UPDATES

യാത്ര

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

അഗസ്ത്യാര്‍കൂട യാത്ര; ഭാഗം 1

‘രാമാ രഘു രാമ നാമിനിയും നടക്കാം
രാവിനു മുന്നേ കനല്‍ക്കാട് താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ കരേറാം
നാരായ ബിന്ദുവിലഗസ്ത്യനെ കാണാം

ഒരിക്കല്‍ പോയതാണെങ്കിലുംചില സ്ഥലങ്ങള്‍ നമ്മളെ മാടിവിളിച്ചുകൊണ്ടിരിക്കും. പറഞ്ഞു വരുന്നത് അഗസ്ത്യാര്‍കൂടത്തെ പറ്റിയാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചിരുന്നു എന്ന് കരുതുന്ന അഗസ്ത്യാര്‍കൂടം. വനവാസകാലത്ത് സീതയെ അന്വേഷിച്ചു രാമനും ലക്ഷ്മണനും എത്തിയിരുന്നു എന്ന് കരുതുന്ന ഇടം. അതിലുമുപരി പ്രൊഫ:മധുസൂദനന്‍നായരുടെ അഗസ്ത്യഹൃദയം എന്നകവിതയിലുള്ള അഗസ്ത്യാര്‍കൂടം.

പശ്ചിമഘട്ടത്തിലെ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ 1868മീറ്റര്‍ (6129 ഫീറ്റ്) ഉയരമുള്ള ഒരു കൊടുമുടിയാണ് അഗസ്ത്യാര്‍ കൂടം. തിരുവനന്തപുരത്തു നിന്നും 70 കിലോമീറ്റര്‍ മാറി തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണ് ഇതിന്റെ സ്ഥാനം. നെയ്യാര്‍ ഡാമില്‍ നിന്ന് 32 കിലോമീറ്ററും, ബോണക്കാട് നിന്നും 23 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും, തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന അഗസ്ത്യാര്‍കൂടം പര്‍വത നിരകള്‍ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിനു കുടിവെള്ളം കൊടുക്കുന്ന കരമനയാര്‍, തിരുനെല്‍വേലി ജില്ലയിലെ പ്രധാന ജല സ്രോതസ്സായ താമരഭരണി നദി, നെയ്യാര്‍ തുടങ്ങിയവ എല്ലാം അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയാണിവിടം. രണ്ടായിരത്തോളം വരുന്ന അപൂര്‍വ്വ പച്ച മരുന്നുകളുടെ ശേഖരമുണ്ട് ഈ കൊടുമുടിയില്‍. ചെന്തരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്നാട്ടിലെ കളര്‍കാട്, മുണ്ടന്തുറ കടുവ സംരക്ഷണ കേന്ദ്രം എന്നീ നാല് വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമാണ്. ആന, കാട്ടുപോത്ത്, പുലി, കടുവ, കരടി, മ്ലാവ്, മലയണ്ണാന്‍ തുടങ്ങിയവ ഉള്‍പ്പടെ 2254-ല്‍ പരം ജീവി വര്‍ഗങ്ങള്‍ ഇവിടെ കാണപ്പെടുന്നുണ്ട്. അഗസ്ത്യാര്‍കൂടത്തെ കേന്ദ്ര സര്‍ക്കാര്‍ 2001-ല്‍ ആണ് സംരക്ഷിത ജൈവ കേന്ദ്രമായി പ്രഖ്യാപിച്ചത്.

11

ഇതിപ്പോള്‍ ഈ വര്‍ഷം രണ്ടാം തവണയാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്നത്. എല്ലാ വര്‍ഷവും ശബരിമല നട അടച്ചു കഴിഞ്ഞ് ശിവരാത്രി മുതല്‍ അറുപതു ദിവസത്തോളം ദിവസം നൂറു പേര്‍ക്ക് വെച്ച് മല കയറാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കാറുണ്ട്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ മാത്രമേ അങ്ങനെ പോകാന്‍ കഴിയുകയുള്ളൂ. ഈ വര്‍ഷവും പതിവ് പോലെ ഓണ്‍ലൈന്‍ ബുക്കിങ്ങിനു കാത്തിരുന്നു നിരാശനാകാനായിരുന്നു വിധി. തീര്‍ഥാടകരും, വിശ്വാസികളുമടങ്ങിയവരുടെ തള്ളിക്കയറ്റം അവസാനിച്ച് ഇനി അടുത്ത വര്‍ഷം നോക്കാമെന്ന് കാത്തിരിക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി ഒരവസരം ഒത്തുവന്നതും അങ്ങനെ ആദ്യമായി അഗസ്ത്യാര്‍കൂടം കയറിയതും. അന്നെ ഉറപ്പിച്ചതാണ് അടുത്ത സീസണ്‍ മുന്നേ ഒന്നുകൂടി മല കയറണമെന്ന്, 35 കിലോമീറ്ററോളം നടന്നു കാടറിഞ്ഞ്, ആ നിശബ്ദതയില്‍ ശുദ്ധവായു ശ്വസിച്ചു, ഔഷധ സസ്യങ്ങളെ തഴുകി വരുന്ന കാട്ടുചോലകളില്‍ നിന്ന് കുളിച്ചും കുടിച്ചും ഒന്ന് കൂടി പോകണമെന്ന്.

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് വഴികളില്‍ ഒന്ന്, ആന, പുലി, കരടി തുടങ്ങിയ കാട്ടു മൃഗങ്ങളുടെ താവളം, എത്ര മുന്‍കരുതല്‍ എടുത്താലും ചോരയൂറ്റാന്‍ കഴിവുള്ള അട്ടകള്‍… ഇതൊക്കെ മനസ്സില്‍ ഉണ്ടെങ്കിലും ആ മലകയറി അതില്‍ അലിഞ്ഞു ചേരാന്‍ ഇതൊന്നും മനസ്സിന് തടസ്സമായില്ല. രാത്രി വണ്ടിയില്‍ ഞങ്ങള്‍ ഒന്‍പതുപേര്‍ തമ്പാനൂര്‍ക്ക് ട്രെയിന്‍ കയറി, പുലര്‍ച്ചെ അഞ്ചുമണിക്കുള്ള ബോണക്കാട് മല കയറാന്‍. ബസ് വന്നപ്പോള്‍ ആദ്യം ചാടി കയറിയതു കൊണ്ട് സീറ്റ് കിട്ടി. തിരുവനന്തപുരം നഗരം വിട്ടു ഗ്രാമ പ്രദേശത്തേക്ക് കയറിയപ്പോഴേക്കും ഞാന്‍ ഉറക്കം പിടിച്ചിരുന്നു. വിതുര എത്തിയപ്പോള്‍ ബസ് നിര്‍ത്തി. അവിടെ ഇറങ്ങി പ്രഭാത ഭക്ഷണവും ഉച്ചയ്ക്കുള്ള ഒരു പൊതിയും വാങ്ങി. വിതുരയില്‍ നിന്ന് ബോണക്കാടെയ്ക്കുള്ള വഴിയിലെ സ്ഥലപ്പേരുകള്‍ ഒക്കെ രസകരമായി തോന്നി. മരുതമല, മാക്കി, തനി നാടന്‍ പേരുകള്‍. ഇരുവശവും റബ്ബര്‍ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍കുന്നു അവയ്ക്കിടയില്‍ നിറയെ തേനീച്ച കൂടുകള്‍.

25

കാണിതടത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ഞങ്ങള്‍ ബാഗുകളും സാധനങ്ങളുമായി ഇറങ്ങി, അവിടെ റിപ്പോര്‍ട്ട് ചെയ്തു സൈന്‍ ചെയ്തതിനു ശേഷമേ ബോണക്കാടെയ്ക്ക് ജീപ്പില്‍ കയറ്റിവിടുകയുള്ളൂ. കഴിഞ്ഞ തവണ അങ്ങനെ ഇല്ലായിരുന്നു, ഇത്തവണ മാവോയിസ്റ്റ് ഭീഷണി ഒക്കെ ഉള്ളതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. അവിടെ നിന്ന് ഒപ്പിടലും മറ്റും കഴിഞ്ഞു അവര്‍ ശരിയാക്കി തന്ന ഒരു ജീപ്പില്‍ കയറ്റം കയറിയും ഇറങ്ങിയും യാത്ര തുടര്‍ന്നു. ഇരുവശവും കാട് തന്നെ ചിലയിടങ്ങളില്‍ ഏറു മാടങ്ങള്‍ കണ്ടു. ഒടുവില്‍ ബോണക്കാട് എത്തി.

ബോണക്കാട് ഞങ്ങള്‍ക്കായി മൂന്ന് ഗൈഡുകള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും പിക്കറ്റ് സ്റ്റേഷന്‍ വരെ 4 കിലോമീറ്ററോളം യാത്രയുണ്ട്. ഭക്ഷണ സാധനങ്ങളും ബാഗുകളും അടുത്തുള്ള വെയിറ്റിങ്ങ് ഷെഡില്‍ വെച്ച് ബാഗുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ നിറച്ചു. തൊട്ടടുത്ത മലയിലേക്ക് പോകുന്ന വഴിയില്‍ വെള്ള ചായമടിച്ച ഒരു കുരിശു തല ഉയര്‍ത്തി നില്‍കുന്നു. ഇതൊരു കുരിശു മല തീര്‍ഥാടന കേന്ദ്രമാണെന്ന് തൊട്ടടുത്തുള്ള ബോര്‍ഡില്‍ നിന്നും മനസ്സിലാക്കി. ഒരു ചെറിയ പരിചയപ്പെടലിനു ശേഷം, മൂന്നു ഗൈഡ് മാരെയും കൂട്ടി ഞങ്ങള്‍ പിക്കറ്റ് സ്റ്റേഷനിലേക്ക് നടന്നു.

13-01

ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടക്കുന്ന വഴിയില്‍ ആദ്യം കാണുന്നത് പ്രേത ഭവനം പോലെ നില്‍കുന്ന ഒരു തേയില ഫാക്ടറിയാണ്. ബ്രട്ടിഷ് ഭരണകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തേയില തോട്ടങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. ഇന്നിപ്പോള്‍ ഈ ഫാക്ടറി പൂട്ടിയതോടെ കുടിയേറിയ തൊഴിലാളി കളുടെ കാര്യവും കഷ്ടത്തിലായി. ഫാക്ടറി കഴിഞ്ഞുള്ള റോഡിന്റെ വശങ്ങളില്‍ തൊഴിലാളികളുടെ വീടുകള്‍. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളില്‍ വളര്‍ന്നു വലിപ്പം വെച്ച തേയില ചെടികള്‍. അവിടെ എത്തി രജിസ്റ്ററില്‍ ഒപ്പിട്ടു അഗസ്ത്യനിലേക്കുള്ള യാത്ര തുടങ്ങി.

തലയെടുപ്പോടെ നില്‍കുന്ന മരങ്ങള്‍, തണല്‍ വിരിച്ച പാതകള്‍, ചീവീടിന്റെ ശബ്ദം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും ഉള്ളവഴികള്‍, കൂറ്റന്‍ കല്ലുകളില്‍ പ്രണയിച്ചു നില്‍കുന്ന മരങ്ങള്‍ ചെറു നീര്‍ച്ചാലുകള്‍ ഇവയൊക്കെ പിന്നിട്ടു ഞങ്ങള്‍ പോയികൊണ്ടിരുന്നു. ക്ഷീണം തോന്നിയപ്പോള്‍ ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ സമീപത്തിരുന്ന് വാങ്ങി കൊണ്ട് വന്ന ഭക്ഷണം പങ്കുവെച്ചു കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കണ്ട്ത് കൂട്ടത്തിലുള്ള പലരുടെയും കാലിലും ശരീരത്തിലും നിറയെ അട്ടകള്‍. ചോരകുടിച്ചു തടിച്ചു വീര്‍ത്ത അട്ടകള്‍. ചിലരുടെ കാലുകളില്‍ നിന്നും രക്തം നില്‍കുന്നില്ല. ഉപ്പ് പുരട്ടി അട്ടയെ ഓടിച്ചു വീണ്ടും യാത്ര തുടങ്ങി.

9-01

നിരവധി നീര്‍ചോലകള്‍ ഉണ്ട് ഈ പോകുന്ന വഴിയില്‍, കടുത്ത വേനലിലും അവയില്‍ അത്യാവശ്യം വെള്ളമുണ്ടാകുമെന്നു കേട്ടിട്ടുണ്ട്. മഴക്കാലത്ത് ഇവയുടെ ജല സമൃദിയിലാണ് നഗരത്തിലെ നദികള്‍ നില നില്‍കുന്നത്. ആനയും കാട്ടുപോത്തും കരടിയും ഉള്ള കാടാണ്, വഴിയില്‍ ദിവസങ്ങളുടെ പഴക്കമുള്ള ആന പിണ്ടങ്ങളും കിടപ്പുണ്ട് ഏതെങ്കിലും മൃഗങ്ങളെ കാണാന്‍ പറ്റും എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്തൊക്കെ മൃഗങ്ങള്‍ ഉണ്ട് എന്നുള്ള ചോദ്യത്തിന് ഗൈഡുമാര്‍ ആന, പുലി, കരടി, മ്ലാവ്, പാമ്പ് എന്നിവയൊക്കെ ഉണ്ട് എന്നുള്ള മറുപടി തന്നു. മൃഗങ്ങളെ കാണണം എന്നുള്ള ആഗ്രഹം ഉണ്ട് എങ്കിലും ഒരു ചെറിയ ഭയം മനസ്സില്‍ ഉണ്ട്. കരടി അതിന്റെ കുട്ടി കൂടെ ഉണ്ടെങ്കില്‍ മാത്രമേ ആക്രമികുകയുളൂ. പക്ഷെ ആ ആക്രമണം കഴിഞ്ഞാല്‍ ഒന്നും ബാക്കി ഉണ്ടാകില്ലത്രേ. ആന ശബ്ദം കേട്ടാല്‍ അനങ്ങാതെ നില്കും അടുത്തെത്തിയാല്‍ ആക്രമിക്കും. വന്യ മൃഗങ്ങള്‍ ഒന്നും തന്നെ ചുമ്മാതെ ആരെയും അക്രമിക്കില്ല.

ഇതിനിടയില്‍ തങ്കയ്യന്‍ വെച്ചകൊവില്‍, അട്ടയാര്‍, വാഴപീന്തിയാര്‍, കരമനയാര്‍ എന്നിവയൊക്കെ ഞങ്ങള്‍ കടന്നിരുന്നു. പിന്നീട് അങ്ങോട്ട് ചെറിയ കയറ്റങ്ങള്‍ ആയിരുന്നു. ഇതിനിടയില്‍ കാടിന്റെ തണുപ്പ് തീര്‍ന്നിരുന്നു. ഇപ്പോള്‍ കടന്നു പോകുന്നത് ഒരു പുല്‍മേട്ടിലൂടെയാണ് എഴുമടക്കം തേരി എന്നാണ് ഇതിന്റെ പേര്. ഒരു വലിയ മല കടക്കാന്‍ ചുരം പോലെ ഏഴു മടക്കായി വഴി ഉണ്ടാകിയിരിക്കുന്നു. മുകളില്‍ കത്തുന്ന സൂര്യന്‍ എല്ലാവരും വിയര്‍ത്തു കുളിച്ചു ക്ഷീണിച്ചിട്ടുണ്ട്. നീര്‍ചോലകളില്‍ നിന്നെടുത്ത വെള്ളം തീരാറായിരുന്നു. എഴുമടക്കം തേരി കഴിഞ്ഞു വീണ്ടും കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ കാടിന്റെ തണലിലൂടെ കുറച്ചു ദൂരം. ചെറിയ ചോലകളില്‍ വെള്ളം അല തല്ലി പോകുന്ന ശബ്ദം നമുക്ക് കേള്‍ക്കാം.

മുന്നോട്ടുള്ള വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടങ്ങളില്‍ കൂണ് കിളിര്‍ത്തു നില്‍ക്കുന്നത് കണ്ടു. ഇനിയുള്ള വലിയ കയറ്റമാണ് മുട്ടിടിചാന്‍ തേരി. കുത്തനെ ഉള്ള കയറ്റമാണ്. പടികള്‍ പോലെയാണ് വഴികള്‍, നല്ല ഉയരമുള്ള പടികള്‍. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ കയറുമ്പോള്‍ കാല്‍മുട്ട് താടിയില്‍ പോയി ഇടിക്കും. ചുറ്റും കൂറ്റന്‍ മരങ്ങള്‍, ഇതുവരെയുള്ള തെളിച്ചം ഇപ്പോള്‍ കിട്ടാനില്ല.സൂര്യ പ്രകാശം താഴേക്ക് എത്താന്‍ മടിക്കുന്ന രീതിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍. പോകുന്ന വഴിയില്‍ ഗൈഡ്മാര്‍ ഉണങ്ങിയ വിറകുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി, കൂടെ ഞങ്ങളും. ഉച്ചയ്ക്ക് കഴിച്ചതൊക്കെ എപ്പോഴേ ദഹിച്ചിരുന്നു. ഇനി അവിടെ ചെന്ന് ഭക്ഷണം പാകം ചെയ്താലേ കഴിക്കാന്‍ പറ്റുകയുള്ളൂ. അതിനാണീ വിറകു പെറുക്കുന്നത്. വിഷമകരമായ കയറ്റങ്ങള്‍ കടന്നു അവസാനം ഞങ്ങള്‍ ബേസ് ക്യാമ്പ് ആയ അതിര് മലയില്‍ എത്തി.

ബേസ് ക്യാമ്പിലെ അന്നത്തെ ഡ്യൂട്ടി മാത്തന്‍ കാണിയ്ക്കാണ്. പുറം ലോകവുമായുള്ള ബന്ധം നില നിര്‍ത്താന്‍ ഒരു വയര്‍ലെസ്സ് സംവിധാനം മാത്രമാണ് ഉള്ളത്. അത് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി സോളാര്‍ പാനലുകള്‍ വെച്ചിട്ടുണ്ട്. ഇത്രയും നടന്നതിന്റെ ക്ഷീണം തീര്‍ക്കാനായി ഞങ്ങള്‍ ബാഗുകളും സാധനങ്ങളുമായി ഡോര്‍മെട്രിയിലേക്ക് കയറി. ഡോര്‍മെട്രി എന്നൊക്കെ കേള്‍ക്കുമ്പോള്‍ തെറ്റിധരിക്കേണ്ട മുളയും തടിയും കൊണ്ട് ഉണ്ടാകി തകരം കൊണ്ട് മറച്ച കുടിലുകള്‍ ആണ് ഡോര്‍മെട്രി. തടി കുറ്റികളില്‍ മുളകള്‍ കീറി പാകി ഉണ്ടാക്കിയ കട്ടിലുകള്‍, വശങ്ങളില്‍ തകരം കൊണ്ട് മറച്ചിരിക്കുന്നു. ഡോര്‍മെട്രിയുടെ മുറ്റത്ത് നിന്ന് നോക്കിയാല്‍ മഹാമേരുവായി കോടമഞ്ഞുമൂടി നില്‍ക്കുന്ന അഗസ്ത്യാര്‍കൂടം കാണാം.

തുടരും

ഈ യാത്രാ വിവരണത്തിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കാം – (നാരായ ബിന്ദുവിലഗസ്ത്യനെ കണ്ടെത്തിയപ്പോള്‍)

 

(ചിത്രങ്ങള്‍ പകര്‍ത്തിയത്‌- ഹരീഷ് എന്‍പിജി)

(മഹാത്മഗാന്ധി സര്‍വ്വകലാശാസയിലെ ഇലക്ട്രോണിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥിയാണ് അജു ചിറയ്ക്കല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

അജു ചിറയ്ക്കല്‍

മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇലക്ട്രോണിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍