UPDATES

കാര്‍ഷികാദായത്തിലെ വരുമാന വര്‍ധനവ് കണക്കിലെ പിഴവ്; നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി

ഏതെങ്കിലും വിധത്തില്‍ കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

കുറച്ചു നാളുകളായി രാജ്യത്ത് കാര്‍ഷിക വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു എന്ന രീതിയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ആദായ നികുതി വകുപ്പ് മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. അതായത്, കാര്‍ഷിക വരുമാനം ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തില്‍ തങ്ങളുടെ മറ്റ് വരുമാനങ്ങള്‍ കാര്‍ഷിക വരുമാനത്തില്‍ പെടുത്തി ആദായ നികുതി വെട്ടിക്കുന്നു എന്ന സംശയത്തില്‍ നിന്നായിരുന്നു ഈ നിര്‍ദേശം വന്നത്.

എന്നാല്‍ ഇതൊക്കെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. കാരണം കാര്‍ഷിക വരുമാനമെന്ന നിലയില്‍ കുറെയേറെയായി സമര്‍പ്പിക്കപ്പെട്ടിരുന്ന കണക്കുകള്‍ ശരിയല്ലെന്നും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് (Data entry errors) പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതായത്, ഒരു കോടി രൂപയിലധികം കാര്‍ഷിക വരുമാനമുള്ളതമായി കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കണക്കുകള്‍ തെറ്റാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകര്‍ക്ക് യഥാര്‍ഥത്തിലുള്ള വരുമാനത്തിനും 300 മടങ്ങ് അധികമായിരുന്നു ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടതെന്നും അതാണ് കാര്‍ഷിക വരുമാനത്തില്‍ വന്‍ വര്‍ധനവ് എന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2007-08 മുതല്‍ 2015-16 വരെയുള്ള സമയത്ത് ഒരുകോടിയിലധികം കാര്‍ഷിക വരുമാനം ആദായ നികുതി റിട്ടേണ്‍സില്‍ കാണിച്ചിട്ടുള്ള 2,746 അക്കൗണ്ടുകളില്‍ 2,517 എണ്ണം പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ തെറ്റു കടന്നുകൂടിയതായി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്.

ഇതില്‍ 838 കേസുകളുടെ വിശദമായ പരിശോധന 2016 ഒടുവില്‍ പൂര്‍ത്തിയായപ്പോള്‍ കാര്‍ഷിക വരുമാനം എന്നുള്ളത് 1,395 കോടി മാത്രമേയുള്ളുവെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെ ഇത് 4,31,617 കോടിയാണ് എന്നായിരുന്നു ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരുന്നത്.

മറ്റൊരു 324 കേസുകളിലും സമാനമായ വിധത്തില്‍ കാര്‍ഷിക വരുമാനം രേഖപ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സായ രാജസ്വ ഗ്യാന്‍ സംഗത്തില്‍ വച്ച് ആദായ നികുതി വകുപ്പ് കാര്‍ഷിക നികുതി ഈടാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കര്‍ഷകരുടെ ഒരു നിശ്ചിത പരിധിയില്‍ കൂടുതലുള്ള കാര്‍ഷികേതര ആദായങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു അത്. രാജ്യത്തെ നികുതി വരുമാനം കൂട്ടാനുള്ള ഒരെളുപ്പവഴി എന്ന നിലയില്‍ കൂടിയായിരുന്നു ഈ നീക്കം.

പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ കാര്‍ഷിക വരുമാനം സംബന്ധിച്ച് നല്‍കിയ മറുപടിയിലാണ് ആദായ നികുതി വകുപ്പ് തങ്ങള്‍ക്ക് ഇത്തരത്തില്‍ പിശക് സംഭവിച്ച കാര്യം ആദ്യം വ്യക്തമാക്കുന്നത്.

തുടര്‍ന്ന് 838 കേസുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ആദായ നികുതി റിട്ടേണ്‍സിലെ കണക്കുകളുടെ സൂക്ഷ്മപരിശോധന നടത്തിയ ഫീല്‍ഡ് ഓഫീസര്‍മാര്‍ തങ്ങളുടെ കണക്കുകള്‍ സമര്‍പ്പിച്ചപ്പോഴാണ് തെറ്റുകള്‍ കടന്നുകൂടിയ കാര്യം വ്യക്തമായത്. ഇത് രണ്ടു വിധത്തില്‍ സംഭവിച്ചു. ആദായ നികുതി റിട്ടേണ്‍സിലെ കണക്കനുസരിച്ച് ഇത് എന്‍ട്രി ചെയ്തവര്‍ക്ക് പറ്റിയ പിശക്, മറ്റൊന്ന്, ആദായ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാകുന്നതിന് ചിലര്‍ തങ്ങളുടെ കാര്‍ഷികേതര വരുമാനം കാര്‍ഷിക വരുമാനമായി കാണിച്ചതുമായിരുന്നു ഇത്.

കാര്‍ഷിക വരുമാനത്തില്‍ ഉള്‍ക്കൊള്ളിച്ച് കണക്കില്‍പ്പെടാത്ത പണം വെളുപ്പിച്ചെടുക്കുന്നുണ്ടെന്ന് ആരോപിച്ച് ഒരു മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ പാറ്റ്‌ന ഹൈക്കോടതിയെ പൊതുതാത്പര്യ ഹര്‍ജിയുമായി സമീപിച്ചതോടെയാണ് ആദായ നികുതി റിട്ടേണ്‍സില്‍ ഒരുകോടിയിലധികം വരുന്ന കാര്‍ഷിക വരുമാനക്കാരുടെ കണക്കുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് സുക്ഷ്മമായി പരിശോധിച്ച് തുടങ്ങിയത്.

രാജ്യത്ത് കാര്‍ഷിക ആദായ നികുതി നിലവിലില്ലാത്തതിനാല്‍ വ്യക്തികള്‍ നികുതി അടയ്‌ക്കേണ്ടതിന്റെ നിരക്ക് സംബന്ധിച്ച് കണക്കു കൂട്ടുന്നതിനാണ് കാര്‍ഷിക വരുമാനം എത്രയാണെന്ന് കണക്കാക്കുന്നത്. ഏതെങ്കിലും വിധത്തില്‍ കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍