UPDATES

സ്ത്രീകളെ വിലക്കി അഗസ്ത്യാര്‍കൂടത്തെ അടുത്ത ശബരിമലയാക്കാനുള്ള ഗൂഢനീക്കത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നോ?

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ സ്ത്രീകളെ വിലക്കിയിട്ടില്ലെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വനം മന്ത്രി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ സ്ത്രീകളെ വിലക്കിയിട്ടില്ലെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് സംസ്ഥാന വനം മന്ത്രിയുടെ പ്രസ്താവന. അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ സമയം കഴിയുമ്പോള്‍ കാലാകാലങ്ങളായി വനംമന്ത്രിമാര്‍ പറയുന്ന അതേ പല്ലവി തന്നെ ഇത്തവണയും മുറതെറ്റിക്കാതെ വനം വകുപ്പ് മന്ത്രി കെ രാജുവും ഉരുവിട്ടു. കൂട്ടത്തില്‍ ചില ബുദ്ധിമുട്ടുകള്‍ തെളിച്ചു പറയുകയും ചെയ്തു. ‘അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കില്‍ മൂന്നു പകലും രണ്ടു രാത്രിയും വേണം. നിബിഡ വനത്തിലൂടെ വനിതകള്‍ കൂടി യാത്ര ചെയ്യുമ്പോള്‍ നിരവധി മുന്‍കരുതലുകള്‍ സ്വീകരിക്കണം. ശൗചാലയങ്ങളും വിശ്രമമുറികളും അത്യന്താപേക്ഷിതമാണ്.’ ഇങ്ങനെ പോകുന്നു മന്ത്രിയുടെ പ്രസ്താവനകള്‍. എന്നാല്‍ സ്ത്രീകളെ വിലക്കിയിട്ടില്ലെന്നു പറഞ്ഞത് മന്ത്രിയുടെ പ്രസ്താവനയായിട്ട് തന്നെ ഇരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല എന്ന ഉത്തരവ് വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴുമുണ്ട്.

ഇത്തവണയും സ്ത്രീകളെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് അനുവദിക്കില്ലെന്ന് വനംവകുപ്പിന്റെ നിലപാട് വിവാദമായതിനെതുടര്‍ന്നാണ് പ്രസ്താവനയുമായി മന്ത്രി എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് ഇപ്പോള്‍ പറഞ്ഞത് കൊണ്ട് യാതൊരു മാറ്റവും ഉണ്ടാകുവാന്‍ പോകുന്നില്ല. പ്രവേശന രജിസ്‌ട്രേഷന്‍ കഴിഞ്ഞതുകൊണ്ടും പ്രവേശനത്തിനുള്ള എണ്ണം തികഞ്ഞതുകൊണ്ടും പുതിയ പ്രസ്താവന മന്ത്രിക്ക് പുറപ്പെടുവിക്കാം എന്നല്ലാതെ സ്ത്രീകള്‍ക്ക് ഇത്തവണയും അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ കഴിയില്ല. മറിച്ച് ഈ പ്രസ്താവന സര്‍ക്കാര്‍ ഉത്തരവാക്കി ഇറക്കുകയാണെങ്കില്‍ അടുത്തവര്‍ഷം മുതലെങ്കിലും സ്ത്രീകള്‍ക്കും ട്രക്കിംഗിന് പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ പ്രസ്താവന നടത്തുകയല്ലാതെ ഇത് ഉത്തരവാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷവും അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് പ്രസ്താവിച്ചിരുന്നു (അതും രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞും പ്രവേശനത്തിനുള്ള എണ്ണം തികയുകയും ചെയ്തതിന് ശേഷം). പ്രസ്താവന മാത്രമായതുകൊണ്ട് വനം വകുപ്പ് ഇത്തവണയും പതിവുപോലെ സ്ത്രീപ്രവേശനം വിലക്കി ഉത്തരവിടുകയും ചെയ്തു.

പ്രവേശനം പൂര്‍ത്തിയായി എന്ന വനം വകുപ്പിന്റെ വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ലിങ്കും- https://goo.gl/m4PO5N

എല്ലാ വര്‍ഷവും വനം വകുപ്പ് നടത്താറുള്ള ട്രക്കിംഗില്‍ സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് ഔദ്യോഗിക ഉത്തരവ്. ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം. ഇതിന്റെ ബുക്കിംഗ് ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയോടു കൂടി അവസാനിക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രെക്കിംഗിന് അനുവദിക്കുക. 42 ദിവസത്തേക്കുള്ള ട്രക്കിംഗിന് അനുവദനീയമായ 4200 ആളുകള്‍ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇത്തവണത്തെ പ്രവേശനത്തിനുള്ള ആളുകളുടെ എണ്ണം തികഞ്ഞതിനാല്‍ പ്രവേശനം പൂര്‍ത്തിയായി എന്ന് വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ട്. കൂടാതെ അതില്‍ കാണിച്ചിരിക്കുന്നത്- രജിസ്‌ട്രേഷന്‍ നടത്തി പ്രവേശന പാസ് കിട്ടിയവരുടെ പാസ് പിന്‍വലിക്കാനോ മാറ്റാനോ സാധിക്കില്ല എന്നും സ്പടമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് ക്യാന്‍സല്‍ ആയാലും ആ ഒഴിവിലേക്കും ആരെയും പരിഗണിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചാലും ഇത്തവണ പോകുവാന്‍ സാധിക്കാത്തതിന് കാരണമിതാണ്.

സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന വനം വകുപ്പിന്റെ വെബ്‌സൈറ്റ് ലിങ്ക്–  https://goo.gl/q6DuYa

വനംവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ലിങ്ക് https://goo.gl/ssSzWG

എല്ലാവര്‍ഷവും ഇതേ നയം തന്നെയാണ് വനംവകുപ്പ് നടത്താറുള്ളത്. സമയം കഴിഞ്ഞിട്ട് സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും പ്രവേശിക്കാമെന്നും വാക്കാല്‍ പറയും. പക്ഷെ ടിക്കറ്റും പാസും ഇല്ലാതെ എങ്ങനെ പ്രവേശിക്കും അങ്ങോട്ട്? ജനുവരി ആറിന് ഈ വിഷയം സംബന്ധിച്ച് വകുപ്പ് മന്ത്രിയും സിപിഐ പ്രതിനിധിയുമായ കെ രാജുവുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ഇങ്ങനെ ഒരു പ്രശ്‌നം ഉള്ളതായി പോലും അറിയില്ലെന്ന തരത്തിലായിരുന്നു. പകരം സംസാരിച്ച അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ഒരു പടി കൂടി കടന്ന് ശബരിമലയിലെ പോലെ വിശ്വാസത്തിന്റെ പ്രശ്‌നവും കൂടി ഉള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്ക് എന്നും അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തെ (ട്രക്കിംഗിന്) ശബരിമല തീര്‍ത്ഥാടനത്തോട് ഉപമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട് എന്ന് സംശയിക്കേണ്ടിരിക്കുന്നു.

സത്യത്തില്‍ ഈ പ്രവണത കുറച്ച് മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിശ്വഹിന്ദ് പരിക്ഷത്തിന്റെ ചുമതലയുണ്ടായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അഗസ്ത്യാര്‍ മലയ്ക്ക് മുകളില്‍ അഗസ്ത്യമുനിയുടെ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചത്. അതിനു ശേഷം വര്‍ഷാവര്‍ഷം ചിലയാളുകള്‍ ഒരു തീര്‍ത്ഥാടനം പോലെ മലമുകളിലേക്ക് കയറുന്നുണ്ട്. ഇതിന് മുമ്പും ആളുകള്‍ വിശ്വാസ രീതിയിലും അല്ലാതെയും മല കയറിയിരുന്നു. യഥാര്‍ത്ഥില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തിയ സ്ഥലത്ത് മുമ്പ് ആദിവാസികളുടെ ചില ചടങ്ങുകള്‍ നടന്നിരുന്നു (ഈ ചടങ്ങുകളില്‍ ആദിവാസി സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്). ശബരിമല മണ്ഡലകാലം കഴിഞ്ഞ് ശിവരാത്രിവരെയുള്ള (ഏകദേശം മകരം ഒന്ന് മുതല്‍ കുംഭം 12 വരെ) ഇടയ്ക്കുള്ള ദിവസങ്ങളായിരുന്നു ഈ ആദിവാസികള്‍ക്ക് പ്രധാന്യം. ഇപ്പോള്‍ ഇവരുടെ ചടങ്ങുകള്‍ പേരിന് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം മുമ്പ് പറഞ്ഞ തീര്‍ത്ഥാടകാരുടെ പുതിയ ചടങ്ങുകളും കാര്യങ്ങളും പ്രബലമാവുകയുമാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അഗസ്ത്യാര്‍കൂടത്തെ ശബരിമല പോലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുവാനുള്ള ശ്രമമാണെന്ന് വേണം കരുതാന്‍.

അല്ലെങ്കില്‍ മുമ്പ് സ്ത്രീകള്‍ (ആദിവാസി സ്ത്രീകള്‍) പ്രവേശിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോള്‍ സ്ത്രീ വിലക്ക് കൊണ്ടുവരുന്നത് എന്തിന്? അഗസ്ത്യാര്‍കൂടത്തെ ഇപ്പോള്‍ ഒരു തീര്‍ത്ഥാടന സ്ഥലമാക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ചിലര്‍ക്ക് അനുകൂലമായിട്ടുള്ള നടപടികള്‍ എടുത്ത് വനംവകുപ്പും അധികൃതരും സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണോ? സംശയിക്കാന്‍ കാരണം ഇവരുടെ പ്രവ്യത്തികള്‍ തന്നെയാണ്. ഉദാഹരണത്തിന് മുമ്പ് (ജനുവരി-6) എന്താണ് സ്ത്രീകളെ വിലക്കുന്ന ഉത്തരവിന് പിന്നിലെന്നതിന് വനംവകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അഴിമുഖത്തോട് പറഞ്ഞത്- “വനത്തിനുള്ളില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാലും മുനി ബ്രഹ്മചാരിയായതിനാലുമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തത്. ശബരിമലയിലെപ്പോലെ ഒരു വിശ്വാസം കൊണ്ടുള്ള നിയന്ത്രണമാണ് ഇവിടെയും.” എന്നാണ്. ഈ ഉത്തരം മുമ്പ് പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്നതല്ലേ?

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് പ്രസ്താവിച്ച മന്ത്രി കെ രാജുവിനോട് പ്രസ്താവന ഉത്തരവാക്കിയോ എന്നറിയാന്‍ അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടിക്കായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെയാണ് (എപിഎസ്) ഏല്‍പ്പിച്ചത്. എപിഎസ് നല്‍കിയ മറുപടി മന്ത്രിയുടെ പ്രസ്താവന ഉത്തരവാക്കിയിട്ടില്ലെന്നും അതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. മറ്റ് കാര്യങ്ങള്‍ വിശദീകരിക്കാതെ എപിഎസ് ഒഴിവാക്കുകയും ചെയ്തു. അപ്പോള്‍ അഗസ്ത്യാര്‍കൂട വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയതായിരുന്നോ മന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന. അതോ അഗസ്ത്യാര്‍കൂട വിഷയത്തില്‍ ഗൂഢ താല്‍പര്യമുള്ളവര്‍ക്കായി അനുകൂല നിലപാട് എടുത്തതോ?

‘പ്രായോഗിക ബുദ്ധിമുട്ടുകള്‍’ പ്രസ്താവിച്ച മന്ത്രി ചില പേരുകള്‍ കൂടി അറിയുന്നത് നന്നായിരിക്കും. ശൂന്യാകാശത്ത് എത്തിയ കല്‍പന ചൗളയെയും എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി ബാലുമൊക്കെ മുമ്പ് പറഞ്ഞ ‘പ്രയോഗിക ബുദ്ധിമുട്ടുകള്‍’ മറികടന്ന് എത്തിയവരാണെന്ന് മറക്കരുത്. 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി സ്ത്രീകള്‍ ചവിട്ടി തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വെറും 1836 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം സ്ത്രീകള്‍ക്ക് അപ്രാപ്യമാണെന്ന പിന്തിരിപ്പന്‍ നിലപാടുമായി കേരള വനം വകുപ്പ് (സര്‍ക്കാരും) നില കൊള്ളുന്നത്.

സ്ത്രീകള്‍ക്ക് വിലക്ക്; മന്ത്രി വിഷയം കേട്ടിട്ടു പോലുമില്ല; വിശ്വാസപ്രശ്നമെന്ന് സെക്രട്ടറി

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ വിലക്ക്: പെണ്ണിന്റെ കായികക്ഷമതയെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് കമ്യൂണിസ്റ്റ് സമര ചരിത്രമെങ്കിലും പറഞ്ഞുകൊടുക്കാന്‍ മന്ത്രിക്ക് അറിയുമോ?

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍