UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിയുടെ വാക്കിന് പുല്ലുവില; അഗസ്ത്യാര്‍കൂടം കയറാന്‍ സ്ത്രീകള്‍ക്കാവില്ലെന്ന് വനം വകുപ്പ്

Avatar

അഴിമുഖം പ്രതിനിധി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് സ്ത്രീകളെ വിലക്കിക്കൊണ്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് അത് പിന്‍വലിച്ചതായി വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെബ്‌സൈറ്റില്‍ നിന്നും ഉത്തരവിന്റെ പകര്‍പ്പ് നീക്കം ചെയ്തതായും സ്ത്രീകള്‍ക്കു പങ്കെടുക്കാന്‍ തടസ്സമില്ല എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളം മുഴുവന്‍ അറിഞ്ഞുവെങ്കിലും വനം വകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല. ഉത്തരവ് പിന്‍വലിച്ചെന്ന മന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ് ഇവര്‍ നല്കിയിരിക്കുന്നത്.  

ഉത്തരവ് പിന്‍വലിച്ചു എന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് തിരുവനന്തപുരം പിടിപി നഗറിലുള്ള വനം വകുപ്പ് ഫോറസ്റ്റ് വാര്‍ഡന്റെ ഓഫീസില്‍  ബന്ധപ്പെട്ട വനിതകള്‍ക്ക് ലഭിച്ചത് തണുത്ത പ്രതികരണമാണ്. രേഖാപരമായ അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ തന്നെ വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതായും അവര്‍ പറയുന്നു. മാത്രമല്ല ട്രക്കിംഗിന്റെ വിശദവിവരങ്ങള്‍ ആരായുവാനും പാസ് ലഭിക്കാനുമായി ഓഫീസിനെ സമീപിക്കുന്ന വനിതകളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണമാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ളത്. സ്ത്രീകള്‍ ആരും ഇതുവരെയും അഗസ്ത്യാര്‍കൂടം സന്ദര്‍ശിച്ചിട്ടില്ല എന്നും അവര്‍ എങ്ങനെ 28 കിലോമീറ്റര്‍ നടക്കും എന്നുള്ള അടിസ്ഥാനമില്ലാത്ത വാദവും ഇവര്‍ നിരത്തുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയമപരമായ തടസ്സമില്ല എന്ന കോടതി നിരീക്ഷണം ഏറെ കോലാഹലങ്ങളുണ്ടാക്കിയതിനു പിറകെയാണ് അഗസ്ത്യാര്‍കൂടവും വിവാദങ്ങളിലേക്കെത്തുന്നത്. എല്ലാ വര്‍ഷവും വനം വകുപ്പ് നടത്താറുള്ള ട്രക്കിംഗില്‍ സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍ സാധിക്കില്ല എന്ന വനം വകുപ്പ് ഉത്തരവാണ് ഇതിന്റെ തുടക്കം. വനത്തിനുള്ളില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാലും മുനി ബ്രഹ്മചാരിയായതിനാലുമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തത് എന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ കായികമായ അധ്വാനം വേണ്ടി വരുന്ന മേഖലയായതിനാലും സുരക്ഷയെ കരുതിയുമാണ് വിലക്കിയത് എന്നും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പ്രദീപ് കുമാര്‍ അഴിമുഖത്തോടു പറഞ്ഞിരുന്നു. 2014 ല്‍ തിരുവനന്തപുരം സ്വദേശി ശിവകുമാറിന് വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകളിലും ഇതേ കാരണം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവേചനപരമായ ഈ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നത്. എന്നാല്‍ മലയാളത്തിലുള്ള പകര്‍പ്പ് മാത്രമാണ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്. ട്രക്കിംഗ് രജിസ്റ്റര്‍ ചെയ്യുന്ന പേജില്‍ ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നു തന്നെയാണ്. (http://serviceonline.gov.in/serviceLinkHome.html?serviceToken=kjSTCZISXJ#!)

ഈ വര്‍ഷത്തെ സന്ദര്‍ശനം 2016 ജനുവരി 15 മുതല്‍ മാര്‍ച്ച് 7 വരെയാണ്. ബുക്കിംഗ് ജനുവരി 11ന് ആരംഭിച്ചിരുന്നു. രാവിലെ 11ന് ആരംഭിച്ച ബുക്കിംഗ് 1.30ന് അവസാനിക്കുകയും ചെയ്തു. 53 ദിവസത്തേക്കുള്ള ട്രക്കിംഗിന് അനുവദനീയമായ 5300 ആളുകള്‍ ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ സഹദേവന്‍ വ്യക്തമാക്കിയിരുന്നു. പ്രകൃതിസ്‌നേഹികളായ പല വനിതകള്‍ക്കും വനം വകുപ്പിന്റെ വിവേചനപരമായ നടപടികള്‍ കാരണം ട്രക്കിംഗില്‍ പങ്കെടുക്കാനായില്ല. വനം വകുപ്പിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍