UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ കൊലനിലങ്ങള്‍

അതൊരു വലിയ കഥയാണ്. അര്‍ഹിക്കുന്ന മാധ്യമശ്രദ്ധ അതിനൊരിക്കലും കിട്ടുന്നില്ല. അത് ഇന്ത്യയിലെ കര്‍ഷകരുടെ കഥയാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ വരള്‍ച്ച മൂലം രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയുടെ കഥയാണത്. ധനകാര്യ പ്രസിദ്ധീകരണങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിക്കുന്ന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ –ജി ഡി പി- വളര്‍ച്ചയുടെ കണക്കുകളില്‍ നോക്കിയാല്‍ ജി ഡി പിയുടെ 16-17 ശതമാനം വരുന്ന കാര്‍ഷികമേഖലയുടെ കഥയതില്‍ കാണില്ല. ചിത്രം തീര്‍ത്തും പരിതാപകരമാണ്. അതെന്തുകൊണ്ട് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഇക്കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ 29-ല്‍ 18 സംസ്ഥാനങ്ങളിലായുള്ള 641 ജില്ലകളില്‍ കുറഞ്ഞത് 270-ലും മഴക്കമ്മി അനുഭവപ്പെട്ടു. കാലാവസ്ഥ വകുപ്പും കൃഷി മന്ത്രാലയവും പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ജൂണ്‍-സെപ്റ്റംബര്‍ കാലത്ത് രാജ്യത്തൊട്ടാകെ സാധാരണഗതിയില്‍ ലഭിക്കേണ്ട ദീര്‍ഘകാല ശരാശരിയിലും  14% കുറവാണ്  മഴ ലഭിച്ചത്. നാഗാലാണ്ടില്‍ 50%-വും ആറിലൊന്ന് ഇന്ത്യക്കാര്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ 46%-വും വരെയാണ് മഴക്കമ്മി. ഹരിയാന-38%, പഞ്ചാബ്-32%, ബീഹാര്‍-28%, മഹാരാഷ്ട്ര-27%, കേരളം-26%, കര്‍ണ്ണാടക-20%, തെലങ്കാന-20% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മഴക്കമ്മി കണക്ക്.

2014-ല്‍ മഴക്കമ്മി 12 ശതമാനമായിരുന്നപ്പോള്‍ മൊത്തം ധാന്യോത്പാദനത്തില്‍ 4.7% കുറവാണുണ്ടായത്. ഈ സാമ്പത്തികവര്‍ഷം കാര്‍ഷികോത്പാദനത്തില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമാണു ഉണ്ടാകുക എന്നാണ് വിദ്ഗ്ധര്‍ പറയുന്നത് – ഏതാണ്ട് 2 ശതമാനത്തോളം. ലളിതമായി പറഞ്ഞാല്‍ രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങള്‍ വരള്‍ച്ചക്ക് സമാനമായ അവസ്ഥ നേരിടുകയാണ്.

ഒരു നൂറ്റാണ്ടിനപ്പുറമുള്ള കാലത്ത് ഇത് നാലാം തവണയാണ് ഇന്ത്യ തുടര്‍ച്ചയായ വരള്‍ച്ചകള്‍ നേരിടുന്നത്. രാജ്യത്തെ കൃഷിയുടെ പകുതിയും കാലവര്‍ഷത്തെ ആശ്രയിക്കുന്നു. ജലസേചന സൌകര്യങ്ങളുള്ള പ്രദേശങ്ങളില്‍പ്പോലും സ്ഥിതി ഒട്ടും ആശ്വാസകരമല്ല. സെപ്റ്റംബര്‍ ആദ്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ (ശരാശരിയുടെ 84%) നിരക്കിലായിരുന്നു. ശൈത്യകാല/റാബി വിളകള്‍ അണക്കെട്ടുകളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത് അരിയുടെയും ഗോതമ്പിന്റെയും പകുതി ഉത്പാദനം ഇതില്‍നിന്നാണ്.

മധ്യ മഹാരാഷ്ട്രയില്‍, പ്രത്യേകിച്ചും മറാത്ത് വാഡ മേഖലയില്‍ മഴക്കമ്മി ഏതാണ്ട് 40 ശതമാനമാണ്. ഈ വര്‍ഷം മാത്രം 600 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ കാര്‍ഷികപ്രതിസന്ധിയുടെ പ്രധാന കാരണം വന്‍തോതില്‍ വെള്ളം വേണ്ടിവരുന്ന കരിമ്പുകൃഷി വ്യാപകമായതാണ്. “മഹാരാഷ്ട്രയുടെ വെള്ളത്തിന്റെ പകുതിയോളവും ഉപയോഗിക്കുന്ന കരിമ്പുകര്‍ഷകര്‍ പക്ഷേ 6% ഭൂമിയില്‍ മാത്രമാണു കൃഷി ചെയ്യുന്നത്. കര്‍ഷകരുടെ ജീവിതത്തെക്കാള്‍ രാഷ്ട്രീയലാഭം നോക്കിയ സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ അത്തരം നയങ്ങളെയാണ് പ്രോത്സാഹിപ്പിച്ചത്,” ഭാരത് കൃഷക് സമാജ നേതാവ് അജയ് ഝാക്കര്‍ Farmerss Forum-ത്തില്‍ (ഒക്ടോബര്‍-നവംബര്‍ 2015)എഴുതി.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് ചെയ്യാനാവുക? കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെ നടപ്പാക്കല്‍ തീര്‍ത്തും അസന്തുലിതമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ  മാര്‍ച്ച് 4-നു ലോക്സഭയില്‍ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിയമത്തിന് കീഴില്‍ അധിക തൊഴിലവസരങ്ങള്‍ നല്കാന്‍ തയ്യാറായി. ഡീസലിനും വിത്തുകള്‍ക്കും വിലയിളവ് നല്കി, പഴം പച്ചക്കറിവിളകളെ രക്ഷിക്കാന്‍ ഇടപെടലുകളുണ്ടായി, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ കാലിത്തീറ്റയും മറ്റും നല്‍കുന്നത് കൂടുതല്‍ ലളിതമാക്കി.

എന്നാലും വിളകളുടെ വിലയുമായി ബന്ധപ്പെടുത്തി വരുമാന ഇന്‍ഷൂറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. കര്‍ഷകരുടെ വരുമാനം ഒരു നിശ്ചിത പരിധിക്ക് താഴെപ്പോയാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച  കുറഞ്ഞ താങ്ങുവിലയെ ആധാരമാക്കി ഒരു കൂട്ടം ഗ്രാമങ്ങളിലെ ശരാശരി വിളവിനെ ഇരട്ടിയാക്കി കണക്കാക്കി കര്‍ഷകര്‍ക്ക് പണം നാല്‍കാനുള്ള പദ്ധതി ചെറുകിട കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് എതിരായ രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. റോയിട്ടേഴ്സിലെ മായാങ്ക് ഭരദ്വാജും രത്നജ്യോതി ദത്തയും ചൂണ്ടിക്കാണിക്കുന്ന പോലെ, “ഇടിവ് കണക്കാക്കുന്നത് വ്യക്തിപരമായ നിലയില്‍ കര്‍ഷകനെ കണക്കിലെടുത്തല്ല, വളവും കീടനാശിനികളും ഉപയോഗിച്ച് ധനികകര്‍ഷകര്‍ ഉയര്‍ന്ന വിളവുണ്ടാക്കുന്ന ഒരു വലിയ പ്രദേശത്തെ കണക്കാക്കിയാണ്.അപ്പോള്‍ മികച്ച വിളവുള്ള മറ്റുള്ളവര്‍ക്ക് കിട്ടുന്ന അതേ നഷ്ടപരിഹാരമേ കര്‍ഷകന് ലഭിക്കൂ.”

വിളയെയും കാലാവസ്ഥ വരുത്തുന്ന നഷ്ടത്തെയും അധികരിച്ചുള്ള നിലവിലെ ഇന്‍ഷൂറന്‍സ് പദ്ധതി രാജ്യത്തെ 263 ദശലക്ഷം കര്‍ഷകരില്‍ പത്തിലൊന്നിനെ മാത്രമേ ഉള്‍പ്പെടുത്തുന്നുള്ളൂ. പണം നല്‍കുന്നത് ബാങ്ക് എക്കൌണ്ട് വഴിയാണ്. നിരവധി കര്‍ഷകര്‍ ഇനിയും പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജനയുടെ കീഴില്‍ വരാത്തവരാണ്. മാത്രവുമല്ല, യു.എസ് പോലുള്ള രാജ്യങ്ങളിലേതുപോലെ ഉപഗ്രഹ ചിത്രങ്ങളോ, ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളോ ഒന്നും ഉപയോഗിച്ചല്ല ഇന്ത്യയില്‍ കൃഷിനാശം കണക്കാക്കുന്നത്. ഇവിടെ ഉദ്യോഗസ്ഥരുടെ കണക്കുകളാണ് അതിനാധാരം. അതാകട്ടെ പലപ്പോഴും കൃത്യതയില്ലാത്തതും വിവേചനപരവുമാണ്.

അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്രവില കുറഞ്ഞതോടെ പണപ്പെരുപ്പത്തിലെ മാറ്റം, ചില കാര്‍ഷികോത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. പരിപ്പ് വര്‍ഗങ്ങളുടെ വിലയില്‍ 50 ശതമാനം മുതല്‍ മൂന്നില്‍ രണ്ടുവരെ വര്‍ധനവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഉത്പാദനത്തില്‍ 2 ദശലക്ഷം ടണ്ണോളം  കുറവ് വന്നതാണ് ഇതിന്റെ പ്രധാന കാരണം. ജൂലായ് 2013-ജൂണ്‍ 2014 കാലത്ത് 19.25 ദശലക്ഷം ടണ്‍ ആയിരുന്ന ഉത്പാദനം 2014-15ല്‍ 17.38 ദശലക്ഷം ടണ്ണായി കുറഞ്ഞു. വിലക്കയറ്റം ഉത്പാദനക്കുറവുമായി പൊരുത്തപ്പെടുന്നതല്ല. ജൂണ്‍ 10-നു പരിപ്പിന്റെ ഇറക്കുമതി എത്ര അളവിലുമാകാമെന്ന് ഉദാരമാക്കി കേന്ദ്രം ഉത്തരവിട്ടു. തീരുമാനത്തിന്റെ തൊട്ട് പിന്നിലും മുന്നിലുമുള്ള ദിവസങ്ങളില്‍ പരിപ്പിന്റെ ആഗോളവിലയില്‍ 30-40% വര്‍ദ്ധനവുണ്ടായി.

എന്നാല്‍ പരിപ്പിനെ അപേക്ഷിച്ച് കഴിഞ്ഞ ഒന്നരക്കൊല്ലമായി വലിയ വിഭാഗം കാര്‍ഷികചരക്കുകളുടെ  വിലകളില്‍ 25 മുതല്‍ 75 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. പരുത്തി, കരിമ്പ്, നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്, റബ്ബര്‍ എന്നിവയിലും ഈ വിലയിടിവ് കാണാം. ഇത് ഇന്ത്യയിലെ കര്‍ഷകരുടെ എക്കാലത്തെയും പരാതിയാണ്. കൂടുതല്‍ ഉത്പാദിപ്പിച്ചാല്‍ വിലയിടിയും. ഉത്പാദനം കുറഞ്ഞാല്‍ ഉപഭോക്താവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും (മിക്കപ്പോഴും ഇറക്കുമതി ഉദാരമാക്കി). കര്‍ഷകന് വീണ്ടും നഷ്ടക്കണക്കുതന്നെ.

മുന്‍ സര്‍ക്കാരിനെപ്പോലെ ഈ സര്‍ക്കാരും കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങളെ സന്തുലിതമായ രീതിയില്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ വിവിധ വകുപ്പുകളെയും മന്ത്രാലയങ്ങളെയും ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍