UPDATES

ട്രെന്‍ഡിങ്ങ്

അഗസ്ത്യാര്‍കൂട പ്രവേശനം അവസാനിച്ചു: ഇത്തവണയും എല്ലാവരും ചേർന്ന് സ്ത്രീകളെ വിദഗ്ദ്ധമായി മാറ്റി നിർത്തി

ഇന്ന് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീ സംഘത്തിന് ഉറപ്പ് നല്‍കുകയും എന്നാല്‍ രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ ഇവരോട് അവിടെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്

ഇത്തവണത്തെ അഗസ്ത്യാര്‍കൂട പ്രവേശനവും അവസാനിച്ചു. കൂട്ടത്തില്‍ കേരള സര്‍ക്കാര്‍ കാല്‍ നൂറ്റാണ്ടായി നടത്തിപോരുന്ന സ്ത്രീകളെയും അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കാമെന്ന പ്രഖ്യാപനം ആവർത്തിക്കുകയും എന്നാൽ വിദഗ്ദ്ധമായി ഇത് നടപ്പാക്കാതിരിക്കുകയും ചെയ്തു.

ഈ സീസണിലും അഗസ്ത്യാര്‍കൂടത്തിലേക്കുള്ള വനംവകുപ്പിന്റെ പ്രവേശന രജിസ്‌ട്രേഷന്‍ അറിയിപ്പ് എത്തിയത് പതിവുപോലെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നറിയിച്ചുകൊണ്ടാണ്. തുടര്‍ന്ന് സ്ത്രീകളെ അഗസ്ത്യാര്‍ മലയില്‍ പ്രവേശിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സമരങ്ങളും പ്രതിഷേധങ്ങളും സജീവവുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് അഗസ്ത്യാര്‍ കൂടത്തില്‍ സ്ത്രീകളെ തടയുന്നത് എന്നാണ് ഇതിന് വനം മന്ത്രി നല്കിയ വിശദീകരണം. ഇതിനെതിരെ വനിതകള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പത്തുപേരടങ്ങുന്ന ഒരു സംഘത്തെ ഇന്നലെ (25-02-2017) അഗസ്ത്യാര്‍ കൂടത്തിലേക്ക് കൊണ്ടുപോകാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ ഇവരോട് അവിടെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചു. കാരണം ആദിവാസി ഗോത്രമഹാ സഭ നല്‍കിയ ഹര്‍ജിയില്‍ സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.


സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ആദിവാസി ഗോത്രമഹാ സഭ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ മലയിലേക്ക് പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ സ്ത്രീകളോട് അതിന് കഴിയില്ല എന്ന് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ ഒരു തീര്‍പ്പുണ്ടാകുന്നതുവരെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ അതിരുമലവരെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഇതിന് ഒരുക്കമല്ലെന്നാണ് ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സ്ത്രീകളുടെ കൂട്ടായ്മ പറയുന്നത്.

ഈ കബളിപ്പിക്കലിനെതിരെയും അഗസ്ത്യാര്‍കൂടത്തിലേക്ക് കയറാന്‍ അനുവാദം വേണമെന്ന ആവശ്യപ്പെട്ട് സമരം നടത്തിയ സ്ത്രീകള്‍ ദിവ്യ ദിവാകരന്റെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തി. ദിവ്യ ദിവാകരന്‍ പറയുന്നത്- ‘ഞങ്ങള്‍ സമരം ചെയ്തിട്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ച പ്രഹസനമായിരുന്നു എന്നു മനസ്സിലായി. 1990 മുതല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറയുന്നത് സുരക്ഷാകാരണങ്ങള്‍ കൊണ്ടാണ് സ്ത്രീകളെ അഗസ്ത്യാര്‍ കൂടത്തില്‍ പ്രവേശിപ്പിക്കാത്തത് എന്നാണ്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പറയുന്നത് അതേ സുരക്ഷാകാരണങ്ങള്‍ തന്നെയാണ്. അത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. സര്‍ക്കാരും ആദിവാസി ഗോത്ര മഹാസഭയും ഒത്തു കളിക്കുകയാണ്’. സര്‍ക്കാര്‍ അനുവദിച്ച അതിരുമലവരെ പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും തങ്ങള്‍ക്ക് അഗസ്ത്യാര്‍ മല ചവിട്ടാനുള്ള അവകാശത്തിന് വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ദിവ്യ വ്യക്തമാക്കി.

അഗസ്ത്യാര്‍കൂടം: സ്ത്രീകളെ വിലക്കിയിട്ടില്ല, പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് വനം മന്ത്രി
അഗസ്ത്യാര്‍കൂട പ്രവേശനത്തിന് എത്തിയ സ്ത്രീകളെ കബളിപ്പിച്ച സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് നടിയും ആക്റ്റിവിസ്റ്റുമായ ഹിമാ ശങ്കറും പിന്തുണ നല്‍കി സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയിരുന്നു. നാടിനെക്കാള്‍ കൂടുതല്‍ സുരക്ഷ കാട്ടിലാണെന്നും സര്‍ക്കാരിന്റെ നടപടിയില്‍ നിരാശയുണ്ടെന്നുമായിരുന്നു ഹിമ പ്രതികരിച്ചത്. അഗസ്ത്യാര്‍കൂട പ്രവേശനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ച ദിവസം തന്നെ ഇത് സംബന്ധിച്ച് വനം മന്ത്രി കെ രാജുവുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയിൽ സർക്കാർ ഏതു വഴിക്കാണ് നീങ്ങുന്നതെന്നത് വ്യക്തമായിരുന്നു. ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കില്ല എന്നു തന്നെ സർക്കാരിന്റെ മറുപടികളില്‍ വ്യക്തമായി ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.

സ്ത്രീകളെ വിലക്കി അഗസ്ത്യാര്‍കൂടത്തെ അടുത്ത ശബരിമലയാക്കാനുള്ള ഗൂഢനീക്കത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നോ?

ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയായിരുന്നു ഈ വര്‍ഷത്തെ പൊതുജനങ്ങള്‍ക്കുള്ള ആഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിനുള്ള സമയം. ഇതിന്റെ ബുക്കിംഗ് ജനുവരി അഞ്ചിന് രാവിലെ 11-ന് ആരംഭിച്ച് ഉച്ചയോടു കൂടി അവസാനിക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രെക്കിംഗിന് അനുവദിക്കുക. 42 ദിവസത്തേക്കുള്ള ട്രക്കിംഗിന് അനുവദനീയമായ 4200 ആളുകള്‍ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എല്ലാ വര്‍ഷവും വനം വകുപ്പ് നടത്താറുള്ള ട്രക്കിംഗില്‍ സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് ഔദ്യോഗിക ഉത്തരവ്. ഈ ഉത്തരവ് മുറതെറ്റാതെ വനംവകുപ്പ് ഇത്തവണയും വ്യക്തമാക്കിയിരുന്നു.


ആഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതായിട്ടുള്ള ഒരു പ്രശ്‌നം ഉള്ളതായി പോലും അറിയില്ലെന്ന നിലപാടായിരുന്നു വനം വകുപ്പ് മന്ത്രിയുമായി അഴിമുഖം അന്ന് (ജനുവരി- 6) ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്. പകരം സംസാരിച്ച അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ഒരു പടി കൂടി കടന്ന് ശബരിമലയിലെ പോലെ വിശ്വാസത്തിന്റെ പ്രശ്‌നവും കൂടി ഉള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്ക് എന്നും വ്യക്തമാക്കി. സംഭവം ഒന്നുകൂടി വിവാദമായപ്പോള്‍ മന്ത്രിയുടെ പ്രസ്താവന എത്തി. അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിന് സ്ത്രീകളെ വിലക്കിയിട്ടില്ലെന്നും വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു കെ രാജു പറഞ്ഞത്. അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കില്‍ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂര്‍ണമായും കാല്‍നടയായി യാത്രചെയ്യേണ്ടതും അതിനിടയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

അഗസ്ത്യാര്‍കൂടത്തിലും സ്ത്രീകള്‍ക്ക് വിലക്ക്; മന്ത്രി വിഷയം കേട്ടിട്ടു പോലുമില്ല; വിശ്വാസപ്രശ്നമെന്ന് സെക്രട്ടറി
ശബരിമലയിലെ പോലെ വിശ്വാസത്തിന്റെ പ്രശ്നവും കൂടി ഉള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്ക്, അഗസ്ത്യമുനിയുടെ പ്രതിഷ്ഠ മുകളിലുണ്ട്, അഗസ്ത്യമുനി ബ്രഹ്മചാരിയായിരുന്നു; അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. ഇങ്ങനെ പല കഥകളും സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാത്തരിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിലര്‍ ബോധപൂര്‍വം നടത്തിവരുന്നുണ്ട്. ഇവര്‍ക്ക് കൂട്ടുനില്‍ക്കാന്‍ വനംവകുപ്പും സര്‍ക്കാരും ഒരുപോലെയാണ് മത്സരിക്കുന്നത്. അതിനിടയ്ക്കാണ് സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള കോടതി വിധിയും എത്തിയത്. എന്തായാലും സ്ത്രീകളെ ആഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് പ്രതിഷേധവും സമരവും ഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍ ഇത്തവണയും നല്ല ഭംഗിയായി അവരെ പറ്റിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍