്രവര്‍ത്തിക്കുന്നതെന്നും ബസ്സിയെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. രണ്ട് തവണ ആക്രമണം ഉണ്ടാകാന്‍ അയാള്‍ അനുവദിച്ചു. പദവിയില്‍ അയാളെ തുടരാന്‍ അനുവദിക്കണമോയെന്ന് വൃന്ദ ചോദിച്ചു.

സിപിഐഎമ്മിന്റെ ഹരിയാനയിലെ ഓഫീസിനു നേര്‍ക്ക് വി എച്ച് പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കല്ലേറില്‍ ജനലുകളുടെ ഗ്ലാസ് തകര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍