UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതിക്കാരനാകില്ല, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുന്‍ഗണന

Avatar

എ ജി സി ബഷീര്‍, 46. തൃക്കരിപ്പൂര്‍ സ്വദേശി. മികച്ച പ്രഭാഷകന്‍. എംഎസ്എഫ് മുന്‍ ജില്ലാ പ്രസിഡന്റ്. മുസ്ലിം ലീഗ് മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി. രണ്ടു തവണ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. ഭാര്യ മറിയംബി. മക്കള്‍ ഖദീജത്ത് നൂര്‍ബിന, മുഹമ്മദ് സെബിയാദ്.

അവസാനം വരെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകാനുള്ള യോഗം അന്‍ ജിലാത്ത് ചെറിയ മുഹമ്മദ് ബഷീര്‍ എന്ന മുസ്ലിംലീഗിന്റെ യുവനേതാവിന് വന്നു ചേര്‍ന്നത്. കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫിനായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ഭരണം. ഡിഐസി(കെ)ക്കാര്‍ കാലുമാറിയ നാലുമാസം ഒഴിച്ച്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നല്ലൊരു മാര്‍ജിനില്‍ തോല്‍പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. പക്ഷേ, ഫലം വന്നപ്പോള്‍ പതിനേഴംഗങ്ങള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ എട്ടുപേരെ ജയിപ്പിച്ചെടുക്കാനേ യുഡിഎഫിന് ആയുള്ളൂ. കേവലഭൂരിപക്ഷത്തിന് ഒന്ന് കുറവ്.

ഏഴ് സീറ്റ് നേടിയ എല്‍ഡിഎഫ് രണ്ട് സീറ്റുള്ള ബിജെപി വച്ചു നീട്ടിയ നിരുപാധിക പിന്തുണ വേണ്ടെന്ന് പറഞ്ഞതോടെ കാസര്‍ഗോഡ് ജില്ലാ ഭരണം യുഡിഎഫിന് തന്നെ ലഭിച്ചു.

എട്ടുപേരുമായി യുഡിഎഫ് മുന്നില്‍ എത്തിയപ്പോള്‍ തന്നെ ഭരണം ഉറപ്പിച്ചിരുന്നുവെന്ന് ബഷീര്‍ പറയുന്നു. ബിജെപിക്കാര്‍ തങ്ങള്‍ക്കും പിന്തുണയുമായി വന്നതാണ്. ഞങ്ങള്‍ അത് വേണ്ടെന്ന് വച്ചു. എല്‍ഡിഎഫും തികഞ്ഞ രാഷ്ട്രീയ മര്യാദ തന്നെയാണ് കാട്ടിയത്. ഈ വിജയത്തെ യുഡിഎഫ് സര്‍ക്കാരിലെ വികസന നയങ്ങള്‍ക്കും ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും കിട്ടിയ ജനസമ്മതിയായി വിലയിരുത്തുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും ബഷീറിന്റെ ചിന്തയത്രയും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിലും തുടര്‍ചികിത്സയിലുമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചിന്താരഹിതമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ദുരന്തം പേറുന്ന പതിനൊന്ന് ഗ്രാമങ്ങള്‍ ഇപ്പോഴും ജില്ലയിലുണ്ട്. എന്‍ഡോസള്‍ഫാന്റെ അമിത പ്രയോഗത്തിലൂടെ മരണമേറ്റു വാങ്ങിയവരേക്കാള്‍ നാലിരട്ടിയിലേറെ വരും ജീവിച്ചു മരിച്ചു കൊണ്ടിരിക്കുന്നവരുടെ എണ്ണം. ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക എന്നതാണ് ജില്ലയുടെ ഇതര വികസന സ്വപ്‌നങ്ങള്‍ക്കൊപ്പം ബഷീര്‍ ചേര്‍ത്ത് പിടിക്കുന്നത്.

രണ്ട് തവണ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ബഷീറിന് ജില്ലാ പഞ്ചായത്ത് ഭരണത്തെ കുറിച്ച് ഓര്‍ത്തൊന്നും ബേജാറില്ല. — ഞാന്‍ മുന്നോട്ടു വയ്ക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമായിരിക്കും. ഒരിക്കലും അഴിമതിക്കാരനായ പ്രസിഡന്റ് എന്ന് അറിയപ്പെടാന്‍ ഇടവരുത്തില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് തന്നെയാണ് ആദ്യം മുന്‍തൂക്കം നല്‍കുക. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം. യുഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതുഫലപ്രദമായി തുടരാന്‍ കഴിയണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാവരുടേയും പിന്തുണ തേടും, ബഷീര്‍ പറയുന്നു.

(തയ്യാറാക്കിയത് കെ എ ആന്റണി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍