UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ജീവിതമാണ്; ഇപ്പോള്‍ നാടകവും

Avatar

രാകേഷ് നായര്‍

തിരുവനന്തപുരത്ത് കുറവന്‍കോണത്തുള്ള ചെഷയര്‍ ഹോമിലേക്കുള്ള യാത്ര ഓട്ടോയിലായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് എതിരെ വന്ന മറ്റൊരു ഓട്ടോയുമായി ചെറുതായൊന്നു മുട്ടി. നടുറോഡില്‍ രണ്ടു വണ്ടികളും നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്‌പോര് തുടങ്ങി. ഈ വാക് തര്‍ക്കത്തിനിടയില്‍ ഒരു ഡ്രൈവറുടെ ആക്രോശം ഇങ്ങിനെയായിരുന്നു-“കൂടുതല്‍ മൊടകാണിച്ചാല്‍ എണീറ്റ് നടക്കത്തില്ല നീ.” 

അവര്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടശേഷം എത്തേണ്ടിടത്തേക്കുള്ള നടപ്പിനിടയില്‍ ആ വാചകം ഓര്‍ത്തുകൊണ്ടേയിരുന്നു. എന്തൊരു യാദൃച്ഛികതയാണിത്! ജീവിതം വീല്‍ച്ചെയറില്‍ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന കുറച്ച് മനുഷ്യരെയാണ് കാണേണ്ടത്. പൂര്‍ണ്ണാരോഗ്യമുള്ള ശരീരമാണോ നമ്മുടെ ശക്തി? ആ ഓട്ടോക്കാരന്റെ ഭീഷണിയില്‍ ധ്വനിച്ചതുപോലെ?

ചെഷയര്‍ ഹോമിന്‍റെ മുന്‍പില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ കാല്‍ നനയാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌നേഹാര്‍ദ്രമായൊരു ഓര്‍മ്മപ്പെടുത്തല്‍ കേട്ടു- സൂക്ഷിച്ച് മോനെ…! ചെഷയര്‍ ഹോമിന്റെ ഒരു ബ്ലോക്കിന്റെ വരാന്തയില്‍ നിന്നായിരുന്നു ആ ശബ്ദം. ഒരമ്മ; ഇളംനിറത്തിലുള്ള സാരിയില്‍ ഹൃദ്യമായൊരു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുന്നു. പകരം കൊടുത്ത ചിരി, ഇങ്ങോട്ട് കിട്ടിയതിനോളം ആഴമില്ലാതെപോയോ എന്നൊരു തോന്നല്‍. ഇത്തരമൊരു മുഖവുര ഇവിടെ ആവശ്യമില്ലാത്തതാണ്. ചിലപ്പോള്‍ ചിലകാര്യങ്ങള്‍ ഇങ്ങനയേ പറഞ്ഞു തുടങ്ങാന്‍ സാധിക്കൂ.

തന്റെ ജീവിതം എന്നന്നേക്കുമായി തകര്‍ന്നിരിക്കുന്നു എന്ന് ആ ചെറുപ്പക്കാരന് മനസ്സിലായി. അതവനെ നിരാശയുടെ ആഗാതയിലേക്ക് കൂടുതല്‍ ഊക്കോടെ വലിച്ചെറിഞ്ഞു. ഒഴുക്കില്‍ നിന്ന് വേര്‍പ്പെട്ട് തെറിച്ചൊരു ജലകണികപോലെ സ്വയം കണക്കാക്കി. ഇതാ ലോകം എനിക്ക് അന്യമായിരിക്കുന്നു. എന്റെ സ്വപ്‌നങ്ങള്‍, മോഹങ്ങള്‍, ആഗ്രഹങ്ങള്‍- എല്ലാം എനിക്ക് അന്യമായിരിക്കുന്നു. ഞാന്‍ തോറ്റിരിക്കുന്നു. ഉരുളുന്ന രണ്ടു ചക്രങ്ങള്‍ക്ക് പുറത്ത് മറ്റൊരാരാളുടെ സഹായം കൊണ്ട് മാത്രം താന്‍ മുന്നോട്ട് പോകുന്നു. ചിറകുകള്‍ നഷ്ടപ്പെട്ടെന്നു കരുതിയ അവനെത്തേടി മറ്റൊരാള്‍ എത്തി. ജീവിതത്തിന്റെ ഒരു ഘട്ടത്തിലാണ് വിധി അവനുമേല്‍ വിജയം നേടിയതെങ്കില്‍ ആ കൂട്ടുകാരിയോട് ജന്മം കൊണ്ട് തന്നെ ക്രൂരത കാണിക്കുകയായിരുന്നു. എന്നാല്‍ അവള്‍ അവനെപ്പോലെയായിരുന്നില്ല. അവള്‍ സ്വപ്‌നങ്ങള്‍ കണ്ടു, ജീവിതത്തെ സ്‌നേഹിച്ചു. തനിക്ക് കഴിയാത്തതിനെക്കുറിച്ചല്ല, കഴിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചു. അവന്റെ മനസ്സിലെ ഇരുട്ടിനെ വെളിച്ചംകൊണ്ട് തുടച്ചുനീക്കാന്‍ ആ കൂട്ടുകാരി ശ്രമിച്ചു. ജീവിതത്തെ മുന്നോട്ടുരുട്ടി. പലതും കണ്ടു, പലരേയും കണ്ടു. വൈകല്യത്തിന്റെ തളര്‍ച്ച അവരിലൊന്നും കാണാന്‍ കഴിയില്ലായിരുന്നു. ചിത്രം വരയ്ക്കുന്നവര്‍, നൂല്‍നൂല്‍ക്കുന്നവര്‍, തുണിനെയ്യുന്നവര്‍- അവരൊക്കെ ജീവിതത്തിന്റെ തിരക്കുകളിലായിരുന്നു. ഇവരെയൊക്കെ നോക്കൂ, അവര്‍ ജീവിക്കുന്നു, പിന്നെ നീ മാത്രം എന്തിന് നിരാശപ്പെടുന്നു? അവള്‍ ചോദിച്ചു. നിനക്ക് പറക്കാന്‍ ശ്രമിച്ചൂടെ? ഒരു ചിറക് വച്ച്! നിനക്കതിന് കഴിയും, ആ ചിറക്അത് അഗ്നിച്ചിറകാണ്…

ഇതൊരു ജീവിതത്തിന്റെ പ്രമേയമാണ്; നാടകത്തിന്റെയും. ഒന്ന് മറ്റൊന്നിന് പ്രചോദനമായിരിക്കുന്നു.  ആഗസ്ത് 13ന് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന ‘അഗ്നിച്ചിറകുകള്‍’ എന്ന നാടകം അതിന്റെ പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ അല്ല, അതിലെ അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടാകും ശ്രദ്ധനേടാന്‍ പോകുന്നത്. അവരെല്ലാം ചെഷയര്‍ ഹോമിലെ അന്തേവാസികളാണ്. വീല്‍ച്ചെയറില്‍ ജീവിക്കുന്ന പതിനൊന്നു പേര്‍-ഒമ്പത് സ്ത്രീകളും രണ്ട് പുരുഷന്മാരും. ജീവിതത്തില്‍ നിന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടവരെന്ന് നാം കരുതിയവരാണ് അരങ്ങിലെത്തുന്നത്. നമ്മുടെ തെറ്റിദ്ധാരണകളെ തിരുത്താനായി.

ഈ നടകകമ്പം ആദ്യമായിട്ടില്ല ഇവരില്‍ നിറയുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെഷയര്‍ ഹോമിലെ അന്തേവാസികള്‍ക്കു മുമ്പില്‍ തങ്ങള്‍ ചെയ്ത കുട്ടികളുടെ സിനിമയുമായി എത്തിയ സുധി ദേവയാനി, രാജരാജേശ്വരി എന്നീ രണ്ടു നാടക പ്രവര്‍ത്തകരാണ് ഇവരില്‍ അഭിനയത്തിന്റെ, നാടകത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ തിയേറ്റര്‍ സംഘടനയായ നിരീക്ഷയുടെ സാരഥികളാണ് സുധിയും രാജരാജേശ്വരിയും. സുധി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ആള്‍, രാജരാജേശ്വരി തിയേറ്റര്‍ ആക്ടിവിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട ഗണിതശാസ്ത്ര പ്രൊഫസര്‍. നാടകമെന്ന കലാരൂപത്തിലൂടെ സമൂഹത്തിന്റെ അടിസ്ഥാന വിഭാഗങ്ങളെ ഫോക്കസ് ചെയ്ത ഈ കലാകാരികളുടെ മനസ്സില്‍ വിരിഞ്ഞ മറ്റൊരു പരീക്ഷണമായിരുന്നു ചെഷയര്‍ ഹോമിലെ അന്തേവാസികളെ അണിനിരത്തി ഒരു നാടകം. 

“ഇതൊരു വെല്ലുവിളിയായിരുന്നു. അഭിനയം ശരീരം കൊണ്ടുള്ള ചലനമാണെന്നാണ് പ്രമാണം. ഇവരാകട്ടെ ചലനം നഷ്ടപ്പെട്ട ശരീരമുള്ളവരും. കൂടുതല്‍ ഇടപഴകിയപ്പോള്‍ ഞാന്‍ മനസ്സിലാക്കി- ഈ വീല്‍ച്ചെയര്‍, അത് അവരുടെ ശരീരത്തിന്റെ എക്‌സറ്റന്‍ഷനാണ്. അവരുടെ ചലനമുള്ള ശരീരം. ആ തിരിച്ചറിവ് ആത്മവിശ്വാസം കൂട്ടി. എന്നാല്‍ അവര്‍ തീര്‍ത്തും വിമുഖര്‍ ആയിരുന്നു. അഭിനയം, നാടകം; ഇതിനോടൊന്നും യോജിക്കാനെ കഴിഞ്ഞില്ല. പിന്നീട് രണ്ടു മാസത്തോളം വര്‍ക് ഷോപ്പുകള്‍. ആറുമാസത്തെ പരിശീലനം. അതിന്റെ ഫലമായിരുന്നു. കനല്‍പ്പോട് എന്ന നാടകം. രാജിയാണ് നാടകത്തിന്റെ പ്രമേയം നല്‍കിയത്. എന്നാല്‍ നാടകത്തിന്റെ രചന നടത്തിയത് സരസു തോമസ് എന്ന ചെഷയര്‍ ഹോം അന്തേവാസി ആയിരുന്നു. സ്‌ട്രെച്ചറില്‍ ജീവിക്കുന്ന സരസു. കമിഴ്ന്നുമാത്രം കിടക്കാനാവുന്ന, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന സരസുവിന്റെ രചനയായിരുന്നു കനല്‍പ്പോട്. സരസു ഇതിനകം മൂന്ന് പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. കനല്‍പ്പോട് ദൂരദര്‍ശനില്‍ ഉള്‍പ്പെടെ പലയിടത്തും അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു.” സുധി പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം

തളര്‍ച്ച ബാധിച്ചവരുടെ ലോകത്തെ ഉണര്‍ത്തി പിന്‍റോയുടെ ആദ്യ കിക്ക്
കൈകെട്ടി നോക്കിനില്‍ക്കാന്‍ ഇനി കോയമോനെ കിട്ടില്ല

വീല്‍ചെയര്‍ ചിഹ്നം മാറുന്നു
എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍ -സമാനതകളില്ലാത്ത ജീവിതം
ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം

വര്‍ഷങ്ങള്‍ പിന്നിട്ട് സുധി ദേവയാനി ചെഷയര്‍ ഹോമില്‍ വീണ്ടുമെത്തിയപ്പോള്‍ അന്ന് തന്നോടൊപ്പം കളിച്ചും രസിച്ചും നാടകത്തിന്റെ ഭാഗമായിരുന്നവരില്‍ പലരും അവിടെയില്ലായിരുന്നു. ദൈവമെഴുതിയ നാടകത്തിലെ വേഷങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ചിരിയോടെ സ്‌നേഹത്തോടെ തങ്ങളെ സ്വീകരിച്ചിരുന്നവര്‍ വിടപറഞ്ഞെന്നകാര്യം സുധിയേയും രാജരാജേശ്വരിയെയും വല്ലാതെ വേദനിപ്പിച്ചു. ആ വേദന ചെഷയര്‍ ഹോമിനോടുള്ള അവരുടെ ആത്മബന്ധത്തിന് ആഴംകൂട്ടി. സെക്രട്ടറി വിമല മേനോനന്റെ സഹകരണവും വാത്സല്യവും അതിനു പിന്‍ബലവുമേകി.

വീണ്ടുമൊരു നാടകം നീരീക്ഷയെ സമീപിച്ച കുടുംബശ്രീമിഷന്റെ ആവശ്യമായിരുന്നു. ‘റെസിസ്റ്റന്‍സ്’- ഈ തീം അടിസ്ഥാനമാക്കി ഒരു നാടകമൊരുക്കാന്‍ തയ്യാറായ സുധിയും രാജരജേശ്വരിയും ചെഷയര്‍ ഹോമിലേക്ക് വീണ്ടുമെത്തി. ഇത്തവണ നാടകത്തില്‍ അഭിനയിക്കാന്‍ പലരും സ്വമനസ്സാലെ മുന്നോട്ടു വന്നു. കുഞ്ഞുന്നാള്‍ മുതലെ എന്റെ ആഗ്രഹമായിരുന്നു അഭിനയിക്കണമെന്ന്. എന്നാല്‍ അതൊരിക്കലും സാധിക്കില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇപ്പോളിതാ… ഞാന്‍ അഭിനയിക്കുന്നു!- ഒരന്തേവാസിയുടെ വാക്കുകളാണിത്.

‘അഗ്നിച്ചിറകുകള്‍’ എന്ന നാടകത്തിന്റെ പ്രമേയം ഇവരിലൊരാളുടെ ജീവിതം തന്നെയാണ്. സമീര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം. ബൈക്ക് അപകടത്തില്‍ ശരീരത്തിന്റെ കീഴ്ഭാഗം തളര്‍ന്നുപോയ സമീര്‍ വീല്‍ച്ചെയറില്‍ തന്റെ ജീവിതം തളച്ചിടപ്പെടുമെന്ന് കരുതി മനംമടുത്തവനായിരുന്നു. എന്നാല്‍ ഇന്ന് അവന്‍ തന്‍റെ സ്വപ്‌നങ്ങളെ താലോലിക്കാന്‍ തുടങ്ങി. തനിക്ക് ഇനിയും ജീവിതം ബാക്കിയുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. 

ഈ നാടകത്തിലെ എല്ലാ ഡയലോഗും ഇവര്‍ പറഞ്ഞകാര്യങ്ങള്‍ തന്നെയാണ്. നാടകത്തിനുവേണ്ടി കൃത്രിമമായി ചമച്ചതല്ല. ഇതിലൊരു ചിത്രകാരനുണ്ട്. “ഞാന്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരിക്കും, മറ്റാരും കാണാന്‍ വേണ്ടിയല്ല. എന്നെങ്കിലും ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ കോശങ്ങള്‍ക്ക് ജീവന്‍ വയ്ക്കും. ആ ജീവന്‍ ഞങ്ങളുടെ മൃതകോശങ്ങളിലേക്കും പടരും”,  ഈ സംഭാഷണ ശകലം നാടകത്തില്‍ നിങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക. ഇത് ആ വേഷം അവതരിപ്പിക്കുന്നയാള്‍ ജീവിതത്തില്‍ കാണുന്നൊരു സ്വപ്‌നത്തിന്റെ ഭാഷ്യമാണ്. നമ്മളേക്കാളൊക്കെ എത്ര മനോഹരമായാണ് ഇവര്‍ സ്വപ്‌നങ്ങള്‍ കാണുന്നത്. ഇത്തരം സൗന്ദര്യാത്മക സ്വപ്‌നങ്ങളെ ഒരു ഫ്രെയിമിലാക്കി., ചിലതിനൊക്കെ കുറച്ച് ക്ലാരിറ്റി കൊടുത്തു എന്നതുമാത്രമാണ് ഈ നാടകത്തിന്റെ രചയിതാവ് എന്ന് നിലയില്‍ ഞാന്‍ ചെയ്ത ജോലി- രാജരാജേശ്വരി പറഞ്ഞു.

അഗ്നിച്ചിറക്- ഒരു പ്രതീക്ഷയാണ്. ഉയര്‍ന്നു പറക്കാന്‍ തങ്ങള്‍ക്കും കഴിയും എന്ന ഊര്‍ജ്ജം സിരകളില്‍ നിറയ്ക്കുന്ന പ്രതീക്ഷ. എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ വന്നാലും ഒരു മനുഷ്യന്‍ തോറ്റുപോകുന്നില്ല എന്ന മനസ്സിലാക്കാന്‍ നമുക്ക് കിട്ടുന്ന ഒരവസരം ആകട്ടെ ഇത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍