UPDATES

ഇറച്ചിയില്ലാത്ത ആഗ്ര; പുറമെ സമാധാനം, അകത്ത് ഭയം

ആദിത്യനാഥിന്റെ നടപടി മുസ്ലീങ്ങളുടെ ജീവിതം താറുമാറാക്കിയപ്പോള്‍, ക്രിസ്ത്യാനികള്‍ ചില പ്രതീക്ഷകള്‍ കാണുന്നു

ആഗ്രയില്‍ ഏതാനും കിലോമീറ്റര്‍ വ്യത്യാസത്തില്‍ താമസിക്കുന്ന രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ യോഗി ആദിത്യനാഥിനെ കുറിച്ച് സമാന ആശങ്കകളും വ്യത്യസ്ത പ്രതീക്ഷകളുമാണ് വെച്ചുപുലര്‍ത്തുന്നത്. അധികാരം ഏറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ നടപടി മുസ്ലീങ്ങളുടെ ജീവിതം താറുമാറാക്കിയപ്പോള്‍, മനസിലടക്കിപ്പിടിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്ത്യാനികള്‍ ചില പ്രതീക്ഷകള്‍ കാണുന്നു.

സാധാരണഗതിയില്‍ ബഹളമയമായ, ഇറച്ചിക്കടകളും ആളുകളും ആടുകളോടും തെരുവ് പട്ടികളോടും മല്ലിടുന്ന കോഹാലം നിറഞ്ഞ ഘാട്ടിയ മരുഭൂമി പോലെ കാണപ്പെട്ടു. തെരുവിലെ ഇരുവശങ്ങളിലുമുള്ള കടകളിലെ തുരുമ്പ് പിടിച്ച ഷട്ടറുകള്‍ താഴ്ന്നു കിടന്ന ചൂടേറിയ മാര്‍ച്ച് മാസത്തിലെ മധ്യാഹ്നത്തില്‍, ഇടുങ്ങിയ തെരുവിലേക്ക് ഞങ്ങളുടെ കാര്‍ എളുപ്പത്തില്‍ ഓടിച്ചുകയറ്റാന്‍ പറ്റി. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അടച്ച കടകളുടെ മുന്നില്‍ കുത്തിയിരിക്കുന്നു.

കോഴിക്കൂടുകള്‍ കാലിയാണ്. കുറഞ്ഞ പക്ഷം രണ്ട് തലമുറയെങ്കിലുമായി ഈ കടകള്‍ നടത്തുന്നത് മുസ്ലീം കുടുംബങ്ങളാണ്. പ്രദേശത്തുള്ള നിരവധി കുടുംബങ്ങള്‍ അതിജീവനത്തിനായി ഈ കടകളെ ആശ്രയിക്കുന്നു. ഉത്തര്‍പ്രദേശിലെ പുതിയ സര്‍ക്കാര്‍ ഈ കടകള്‍ അടപ്പിച്ചിട്ട് ആറ് ദിവസമായിരിക്കുന്നു. ‘ഈ വര്‍ഷത്തേക്കുള്ള ലൈസന്‍സ് മാര്‍ച്ചില്‍ പുതുക്കാനിരിക്കെയാണ്, മുന്‍കൂറായി നോട്ടീസൊന്നും തരാതെ കടകള്‍ അടച്ചിടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്,’ എന്ന് കടയുടെ മുന്നില്‍ നിന്നുകൊണ്ട് 20കാരനായ കമ്രാന്‍ മുഹമ്മദ് ഖുറേഷി പറഞ്ഞു. അവടെയുണ്ടായിരുന്ന മറ്റ് യുവാക്കളും ഖുറേഷിയുടെ നിരാശ പങ്കുവച്ചു.

‘ഞങ്ങള്‍ ചില ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഞങ്ങളെ സഹായിക്കുന്നില്ല,’ എന്ന് ഖുറേഷി പറയുന്നു.

‘ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?’ ഖുറേഷി ചോദിക്കുന്നു. ‘വ്യാപാരം എന്ന് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല,’ എന്ന് അദ്ദേഹത്തിന്റെ കസിന്‍ കൂട്ടിച്ചേര്‍ത്തു. ചിക്കന്‍, മട്ടന്‍, മത്സ്യം എന്നിവ വില്‍ക്കുന്ന 12 കടകളാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി, നല്ല വ്യാപാരം നടക്കുന്ന ഈ കടയുടെ പിന്നില്‍ വച്ച് മൃഗങ്ങളേയും കോഴികളെയും അനധികൃതമായി കശാപ്പ് ചെയ്യാറുണ്ട്. മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പൊലീസും ഇതിന് നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഇനി അത് സംഭവിക്കില്ല, തല്‍ക്കാലത്തേക്കെങ്കിലും.

അടച്ച ഇറച്ചിക്കടകളുടെ മുന്‍ഭാഗം

നിയമവിരുദ്ധമായ അറവുശാലകള്‍ അടച്ചുപൂട്ടാന്‍ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ട ശേഷം സംസ്ഥാനത്തെമ്പാടും റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നുണ്ട്. കന്നുകാലികളെ കടത്തിയതിന് ഒരു ഡസന്‍ ആളുകളെയെങ്കിലും കസ്റ്റഡിയില്‍ എടുക്കുകയും നിരവധി അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഭൂരിപക്ഷാധിഷ്ടിത രാഷ്ട്രീയവും നിരീക്ഷണസംഘങ്ങളും സൃഷ്ടിക്കുന്ന ഭീതി പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

‘എന്റെ 46 വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് കടകള്‍ തുറക്കാതിരിക്കുന്നത്,’ എന്ന് മോട്ടിലാല്‍ നെഹ്രു റോഡില്‍ ഇറച്ചിക്കട നടത്തുന്ന ജെഹാംഗിര്‍ ഹുസൈന്‍ പറയുന്നു. ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് എന്ന മുന്നറിയിപ്പുമായി പോലീസുകാരുടെയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനങ്ങള്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. ‘ഈ പ്രദേശത്ത് കുത്തിയിരിക്കരുത് എന്ന് കൂടി അവര്‍ മിക്കപ്പോഴും ഞങ്ങളുടെ അടുത്ത് പറയുന്നു,’ എന്ന് ഹുസൈന്‍ പരാതിപ്പെടുന്നു. പ്രസിദ്ധമായ ഈ ഇറച്ചി തെരുവില്‍ നിരാശയും രോഷവും പ്രത്യക്ഷത്തില്‍ വളരുകയാണ്. പ്രശ്‌നം പെട്ടെന്ന് പരിഹരിക്കുകയും തങ്ങളുടെ ജീവിതമാര്‍ഗ്ഗം പുനഃസ്ഥാപിക്കുകയും ചെയ്തില്ലെങ്കില്‍ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവാക്കള്‍ പറയുന്നു.

സെന്റ് ജോര്‍ജ്ജ് പള്ളിക്ക് ചുറ്റുമുള്ള ക്രിസ്ത്യന്‍ ചേരികളില്‍, നോമ്പുകാലം ഒരു വലിയ ആശ്വാസമാണ്. ഈസ്റ്റര്‍ വരെ മിക്ക ക്രിസ്ത്യാനികളും ഇറച്ചി വര്‍ജ്ജിക്കുന്ന കാലം കൂടിയാണിത്. എന്നാലും ഇറച്ചി നിര്‍ബന്ധമുള്ളവരെ സംബന്ധിച്ചിടത്തോളം പുതിയ സര്‍ക്കാരിന്റെ നീക്കം മൂലം ദിവസം ഇറച്ചി വാങ്ങാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് പ്രത്യേക്ഷമായിരിക്കുന്ന അസുഖകരമായ സാമുദായിക സംഘര്‍ഷത്തില്‍ ചുറ്റിപ്പറ്റിയാണ് അവിടുത്തെ ചര്‍ച്ചകളേറെയും നടക്കുന്നത്. എന്നാലും അവര്‍ക്ക് ചില പ്രതീക്ഷകള്‍ ഇപ്പോഴും ബാക്കിയുണ്ട്. കോളനിയിലെ മറ്റ് അന്തേവാസികളും ഇക്കാര്യം സമ്മതിക്കുന്നു. അവര്‍ ഓര്‍ക്കുന്നിടത്തോളം സംസ്ഥാനം അനിയന്ത്രിതമായ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി നില്‍ക്കുകയാണ്. എല്ലാം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഇവിടെ കൈക്കൂലിയില്ലാതെ ഒരു കാര്യവും നടക്കില്ല. നിയമങ്ങള്‍ ലംഘിക്കപ്പെടാന്‍ വേണ്ടി മാത്രമുള്ളതായി മാറിയിരിക്കുന്നു.

ചിലര്‍ ഇപ്പോഴത്തെ അവസ്ഥയെ അടിയന്തരാവസ്ഥ കാലഘട്ടവുമായി വരെ താരതമ്യം ചെയ്യുന്നു: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തുകയും പൊലീസുകാര്‍ വരെ ഓഫീസുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നു. ‘അടിയന്തരാവസ്ഥയില്‍ നമ്മള്‍ കണ്ടതിന് സമാനമാണിത്,’ എന്ന് ആ വളപ്പില്‍ താമസിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പളായ വരീന ദയാല്‍ പറയുന്നു. പുതിയ നയം ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പ് വരുത്തുമെന്ന് സെന്റ് ജോണ്‍സ് പള്ളി വികാരി റവ.ഗബ്രിയേല്‍ ദാസ് പറയുന്നു. ‘നല്ല ഇറച്ചി ലഭിക്കുകയാണെങ്കില്‍ 15 ദിവസത്തെ ബുദ്ധിമുട്ട് ജനം സഹിച്ചുകൊള്ളൂം.’

ക്രൂദ്സൈഡ് റോമിയോ; അമൂലിന്റെ പുതിയ പരസ്യം

‘ഇപ്പോഴത്തെ ഈ നീക്കം ഒരു സമുദായത്തിനെതിരായി പ്രചോദിപ്പിക്കപ്പെട്ടതാണെന്നുള്ള തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇത് കുറച്ച് കഴിഞ്ഞ് ചെയ്താല്‍ മതിയായിരുന്നു. ക്രമസമാധാനം നടപ്പിലാക്കാനും അഴിമതി അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പ്രദാനം ചെയ്യാനുമായിരിക്കണം പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്,’ എന്ന് പ്രദേശത്തെ സൂക്ഷമമായി നിരീക്ഷിക്കുന്ന ആളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആയ ഡോ.നെവീല്ലെ സ്മിത്ത് പറയുന്നു. പള്ളി വളപ്പില്‍ നിന്നു ഏതാനും കിലോമീറ്റര്‍ അകലെയാണ് അദ്ദേഹം താമസിക്കുന്നത്.

‘സ്വയം പ്രഖ്യാപിത കാവല്‍ക്കാരും സന്നദ്ധ സംഘങ്ങളും സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാനുള്ള ശ്രദ്ധ വേണം,’ എന്ന് രാവിലെ ഇറച്ചി സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടകള്‍ വിവരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. കൈവിട്ടു പോകാന്‍ സാധ്യതയുള്ള സ്‌ഫോടനാത്മക സാഹചര്യത്തെ കുറിച്ച് അദ്ദേഹം അസ്വസ്ഥനാകുന്നു. എല്ലാം ക്രമത്തിലാക്കാന്‍ കഴിവുള്ള ശക്തനായ ഒരു നേതാവിനെ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല.

‘ജനനന്മയ്ക്കായുള്ള എല്ലാ തീരുമാനങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യും, എന്നാല്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടരുത്,’ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും വിരമിച്ച സ്‌കൂള്‍ അദ്ധ്യാപികയുമായ ഡോ. അനുഗ്രഹ സ്മിത്ത് പറയുന്നു. പള്ളി വളപ്പിനും ഇറച്ചി തെരുവിനും വെളിയില്‍, പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന ബോര്‍ഡുകളുടെ പ്രളയത്താല്‍ റോഡുകള്‍ മുങ്ങിയിരിക്കുന്നു. പ്രേമത്തിന്റെ നഗരം മറ്റൊന്നിന്റെ പേരിലും അറിയപ്പെടരുത് എന്ന് മാത്രമേ ഒരാള്‍ക്ക് ആഗ്രഹിക്കാന്‍ സാധിക്കൂ.

പ്രിയ സോളമന്‍

പ്രിയ സോളമന്‍

മാധ്യമപ്രവര്‍ത്തക, അഴിമുഖം സ്ഥാപകാംഗം

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍