UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ് സിപിഎം ധാരണ; സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടി

സിപിഐ അംഗവും പി സി ജോര്‍ജ്ജ് പിന്തുണയ്ക്കുന്ന അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ സിപിഎം കേരള കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ പ്രാദേശികമായ ധാരണ മാത്രമാണ് അതെന്നാണ് സിപിഎമ്മും കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ അതെല്ലാം വെറുംവാക്കുകളായിരുന്നെന്ന് ഇന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും വ്യക്തമായി.

സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സമാനമായി സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും ആറ് വീതം അംഗങ്ങള്‍ പുളത്തുങ്കലിനെ പിന്തുണച്ചു. സിപിഐ അംഗവും പി സി ജോര്‍ജ്ജ് പിന്തുണയ്ക്കുന്ന അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പുണ്ടായത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുകാലത്തെ ധാരണ പ്രകാരം നിലവില്‍ ഒഴിവു വന്ന സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ജില്ലാ പഞ്ചായത്ത് പ്രസിന്റ് തെരഞ്ഞെടുപ്പില്‍ ധാരണകള്‍ ലംഘിച്ച കേരള കോണ്‍ഗ്രസിനെ പ്ിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം ഇക്കുറിയും സിപിഎം പിന്തുണ ഉറപ്പാക്കി മത്സരത്തെ നേരിട്ടതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. ആകെ ഇരുപത്തി രണ്ട് അംഗങ്ങളുള്ള ജില്ലാ പഞ്ചായത്ത് കൗണ്‍സിലില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിനും സിപിഎമ്മിനും ആറ് വീതവും അംഗങ്ങളാണുള്ളത്. പിസി ജോര്‍ജ്ജ്, സിപിഐ എന്നിവര്‍ക്ക് ഓരോ അംഗങ്ങളും. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ സെബാസ്റ്റിയന്‍ പുളത്തുങ്കല്‍ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍