UPDATES

ട്രെന്‍ഡിങ്ങ്

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ വിലക്ക്: പെണ്ണിന്റെ കായികക്ഷമതയെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് കമ്യൂണിസ്റ്റ് സമര ചരിത്രമെങ്കിലും പറഞ്ഞുകൊടുക്കാന്‍ മന്ത്രിക്ക് അറിയുമോ?

ലിംഗ നീതി നിയമം(Gender Justice Atc) നടപ്പിലാക്കിയ ഒരു സംസ്ഥാനമാണ് ബ്രഹ്മചാരികളുടെ സാന്നിധ്യവും അസാന്നിധ്യവും കണക്കിലെടുത്ത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിശ്ചയിക്കുന്നത്

Avatar

ഭാമിനി

സപ്തര്‍ഷികളില്‍ പ്രധാനിയായ അഗസ്ത്യ മുനി ഒരിക്കല്‍ വനത്തിലൂടെ നടക്കുകയായിരുന്നു, അപ്പോഴാണ് മരക്കൊമ്പുകളില്‍ തന്റെ പൂര്‍വ്വികര്‍ തല കീഴായി തൂങ്ങി കിടക്കുന്ന കാഴ്ച അദ്ദേഹം കാണുന്നത്. അഗസ്ത്യനു പുത്രന്മാര്‍ ഇല്ലത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ അവസ്ഥ വന്നത് എന്നായിരുന്നു പൂര്‍വ്വികരുടെ പരാതി. പൂര്‍വികര്‍ക്ക് മോക്ഷം കൊടുക്കണം എന്ന തീരുമാനത്തില്‍ അഗസ്ത്യന്‍ തന്റെ തപശക്തി കൊണ്ട് ഒരു പെണ്‍കുഞ്ഞിനെ സൃഷ്ടിച്ചു; ലോപമുദ്ര. ആ പെണ്‍കുട്ടിയെ വിദര്‍ഭ രാജാവിനു വളര്‍ത്തുമകളായി നല്‍കുകയും ചെയ്തു. വിവാഹ പ്രായമെത്തിയപ്പോള്‍ അഗസ്ത്യന്‍ ലോപമുദ്രയെ വിവാഹം ചെയ്തുവെന്നും അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിച്ചുവെന്നും ലോപമുദ്ര പിന്നീട് കാവേരി നദിയായി മാറി എന്നുമൊക്കെ ഐതിഹ്യം പറയുന്നു.

എന്നാല്‍ കേരള സംസ്ഥാന വനം വകുപ്പിന്റെ നിഗമനം അനുസരിച്ച് അഗസ്ത്യന്‍ സ്ത്രീകള്‍ വനയാത്ര നടത്തുന്നതോ മല കയറുന്നതോ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്! അതുകൊണ്ട് തന്നെ ഈ വര്‍ഷവും ജനുവരി- ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അഗസ്ത്യാര്‍ കൂടം ട്രെക്കിങ്ങിലേക്ക് സ്ത്രീകള്‍ വരേണ്ട എന്നു വനം വകുപ്പ് ഉത്തരവിറക്കി. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരു പറഞ്ഞ് സ്ത്രീകള അകറ്റി നിര്‍ത്തുന്ന സെമറ്റിക് മതങ്ങളുടെ വക്താക്കളായി ഒരു ജനകീയ ഗവണ്‍മെന്റിന്റെ വിഭാഗം മാറുന്നതിനെ ആശങ്കയോടെ മാത്രമെ നോക്കി കാണാന്‍ കഴിയു .

ശബരിമല സ്ത്രീ പ്രവേശനം പോലെയുള്ള വിഷയങ്ങളില്‍ കാലോചിതമായ പരിഷ്‌കൃതമായ സമവായങ്ങളെക്കുറിച്ച് ചിന്തകള്‍ ഉയര്‍ന്നു വരുന്ന ഈ കാലത്ത് വീണ്ടും പുതിയ വിലക്കുകള്‍ സ്ത്രീകള്‍ക്കു മുന്നില്‍ നിരത്തുന്നതു മത പ്രീണനത്തിനെതിരേ നിലകൊള്ളുന്നു എന്നു പ്രസ്താവിച്ചിട്ടുള്ള ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണകാലത്താണ്.

കഴിഞ്ഞ വര്‍ഷവും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്നത്തെ വകുപ്പ് മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ ഇടപെട്ടിട്ടു പോലും വിവാദമായ ഉത്തരവ് പിന്‍വലിക്കാന്‍ വനം വകുപ്പ് തയ്യാറായില്ല. അഗസ്ത്യമുനിയുടെ പ്രതിഷ്ഠയും ബ്രഹ്മചര്യവുമൊക്കെ അനൗദ്യോഗിക ന്യായീകരണങ്ങള്‍ ആയപ്പോള്‍ ഔദ്യോഗികമായി വന്ന വിശദീകരണം കായിക അധ്വാനം ആവശ്യമാണെന്നും സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് വിലക്ക് എന്നും ആയിരുന്നു.

വീടിനു പുറത്തിറങ്ങുന്ന സ്ത്രീ എന്നും സമൂഹത്തിന്റെ ഉത്തമ സ്ത്രീ സങ്കല്‍പ്പത്തിന് എതിരാണ്. സ്വതന്ത്രയായി പുറത്തു പോവുന്ന സ്ത്രീയ്ക്ക് അവളുടെ ധിക്കാരത്തിനു ലഭിച്ച മറുപടിയായി ഡല്‍ഹിയിലെ നിര്‍ഭയയുടെയും ഷൊര്‍ണൂരിലെ സൗമ്യയുടെയും ദാരുണ അന്ത്യങ്ങളെ വിലയിരുത്തിയ സമൂഹം അഗസ്ത്യാര്‍ കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കണ്ട എന്നേ പറയൂ.

ഇത്തരം ചിന്തകളെ അരക്കിട്ടുറപ്പിക്കാനും അടിച്ചേലപ്പിക്കാനും ഏറ്റവും നല്ല വഴി അതിനെ മതാചാരങ്ങളുമായി ബന്ധിപ്പിക്കുകയാണ്. ആചാരത്തിന്റെ ദണ്ഡ പ്രഹരങ്ങളെ ചോദ്യം ചെയ്യരുതെന്ന പൊതുബോധം തീഷ്ണമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ മതത്തോളം നല്ല ഒരു മാരകായുധം മറ്റെന്തുണ്ട്.

എല്ലാ മതങ്ങളില്‍ പെട്ട സ്ത്രീകളുടേയും പുറം സഞ്ചാരങ്ങളെ ഭയപ്പെടുത്തുന്ന നീക്കങ്ങള്‍ കാണിക്കുന്നത് ജാതി-മതം എന്നിവ സമൂഹത്തിന്റെ നിയന്ത്രണം പുരുഷന്‍ തന്റെ ആധിപത്യത്തിനു കീഴില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നൂ എന്നാണ്. ശബരിമലയിലും ഹാജി അലി ദര്‍ഗയിലും അഗസ്ത്യാര്‍ കൂടത്തിലുമൊക്കെ പെണ്ണിന് അരുതുകള്‍ കല്‍പ്പിക്കപ്പെടുന്നത് അതുകൊണ്ടാണ്.

ലിംഗനിര്‍മിതമായ അരുതുകളെ ഭേദിച്ച് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ അപമാനിക്കപ്പെടുകയും മോശപ്പെട്ടവള്‍ എന്നു മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. മാറുമറച്ച് പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് മാറുമറച്ച് പുറത്തിറങ്ങി നടന്ന കീഴാള സ്ത്രീകളെ പിടിച്ചു നിര്‍ത്തി വസ്ത്രമഴിച്ചെടുക്കുകയും മുലയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ് ഇന്നും പല ‘രുപത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്നു ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന തൃപ്തി ദേശായിയെ നേരിടാന്‍ സായുധ സേനയെ സജ്ജമാക്കുന്നവര്‍ പെണ്ണിനെ അടക്കി നിര്‍ത്തുന്ന അധീശ പുരുഷത്വത്തിന്റെ വക്താക്കള്‍ തന്നെയാണ്. മേല്‍മുണ്ടു സമരം പോലും സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള സ്ത്രീ സമരങ്ങളുടെ ഒരു വലിയതലം ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നു. തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കാന്‍ മാത്രമല്ല പൊതുവഴിയില്‍ ആ വിധം ഇറങ്ങി നടക്കാനുമാണ് സ്ത്രീകള്‍ ആഗ്രഹിച്ചത്. പുറം ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ അടക്കി നിര്‍ത്താന്‍ എല്ലാക്കാലത്തും ഏറ്റവും വലിയ ആയുധമായി ഉപയോഗിക്കുന്നത് ലൈംഗികാക്രമണ ഭീഷണിയാണ്.

നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്നവകാശപ്പെടാവുന്ന മാറ്റങ്ങള്‍ കേരള സമൂഹത്തില്‍ കൊണ്ടുവന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. രൂപം കൊണ്ട കാലം മുതല്‍ സജീവ സ്ത്രീ പ്രവര്‍ത്തനം ഉണ്ടായിരുന്ന ഒരു പാര്‍ട്ടി. കയ്യൂര്‍ തുടങ്ങിയ സായുധ സമരങ്ങളില്‍ പോലും സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നിട്ടും കായിക അധ്വാനം എന്നത് സ്ത്രീകള്‍ക്ക് സാധ്യമല്ല എന്ന നിലപാട് ഏത് പുരോഗമന ചിന്തയില്‍ നിന്നും ഉത്ഭവിച്ചു എന്ന് വ്യക്തമാവുന്നില്ല.

അഗസ്ത്യാര്‍കൂടത്തിലും സ്ത്രീകള്‍ക്ക് വിലക്ക്; മന്ത്രി വിഷയം കേട്ടിട്ടു പോലുമില്ല; വിശ്വാസപ്രശ്നമെന്ന് സെക്രട്ടറി

സ്ത്രീകള്‍ ട്രക്കിംഗിനു പോയാല്‍, ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ദുരന്തങ്ങള്‍ ഉണ്ടാവുമെന്നും ആ ദുരന്തത്തിന് ഉത്തരവാദി സ്ത്രീ തന്നെ ആയിരിക്കും എന്ന പൊതുബോധം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്വകാര്യ മണ്ഡലത്തില്‍ നിന്നും പൊതു മണ്ഡലത്തിലേയ്ക്കുള്ള സ്ത്രീയുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയാണ്. യാത്രകളില്‍ നിന്ന് ലഭിക്കുന്ന അറിവും ഉള്‍ക്കാഴ്ചയും മനുഷ്യന്റെ മാനസിക ബൗദ്ധിക വികാസത്തിന് ഏറെ സംഭാവനകള്‍ നല്‍കുന്നവയാണ്. വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍, ഭാഷകള്‍, ജീവിതങ്ങള്‍ എന്നിവയൊക്കെ സ്വതന്ത്രമായ യാത്രകളിലൂടെ അറിയാനുള്ള അവകാശം പുരുഷനെപ്പോലെ സ്ത്രീക്കും ഉണ്ട്. സ്ത്രീകള്‍ക്ക് അതൊക്കെ നിഷേധിക്കുന്നത് വഴി അവളെ പരിമിതികള്‍ക്കുള്ളില്‍ തന്നെ എന്നും നിലനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. പുരുഷന്‍ ഓരോ യാത്രകളിലൂടെയും ഉണ്ടാക്കിയ അറിവും വിവരവും അധികാരവും പുരുഷന്‍ എന്ന ലിംഗ പദവി കൊണ്ട് അനുഭവിക്കുന്ന സാഹസികതയിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും നേടിയതാണ്. വിലക്കുകളെ നേരിട്ടു കൊണ്ട് സ്ത്രീകളും അത് ആര്‍ജ്ജിച്ചെടുക്കാന്‍ നോക്കുമ്പോഴാണ് സ്ത്രീകളുടെ സഞ്ചാരവഴികളെ തടസ്സപ്പെടുത്താന്‍ മതത്തിന്റെയും ആചാരങ്ങളുടെയും കൂട്ടുപിടിച്ചും അല്ലാതെയും ചിലരിറങ്ങുന്നതും ഭരണകൂടം അതിന് ഒത്താശ ചെയ്യുന്നതും.

8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി സ്ത്രീകള്‍ ചവിട്ടി തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിമ്പോഴാണ് വെറും 1836 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍ കൂടം സ്ത്രീകള്‍ക്ക് അപ്രാപ്യമാണെന്ന നിലപാടുമായി കേരള വനം വകുപ്പ് നില കൊള്ളുന്നത്. ഇനി അഗസ്ത്യ മുനിയുടെ ബ്രഹ്മചര്യം (വിവാഹം കഴിച്ചു എന്ന് ഐതിഹ്യം പറയുന്ന ഒരാളുടെ ) ആണ് യഥാര്‍ത്ഥ പ്രശ്‌നമെങ്കില്‍ കാലക്രമേണ ബ്രഹ്മചാരികള്‍ ഉള്ള മലകളില്‍ മാത്രമല്ല അവര്‍ വാഴുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുമോ സമൂഹം? ലിംഗ നീതി നിയമം (Gender Justice Atc) നടപ്പിലാക്കിയ ഒരു സംസ്ഥാനമാണ് ബ്രഹ്മചാരികളുടെ സാന്നിധ്യവും അസാന്നിധ്യവും കണക്കിലെടുത്ത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിശ്ചയിക്കുന്നതെന്നുകൂടി ഓര്‍ക്കണം!

രാമ, രഘുരാമ, നാം ഇനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ കരേറാം
നാരായബിന്ദുവിലഗസ്തൃനെ കാണാം…

അവസാന കാലത്ത് അഗസ്ത്യനെ ദര്‍ശിക്കാന്‍ പോവുന്ന രാമ ലക്ഷ്മണന്‍ മാരെക്കുറിച്ചുള്ള കവി സങ്കല്‍പ്പം ഇങ്ങനെയാണ്. ready to wait for അയ്യപ്പന്‍ എന്നതിനൊപ്പം ready to wait for അഗസ്ത്യന്‍ എന്നുകൂടി ചേര്‍ക്കാം കേരളത്തിലെ സ്ത്രീകള്‍ക്ക്.

(തൃശൂര്‍ സ്വദേശിയായ ലേഖിക ഭാമിനി എന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഭാമിനി

തൃശൂര്‍ സ്വദേശിയായ ലേഖിക ഭാമിനി എന്ന പേരില്‍ എഴുതുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍